TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍, ടിവി ചന്ദ്രന്‍, ജയരാജ്, വിനയന്‍ ഒരു മോഹന്‍ലാല്‍ സിനിമ ചെയ്തില്ല?

എന്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍, ടിവി ചന്ദ്രന്‍, ജയരാജ്, വിനയന്‍ ഒരു മോഹന്‍ലാല്‍ സിനിമ ചെയ്തില്ല?

ഇരുപതാം വയസില്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ലാല്‍ തന്റെ അറുപതാം വയസില്‍ എത്തി നില്‍ക്കുമ്ബോള്‍ ചലച്ചിത്ര ലോകത്ത് പിന്നിട്ടത് നാല് പതിറ്റാണ്ടാണ്. ലോകത്ത് എത്ര അഭിനേതാക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയും ഇത്ര നീണ്ട കാലത്തെ അഭിനയജീവിതം എന്നത് വലിയൊരു ചോദ്യമാണ്. ഇന്നും തന്റെ താരമൂല്യത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നതും ലാലിനെ ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഒരു അത്ഭുത കഥാപാത്രമായി നിലനിര്‍ത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ള നടന്മാരില്‍ മുന്‍പിലാണ് മലയാളത്തിന്റെ പ്രിയതാരം. ഇക്കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാല്‍ ചെയ്യാത്ത വേഷങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വില്ലനായി എത്തി, സഹനടനായി വളര്‍ന്ന് നായകസങ്കല്‍പ്പങ്ങളുടെ പരിപൂര്‍ണതയില്‍ എത്തി നില്‍ക്കുന്ന മോഹന്‍ലാല്‍, ഏറ്റവും വിലപിടിപ്പുള്ളൊരു ബ്രാന്‍ഡ് ആണിന്ന്. വിശേഷണങ്ങള്‍ മോഹന്‍ലാലിനെ സംബന്ധിച്ച്‌ പൂര്‍ണതയിലെത്താത്തൊരു വാചകമാണ്. അറുപതം പിറന്നാള്‍ ദിനത്തില്‍ സിനിമ ലോകവും ആരാധകവൃന്ദവും പൊതുസമൂഹവും അദ്ദേഹത്തിന് നല്‍കിയ സ്‌നേഹവും പിന്തുണയും അക്കാര്യം വ്യക്തമാക്കുന്നതുമാണ്.

ഒരു നടനെ സംബന്ധിച്ച്‌ ഇനിയെന്താണ് ചെയ്യാനുള്ളതെന്ന സംശയമായിരിക്കാം ഒരുപക്ഷേ മോഹന്‍ലാലില്‍ ഇപ്പോഴുണ്ടായിരിക്കുക. ഇനിയെന്താണ് തങ്ങളുടെ പ്രിയതാരത്തില്‍ നിന്നും കിട്ടുകയെന്ന ആകാംക്ഷയായിരിക്കാം പ്രേക്ഷകരിലും. എന്നാല്‍ ഈ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തുകൊണ്ട് നടക്കാതെ പോയി എന്നു സംശയിക്കുന്ന ചില സിനിമകളുമുണ്ട് മോഹന്‍ലാലിനെ ചേര്‍ത്ത് ആലോചിക്കുമ്ബോള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളില്‍ ലാല്‍ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലെ പല തലമുറ സംവിധായകര്‍ക്കും ലാല്‍ അവരുടെ പ്രിയ നടനായിരുന്നു. എന്നാല്‍, സംവിധായക നിരയിലെ പ്രധാനപ്പെട്ട ചില പേരുകളുടെ കൂടെ മോഹന്‍ലാല്‍ എന്ന പേര് ഈ നാല് പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പ്പോലും വെള്ളിത്തിരയില്‍ തെളിഞ്ഞിട്ടില്ലെന്നത് അമ്ബരപ്പുണ്ടാക്കുന്ന കാര്യമാണ്.

അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാള സിനിമയുടെ യശ്ശസ് ലോകസിനിമ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതുവരെ മോഹന്‍ലാലുമായി ചേര്‍ന്ന് ഒരു സിനിമ പോലും ചെയ്തിട്ടില്ല. ലോകം അംഗീകരിച്ച രണ്ട് പ്രതിഭകള്‍ ഒരേ വലയത്തിനുള്ളില്‍ ഇക്കാലമത്രയും ഉണ്ടായിട്ടും അവര്‍ തമ്മില്‍ ചേരാതിരുന്നതിന്റെ കാരണം ഇന്നും പ്രേക്ഷകര്‍ക്ക് അജ്ഞാതമാണ്. വ്യക്തമായൊരു മറുപടി ലാലില്‍ നിന്നും അടൂരില്‍ നിന്നും ഇതുവരെ കിട്ടിയിട്ടുമില്ല. അടൂരുമായി അഴിമുഖം നടത്തിയ അഭിമുഖത്തില്‍ ഈ ചോദ്യം അദ്ദേഹത്തിനു മുന്നില്‍ വച്ചിരുന്നു. എന്നാല്‍ കൃത്യമായൊരു മറുപടി അന്നും കിട്ടിയില്ല. മലയാളത്തിലെ കഴിവുള്ള പലരുമായും താന്‍ സിനിമ ചെയ്തിട്ടില്ലെന്നായിരുന്നു ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് അടൂര്‍ പറഞ്ഞത്.

അടൂരുമായുള്ള അഭിമുഖം ഇവിടെ കാണാം

Part 1

പാര്‍ട്ട് 2

അനന്തരം, മതിലുകള്‍, വിധേയന്‍ എന്നീ ചിത്രങ്ങള്‍ അടൂര്‍ മമ്മൂട്ടിയെവച്ച്‌ ചെയ്തിട്ടുണ്ട്. ഇതില്‍ മതിലുകളും വിധേയനും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തു.

ടി.വി ചന്ദ്രന്‍

അടൂരിനെപ്പോലെ തന്നെ മലയാള സിനിമയുടെ ഖ്യാതി അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ത്തിയ മലയാളത്തിന്റെ മറ്റൊരു പ്രഗത്ഭ സംവിധായകനായ ടി വി ചന്ദ്രനും തന്റെ സിനിമ ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഹന്‍ലാലിനൊപ്പം ചേര്‍ന്നിട്ടില്ല എന്തുകൊണ്ടെന്ന ചോദ്യം അടൂരിന്റെ കാര്യത്തിലെന്നപോലെ ഇവിടെയും അജ്ഞാതം. ഭൂമിയുടെ അവകാശികള്‍ എന്ന പേരില്‍ ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയില്‍ കേന്ദ്രകഥാപാത്രമായി ആദ്യം പറഞ്ഞുകേട്ട പേര് മോഹന്‍ലാലിന്റെതായിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ നാഴികക്കല്ലുകളായി മാറിയ പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, ഡാനി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ടി വി ചന്ദ്രന്‍ മോഹന്‍ലാലുമൊത്ത് ഒരു സിനിമ ചെയ്യാന്‍ പോകുന്നുവെന്നത് വലിയ പ്രതീക്ഷളോടെയാണ് സിനിമാ ലോകം സ്വീകരിച്ചതെങ്കിലും ആ പ്രതീക്ഷ തെറ്റി. യുവതാരം കൈലാഷിനെയും ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു ചന്ദ്രന്‍ ഭൂമിയുടെ അവകാശികളൊരുക്കിയത്.

മോഹന്‍ലാല്‍ എന്തുകൊണ്ട് ആ സിനിമയില്‍ ഇല്ലാതെപോയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും ബാക്കി.

ജയരാജ്

ആര്‍ട് സിനിമകളിലും കൊമേഴ്‌സ്യല്‍ സിനിമകളിലും ഒരുപോലെ തന്റെ കൈയൊപ്പ് പതിപ്പിച്ച സംവിധായകനാണ് ജയരാജ്. പക്ഷേ, അദ്ദേഹത്തിന്റെ ഫിലമോഗ്രഫി പരിശോധിച്ചാല്‍ അതില്‍ ഒരൊറ്റ മോഹന്‍ലാല്‍ ചിത്രം പോലും ഇല്ലെന്നത് പ്രേക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്. ഒരിക്കല്‍ ഇരുവരും ചേര്‍ന്നുള്ളൊരു ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ വരെ ആരംഭിച്ചിരുന്നതാണ്. പക്ഷേ, ചില തെറ്റിദ്ധാരണകളുടെ പുറത്ത് അത് നടക്കാതെ പോയി. ജയരാജ് തന്നെയാണ് അക്കാര്യം പറഞ്ഞതും. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം ജയരാജ് പറയുന്നതിങ്ങനെയാണ്, "ദേശാടനത്തിനു ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെവച്ച്‌ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. കോസ്റ്റ്യൂം വരെ വാങ്ങി, പാട്ടുകള്‍ എല്ലാം റെക്കോര്‍ഡ് ചെയ്തിരുന്നു. പക്ഷേ, എന്റെയൊരു തെറ്റ് കൊണ്ട്, എന്റെ ജീവിതത്തില്‍ ഉണ്ടായ ചില പ്രത്യേക സാഹചര്യം കൊണ്ട് എനിക്കത് ചെയ്യാന്‍ പറ്റിയില്ല. അവസാന നിമിഷം ഞാന്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ കുടുംബത്തിനൊപ്പമുള്ള ഒരു യാത്രയിലായിരുന്നു അദ്ദേഹം. ആ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച്‌ ഷൂട്ടിംഗിനായി അദ്ദേഹം എത്തിയപ്പോള്‍ അറിയുന്നത് ഞാന്‍ ആ സിനിമ ഡ്രോപ്പ് ചെയ്തു എന്നാണ്. എന്നോട് നേരത്തെ പറയാമായിരുന്നില്ലേ? എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ആ സംഭവം അദ്ദേഹത്തിന് വിഷമം ഉണ്ടാക്കിയിട്ടുണ്ടാവാം. പിന്നീട് പലപ്പോഴും പല തിരക്കഥകളും ഞാനദ്ദേഹവുമായി സംസാരിച്ചുവെങ്കിലും ലാഘവത്തോടെ ചിരിച്ച്‌ ഒഴിഞ്ഞു മാറുകയായിരുന്നു. കുഞ്ഞാലി മരക്കാറിന്റെ തിരക്കഥ മൂന്നുവര്‍ഷത്തോളം അദ്ദേഹം കൈയ്യില്‍ വെച്ചിട്ടും തിരിച്ചൊരു മറുപടി പറഞ്ഞില്ല. വീരം എന്ന ചിത്രത്തിന്റെ പൂര്‍ണമായ തിരക്കഥ കൊടുത്തിട്ടും ഇത് പ്രാക്ടിക്കല്‍ ആവുമോ എന്നൊക്കെ ചോദിച്ച്‌ ഒഴിയുകയായിരുന്നു".

ജോണി വാക്കര്‍, ലൗഡ്‌ സ്പീക്കര്‍, ദി ട്രെയിന്‍ എന്നീ മൂന്നു സിനിമകള്‍ ജയരാജ് മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇതില്‍ ജോണി വാക്കര്‍ മമ്മൂട്ടിയുടെ കരിയര്‍ ബസ്റ്റ് സിനിമകളില്‍ ഒന്നാണ്.

വിനയന്‍

മലയാളത്തിലെ വാണിജ്യ സിനിമകളുടെ ചരിത്രത്തില്‍ പ്രത്യേകമായൊരു സ്ഥാനമുള്ള സംവിധായകനാണ് വിനയന്‍. ചെയ്ത ചിത്രങ്ങളിലും ഭൂരിപക്ഷവും കൊമേഴ്‌സ്യല്‍ ഹിറ്റുകളാക്കാന്‍ കഴിഞ്ഞിട്ടുണ്ട് വിനയന്. എന്നാല്‍ ഒരു മോഹന്‍ലാല്‍-വിനയന്‍ സിനിമ ഇന്നും സംഭവിച്ചിട്ടില്ല. പക്ഷേ വിനയന്റെ സിനിമ ജീവിതത്തിന്റെ തുടക്കം മോഹന്‍ലാലില്‍ നിന്നായിരുന്നുവെന്നു പറയാം. ആദ്യ സംവിധാന സംരംഭമായ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ മദന്‍ലാല്‍ എന്ന നടനായിരുന്നു നായകന്‍. മോഹന്‍ലാലിനോട് രൂപസാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കിയത് മോഹന്‍ലാലിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നുവെന്ന പ്രചാരണത്തിന് ശക്തിയേറിയതാണ് വിനയും ലാലും തമ്മിലുള്ള അകലത്തിന് കാരണമായി പറഞ്ഞുകേട്ടിരുന്നത്. പിന്നീട് സിനിമ സംഘടനകളുമായി ഉണ്ടായ തര്‍ക്കങ്ങളിലും മോഹന്‍ലാലിനെതിരേ പരസ്യമായി വിനയന്‍ രംഗത്തെത്തിയതും ഇരുവര്‍ക്കുമിടയിലെ അകലം കൂട്ടിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുമായി തികഞ്ഞ സൗഹൃദം ഉണ്ടായിരുന്ന വിനയന്‍ രാക്ഷസരാജാവ്, ദാദാ സാഹേബ് എന്നീ രണ്ട് ചിത്രങ്ങളും അദ്ദേഹത്തെവച്ച്‌ എടുക്കുകയും ചെയ്തു. രണ്ടും ബ്ലോക്ബസ്റ്ററുകളായി മാറുകയും ചെയ്തു.

എന്നാല്‍ അടുത്ത കാലത്ത് വിനയന്‍ തന്നെ പങ്കുവച്ച ഒരു ആഹ്ലാദവാര്‍ത്തയായിരുന്നു താന്‍ മോഹന്‍ലാലുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യുന്നുവെന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിനയന്‍ ഇക്കാര്യം അറിയിച്ചത്. തനിക്കും മോഹന്‍ലാലിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചെന്നും ഇരുവരുമൊരിച്ച്‌ ഒരു സിനിമ ചെയ്യുകയാണെന്നും തന്റെ ഫെയ്‌സ്ബുക്കിലാണ് വിനയന്‍ കുറിച്ചത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു; "ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാര്‍ച്ച്‌ അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു".

മേല്‍പ്പറഞ്ഞ സംവിധായകരുമൊത്ത് ഒരു മോഹന്‍ലാല്‍ ചിത്രം എല്ലാവരും പ്രതീക്ഷിക്കുന്നതാണ്. എല്ലാവരും തന്നെ ഇന്നും സിനിമയില്‍ സജീവമാണെന്നിരിക്കെ ആ സിനിമകളൊക്കെ തന്നെയും സംഭവിക്കുമെന്ന് ഇനിയും കരുതാം.

Next Story

Related Stories