TopTop
Begin typing your search above and press return to search.

സില്‍ക്ക് സ്മിതയുടെ ബയോപിക്കില്‍ അവസരം; അഞ്ജലി മേനോന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

സില്‍ക്ക് സ്മിതയുടെ ബയോപിക്കില്‍ അവസരം; അഞ്ജലി മേനോന്റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

പ്രമുഖ സംവിധായിക അഞ്ജലി മേനോന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജെ. ദിവിന്‍ ആണ് അറസ്റ്റിലായത്. യുവനടികളെ ഉള്‍പ്പെടെ ഇയാള്‍ ചതിയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സിനിമ മേഖലയിലുള്ള മറ്റ് ചില പ്രമുഖരുടെ പേരിലും ദിവിന്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് പൊലീസ പറയുന്നത്. സംവിധായകരുടെ ഉള്‍പ്പെടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി അതുവഴിയും യുവതികളെ ബന്ധപ്പെട്ട് അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചിരുന്നത്. സംശയം തോന്നിയ ചിലര്‍ അഞ്ജലി മേനോനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ദിവിന്റെ ചതി മനസിലാകുന്നത്. തുടര്‍ന്ന് അഞ്ജലി മേനോന്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരച്ചറിയുന്നത്. പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ദിവിന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിനു മുന്നില്‍ ദിവിന്‍ കുടുങ്ങുകയായിരുന്നു.

സില്‍ക്ക് സ്മിതിയുടെ ബയോപിക് സിനിമയെന്ന പേരിലായിരുന്നു അഞ്ജലി മേനോന്റെ പേരില്‍ ദിവിന്‍ തട്ടിപ്പ് നടത്തിയത്. പുരുഷ ശബ്ദം സ്ത്രീശബ്ദമാക്കി മാറ്റുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ദിവിന്‍ വിളിച്ചിരുന്നത്. മോഡലുകള്‍, യുവനടിമാര്‍ എന്നിവരെയായിരുന്നു പ്രധാനമായും വിളിച്ചിരുന്നത്. പല നമ്പരുകളില്‍ നിന്നായിരുന്നു ദിവിന്‍ തട്ടിപ്പ് കോളുകള്‍ ചെയ്തിരുന്നത്. തിരിച്ചു വിളിക്കുമ്പോള്‍ ഈ നമ്പരുകള്‍ നിലവില്‍ ഇല്ലെന്ന മറുപടിയായിരുന്നു കിട്ടിയിരുന്നത്.

തന്റെ പേരില്‍ ഇനി ആരെങ്കിലും വിളിച്ചാലോ സമീപിച്ചാലോ സംശയം തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ contact.amenon@gmail.com എന്ന മെയില്‍ ഐഡിയില്‍ വിവരങ്ങള്‍ തനിക്ക് അയച്ചു തരണമെന്നും തന്റെ ടീമില്‍ നിന്നാണെങ്കില്‍ ഇതേ ഐഡിയില്‍ നിന്നും മറുപടി ലഭിക്കുമെന്നും അഞ്ജലി മേനോന്‍ അറിയിച്ചിട്ടുണ്ട്.


Next Story

Related Stories