TopTop
Begin typing your search above and press return to search.

കൊറോണക്കാലത്ത് ലോകത്തിന് നഷ്ടമായ താരങ്ങള്‍

കൊറോണക്കാലത്ത് ലോകത്തിന് നഷ്ടമായ താരങ്ങള്‍

കൊറോണ വൈറസ് എന്ന മരണഹേതുവായ വൈറസ് രാജ്യാതിര്‍ത്തികള്‍ വ്യത്യാസമില്ലാതെയും മനുഷ്യവേര്‍തിരിവുകള്‍ ഇല്ലാതെയുമാണ് ലോകത്ത് ഭയം വിതച്ചത്. തീര്‍ത്തും സാധാരണക്കാര്‍ മുതല്‍ ലോകപ്രശസ്തരായവരെ വരെ വൈറസ് പിടികൂടി. ലക്ഷണക്കിനു പേര്‍ രോഗത്തിലും രോഗഭീതിയിലുമായി ഇപ്പോഴും കഴിയുകയാണ്. കാല്‍ ലക്ഷത്തിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി. അക്കൂട്ടത്തില്‍ ലോകം ആരാധിക്കുകയും പിന്തുടരുകയും ചെയ്തിരുന്ന പ്രമുഖരെ കൂടി കോവിഡ് 19 തട്ടിയെടുത്തു. അഭിനേതാക്കള്‍, രചയിതാക്കള്‍, പാചകവിദഗ്ധര്‍, ഗായകര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്രകള്‍ പതിച്ചവര്‍. സ്വന്തം പ്രവര്‍ത്തി മണ്ഡലങ്ങളില്‍ അവര്‍ നേടിയെടുത്ത സ്ഥാനം മരണം കൊണ്ടു മാറ്റപ്പെടുന്നില്ലെങ്കിലും ഈ കൊറോണക്കാലത്തിലെ നഷ്ടങ്ങളില്‍ ഇവര്‍ ലോകത്തിന്റെ വേദന കൂട്ടുകയാണ്.

ജോ ഡിഫി

ലോകപ്രശസ്ത അമേരിക്കന്‍ പാശ്ചാത്യ ഗായകനായ ജോ ഡിഫി തന്റെ 61 ആമത്തെ വയസില്‍ ലോകത്തോട് വിട പറഞ്ഞത് കൊറോണ വൈറസ് ബാധമൂലമായിരുന്നു. Bigger than the Beatles,Home,If the devil danced, Third Rock from the sun തുടങ്ങിയ ആല്‍ബങ്ങളിലൂടെ 90 കളില്‍ ലോകത്താകമാനം ജോ സൃഷ്ടിച്ച തരംഗം ഇന്നും അടങ്ങിയിട്ടില്ല. ഗ്രാമി പുരസ്‌കാര ജേതാവ് കൂടിയായ ഡിഫി തനിക്ക് കോറണ പോസിറ്റീവ് ആണെന്ന് ലോകത്തോട് വ്യക്തമാക്കി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരണത്തിനു കിഴടങ്ങുകയായിരുന്നു.

അലന്‍ മെറില്‍

കൊറോണ വൈറസ് ലോകത്തിന് നഷ്ടപ്പെടുത്തിയ മറ്റൊരു പ്രതിഭയായിരുന്നു ഐ ലൗവ് റോക്ക് ആന്‍ഡ് റോള്‍ എന്ന ഒറ്റഗാനത്തിലൂടെ ലോകത്തിന്റെ പ്രിയതാരമായി മാറിയ അലന്‍ മെറില്‍. ഗായകന്‍, ഗിറ്റാറിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശ്‌സതനായിരുന്ന മെറില്‍ തന്റെ 69 ആമത്തെ വയസിലാണ് മരണത്തിന്റെ മൗനത്തിലേക്ക് മടങ്ങിയത്.

ടെറന്‍സ് മക്‌നല്ലി

ടോണി പുരസ്‌കാര ജേതാവായ പ്രശസ്ത അമേരിക്കന്‍ നാടക-ചലച്ചിത്ര രചയിതാവ് ടെറന്‍സ് മക്‌നല്ലിയും കൊറോണ വൈറസിന്റെ ഇരയായി. ശ്വാസകോശ കാന്‍സറിന്റെ പിടിയിലായിരുന്നു മക്‌നല്ലിയെ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെവച്ച് മരണമടയുകയായിരുന്നു.

കെന്‍ ഷിമുര ജാപ്പനീസ് ഹാസ്യതാരം കെന്‍ ഷിമുരയും ഈ കൊറോണക്കാലത്തിന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്. മാര്‍ച്ച് 17 ന് ആയിരുന്നു ഷിമുരയില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. 20 ന് അദ്ദേഹത്തെ ടോക്കിയോയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകത്തെ ചിരിപ്പിക്കാന്‍ ഷിമുര തിരികെ വരുമെന്ന പ്രതീക്ഷകള്‍ വിഫലമാക്കി മാര്‍ച്ച് 29 ന് തന്റെ 70 ആമത്തെ വയസില്‍ ആ പ്രതിഭ കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു.

മാര്‍ക് ബ്ലം

നെറ്റ്ഫ്ളിക്സിലെ ക്രൈം പരമ്പര 'യൂ'വിലെ മി. മൂണി എന്ന കഥാപാത്രത്തിലൂടെയും 'ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍', 'ക്രോക്കഡൈല്‍ ഡോണ്‍ഡി' എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ അഭിനേതാവ് മാര്‍ക് ബ്ലം ആണ് മറ്റൊരു നഷ്ടം. 69 കാരനായ ബ്ലം ന്യുയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ വച്ച് ചികിത്സിക്കിടയിലായിരുന്നു ലോകത്തു നിന്നും യാത്ര പറയുന്നത്.

ആന്‍ഡ്രു ജാക്

സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ആന്‍ഡ്രു ജാക് 76 ആമത്തെ വയസില്‍ മരണത്തിനു കീഴടങ്ങുമ്പോഴും വില്ലന്‍ കൊറോണ വൈറസ് തന്നെയായിരുന്നു. സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏഴാമത്തെയും എട്ടാമത്തെയും ചിത്രങ്ങളായ The Force Awakens , The Last Jedi എന്നിവയില്‍ മേജര്‍ എമ്മറ്റ് എന്ന കഥാപാത്രത്ത അവതരിപ്പിച്ചാണ് ജാക്ക് ലോകമെമ്പാടും ആരാധാകരെ സ്വന്തമാക്കിയത്. ഗാര്‍ഡിയന്‍സ് ഓഫ് ദ ഗ്യാലക്സി, ദ ലോര്‍ഡ് ഓഫ് ദി റിംഗ്സ് തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളില്‍ ഭാഷ പരിശീലകനായും ജാക് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ദി ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരുന്നു ജാക് അവസനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ലുചിയ ബോസെ

ഇറ്റാലിയന്‍ അഭിനേത്രി ലുചിയ ബോസെ കൊറോണ ബാധിതരായി മരിച്ച പ്രമുഖരില്‍ മറ്റൊരാളാണ്. മൈക്കലാഞ്ചലോ അന്റോണിയോനിയുടെ സ്‌റ്റോറി ഓഫ് എ ലൗവ് അഫയര്‍(1950), യുവാന്‍ അന്റോണിയോ ബാര്‍ഡെമിന്റെ ഡെത്ത് ഓഫ് എ സൈക്ലിസ്റ്റ്(1955) എന്നീ ചിത്രങ്ങളിലൂടെയാണ് ബോസെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ പ്രിയതാരമാകുന്നത്. കൊറോണ വൈറസ് ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഈ 89 കാരി മാര്‍ച്ച് 23 നാണ് മരണമടഞ്ഞത്.


Next Story

Related Stories