TopTop
Begin typing your search above and press return to search.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ട്രൈബ്യൂണല്‍ ഉടനെന്ന് എകെ ബാലന്‍; പ്രതികരണം ഷംന കാസിം ബ്ലാക്ക് മെയിലിംഗ് കേസിന്റെ പശ്ചാത്തലത്തില്‍

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ട്രൈബ്യൂണല്‍ ഉടനെന്ന് എകെ ബാലന്‍; പ്രതികരണം ഷംന കാസിം ബ്ലാക്ക് മെയിലിംഗ് കേസിന്റെ പശ്ചാത്തലത്തില്‍

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ട്രൈബ്യൂണല്‍ ഉടന്‍. ഇതിനായി നിയമ നിര്‍മ്മാണം നടത്തും. അടുത്ത നിയമസഭ ചേരുന്ന സമയം ഇത് സംബന്ധിച്ച ബില്ല് സഭയില്‍ കൊണ്ടുവരും. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും അതിനായി നിയമ നിര്‍മ്മാണം നടത്തണമെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

നിയമ നിര്‍മ്മാണം നടത്താനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. നിയമ സഭയില്‍ ബില്‍ പാസ്സായാല്‍ ഉടന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നീക്കും എന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ് സിനിമാ മേഖലയിലെ ചില ആളുകളിലേക്ക് നീളുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അഴിമുഖം മന്ത്രിയെ ബന്ധപ്പെട്ടത്.

നടിമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകള്‍ മാത്രമല്ല നിരവധി പുരുഷന്‍മാരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ വലിയ തോതിലുള്ള വിവേചനങ്ങള്‍ നേരിടുന്നതായി കമ്മീഷന് നേരിട്ട് ബോധ്യമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമ നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചത്. മുന്‍ എം പി യും ദേശീയ പുരസ്‌ക്കാര ജേതാവുമായ നടി ശാരദ, റിട്ട. ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വല്‍സലകുമാരി എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. മൂന്നംഗ സമിതി സംയുക്തമായാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുണ്ടെന്നുമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയില്‍ അവസരഅങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ വരെ പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നു. സെറ്റുകളിലെ ലഹരി ഉപയോഗവും സ്ത്രീകള്‍ക്ക് പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ട്. സിനിമയിലെ ലോബികളാണ് എല്ലാ തീരുമാനവും എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മുന്നൂറോളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നിയമ നടപടി അനിവാര്യമാണെന്നും അതിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പരിഹാരം കാണാനാവൂ എന്നും വ്യക്തമാക്കുന്നു. മലയാള സിനിമയെയും നിയമവിധേയമാക്കണമെന്നും അതിനായി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. അഞ്ച് കൊല്ലമെങ്കിലും പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജി ആവണം ട്രൈബ്യൂണലിലുണ്ടാകേണ്ടത്. സിനിമയിലുള്ളവര്‍ക്ക് എന്ത് പരാതികളും സമര്‍പ്പിക്കാന്‍ കഴിയണം. അതില്‍ ട്രയല്‍ നടക്കണം. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമയില്‍ നിന്നുള്‍പ്പടെ മാറ്റി നിര്‍ത്തണം എന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ ശുപാര്‍ശകളിന്‍മേല്‍ നടപടി തുടങ്ങി. എന്നാല്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തുടര്‍ നടപടികള്‍ വേഗതയിലാക്കാന്‍ കഴിഞ്ഞില്ല എന്ന നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

2017ല്‍ ഒരു മലയാള സിനിമാ നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം അലയടിക്കുകയും അതിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട വിമന്‍ ഇന്‍ സിനിമാ കലക്ടീവ് സര്‍ക്കാരിന് മുന്നില്‍ വെച്ച നിദേശങ്ങളുടെയും ഭാഗമായാണ് കേരള ഗവണ്‍മെന്‍റ് ജസ്റ്റീസ് ഹേമ കമ്മീഷനെ നിയമിച്ചത്.


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories