TopTop
Begin typing your search above and press return to search.

വിജയ് യേശുദാസിന്റെ തീരുമാനം തിരുത്തിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയണം

വിജയ് യേശുദാസിന്റെ തീരുമാനം തിരുത്തിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയണം

മലയാളി നെഞ്ചിലേറ്റിയ മനോഹര ഗാനങ്ങളുടെ ഗായകന്‍; 20 വര്‍ഷം കൊണ്ട് വിജയ് യേശുദാസ് നേടിയെടുത്തത് ഒട്ടും ശ്രുതിഭംഗമില്ലാത്ത മേല്‍വിലാസമാണ്. ലോകം ആരാധിക്കുന്ന ഒരു മഹാ ഗായകന്റെ മകന്‍, അച്ഛന്റെ പാത പിന്തുടര്‍ന്നപ്പോള്‍ ഒട്ടും പിഴച്ചില്ല. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സ്വന്തം കൈയൊപ്പ് പതിപ്പിക്കാന്‍ സാധിച്ചു യേശുദാസിന്റെ മകന്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ മികച്ച മലയാള ഗാനങ്ങളെടുത്താല്‍, അതില്‍ വിജയ്‌യുടെ പാട്ടുകളുമുണ്ട്. ഇങ്ങനെയെല്ലാം വിശേഷണങ്ങള്‍ പേറുന്ന ആ ഗായകന്‍ ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനം എടുത്തിരിക്കുന്നു എന്ന വാര്‍ത്ത ചലച്ചിത്ര ഗാനാസ്വാദകരെ ഞെട്ടിച്ചിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തില്‍ പാടില്ലെന്ന വിവരം അദ്ദേഹം പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരു ഗായകനെന്ന നിലയില്‍ നേരിടേണ്ടി വരുന്ന അവഗണനയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നാണ് പറയുന്നത്. ' മലയാള സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്'- വനിതയുടെ അഭിമുഖത്തിലുള്ള വിജയ്‌യുടെ വാക്കുകള്‍. ഈ വാര്‍ത്ത പുറത്തു വന്നതോടെ തീരുമാനം മാറ്റണണെന്ന ആവശ്യവുമായി ചലച്ചിത്ര ഗാന പ്രേമികള്‍ രംഗത്തെത്തി. വിജയ് യേശുദാസിനെപോലെ ഒരു മികച്ച ഗായകന്‍ മലയാള സിനിമയ്ക്ക് നഷ്ടമാകരുതെന്ന ആഗ്രഹവും ആവശ്യവുമാണ് ആസ്വാദകര്‍ക്കുള്ളത്.

ഈ ആവശ്യം പരിഗണിക്കേണ്ടത് മലയാള സിനിമ ലോകമാണ്. മലയാള സിനിമയില്‍ ഗാനങ്ങള്‍ക്ക് പ്രധാന്യം തീരെയില്ലാതായിരിക്കുന്നു എന്ന വിമര്‍ശനം കഴിഞ്ഞ കുറച്ചു കാലങ്ങളായി കേള്‍ക്കുന്നതാണ്. സംഗീതത്തോട് താത്പര്യമുള്ള ഏതാനും സംവിധായകരുടെ ചിത്രങ്ങളില്‍ മാത്രമാണ് നല്ല പാട്ടുകള്‍ ഉണ്ടാകുന്നത്. കച്ചവടത്തിന്റെ സാധ്യതകള്‍ മാത്രം സിനിമയില്‍ തേടുന്നതിന്റെ കുഴപ്പമാണിത്. വിജയ് യേശുദാസിനെ പോലൊരാള്‍ക്ക് പോലും സഹിക്കാനാവാത്ത വിധം ഗൗരവമാണതെങ്കില്‍, തീര്‍ച്ചയായും തിരുത്തലുകള്‍ ആവശ്യമാണ്. മഹത്തായൊരു ചലച്ചിത്രഗാന പാരമ്പര്യമുണ്ട് മലയാള സിനിമയ്ക്ക്. ആ പേര് കളയാതിരിക്കണമെങ്കില്‍ വിജയ് യേശുദാസിനെക്കൊണ്ട് തന്റെ തീരുമാനം തിരുത്തിക്കാന്‍ കഴിയണം. കാരണം വിജയ് യേശുദാസിനെ പോലൊരു ഗായകന്‍ തീര്‍ച്ചയായും മലയാളത്തിന് ആവശ്യമാണ്. അക്കാര്യം അദ്ദേഹത്തിന്റെ കരിയര്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്.

ഈ നൂറ്റാണ്ടിലെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയുള്ള മില്ലേനിയം സ്റ്റാര്‍സ് എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായി വിജയ് യേശുദാസ് എത്തുന്നത്. എന്നാല്‍, സിനിമയ്ക്ക് വേണ്ടി അതിനും മുന്നേ പാടിയിട്ടുണ്ട്. 1987 ല്‍ ഇറങ്ങിയ ഇടവഴിയില്‍ ഒരു കാലൊച്ച എന്ന സിനിമയില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ രണ്ട് വരികള്‍! മില്ലേനിയം സ്റ്റാര്‍സ് സിനിമ എന്ന നിലയില്‍ പരാജയപ്പെട്ടെങ്കിലും മെലഡിയും ക്ലാസിക്കും റാപ്പും ഫ്യൂഷനും സംഗമിപ്പിച്ച് വിദ്യാസാഗര്‍ ഒരുക്കിയ ഗാനങ്ങള്‍ രണ്ട് പതിറ്റാണ്ടിനിപ്പുറവും മലയാളി ആവര്‍ത്തിച്ചു കേള്‍ക്കുകയാണ്. ഏതൊരു ഗായകനും കൊതിക്കുന്ന തുടക്കമായിരുന്നു വിജയ്‌യ്ക്ക് കിട്ടിയത്. സ്വന്തം പിതാവിനൊപ്പം നാല് ഗാനങ്ങള്‍- 'ഓ മുംബൈ...ഒ മേരി പ്യാരി മുംബൈ...' 'ശ്രാവണ്‍ ഗംഗേ...സംഗീത ഗംഗേ...' 'കൃഷ്ണ...കൃഷ്ണ...' 'മഹാഗണപതിം...'- ഇതില്‍ ഓ..മുംബൈയും, ശ്രാവണ്‍ ഗംഗയും വിജയ്ക്ക് സിനിമ സംഗീത ലോകത്തേക്ക് ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്.

2000 ല്‍ തന്നെ വിജയ്‌യുടെ ആദ്യത്തെ സോളോ ഹിറ്റ് പിറന്നു. ഫാസില്‍-മോഹന്‍ലാല്‍ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ 'കേളി നിലാവൊരു പാലാഴി'; ഔസേപ്പച്ചന്റെ സൂപ്പര്‍ ഹിറ്റ് മെലഡി. അതേവര്‍ഷം തന്നെ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ തളിയൂര്‍ ഭഗവതിക്ക്( ദാദാ സാഹേബ്) ബേണി-ഇഗ്നേഷ്യസ് ടീമിന്റെ ' മഞ്ഞിന്‍ താഴ്‌വാരവും പഞ്ഞിക്കൂടാരവും'(ഇന്ദ്രിയം) എന്നീ ഗാനങ്ങളും വിജയ് പാടി. ഇതില്‍ മഞ്ഞിന്‍ താഴ്‌വാരം ആരാധകര്‍ ഏറ്റെടുത്തു. 2001 ല്‍ ഔസേപ്പച്ചന്‍ വീണ്ടും വിജയ്ക്ക് ഹിറ്റ് സമ്മാനിച്ചു. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ സുജാതയ്‌ക്കൊപ്പം പാടിയ 'വസന്തരാവിന്‍ കിളിവാതില്‍' എന്ന ഡ്യൂയറ്റ് ആ സിനിമയെ ഇന്നും ഓര്‍മിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. 2003 ല്‍ സാക്ഷാല്‍ ഇളയ രാജയുടെ ഈണത്തിലും പാടാനുള്ള ഭാഗ്യം വിജയ് യേശുദാസിനെ തേടിയെത്തി. മനസിനക്കരെ എന്ന സിനിമയില്‍ ആശാ മേനോനൊപ്പം പാടിയ 'തങ്കത്തിങ്കള്‍ വാനില്‍' എന്ന ഗാനം ശ്രദ്ധ നേടിയെങ്കിലും രാജയുടെ മാന്ത്രികത പതിഞ്ഞ മറ്റൊരു ഗാനം വിജയ്‌യെ കാത്തിരിക്കുന്നുണ്ടായിരുന്നു.2005 ല്‍ ഇറങ്ങിയ പൊന്‍മുടി പുഴയോരത്ത് എന്ന ചിത്രത്തില്‍ മഞ്ജരിക്കൊപ്പം പാടിയ ' ഒരു ചിരി കണ്ടാല്‍...' അക്കൊല്ലത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

2007 ല്‍ ആദ്യത്തെ സംസ്ഥാന പുരസ്‌കാരം വിജയ് യേശുദാസിനെ തേടിയെത്തി. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തില്‍എം ജയചന്ദ്രന്‍ ഒരുക്കിയ കോലക്കുഴല്‍ വിളി കേട്ടോ... എന്ന ഗാനമാണ് വിജയ്‌യെ മികച്ച ഗായകനാക്കിയത്. ചലച്ചിത്രഗാനാസ്വാദകര്‍ക്ക് വിജയ്‌യെ കൂടുതല്‍ പ്രിയപ്പെട്ടവനാക്കിയ പാട്ടുകളായിരുന്നു ഒഎന്‍വി- ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ' ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു'(ഗുല്‍മോഹര്‍), കൈതപ്രം-മോഹന്‍ സിത്താര ടീമിന്റെ ' അണ്ണാരക്കണ്ണാ വാ...'( ഭ്രമരം), രാജാമണിയുടെ 'ഇതിലേ...തോഴീ..'(എല്‍സമ്മ എന്ന ആണ്‍കുട്ടി), ഇന്ത്യന്‍ റുപ്പിയിലെ 'ഈ പുഴയും' എന്നിവ. 2012 ല്‍ വിജയ്ക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം തേടിയെത്തി. രണ്ട് ഗാനങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. സ്പിരിറ്റിലെ ' മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന', ഗ്രാന്റ് മാസ്റ്ററിലെ അകലെയോ നീ...' എന്നീ ഗാനങ്ങളായിരുന്നു അവ.

മലയാള സിനിമ ഗാന ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച പാട്ടും വിജയ്‌യുടെ ശബ്ദത്തിലൂടെയാണ് പുറത്തു വന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ സൂപ്പര്‍ ഹിറ്റ് ആയി മാറിയ പ്രേമത്തിലെ 'മലരേ...' വിജയ്ക്ക് നേടിക്കൊടുത്തത് ലക്ഷകണക്കിന് ആരാധാകരെയാണ്. പ്രേമം എന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് തന്നെ ശബരീഷ് വര്‍മയും രാജേഷ് മുരുഗനും ചേര്‍ന്നൊരുക്കിയ ആ ഗാനമായിരുന്നു. ഇന്നും 'മലരേ' ഒട്ടും വാടാതെ ആസ്വാദകരുടെ ചുണ്ടിലുണ്ട്. ജോസഫിലെ പൂമുത്തോളെ എന്ന ഗാനമാണ് മലയാളത്തില്‍ ഏറ്റവുമൊടുവിലായി വിജയ് യേശുദാസ് പാടിയൊരുക്കിയ സൂപ്പര്‍ ഹിറ്റ്. ആ സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായ ഗാനം വിജയുടെ കൈകളില്‍ മികച്ച ഗായകനുള്ള പുരസ്‌കാരം മൂന്നാം തവണയും എത്തിച്ചു.

തമിഴിലും തെലുഗിലും കന്നഡത്തിലുമൊക്കെയായി നിരവധി അവസരങ്ങള്‍ വിജയ് യേശുദാസിനുണ്ട്. നിര്‍ഭാഗ്യവശാല്‍ മലയാളത്തില്‍ പാടിയില്ലെങ്കില്‍ പോലും അദ്ദേഹത്തിന് പ്രയാസപ്പെടേണ്ടി വരില്ല. പക്ഷേ, വിജയ്‌യെ പോലൊരു ഗായകനെ നിലനിര്‍ത്തേണ്ട ആവശ്യം മലയാള സിനിമയ്ക്കുണ്ട്. ഇന്ന് വിജയ് യേശുദാസ് പറഞ്ഞിരിക്കുന്ന പരാതി, അദ്ദേഹത്തിനുമാത്രമുള്ളതയാരിക്കില്ല. തന്റെ ശബ്ദം പോലും അടയാളപ്പെടുത്താനാകാതെ പോകുന്ന മികച്ച ഗായകര്‍ പലരുണ്ട് ഇന്ന് മലയാളം ഇന്‍ഡസ്ട്രിയില്‍. പഴയതിനെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ഇന്ന് ഗായകര്‍ക്ക് കിട്ടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ഗാനരംഗത്തിനുണ്ടായിരിക്കുന്ന അപചയം അവര്‍ക്ക് അവസരങ്ങള്‍ മുതലാക്കാന്‍ തടസമാവുകയാണ്. പല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കും പിന്നിലും അവയുടെ വിജയഘടകമായി മാറിയ ഗാനങ്ങളുണ്ട്. ഇന്ത്യന്‍ സിനിമ ലോകത്തില്‍ തന്നെ മലയാള സിനിമ ഗാന ശാഖയ്ക്ക് പ്രത്യേക സ്ഥാനവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം മറക്കുന്ന പ്രവണത തുടരുകയാണെങ്കില്‍ നഷ്ടം സിനിമയ്ക്ക് തന്നെയാണ്. വിജയ്ക്ക് മുന്നിലുള്ളതുപോലെ അവസരങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. കേട്ടിഷ്ടപ്പെട്ട പല ശബ്ദങ്ങളും ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയാത്തതിനു കാരണവും വിജയ് ഉയര്‍ത്തിയ അതേ പ്രശ്‌നം തന്നെയായിരിക്കും.


Next Story

Related Stories