TopTop

ഫീല്‍ ഗുഡ് സിനിമ മാത്രമേ ഉണ്ടാകാവൂ എന്ന് ശഠിക്കാമോ? ഫോറന്‍സിക്കിന്റെ വിജയം തെളിയിക്കുന്നത് മറ്റൊന്നാണ്-സംവിധായകന്‍ അഖില്‍ പോള്‍ സംസാരിക്കുന്നു

ഫീല്‍ ഗുഡ് സിനിമ മാത്രമേ ഉണ്ടാകാവൂ എന്ന് ശഠിക്കാമോ? ഫോറന്‍സിക്കിന്റെ വിജയം തെളിയിക്കുന്നത് മറ്റൊന്നാണ്-സംവിധായകന്‍ അഖില്‍ പോള്‍ സംസാരിക്കുന്നു

കഥകള്‍ പറയാന്‍ കുട്ടിക്കാലം മുതല്‍ ഇഷ്ടമായിരുന്നു അഖില്‍ പോളിന്. അഖില്‍ പറയുന്ന കഥകള്‍ക്കെല്ലാമൊരു പ്രത്യേകതയുണ്ടായിരുന്നു. സാധാരണ കഥയായാല്‍ പോലും അതിലൊരു മിസ്റ്ററി കൊണ്ടുവരും. കേള്‍ക്കുന്നവരെ ആകാംക്ഷാഭരിതരാക്കി തന്റെ പിന്നാലെ നടത്താന്‍ കഴിയുന്നൊരു മാജിക്! ആ കഥ പറച്ചിലിന്റെ വിജയമായിരുന്നു മലയാള സിനിമയ്ക്ക് കിട്ടിയ ലക്ഷണമൊത്ത നോണ്‍ ലീനിയര്‍ മിസ്റ്ററി ത്രില്ലര്‍ 'സെവന്‍ത് ഡേ'. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം അഖില്‍ വീണ്ടും മലയാളി പ്രേക്ഷകരോട് മറ്റൊരു കഥ പറഞ്ഞപ്പോള്‍, ആദ്യത്തേതിനെക്കാള്‍ ഗംഭീരം! തമിഴിലോ ബോളിവുഡിലോ ഉണ്ടാകുന്നതുപോലൊരു സൈക്കോ ത്രില്ലര്‍ മലയാളത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നു വിധിയെഴുതിയിരുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഫോറന്‍സിക്. പ്രേക്ഷകര്‍ക്ക് മാത്രമല്ല, മലയാളം സിനിമ ഇന്‍ഡസ്ട്രിക്ക് തന്നെ ആവേശം ഉണ്ടാക്കി ഫോറന്‍സിക് മുന്നേറുമ്പോള്‍, അഖില്‍ പോള്‍ സ്വയം തെളിയിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. ഒരു കഥാകാരനോളം തന്നെ തനിക്ക് ഇണങ്ങും ഒരു സംവിധായകന്റെ കുപ്പായവുമെന്ന്. ചെറുതായൊന്നു പാളിപ്പോയാല്‍ മുഴുവനായും കൈവിട്ട് പോകുന്നൊരു അപകടമുണ്ട്, ത്രില്ലര്‍ ജോണറിലുള്ള സിനിമകള്‍ക്ക്. അവിടെയാണ് രണ്ടു സിനിമകളും ഒരുപോലെ വിജയിപ്പിക്കാന്‍ അഖിലിന് കഴിഞ്ഞത്.

"ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളോട് എനിക്കൊരു പ്രത്യേക താത്പര്യമുണ്ട്. ഒരു സാധാരണ കഥയാണെങ്കില്‍ പോലും കേള്‍ക്കുന്നവനെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന തരത്തില്‍ അതില്‍ മിസ്റ്ററി ഒളിപ്പിച്ചു വച്ചു പറയുക. കേള്‍ക്കുന്നവരാണെങ്കിലും കാണുന്നവരാണെങ്കിലും ആ കഥയില്‍ പൂര്‍ണമായി ഇന്‍വോള്‍വ്ഡ് ആകണം. സിനിമ എഴുതിയപ്പോഴും അതേ രീതിയാണ് പിന്തുടര്‍ന്നത്. പ്രേക്ഷകര്‍ക്കത് സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ രണ്ടു വിജയങ്ങളിലൂടെയും ഞാന്‍ മനസിലാക്കുന്നത്. പ്രേക്ഷകനെ കൂടെ കൊണ്ടുപോകാന്‍ പല വഴികളും ഉപയോഗിക്കാം. സെവന്‍ത് ഡേയില്‍ ആണെങ്കിലും ഫോറന്‍സിക്കില്‍ ആണെങ്കിലും, ആരാണ് കഥയിലെ വില്ലന്‍ എന്നതിന്റെ സൂചനകള്‍ ആദ്യമേ കൊടുത്തുകൊണ്ടാണ് രണ്ടു കഥകളും പറഞ്ഞിട്ടുള്ളത്. ബുദ്ധിമാനായ, കഥയില്‍ പൂര്‍ണമായി ഇന്‍വോള്‍വ്ഡ് ആയിട്ടുള്ള ഒരു പ്രക്ഷേകന് ഞാന്‍ പറഞ്ഞെത്തും മുന്നേ ആ കഥയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ സാധ്യകതള്‍ തുറന്നിട്ടു കൊടുത്തിട്ടുണ്ട്. ഒരു കാര്യം കൂടി, ഇത്തരം സ്‌ക്രിപ്റ്റുകളോട് പ്രത്യേക താത്പര്യം ഉണ്ടെങ്കിലും ഞാന്‍ എഴുതുന്നതെല്ലാം ഇതേ ജോണറില്‍ ഉള്ള കഥകളായിരിക്കണമെന്നില്ല." -അഖില്‍ അഴിമുഖത്തോട് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം;

സെവന്‍ത് ഡേ കഴിഞ്ഞുള്ള ഇത്രയും നാളത്തെ ഗ്യാപ് ഫോറന്‍സിക്കിനു വേണ്ടിയായിരുന്നോ?

അല്ല. ഗ്യാപ് മനഃപൂര്‍വം ഉണ്ടാക്കിയതൊന്നുമല്ല. എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കുകമ്പോഴായിരുന്നു സെവന്‍ത് ഡേ എഴുതുന്നത്. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഞാന്‍ എംബിഎ ചെയ്തു. അതിനിടയില്‍ മമ്മൂട്ടിയെ വച്ച് ഒരു സബ്ജക്ട് പ്ലാന്‍ ചെയ്തിരുന്നു. സംവിധാനവും ചെയ്യണമെന്ന് ആഗ്രഹിച്ച പ്രൊജക്ട്. ബഡ്ജ്റ്റ് പ്രശ്‌നമായി. ആ സിനിമയുടെ തൊണ്ണൂറു ശതമാനവും ഒരു പ്രത്യേക ലൊക്കേഷനില്‍ തന്നെ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു
. വലിയൊരു ബഡ്ജറ്റ് ആവിശ്യമായി വരും. സംവിധായകനെന്ന നിലയില്‍ ഞാനൊരു പുതുമുഖമായതുകൊണ്ട് അന്ന് അതിനുള്ള സാഹചര്യം കിട്ടിയില്ല. ഇന്നും എനിക്കേറെ താത്പര്യമുള്ള സ്‌ക്രിപ്റ്റാണത്.


ഫോറന്‍സിക് പശ്ചാത്തലത്തില്‍ ഒരു സിനിമയൊരുക്കാമെന്നുള്ള ആലോചന വരുന്നതെങ്ങനെയാണ്?

പശ്ചാത്തലമല്ല, പ്രമേയമാണ് ആദ്യം കിട്ടുന്നത്. സിനിമയില്‍ ടൊവിനോയുടെ കഥാപാത്രം ഒരു പത്രവാര്‍ത്തയെ കുറിച്ച് പറയുന്നുണ്ട്. ആ വാര്‍ത്തയില്‍ നിന്നാണ് ഫോറന്‍സിക്കിന്റെ പ്രമേയം കടന്നു വരുന്നത്. 2018 ല്‍ ആണത്. ആ പ്രമേയം പറയാനുള്ള പശ്ചാത്തലമായി ഞങ്ങള്‍ ഫോറന്‍സിക് രംഗം തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയില്‍ തന്നെ ഫോറന്‍സിക് ഫീല്‍ഡിനെ ഇത്രയും വിശദമായി പ്രതിപാദിച്ചുകൊണ്ട ഒരു സിനിമ ഉണ്ടായിക്കാണില്ല. അത് മനസിലാക്കി വിശദമായും കൃത്യമായും പഠിച്ച് നിരീക്ഷിച്ച് തന്നെയാണ് സ്‌ക്രിപ്റ്റ് ചെയ്തതും. സിനിമയുടെ പശ്ചാത്തലം തൊണ്ണൂറു ശതമാനം പ്രേക്ഷകനും പുതിയ അനുഭവം തന്നെയായിരിക്കുമെന്ന് ഉറപ്പായിരുന്നു. എന്താണ് ഫോറന്‍സിക് എന്ന് പ്രേക്ഷകന് മനസിലാക്കി കൊടുക്കുകയും വേണം. എന്നാലതൊരു ലക്ചറിംഗ് ക്ലാസ് പോലെ ഫീല്‍ ചെയ്യുകയുമരുത്. ഫോറന്‍സിക്കിനെ കുറിച്ചുള്ള ഡോക്യുമെന്റേഷന്‍ ആയി കാണുന്നവന് തോന്നിയാല്‍ സിനിമയുടെ മൊത്തം മൂഡും പോകും. ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണല്ലോ. ഇതെല്ലാം ശ്രദ്ധിച്ചു തന്നെയായിരുന്നു സ്‌ക്രിപ്റ്റ് ചെയ്തത്. വെല്ലുവിളിയായിരുന്നുവെങ്കില്‍ പോലും അനസും ഞാനും വളരെ എക്‌സൈറ്റ്ഡ് ആയിട്ടാണ് ഈ സ്‌ക്രിപ്റ്റ് ചെയ്തത്.

സിനിമയില്‍ ഫോറന്‍സിക് ഉപകരണങ്ങളായി കാണിച്ചിരിക്കുന്നതെല്ലാം ഒറിജനലുകള്‍ അതുപോലെ റീ ക്രിയേറ്റ് ചെയ്‌തെടുത്തിട്ടുള്ളവയാണ്. അക്കാര്യത്തിലൊന്നും യാതൊരുവിധ കോംപ്രമൈസും ചെയ്തിട്ടില്ല. ഫോറന്‍സിക് ലാബുകളില്‍ പോയി അവിടെയുള്ള എക്യുപ്‌മെന്റ്‌സുകളുടെ ഡിസൈനും ഡൈമന്‍ഷനുകളും മനസിലാക്കി, അവയുടെ ഡമ്മി ഉണ്ടാക്കി, ഒറിജനലിന്റെ അതേ മെഷര്‍മെന്റില്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അതുപോലെ, രണ്ട് ഫോറന്‍സിക് എക്‌സ്‌പെര്‍ട്ടുകളും ലൊക്കേഷനില്‍ പൂര്‍ണ സമയം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് പൂര്‍ണമായി വായിച്ചു കേള്‍പ്പിച്ചതിനു ശേഷമാണ് അവര്‍ നമ്മളോട് സഹകരിച്ചു നിന്നത്. ഫോറന്‍സിക് ഒരു മികച്ച സിനിമയെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍, അത് ഞങ്ങളുടെ മാത്രം കഴിവല്ല, ഇതില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ഓരോ ടെക്‌നീഷ്യന്മാര്‍, അഭിനേതാക്കള്‍, എല്ലാ സപ്പോര്‍ട്ടും തന്ന് കൂടെ നിന്ന നിര്‍മാതാക്കള്‍; ഇവരെല്ലാവരും ചേര്‍ന്നുണ്ടാക്കിയ വിജയമാണ് ഫോറന്‍സിക്.

ഫോറന്‍സിക് എന്ന പശ്ചാത്തലത്തേക്കാള്‍, ആ സിനിമ പറയുന്നൊരു സാമൂഹിക വിഷയമല്ലേ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു സോഷ്യല്‍ ഡിബേറ്റ് ഉണ്ടാക്കണം എന്നുള്ള ലക്ഷ്യമുണ്ടായിരുന്നോ?

എന്റെ രണ്ട് സിനിമയും, പ്രേക്ഷകന് ഒരു മെസേജ് കൊടുക്കണം എന്നു ബോധപൂര്‍വം ലക്ഷ്യം വച്ച് എഴുതിയതൊന്നുമല്ല. മെസേജിനു വേണ്ടി സിനിമ ചെയ്യണമെന്ന് വാശിയുമില്ല. ഈ സിനിമ പറയുന്ന വിഷയം ഗൗരവമുള്ളതാണ്. സമൂഹത്തിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണമെന്നുണ്ടായിരുന്നു. എങ്കിലെ ഞങ്ങള്‍ പറയുന്ന കാര്യത്തിന് ഒരു ഇംപാക്ട് ഉണ്ടാകൂ എന്നറിയാമായിരുന്നു.

അക്കാര്യത്തില്‍ വിജയിച്ചു എന്നു തോന്നുന്നുണ്ടോ?

കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും അഭിഭാഷകയായ ഒരമ്മ വിളിച്ചിരുന്നു. ഇന്റര്‍വെല്‍ ആയപ്പോള്‍, ഞാന്‍ തീയേറ്ററിനു പുറത്തിറങ്ങി വീട്ടിലേക്ക് ഫോണ്‍ ചെയ്ത് മോന്‍ അവിടെയുണ്ടോയെന്ന് അന്വേഷിച്ചു എന്നാണ് ആ അമ്മ എന്നോട് പറഞ്ഞത്. നമ്മള്‍ ഉദ്ദേശിക്കുന്ന ഇംപാക്ട് ഇങ്ങനെയൊക്കെയല്ലേ സംഭവിക്കുന്നത്.പക്ഷേ, ഈ സിനിമയെക്കുറിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളും വരുന്നുണ്ട്. സാധാരണ പ്രേക്ഷകരില്‍ നിന്നല്ല, പ്രമുഖരായ മാധ്യമപ്രവര്‍ത്തകരില്‍ നിന്നുപോലും. വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന സിനിമായണിതൊന്നൊക്കെയാണ് ആക്ഷേപം. സോഷ്യല്‍ മീഡിയായില്‍ അവരത് ചര്‍ച്ചയാക്കിയിട്ടുമുണ്ട്.

ആദ്യം തന്നെ ഞാനെന്റെ നിലപാട് വ്യക്തമാക്കം. ഏതൊരാളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ പൂര്‍ണമായി മാനിക്കുന്നൊരാളാണ് ഞാന്‍. വിമര്‍ശനങ്ങളായാലും കുറ്റപ്പെടുത്തലുകളായാലും ഞാനത് സ്വീകരിക്കുന്നു. ഇനി ചോദ്യത്തിനുള്ള മറുപടിയിലേക്ക് വരാം, കലാപ്രവര്‍ത്തനം, അത് സിനിമയോ നാടകമോ എന്തുമായിക്കോട്ടെ, അത് എപ്പോഴും സുഖകരമായ അനുഭവം ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, എല്ലാവരെയും പ്രീതിപ്പെടുത്തുന്ന ഒരു കാര്യം ചെയ്യാനല്ല ഒരു കലാകാരന്‍ ഇരിക്കുന്നത്. അവന് അവന്റെതായ നിലപാടുകള്‍ ഉണ്ടായിരിക്കും. അത് മറ്റുള്ളവരുടെ അഭിപ്രായത്തോട് എപ്പോഴും സമരസപ്പെട്ടു പോകണമെന്നില്ല.

ഫീല്‍ ഗുഡ് സിനിമ മാത്രമേ ഉണ്ടാകാവൂ എന്ന് ശഠിക്കാമോ?അത്തരം നിബന്ധനകള്‍ ഒരു ഫിലിം മേക്കറുടെ മുന്നില്‍ വയ്ക്കാമോ? അതൊക്കെ വളരെ അപക്വമായ നിലപാടുകളല്ലേ? ഒരു സിനിമ നിങ്ങളെ എന്റര്‍ടെയ്ന്‍ മാത്രമെ ചെയ്യിക്കാവൂ, ഡിസ്റ്റര്‍ബ് ചെയ്യരുതെന്ന് പറഞ്ഞാല്‍, ഫോറന്‍സിക് എന്ന സിനിമയോട് മാത്രമല്ല, സിനിമ എന്ന മാധ്യമത്തെ മൊത്തത്തില്‍ അപഹസിക്കുന്നതിനു തുല്യമാണ്.

നമ്മളെ അസ്വസ്ഥതപ്പെടുത്തുന്ന എത്രയോ സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. നമ്മള്‍ ക്ലാസിക്കുകള്‍ എന്നു പറയുന്ന പല സിനിമകളും കാണുന്നവനെ അസ്വസ്ഥതപ്പെടുത്തുന്നവയല്ലേ?

കുട്ടികളെ ഉപയോഗിച്ച് വയലന്‍സ് കാണിച്ചിരിക്കുന്നു, കുടുംബവുമൊത്തു കാണാന്‍ കഴിയാത്ത സിനിമ തുടങ്ങിയ വിമര്‍ശനങ്ങളാണ് ഫോറന്‍സിക്കിനെതിരേ വരുന്നത്. അതിലൊന്നും അടിസ്ഥാനമില്ലെന്നാണോ?

വയലന്‍സ്? ഈ സിനിമയില്‍ വയലന്‍സിന്റെ അതിപ്രസരം എവിടെയാണുള്ളത്? ഒന്നോ രണ്ടോ സീന്‍. കഥയ്ക്ക് അത്യാവശ്യമായിട്ടുള്ളിടത്ത് അല്ലാതെ, ഒരു ഷോട്ട് പോലും വയലന്‍സ് കാണിച്ചിട്ടില്ല. പരമാവധി വയലന്‍സ് കുറച്ചുകൊണ്ട് തന്നെയാണ് കഥ പറഞ്ഞിരിക്കുന്നത്. തിരിച്ചൊരു ചോദ്യം ഞാന്‍ ചോദിച്ചോട്ടെ, ഈ സമൂഹത്തില്‍ നടക്കാത്ത കാര്യങ്ങള്‍ ആണോ പറഞ്ഞിരിക്കുന്നത്? അസ്വഭാവികമായ കാര്യങ്ങള്‍ യാതൊരു യുക്തിയുമില്ലാതെ പറഞ്ഞു വച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറയൂ...

വളരെ സുഖകരമായ, എല്ലാം നന്നായി പോകുന്ന ഒരു സമൂഹത്തിലാണോ നമ്മള്‍ ജീവിക്കുന്നത്? നമ്മുടെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നത്? തീര്‍ച്ചയായും അല്ല. ഈ സിനിമയില്‍ പറഞ്ഞിരിക്കുന്നതുപോലുള്ള ക്രൂരമായ സാഹചര്യങ്ങളിലൂടെ നമ്മുടെ കുട്ടികള്‍ കടന്നു പോകുന്നുണ്ട്. നമ്മള്‍ എങ്ങനെയാണ് നമ്മുടെ കുട്ടികളെ വളര്‍ത്തേണ്ടത്? ഇവിടെ എല്ലാ കാര്യങ്ങളും നന്നായിട്ടാണ് നടക്കുന്നത്, ഈ ലോകം സുന്ദരമാണ്, നിങ്ങള്‍ വളരെ സുരക്ഷിതരാണ്, ഒന്നും ഭയക്കാതെ സമാധാനത്തോടെ മുന്നോട്ടു പോയ്‌ക്കോളൂ എന്നു പറഞ്ഞ് ഒരു fake reality ഉണ്ടാക്കി അതില്‍ കുഞ്ഞുങ്ങളെ വളര്‍ത്തണോ?

അതോ, നിങ്ങളുടെ ചുറ്റിലും ഭീകരമായ പലതും നടക്കുന്നുണ്ട്, അപകടങ്ങള്‍ പതിയിരിപ്പുണ്ട് എന്നു കൃത്യമായി ധാരണകള്‍ അവര്‍ക്കു നല്‍കി സുരക്ഷിതരായി വളര്‍ത്തണോ? കലാകാരനും വ്യക്തിയും എന്ന നിലകളില്‍ നിന്നു ഞാന്‍ പറയട്ടെ, സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് കുട്ടികളെ മനസിലാക്കി തന്നെയാണ് വളര്‍ത്തേണ്ടത്.ഇത്തരം വിമര്‍ശനങ്ങള്‍ സിനിമയെ മോശമായി ബാധിക്കാന്‍ സാധ്യതയില്ലേ?

ഏതൊരു കലാസൃഷ്ടിയെക്കുറിച്ചും ആസ്വാദകന് അവന്റെതായ കാഴ്ച്ചപ്പാടോടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാനതെല്ലാം പോസിറ്റീവ് മൈന്‍ഡ് ഓടുകൂടിയാണ് സ്വീകരിക്കുന്നത്. ഫോറന്‍സിക്കിന്റെ കാര്യത്തിലാണെങ്കില്‍, ഈ സിനിമ കാണരുതെന്ന് പറയുന്നവരെക്കാള്‍ കാണണം എന്നുള്ളവരും കണ്ടവരുമാണ് കൂടുതല്‍. അത് തിയേറ്ററുകളില്‍ നിന്നു മനസിലാക്കാം. പരീക്ഷാ കാലമാണിത്. സിനിമകളെ സംബന്ധിച്ച് ഓഫ് സീസണ്‍. എന്നിട്ടും ഭൂരിഭാഗം തിയേറ്ററുകളും ഹൗസ് ഫുള്‍ ആണ്. അതിനര്‍ത്ഥം, ഈ സിനിമയെ എതിര്‍ക്കുന്നവരെക്കാള്‍ കൂടുതല്‍ ഫോറന്‍സിക് പറയുന്ന വിഷയം അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് എന്നല്ലേ... ചില മറുപടികള്‍ ഇങ്ങനെയും ഉണ്ടാകാം.

കുടുംബ പ്രേക്ഷകര്‍ മാറി നില്‍ക്കല്ലേ?

തൃശൂരില്‍ നിന്നും ഒരു അഭിഭാഷക വിളിച്ച കാര്യം പറഞ്ഞല്ലോ... അതുപോലെ എത്രയോ പേര്‍. അവരൊക്കെ മാതാപിതാക്കളാണ്. ഈ സിനിമയുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് യുവാക്കളല്ല. യുവാക്കള്‍ക്ക് ഈ സിനിമ കണ്ട് ത്രില്‍ അടിക്കാനുള്ള എലമെന്റുകള്‍ ഉണ്ട്. എന്നാല്‍ ഫോറന്‍സിക് കാണേണ്ടതും മനസിലാക്കേണ്ടതും മാതാപിതാക്കളാണ്. നമ്മുടെ കുട്ടികളെ നമ്മള്‍ എത്ര ശ്രദ്ധയോടെ വളര്‍ത്തണമെന്ന കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകണം. നമ്മുടെ സമൂഹത്തിന് ഇവിടുത്തെ കുട്ടികളുടെ മാനസികവ്യാപരങ്ങള്‍ പലപ്പോഴും മനസിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാതെ പോകുന്നുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. നിങ്ങളത് മറച്ചു പിടിച്ചിട്ട് കാര്യമില്ല. ഈ സിനിമ നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കില്‍, അതീ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറല്ലാത്തതിന്റെ കുഴപ്പമാണ്.

ഫോറന്‍സിക് ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളുടെ കഥയാണ്, ഇന്നത്തെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കഥയാണ്. നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ ഒരിക്കലും അശ്രദ്ധ കാണിക്കരുതെന്നാണ് ഫോറന്‍സിക് എന്ന സിനിമ പറയുന്നത്. അതൊരു ബോധവത്കരണമാണ്. വളരെ സുഖകരമായ പറഞ്ഞാല്‍, അതേ ഗൗരവത്തോടെ സ്വീകരിക്കണമെന്നില്ല.. അതുകൊണ്ട്, ഷോക്കിംഗ് കണ്ടന്റ് ആയിട്ടു പറഞ്ഞുവെന്നു മാത്രം. കണ്ടുകൊണ്ടിരിക്കുന്നവരില്‍ ഒരു ഞെട്ടല്‍ ഉണ്ടാകണം. അതുണ്ടാക്കിയിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം.

ഫോറന്‍സിക്കിന്റെ രചനയായിരുന്നോ അതോ സംവിധാനമായിരുന്നോ കൂടുതല്‍ വെല്ലുവിളി?

എഴുത്തിനേക്കാള്‍ ചലഞ്ചിംഗ് ആയിരുന്നു സംവിധാനം. ശരിക്കും ഞങ്ങളെ എക്‌സൈറ്റ് ചെയ്യിച്ചതും സംവിധാനമാണ്. നമ്മള്‍ എഴുതി വച്ചിരിക്കുന്നത് വിഷ്വലൈസ് ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം. ഒരു ആര്‍ട്ട് ഫോമിനു മേല്‍ നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം കിട്ടുകയാണല്ലോ. നമ്മള്‍ എഴുതുമ്പോള്‍ തന്നെ ഓരോ സീനും ഷോട്ടും വിഷ്വലി കണ്ടിരുന്നു. ഓരോ ഷോട്ട് ഡിവിഷന്‍ അടക്കം സ്‌ക്രീപ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് നിര്‍മാതാക്കളെയും ടെക്‌നീഷ്യന്മാരെയും അഭിനേതാക്കളെയും കാണച്ചിരുന്നു. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അത് ചെയ്യുന്നതിനു മുന്‍പേ തന്നെ അവര്‍ക് ക്ലിയര്‍ ഐഡിയ കിട്ടിയിരുന്നു. ഞാനും അനസും തമ്മില്‍ 2008 മുതലുള്ള ബന്ധമാണ്. ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ഒരുമിച്ചു പഠിച്ചവര്‍. ഇരുവര്‍ക്കുമിടയിലെ കഴിഞ്ഞ 12 വര്‍ഷത്തെ ബന്ധം തന്നെയായിരുന്നു ഈ സിനിമ സംവിധാനം ചെയ്യുക എന്ന ഉത്തരവാദിത്വം ഞങ്ങളിലേക്ക വന്നപ്പോള്‍ ധൈര്യത്തോടെ അതേറ്റെടുക്കാനും പ്രാപ്തരാക്കിയത്.

അഞ്ചാം പാതിര, ഫോറന്‍സിക്; മലയാള സിനിമയ്ക്ക് പുതിയൊരു ആവേശം കൂടി നല്‍കിയിരിക്കുകയാണ് ഈ സിനിമകള്‍. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറുകളിലുള്ള സിനിമകള്‍, പ്രത്യേകിച്ച് സൈക്കോ ത്രില്ലറുകളൊക്കെ ഇവിടെ ഉണ്ടാകില്ലെന്നും, ഉണ്ടായാല്‍ തന്നെ വിജയിക്കില്ലെന്നുമൊക്കെയുള്ള വിധിയെഴുത്തുകളെ പൊളിച്ചു കളഞ്ഞിരിക്കുന്നു. അങ്ങനെയൊരു മാറ്റത്തിനും കൂടി കാരണക്കാരാകുന്നു എന്ന സന്തോഷം കൂടി ഇപ്പോള്‍ അഖിലിന് ഉണ്ടോ?

തീര്‍ച്ചയായും. മലയാളം മൊത്തം ഇന്ത്യന്‍ ഇന്‍ഡ്‌സ്ട്രിക്ക് തന്നെ അഭിമാനാര്‍ഹമായ സിനിമകള്‍ നല്‍കിയിട്ടുള്ളതാണ് ഇന്‍ഡസ്ട്രിയാണ്. ചില ജോണറുകളിലുള്ള സിനിമകള്‍ അധികമായി ഉണ്ടാകുന്നില്ലെന്നത് ഒരു പരാതിയാണ്. പക്ഷേ, ഇവിടെ അതിംഗംഭീരമായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ ഉണ്ടായിട്ടില്ലേ! എത്രയോ സിനിമകള്‍. ഇപ്പോള്‍ അഞ്ചാം പാതിരയും ഫോറന്‍സിക്കും ഉണ്ടാക്കിയിരിക്കുന്ന വിജയം ഇതേ ജോണറിലുള്ള കൂടുതല്‍ സിനിമകള്‍ ഉണ്ടാകാന്‍ വഴിയൊരുക്കുമെന്നു തന്നെയാണ് വിശ്വാസം. നല്ല കഥകള്‍ ഇല്ലാത്തതോ, അത് മേക്ക് ചെയ്യാന്‍ കഴിവുള്ള സംവിധായകര്‍ ഇല്ലാത്തതോ ഒന്നുമല്ല നമ്മുടെ പ്രശ്‌നം. ഇത്തരം സിനിമകള്‍ തിയേറ്റുകളില്‍ വിജയിക്കുമോ എന്ന ആശങ്ക നിര്‍മാതാക്കള്‍ക്ക് ഉണ്ടായിരുന്നതാണ്. അത്തരം സംശയങ്ങള്‍ ഇനി വേണ്ട...Next Story

Related Stories