TopTop
Begin typing your search above and press return to search.

'എത്ര വലിയ നടന്റെ ചോറ്റുപട്ടാളം തെറി വിളിച്ചാലും ഭയപ്പെടില്ല', മോഹന്‍ലാലിന്റെ അവകാശവാദത്തിലും ഫാന്‍സിന്റെ സൈബര്‍ ആക്രമത്തിലും ഗായകന്‍ വിടി മുരളി നിയമനടപടിക്ക്

എത്ര വലിയ നടന്റെ ചോറ്റുപട്ടാളം തെറി വിളിച്ചാലും ഭയപ്പെടില്ല, മോഹന്‍ലാലിന്റെ അവകാശവാദത്തിലും ഫാന്‍സിന്റെ സൈബര്‍ ആക്രമത്തിലും ഗായകന്‍ വിടി മുരളി നിയമനടപടിക്ക്

ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയുടെ അവതാരകനായ മോഹന്‍ലാല്‍, 'ഉയരും ഞാന്‍ നാടാകെ' എന്ന ചിത്രത്തിലെ 'മാതള തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യ കുയിലാളേ' എന്ന ഗാനം പാടിയത് താനാണെന്ന് അവകാശപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ വി ടി മുരളിയാണ് ആ പാട്ട് സിനിമയ്ക്ക് വേണ്ടി പാടിയത്. ഇക്കാര്യം മറച്ചുവച്ചാണ് മോഹന്‍ലാല്‍ തന്റെ പേരിലേക്ക് ആ പാട്ട് മാറ്റിയത്. ഇതിനെതിരേ വലിയ തോതില്‍ മോഹന്‍ലാലിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. താന്‍ പാടിയ പാട്ട് മറ്റൊരാള്‍ തട്ടിയെടുത്തെന്ന വിവരം അറിഞ്ഞപ്പോള്‍ വി ടി മുരളി ഈ വിഷയം പ്രതിപാദിച്ച്‌ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റില്‍ മോഹന്‍ലാലിനെ പേരെടുത്ത് പറഞ്ഞുകൊണ്ട് ഒരു വരിപോലും വിമര്‍ശനാത്കമായി എഴുതിയിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ആരാധകരെന്ന പേരില്‍ നിരവധി പേരാണ് മുരളിയെ സോഷ്യല്‍ മീഡിയായില്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നത്.

മോഹന്‍ലാലോ, ഏഷ്യാനെറ്റോ ഇതുവരെ ഈ വിഷയത്തില്‍ ഖേദപ്രകടനം നടത്തുകയോ തെറ്റു തിരുത്തുകയോ ചെയ്തിട്ടില്ലെന്നിരിക്കെ തന്നെയാണ് സൂപ്പര്‍ താര ആരാധകര്‍, വി ടി മുരളിയെക്കെതിരേ തെറിവിളികളുമായി രംഗത്തു വന്നിരിക്കുന്നതും. തന്റെ ഭാഗത്തു നിന്നായി ഈ വിഷയം വിവാദമാക്കാന്‍ ഉദ്ദേശമൊന്നുമില്ലെങ്കിലും ഒരു തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന അപമാനം സഹിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് വി ടി മുരളി. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന അപകീര്‍ത്തികരമായ വാക്കുകള്‍ പിന്‍വലിക്കാന്‍ അതിനത്തരവാദപ്പെട്ടവര്‍ തയ്യാറാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് മുരളി നല്‍കിയിരിക്കുന്നത്. ഇതിനോടൊപ്പം ഈ വിഷയത്തില്‍ അദ്ദേഹം അഴിമുഖവുമായി സംസാരിച്ചപ്പോള്‍ പങ്കുവച്ച കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

ഒരു വിവാദം സൃഷ്ടിച്ച്‌ ശ്രദ്ധ നേടാനോ, ആരെയെങ്കിലും മനഃപൂര്‍വം അപമാനിക്കാനോ ജീവിതത്തില്‍ ഇന്നേവരെ ശ്രമിക്കാത്തൊരാളാണ് ഞാന്‍. പാട്ട് പാടാന്‍ ഒരവസരം തരണമെന്ന് യാചിച്ച്‌ ഒരാളുടെ പോലും മുന്‍പില്‍ ഇതുവരെ ചെന്നിട്ടില്ലെന്ന അഭിമാനവുമുണ്ട്. അതുകൊണ്ട് തന്നെ എനിക്കാരെയും പേടിക്കുകയും വേണ്ട, ആരുടെ മുന്നിലും മുഖം കുനിച്ച്‌ നില്‍ക്കേണ്ടതുമില്ല. ഞാന്‍ പാടിയൊരു പാട്ടിന്റെ അവകാശം മറ്റൊരാള്‍ കൈവശപ്പെടുത്തിയപ്പോള്‍, അത് തെറ്റാണെന്നു ചൂണ്ടിക്കാണിച്ച എന്നെ തെറി പറയാനും പരിഹസിക്കാനും വരുന്ന വെട്ടുക്കിളി കൂട്ടങ്ങള്‍ ഇതൊക്ക മനസിലാക്കണം. ഒരു നാക്കുപഴി സംഭവിച്ചതോ, അബദ്ധം പിണഞ്ഞതോ അല്ല ഇവിടെ നടന്നിരിക്കുന്നത്. ഒരു തെറ്റാണ് ചെയ്തിരിക്കുന്നത്. തെറ്റിനെ തെറ്റ് എന്നു തന്നെ പറയണം. എനിക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയോടോ അഭിനേതാവിനോടോ വ്യക്തിപരമായി യാതൊരു ശത്രുതയുമില്ല. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായ പ്രവര്‍ത്തിയിലെ അനീതിയോട് നിശബ്ദത പാലിക്കാന്‍ എനിക്കാവുകയുമില്ല.

മാതള തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ എന്ന പാട്ട് താനാണ് പാടിയതെന്ന് മോഹന്‍ലാല്‍ ഒരു ചാനലില്‍ നിന്നുകൊണ്ട് പറഞ്ഞപ്പോള്‍, ഞാനതിനെതിരേ പ്രതികരിച്ചത് തികച്ചും മാന്യമായാണ്. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരിടത്തുപോലും ആ പാട്ട് ഞാനാണ് പാടിയതെന്നു പോലും പറഞ്ഞിട്ടില്ല. ചാനലില്‍ നടന്ന കാര്യങ്ങള്‍ അതേപോലെ പറഞ്ഞു, കൂട്ടത്തില്‍ വാല്‍ക്കഷ്ണം എന്നപോലെ, പാവപ്പെട്ട പാട്ടുകാരന്റെ പിച്ചചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നൊരു വരി മാത്രം എഴുതി. ഇതില്‍ ഞാന്‍ ആരെയെങ്കിലും അപമാനിക്കുന്നുണ്ടോ? എന്നാല്‍ എന്നോടുണ്ടായ പ്രതികരണങ്ങളോ? മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ, തനിക്ക് പറ്റിയ തെറ്റ് തിരുത്താമായിരുന്നു. അല്ലെങ്കില്‍ ആ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ചാനലിന് തെറ്റു തിരുത്താമായിരുന്നു. ഇതു രണ്ടും നടന്നില്ല. പകരം, ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം എന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു. എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ല. എനിക്കെതിരേ നടത്തിയിരിക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വില്‍ക്കാന്‍, അത് ചെയ്യുന്നവര്‍ തയ്യാറാകാത്ത പക്ഷം നിയമത്തിന്റെ വഴി തേടാന്‍ തീരുമാനിച്ചിരിക്കുന്നത്, എനിക്ക് എന്നോട് തന്നെ നീതി പുലര്‍ത്തേണ്ടതുള്ളതുകൊണ്ടാണ്.

ഈ വിഷയം ചര്‍ച്ചയായ ശേഷം പലരും എന്നെ വിളിച്ചു ചോദിച്ചത്, മുരളിയേട്ടനും ആ പാട്ട് പാടിക്കാണും, പക്ഷേ, സിനിമയില്‍ മോഹന്‍ലാല്‍ പാടിയ വേര്‍ഷനും ഉണ്ടാകില്ലേ എന്നാണ്. അവരോടും അത്തരം സംശയം ഇപ്പോഴും ഉള്ളിലുള്ളവരോടും കൂടി പറയുകയാണ്, ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ മാതള തേനുണ്ണാന്‍ എന്ന ഗാനം ഒരാളെ പാടിയിട്ടുള്ളൂ, അത് വി ടി മുരളി എന്ന ഞാനാണ്. ഈ സിനിമ ഇറങ്ങുന്ന സമയത്ത് മോഹന്‍ലാല്‍ ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല. നെഗറ്റീവ് റോളുകള്‍ ചെയ്യുന്ന ഒരു നടന്‍ മാത്രം. ആ സമയത്ത് അദ്ദേഹത്തിന് ഒരു നല്ല വേഷം കിട്ടുന്നത് ഈ സിനിമയിലൂടെയാണ്. ഇതേ മോഹന്‍ലാല്‍ എന്നോട് തന്നെ പറഞ്ഞിട്ടുള്ളതാണ്, താങ്കള്‍ പാടിയ മാതള തേനുണ്ണാന്‍ എന്ന പാട്ട് എനിക്ക് ഒത്തിരിയിഷ്ടമാണെന്ന്. അല്ലാതെ എന്നെയറിയാത്തയാളൊന്നുമല്ല അദ്ദേഹം. അങ്ങനെയൊരാള്‍ ഒരു ചാനലില്‍ കയറി നിന്നിട്ട് ഈ പാട്ട് പാടിയത് ഞാനാണെന്ന് പറയുമ്ബോള്‍, അതിനെ അബദ്ധമെന്നോ നാക്കുപിഴയെന്നോ കണക്കാക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? ഒരാള്‍ എഴുതിയ ഒരു നോവല്‍, അദ്ദേഹമല്ല, മറ്റൊരാള്‍ എഴുതിയാണെന്നു പറഞ്ഞാല്‍, അതിനെ നമുക്ക് അബദ്ധമെന്നോ അജ്ഞതയെന്നോ വിളിക്കാം. പക്ഷേ ഇത്തരത്തില്‍ ഒരാള്‍ മനപ്പൂര്‍വ്വം വിളിച്ചു പറയുമ്ബോള്‍, ആ പ്രവര്‍ത്തിയെ എങ്ങനെയാണ് കാണേണ്ടത്? ആ പാട്ടിന്റെ രംഗത്ത് ഞാനാണ് അഭിനയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞതെങ്കില്‍, അത് ശരിയാണ്. എന്റെ പേരു പോലും പറയേണ്ട. പറഞ്ഞാല്‍ എനിക്കത് സന്തോഷം തരുന്ന കാര്യമാണെങ്കിലും പാട്ടുകാരന്‍ ആരാണെന്ന് പറയാന്‍ അദ്ദേഹത്തിന് തോന്നിയില്ലെങ്കില്‍ നമ്മളതില്‍ വിഷമിക്കേണ്ടതിന്റെയൊന്നും ആവശ്യമില്ല. ഇവിടെ, ഒരാള്‍ ആ പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യം ആരാണ് ഈ പാട്ട് പാടിയതെന്ന് അറിയാമോ എന്നായിരുന്നു. പരിപാടി കണ്ടുകൊണ്ടിരുന്ന എന്റെ ബന്ധുക്കളും എന്നെ അറിയാവുന്നവരുമെല്ലാം മോഹന്‍ലാല്‍ ഇപ്പോള്‍ വി ടി മുരളി എന്നു പറയുമെന്ന് പ്രതീക്ഷിച്ച്‌ സന്തോഷിച്ചിരിക്കുമ്ബോള്‍ അവരുടെയെല്ലാം മുഖത്തടിച്ചെന്ന പോലെ നല്‍കിയ ഉത്തരം ആ പാട്ട് പാടിയത് അദ്ദേഹം തന്നെയാണെന്നായിരുന്നു.

മോഹന്‍ലാല്‍ ഒരു നടന്‍ മാത്രമല്ല. സര്‍ഗാത്മക തൊഴില്‍ ചെയ്യുന്നവരുടെ തൊഴിലാളി സംഘടനയായ 'അമ്മ' യുടെ പ്രസിഡന്റ് കൂടിയാണ് (തൊഴിലാളി സംഘടനയെന്ന് മനഃപൂര്‍വം എടുത്തു പറഞ്ഞതാണ്. ഞാനൊരിക്കലും താര സംഘടനയെന്ന് പറയില്ല. താരങ്ങള്‍ക്ക് വെളിച്ചമുണ്ട്. അതില്ലാത്തവരെ താരം എന്നു വിളിക്കേണ്ടതിന്റെ ആവശ്യമില്ല). അങ്ങനെയൊരു സ്ഥാനത്തിരുന്നുകൊണ്ട് വേറൊരാളുടെ അവകാശത്തെ നിഷേധിക്കുന്നത്, ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നു തെളിയിക്കലാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ ഫാന്‍സിന് അറിയില്ലെന്നു തോന്നുന്നു. അവര്‍ മോഹന്‍ലാല്‍ എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്ന മട്ടിലാണ് പെരുമാറുന്നത്. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നില്ലേ, പിന്നെയെന്താണ് ഒരു സിനിമ നടനെ വിമര്‍ശിച്ചാല്‍? ഒരു വിഷയം ഒരാള്‍ ഉന്നയിക്കുമ്ബോള്‍, അതിലെ സത്യമെന്താണെന്നല്ലേ അന്വേഷിക്കേണ്ടത്. അതിനുശേഷമല്ലേ പ്രതികരണം നടത്തേണ്ടത്. അല്ലാതെ തെറി വിളിക്കുകയാണോ? തങ്ങള്‍ക്ക് ചെല്ലും ചെലവും തന്ന് കൂടെ നിര്‍ത്തിയിരിക്കുന്ന യജമാനനോട് ഫാന്‍സ് എന്ന വാനരക്കൂട്ടത്തിന് വിധേയത്വം കാണും, എന്നാല്‍ വി ടി മുരളി ഒരു സൂപ്പര്‍ താരത്തിന്റെയും ചെലവില്‍ അല്ല ജീവിക്കുന്നത്.

ഞാന്‍ മനഃപൂര്‍വം വിവാദം ഉണ്ടാക്കുകയാണെന്നാണ് ആക്ഷേപം. മറ്റൊരാളുടെ അവകാശം എന്തിന് തട്ടിപ്പറിച്ച്‌ സ്വന്തമാക്കുന്നു എന്നു ചോദിക്കുന്നതാണോ വിവാദം? മോഹന്‍ലാലിന് ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ചിലരുടെ പരിഹാസം. എനിക്കും ചോദിക്കാനുള്ളത് അതു തന്നെയാണ്, ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ആവശ്യമെന്താണ്? മറ്റു ചില ഉപദേശങ്ങള്‍, ഒരുപക്ഷേ മോഹന്‍ലാലിന് നാക്കു പഴി വന്നതായിരിക്കും, അക്കാര്യം അദ്ദേഹത്തോട് സംസാരിച്ച്‌ തിരുത്തൂ എന്നാണ്. അദ്ദേഹമല്ല, ഞാന്‍ തിരുത്തണമെന്ന്. മോഹന്‍ലാലിന് വിഷമം ഉണ്ടാക്കുമത്രേ! മോഹന്‍ലാലിന് വിഷമം ഉണ്ടാകുന്നതിലാണ് അവര്‍ക്ക് ആശങ്ക, എന്റെ വിഷമം അവര്‍ക്കൊന്നും ഒരു പ്രശ്‌നമേയല്ല, എന്നെക്കുറിച്ച്‌ ആര്‍ക്കും ആശങ്കയുമില്ല. അടി കൊണ്ടവനെയല്ല, അടിച്ചവനെയാണ് ആശ്വസിപ്പിക്കുന്നത്. എനിക്ക് ആളാകാന്‍ വേണ്ടിയിട്ടാണ് ഇതൊക്കെയെന്നും ചിലര്‍ രോഷം കൊള്ളുന്നുണ്ട്. വി ടി മുരളിയെ ആരറിയും, ആരാണീ വി ടി മുരളി എന്നൊക്കെയാണ് ചോദ്യങ്ങള്‍. നിങ്ങള്‍ക്ക് ഒരാളെ അറിയില്ലെങ്കില്‍ ലോകത്ത് ഒരാള്‍ക്കും അയാളെ അറിയില്ലെന്നു കരുതരുത്. എല്ലാവരും എന്നെ അറിയണമെന്ന് ഇന്നേ വരെ ആഗ്രഹിച്ചിട്ടില്ല, അതിനുവേണ്ടിയിട്ട് ഒന്നും ചെയ്തിട്ടില്ല. ഇപ്പോഴുള്ള ജീവിതം കൊണ്ടുതന്നെ തൃപ്തനാണ്. എന്നെ ശ്രദ്ധിക്കുന്ന ചെറിയൊരു കൂട്ടം ആളുകളെങ്കിലും ഇവിടെയുണ്ടാകുമല്ലോ. ഈ സമൂഹത്തെക്കുറിച്ച്‌, മനുഷ്യരെക്കുറിച്ച്‌, രാഷ്ട്രീയത്തെക്കുറിച്ചൊക്കെ ഞാന്‍ പറയാറുണ്ട്. ആ ഉത്തരവാദിത്വം ഒരു സാമൂഹ്യജീവി എന്ന നിലയില്‍ ഇക്കാലമത്രയും നടത്തിയും പോരുന്നുണ്ട്. എന്റെ ആശയങ്ങളോട് പ്രതികണങ്ങളോട് സംവദിക്കാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ട്. എന്നാല്‍ ഈ ആഘോഷിക്കപ്പെടുന്നവരും ആരാധിക്കപ്പെടുന്നവരുമൊക്കെ സ്വന്തം കാര്യങ്ങള്‍ക്കപ്പുറം എന്താണ് സമൂഹത്തോടും സഹജീവികളോടും ചെയ്തിട്ടുള്ളത്. ഒരു ഗായകന്റെ ജന്മദിനം എല്ലാവരും ആഘോഷിക്കുന്നത് അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടാണ്. ആ മനുഷ്യരോട് തിരിച്ചും പരിഗണന കാണിക്കണം. ലോകത്തിന്റെ പാട്ടുകാരനായി വിശേഷിപ്പിക്കാവുന്ന ഗുലാം അലിക്ക് മുംബൈയില്‍ പാടാനുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ഒരു ടി എം കൃഷ്ണയ്ക്കപ്പുറം ഇവിടുത്തെ ഏതു ഗായകനാണ് പ്രതിഷേധിച്ചത്? ഷാരുഖ് ഖാന്‍ എന്ന നടനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇവിടുത്തെ ഏതെങ്കിലും സൂപ്പര്‍ സ്റ്റാറുകള്‍ വായ തുറന്നോ? ഒ എന്‍ വി കുറുപ്പിന്റെ കറുത്തപക്ഷിയുടെ പാട്ട് എന്ന കവിത എഴുതിയത് കറുത്ത വര്‍ഗക്കാരനായ പോള്‍ റോബ്‌സനെ കുറിച്ചാണ്. കോടിക്കണക്കിനു ഡോളറുകള്‍ പ്രതിഫലം വാങ്ങിയിരുന്ന പാട്ടുകാരനായിരുന്ന റോബസ്ന്‍ നിരദ്ധനനായാണ് മരിക്കുന്നത്. എന്തുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയൊരു അവസ്ഥ വന്നു? കറുത്ത വര്‍ഗക്കാരന്റെ മോചനത്തിനു വേണ്ടിയേ താനിനി പാടുകയുള്ളൂ എന്ന തീരുമാനമെടുത്തതുകൊണ്ട്. അതാണ് കലാകാരന്റെ ഉത്തരവാദിത്വം. സിനിമയില്‍ അഭിനയിക്കുന്നതുകൊണ്ട് ഒരാളെ ആരാധിക്കേണ്ടതുണ്ടോ? ഒന്നുകില്‍ അയാള്‍ നമ്മുടെ ജീവിതം സൗന്ദര്യവത്കരിച്ചിരിക്കണം, അല്ലെങ്കില്‍ സമൂഹിക വിഷയങ്ങളില്‍ നമുക്കൊപ്പം നില്‍ക്കുന്നൊരാളായിരിക്കണം. ഇതൊന്നുമല്ലാത്തൊരാളെ എന്തിന് ആരാധിക്കണം? അതുകൊണ്ട് എത്ര വലിയ നടന്റെ ചോറ്റുപട്ടാളം വന്നു വെല്ലുവിളിച്ചാലും തെറി വിളിച്ചാലും എന്നെയത് ഭയപ്പെടുത്തില്ല.


Next Story

Related Stories