യു എസ് എസ് ആര് പടര്‍ത്തിയ കെട്ടുകഥകളുടെ വിഷം കഴുകിക്കളയാന്‍ 10 വര്‍ഷത്തില്‍ അധികം എടുത്തു. എന്നാല്‍ യുദ്ധം പരിസ്ഥിതിയെയും സമൂഹത്തെയും മലിനീകരിച്ചത് ഇല്ലാതാക്കാന്‍ 100 വര്‍ഷം മതിയാവാതെയേ വരികയുള്ളൂ. ഉക്രെയിന് സംവിധായകന് വലന്റീന്‍ വാസ്യാനോവിച്ചിന്റെ അറ്റ്ലാന്റിസില്‍ റെഡ് ക്രോസ്സ് അന്താരാഷ്ട്ര വളണ്ടിയര്‍ ആയ ഒരു സ്ത്രീ തന്റെ ജീവന് രക്ഷപ്പെടുത്തിയ മുന്‍ ഉക്രേനിയന്‍ സൈനികനോട് പറയുന്നതാണ് ഇത്. . ഉക്രെയിന് വിട്ട് ലോകത്ത് മറ്റെവിടെയെങ്കിലും സെറ്റില്‍ ചെയ്യാന്‍ അവര്‍ അയാളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതിനയാള്‍ തയ്യാറല്ല. യുദ്ധാനന്തര ഉക്രെയിനാണ് കഥാ പശ്ചാത്തലം. കൃത്യമായി പറഞ്ഞാല്‍ കിഴക്കന്‍ ഉക്രൈന്. 2025 ല്‍ ഉക്രെയിന് ജീവിതവും സമൂഹവും എങ്ങനെയായിരിക്കും എന്നു സങ്കല്പ്പിക്കുകയാണ് സംവിധായകന്. അത് അത്ര പ്രതീക്ഷാ നിര്‍ഭരമല്ല എന്നു പറയുന്നതിനോടൊപ്പം കലുഷവും ദുരന്തപൂര്ണവും ആയിരിക്കുമെന്ന് അര്ഥശങ്കങ്കയ്ക്കിടയില്ലാതെ പറഞ്ഞുവെക്കുകയാണ് പുതുതലമുറയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ വാസ്യനോവിച്ച്. യുദ്ധാനന്തരം ജനവാസ യോഗ്യമല്ലാതായ പ്രദേശങ്ങള്‍, മൈന്‍ പാടങ്ങള്‍, തകര്‍ന്നു തരിപ്പണമായ ആളൊഴിഞ്ഞ കെട്ടിടങ്ങള്‍, പൂട്ടാന്‍ തയ്യാറെടുക്കുന്ന ഫാക്ടറികള്‍, മലിനമായ വായുവും വെള്ളവും... അറ്റ്ലാന്റിസ് ദൃശ്യവത്ക്കരിക്കുന്ന പശ്ചാത്തലത്തെ ഇങ്ങനെ ചുരുക്കി എഴുതാം. മുന്‍ സൈനികനായ സെര്‍ജി വിദൂരമായ ആളില്ലാ ഇടങ്ങളില്‍ മൈന്‍ നീര്വീര്യമാക്കുന്നവര്ക്ക് കുടിവെള്ളം എത്തിച്ചും യുദ്ധത്തില്‍ കൊല്ലപ്പെട്ട് കുഴിച്ചുമൂടപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തുന്ന സന്നദ്ധ സംഘടനയില്‍ സഹായിയായി പ്രവര്‍ത്തിച്ചും ഒക്കെയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. തികച്ചും നിരാശനായ ആ മനുഷ്യന്റെ ഏക ആശ്വാസം രൂപങ്ങള്‍ക്ക് നേരെ വെടിവെച്ച് രാത്രി കാലത്ത് നടത്തുന്ന വെടിവെപ്പ് പരിശീലനം മാത്രമാണ്. അതിനൊപ്പം അയാളുടെ കൂടെ ഉണ്ടായിരുന്ന ഫാക്ടറി തൊഴിലാളിയായ മുന്‍ സൈനികന് കടുത്ത വിഷാദത്തില്‍ ഉരുക്ക് ഫാക്ടറിയിലെ ചൂളയില്‍ ചാടി ആത്മഹത്യ ചെയ്യുന്നുണ്ട്.
അറ്റ്ലാന്റിസിലെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന കാഴ്കകളില് ഒന്ന് യുദ്ധത്തില്‍ കുഴിച്ചു മൂടപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് നേരാംവണ്ണമുള്ള ശവസംസ്കാരം ഒരുക്കിക്കൊടുക്കുന്നതാണ്. കണ്ടത്തപ്പെടുന്നവരുടെ ശരീരത്തിന്റെ പരിശോധനയും അതിന്റെ ഡോകുമെന്റേഷനും തികച്ചും നിര്‍വ്വികാരമായാണ് അവര്‍ നിര്‍വ്വഹിക്കുന്നത്. ആര്‍ക്കിയോളജി വിഷയമായി പഠിപ്പിച്ച ആ സംഘത്തിലെ കത്യ കറുത്ത ഫലിതം പോലെ പറയുന്നത് താന്‍ തന്റെ പ്രൊഫഷന് കണ്ടെത്തി എന്നാണ്. പഴയതല്ല, "നമ്മുടെ ചരിത്രം" തന്നെയാണ് കുഴിച്ചെടുക്കുന്നത്, അവള് പറയുന്നു. വിദൂര യുദ്ധ ഭൂമിയില്‍ നിന്നും കണ്ടെത്തുന്ന ശവശരീരങ്ങള്‍ പൊതിഞ്ഞു ശ്മശാനത്തില്‍ എത്തിക്കുന്ന പണിയാണ് സെര്‍ജി ചെയ്യുന്നത്. ഈ ശവങ്ങള്‍ക്കിടയില്‍ സെര്‍ജിയും കത്യയും ഭോഗിക്കുന്നത് മാത്രമാണ് അറ്റ്ലാന്റിസിലെ ആഹ്ളാദകരമായ ഏക മുഹൂര്‍ത്തം. റഷ്യയുമായുള്ള നിരന്തര യുദ്ധം സാമ്പത്തികമായി മാത്രമല്ല പാരിസ്ഥിതികമായും ഉക്രെയിനെ തകര്‍ത്തു കളയും എന്നു വസ്യിനോവിച്ച് പ്രവചിക്കുന്നു. താന്‍ കുടിവെള്ളമായി വിതരണം ചെയ്യുന്ന വെള്ളം ആരുമില്ലാത്തിടത്ത് ഒളിപ്പിച്ച വെച്ച ഒരു ടാങ്കില്‍ നിറച്ച് മുങ്ങിക്കുളിക്കുന്ന സെര്‍ജിയുടെ ദൃശ്യം മതി ഈ പാരിസ്ഥിതിക ആഘാതത്തിന്റെ തീവ്രത മനസിലാക്കാന്‍. വെനീസ് ചലച്ചിത്രമേളയില്‍ ഒറിസോണ്ടി വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ അറ്റ്ലാന്റിസ് ഉക്രെയിന്റെ ഭാവി മാത്രമല്ല പ്രവചിക്കുന്നത്, ലോകത്തിന്റെ തന്നെയാണ്. ദി ട്രൈബ്, ഹോം ഗെയിംസ് എന്നിവയാണ് വാസ്യനോവിച്ചിന്റെ മുന്‍ ചിത്രങള്‍.