TopTop
Begin typing your search above and press return to search.

തീയേറ്ററുകളെ ആവേശഭരിതമാക്കി ത്രില്ലറുകൾ, ഇനി ഫോറന്‍സിക്കിന്റെ ഊഴം

തീയേറ്ററുകളെ ആവേശഭരിതമാക്കി ത്രില്ലറുകൾ, ഇനി ഫോറന്‍സിക്കിന്റെ ഊഴം

2020 ല്‍ ത്രില്ലടിപ്പിച്ച് മുന്നേറുകയാണ് മലയാള സിനിമ. അഞ്ചാം പാതിരയിലൂടെ കിട്ടിയ ഗ്രാന്‍ഡ് ഓപ്പണിംഗ് വലിയ ആവേശമാണ് ഇന്‍ഡ്‌സ്ട്രിക്കും ഒപ്പം പ്രേക്ഷകനും നല്‍കിയിരിക്കുന്നത്. അഞ്ചാം പാതിരയ്ക്കു പിന്നാലെ വന്ന ജയസൂര്യയുടെ 'അന്വേഷണം' ആ യാത്രയ്ക്ക് ആവേശം ഇരട്ടിപ്പിച്ചു. ഇപ്പോഴിതാ ടൊവിനോയുടെ ഫോറന്‍സിക് കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരുമ്പോള്‍, മറ്റൊരു സൂപ്പര്‍ വിജയത്തിനപ്പുറം പ്രേക്ഷകന്‍ മറ്റൊന്നും പ്രതിക്ഷിക്കുന്നില്ല.

മലയാള സിനിമയില്‍ പരീക്ഷിച്ച് വിജയം കാണാതെ പോകുന്നൊരു വിഷയമായിരുന്നു അഞ്ചാം പാതിര കൈകാര്യം ചെയ്തത്. എന്നാല്‍, എല്ലാ സംശയങ്ങള്‍ക്കും അറുതി വരുത്തി മെഗി ഹിറ്റായി ആ സിനിമ മാറി. മാറുന്ന മലയാള സിനിമയുടെ തെളിവ് കൂടിയായ ഈ കുഞ്ചാക്കോ ബോബന്‍ ചിത്രം. സിനിമയുടെ മേക്കിംഗും അഭിനേതാക്കളുടെ പ്രകടനവും ഒപ്പം കെട്ടുറപ്പുള്ള തിരക്കഥയും പശ്ചാത്തല സംഗീതവുമെല്ലാം ഒരുപോലെ സിങ്ക് ആയി, പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിഞ്ഞിടത്തായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരയായുടെ വിജയം. ലില്ലി എന്ന ആദ്യ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകന് പുതിയൊരനുഭവം പകര്‍ന്നു നല്‍കിയ പ്രശോഭ് വിജയന്‍ ജയസൂര്യയെ നായകനാക്കി അന്വേഷണം എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഒരുക്കിയപ്പോഴും, തീയേറ്ററുകള്‍ ആവേശഭരിതമായി. ഇനി ഫോറന്‍സിക്കിന്റെ ഊഴമാണ്.

2019 ല്‍ ഏറ്റവും വിജയമുള്ള നായകനായി മാറിയ ടൊവിനോയുടെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണ് ഫോറന്‍സിക്. ഒരു ഫോറന്‍സിക് സര്‍ജന്റെ കഥ പറയുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഫോറന്‍സിക്കിനുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനമിറങ്ങിയ ഇടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനില്‍ നിന്നും സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥന്‍(മെഡിക്കോ ലീഗല്‍ ഓഫിസര്‍)ആയാണ് പുതുവര്‍ഷത്തില്‍ ടൊവിനോ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്. ടൊവിനോ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കും സാമുവല്‍ ജോണ്‍. വലിയ തയ്യാറെടുപ്പുകളാണ് താനീ കഥാപാത്രത്തിനു വേണ്ടി ചെയ്തിട്ടുള്ളതെന്നും താരം പറഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ പൊലീസ് ഫോറന്‍സിക് ലാബും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോറന്‍സിക് റിസര്‍ച്ച് സെന്ററും ടൊവിനോ സന്ദര്‍ശിച്ചിരുന്നു. ഫോറന്‍സിക് സബജക്ട് ആദ്യമായി പരീക്ഷിക്കുന്നുവെന്നതുകൊണ്ട് തന്നെ, കൃത്യവും സൂക്ഷമവുമായ തയ്യാറെടുപ്പകളോടെ തന്നെയാണ് ഈ ചിത്രം സംവിധായകരായ അഖില്‍ പോളും അന്‍സാര്‍ ഖാനും ഒരുക്കിയിട്ടുള്ളതും. സെവന്‍ത് ഡേ എന്നസൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രചയിതാവാണ് അഖില്‍ എന്നതും ഫോറന്‍സിക്കിന് മേല്‍ പ്രതീക്ഷ വയ്ക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്. അഖില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഫോറന്‍സിക്കിന്റെ ടീസര്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് വന്നത് തന്നെ അണിയറക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരു മുഴുനീള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് വ്യക്തമാക്കുന്ന ടീസര്‍. തിരുവനന്തപുരത്തെ ബര്‍മ കോളനി എന്ന സ്ഥലത്ത് നടക്കുന്ന കൊലപാതക പരമ്പരയും അതിനു പിന്നിലെ കാരണക്കാരനെന്നു കരുതുന്ന സീരിയല്‍ കില്ലറെ തേടിയുള്ള അന്വേഷണവുമാണ് ഫോറന്‍സിക്കിന്റെ പ്രമേയം. അത്യന്തം ഉത്കണ്ഠാജനകമായ രീതിയില്‍, പ്രേക്ഷകനെ കസേര തുമ്പിലേക്ക് ഇറക്കിയിരുത്തുന്ന രീതിയില്‍ ചിത്രം ഒരു വമ്പന്‍ ത്രില്ലര്‍ അനുഭവമായിരിക്കും സമ്മാനിക്കുകയെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍ പകരുന്നത്.

സിനിമ ജീവിതത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന മംമ്ത മോഹന്‍ ദാസ് ആണ് ഫോറന്‍സിക്കിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. മംമ്തയയുടെ കരിയറിലെ ആദ്യത്തെ പൊലീസ് കഥാപാത്രമാണ് ഫൊറന്‍സിക്കിലെ ഋതിക സേവ്യര്‍. ഒരു ടിപ്പിക്കല്‍ പൊലീസ് ഉദ്യോഗസ്ഥയല്ല തന്റെ കഥാപാത്രമായ ഋതികയെന്ന് മമ്ത നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ടൊവിനോയുടെ കഥാപാത്രത്തിനൊപ്പം തന്നെ മമ്തയും ഫോറന്‍സിക്കിന്റെ പ്രധാന ഹൈലൈറ്റ് ആയിരിക്കും.

സിജു മാത്യു, നെവിസ് സേവ്യര്‍, രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഫോറന്‍സിക്കിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് അഖില്‍ ജോര്‍ജ് ആണ്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. ഷമീര്‍ മുഹമ്മദ് ആണ് ഈ ത്രില്ലറിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.


Next Story

Related Stories