TopTop
Begin typing your search above and press return to search.

'സച്ചി-സേതുവിലെ സേതുവാണ് ഞാന്‍'; ഒറ്റയ്ക്കായിപ്പോയ വേദനയില്‍ സേതു

സച്ചി-സേതുവിലെ സേതുവാണ് ഞാന്‍; ഒറ്റയ്ക്കായിപ്പോയ വേദനയില്‍ സേതു

പേരിനൊപ്പം ചേര്‍ന്നൊരാളുടെ നിശ്ചലദേഹം കണ്ടിറങ്ങു വരുമ്പോള്‍ അകത്തും പുറത്തും ശൂന്യത മാത്രമായിരുന്നു സേതുവിന്. സ്വയം പരിചയപ്പെടുത്താന്‍ സച്ചിയെന്ന പേര് ഉപയോഗിച്ചിരുന്ന സേതുവിന് താങ്ങാനാവുന്നതും അപ്പുറമാണ് ഈ വിയോഗം. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിന് വച്ച സച്ചിയുടെ ഭൗതികദേഹം കണ്ട് ഇറങ്ങി വന്ന സേതുവിന് തന്റെ മുന്നില്‍ വന്ന മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലുമാകുന്നുണ്ടായിരുന്നില്ല. എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ വിങ്ങലുകളായി പോവുകയായിരുന്നു. ചിതറിത്തെറിച്ചെന്നപോലെ അയാള്‍ ഇത്രമാത്രം പറഞ്ഞു; സത്യം പറഞ്ഞാല്‍ ഒരു ബ്ലാങ്ക് ആയിട്ടുള്ള അവസ്ഥയാണ്. ഞാന്‍ പലപ്പോഴും...ഇപ്പോഴും...അപ്പുറത്തറ്റത്ത്.... എന്നെ മനസിലാകാത്തവരുടെ അടുത്ത് സച്ചി-സേതുവിലെ സേതുവാണ് എന്നു പറഞ്ഞിട്ടാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. ഒരുപാട് സ്വപ്‌നങ്ങള്‍...സച്ചി-സേതു കൂട്ടായ്മ....ഞങ്ങള്‍ പിരിഞ്ഞെങ്കിലും സ്വപ്‌നം കണ്ടിരുന്നു. അതൊന്നും...ഇല്ല... പുറത്തേക്കു തളളിവരുന്ന കരച്ചിലിനെ പിടിച്ചുകെട്ടാന്‍ അധികനേരം തനിക്കാകില്ലെന്നു തിരിച്ചറിഞ്ഞാകണം, കുനിഞ്ഞ ശിരസ്സുമായി സേതു മാറിപ്പോയത്.

സിനിമ സ്വപ്‌നം കണ്ട് രണ്ടുപേര്‍ യാദൃശ്ചികമായി ഒരേ തൊഴില്‍ മേഖലയില്‍ വരുന്നു. സിനിമ അവരെ പരസ്പരം അടുപ്പിക്കുന്നു, സുഹൃത്തുക്കളാക്കുന്നു, അവരൊരിമിച്ച് തങ്ങള്‍ കണ്ട സ്വപ്‌നത്തിലേക്കിറങ്ങുന്നു. തിരിച്ചടികള്‍ക്കുപ്പുറം അവര്‍ മലയാള സിനിമയിലെ വിലയേറിയ പേരുകാരാകുന്നു; അതായിരുന്നു സച്ചി-സേതു. അഭിഭാഷകരായ സച്ചിയും സേതുവും ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് പരിചയത്തിലാകുന്നത്. രണ്ടു പേരുടെയുള്ളിലും സിനിമയുണ്ടായിരുന്നതുകൊണ്ട് പരിചയം ദൃഢമായി. ഒഴിവ് കിട്ടുന്ന സായാഹ്നങ്ങളില്‍ അവര്‍ ഒത്തുചേര്‍ന്നു. മനസിലെ സിനിമകളെക്കുറിച്ച് സംസാരിച്ചു. രണ്ട് പേര്‍ക്കും രണ്ട് അഭിരുചികളായിരുന്നു, സിനിമയെകുറിച്ചുള്ള കാഴ്ചപ്പാടും വ്യത്യസ്തമായിരുന്നു. എന്നിട്ടും സിനിമയില്‍ ഒരു എന്‍ട്രിക്ക് ആയി കൂട്ടായശ്രമം നടത്താമെന്നു തീരുമാനിച്ചു. സച്ചിയുടെ വാക്കില്‍ പറഞ്ഞാല്‍, ഞങ്ങള്‍ യോജിക്കുന്നത് തന്നെ പിരിയാന്‍ തീരുമാനിച്ചുകൊണ്ടായിരുന്നു'. ആദ്യമെഴുതിയ തിരക്കഥ റോബിന്‍ഹുഡ് ആയിരുന്നു. തിരക്കഥാകൃത്തുക്കളായി സിനിമയിലെത്താനായിരുന്നില്ല സച്ചി-സേതുമാരുടെ ലക്ഷ്യം. സംവിധാനം തന്നെയായിരുന്നു. റോബിന്‍ഹുഡ് ഇരുരും സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ട് ആയിരുന്നു. പൂജ വരെ കഴിഞ്ഞശേഷമാണ് ഡിസ്ട്രിബ്യൂട്ടറുമായി ഉണ്ടായ പ്രശ്‌നത്തില്‍ ആദ്യ ഉദ്യമം പരാജയപ്പെട്ടുപോകുന്നത്. പിന്നീട് സിനിമയില്‍ തന്നെയുള്ള ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരമായിരുന്നു തിരക്കഥാകൃത്തുക്കളായി സിനിമലോകത്തേക്ക് ഒരു എന്‍ട്രിക്ക് ശ്രമിക്കുന്നത്. ഒന്നു ചവിട്ടി നില്‍ക്കാനായാല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാമെന്ന ഉപദേശങ്ങള്‍ക്കനുസരിച്ചാണ് സച്ചിയും സേതുവും ഷാഫിയെ കാണുന്നത്. പറഞ്ഞ കഥകളൊന്നും അത്രകണ്ട് മനസില്‍പിടിക്കാതിരുന്നതിനെ തുടര്‍ന്ന് പിന്നീട് കാണാമെന്ന് പറഞ്ഞ് ഇരുവരെയും മടക്കാന്‍ ഷാഫി ഒരുങ്ങുമ്പോഴായിരുന്നു ആയിരം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു കോളേജില്‍ പുതുതായി ഒരു ചെറുപ്പക്കാരന്‍ ചേരുന്ന കഥയുടെ വണ്‍ലൈന്‍ സച്ചിയും സേതുവും പറയുന്നത്. ഷാഫിയിലെ സംവിധായകന്‍ ഒറ്റവരിയില്‍ തന്നെ ഒരു സൂപ്പര്‍ഹിറ്റ് മണത്തു. അങ്ങനെ ചോക്ലേറ്റ് ഉണ്ടായി. പുതുമുഖ തിരക്കഥാകൃത്തുക്കള്‍ സ്വപ്‌നം കണ്ടതിനെക്കാള്‍ വലിയ സ്വീകരണം.

സച്ചി-സോതുമാരുടെ രണ്ടാമത്തെ രചനയായി പുറത്തു വന്നതാണ് അവരുടെ ആദ്യ തിരക്കഥയായ റോബിന്‍ഹുഡ്. പൃഥ്വിരാജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം. ഷാഫിയുമായി വീണ്ടും ഒത്തുചേര്‍ന്ന മേക്കപ്പ്മാന്‍ മൂന്നാമത്തെ രചന. അടുത്തത് വൈശാഖിനൊപ്പമായിരുന്നു. ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന സീനിയേഴ്‌സ്. അതുകഴിഞ്ഞ് മമ്മൂട്ടി ചിത്രമായ ഡബിള്‍സിനും കൂടി തിരക്കഥയൊരുക്കിയശേഷം സച്ചിയും സേതുവും തിരക്കഥരചനയില്‍ നിന്നും വേര്‍പിരിഞ്ഞു. ഒന്നു ചവിട്ടി നില്‍ക്കാന്‍ വേണ്ടി മാത്രം ഒന്നിച്ചു നില്‍ക്കാമെന്ന് ആദ്യമേ എടുത്ത തീരുമാനത്തിന്റെ നടപ്പാക്കല്‍. സിനിമയില്‍ അവര്‍ക്ക് സ്വന്തമായി മേല്‍വിലാസം ഉണ്ടായതിനുശേഷം അവരവരുടെ അഭിരുചികള്‍ സ്വതന്ത്രമായി ഉപയോഗപ്പെടുത്താന്‍ വേണ്ടി വളരെ സത്യസന്ധമായുള്ള വഴിമാറി നടക്കല്‍.പിരിഞ്ഞത് എഴുത്തിന്റെ വഴിയില്‍ നിന്നുമാത്രമാണെന്നും ആത്മബന്ധത്തിന്റെ വഴിയില്‍ നിന്നൊരിക്കലും ഞങ്ങള്‍ പിരിയില്ലെന്നും ഒരുതരത്തിലുമുള്ള ഈഗോയും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും പറഞ്ഞവര്‍. പക്ഷേ, അവരില്‍ ഒരാളാണ്, പെട്ടെന്നൊരു ദിവസം എന്നന്നേക്കുമായി പിരിഞ്ഞുപോയത്. ഇനി, സച്ചിയില്ല,പക്ഷേ, സച്ചി-സേതു എന്ന പേര് മലയാള സിനിമ ഉള്ളിടത്തോളം കാലം കാണും.


Next Story

Related Stories