TopTop
Begin typing your search above and press return to search.

പുതിയ സംരംഭങ്ങള്‍ തുടങ്ങൂ; ഇത് നിങ്ങള്‍ക്ക് നല്ലകാലമാണ്

പുതിയ സംരംഭങ്ങള്‍ തുടങ്ങൂ; ഇത് നിങ്ങള്‍ക്ക് നല്ലകാലമാണ്

വിവേക് വാധ്വ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന മൂന്നു പ്രധാന പ്രൊഫഷനുകള്‍ ആണ് ഡോക്ടര്‍, എഞ്ചിനീയര്‍, ബിസിനസ്മാന്‍, എന്നിവ. സാമ്പത്തികമായി മധ്യ വര്‍ഗത്തില്‍പ്പെടുന്ന കുടുംബത്തിലെ കുട്ടികളുടെ ആഗ്രഹവും ഇവയില്‍ ഏതെങ്കിലും ഒന്നാവുക എന്നതായിരുന്നു. ഇതില്‍ ആദ്യസ്ഥാനം ഡോക്ടര്‍ക്കാണ് നല്‍കുന്നത്. എന്‍ജിനീയര്‍മാര്‍ക്ക് രണ്ടാം സ്ഥാനവും നല്‍കുന്നു. ഒരു ബിരുദം പോലും മുഴുമിപ്പിക്കാന്‍ സാധിക്കാത്ത ആള്‍ക്കാര്‍ക്ക് ഉള്ളതാണ് ബിസിനസ് എന്നുമാണ് അന്ന് നിലവില്‍ ഉണ്ടായിരുന്ന വിശ്വാസം.

ഞാന്‍ എഞ്ചിനീയറിംഗ് ആണ് തിരഞ്ഞെടുത്തത്. ഞാന്‍ അല്പമെങ്കിലും ഇഷ്ടപ്പെടുന്ന കമ്പ്യൂട്ടര്‍ സയന്‍സ് ആ വിഭാഗത്തിലാണ് വരുന്നതു എന്നുള്ളതായിരുന്നു അതിനു കാരണം. എന്‍റെ പഠനശേഷം ഞങ്ങള്‍ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തു. സെരോക്സ് ക്രെഡിറ്റ്‌ സുസ്സി ഫസ്റ്റ് ബോസ്റ്റണ്‍, സെരോക്സ് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളില്‍ ആണ് ഞാനെന്‍റെ കരിയര്‍ ആരംഭിച്ചത്. എന്‍റെ ജോലിയില്‍ എനിക്ക് നല്ലവണ്ണം നൈപുണ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഘട്ടം എത്തിയപ്പോള്‍ സ്വന്തമായ സംരംഭം തുടങ്ങാന്‍ തക്കവണ്ണമുള്ള അനുഭവപരിചയം നേടുകയും ചെയ്തു. ഒരു നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന പദ്ധതിയില്‍ ആണ് ഞാന്‍ തുടക്കമിട്ടത്. ഫസ്റ്റ് ബോസ്റ്റണിലെ എന്‍റെ സുഹൃത്തുക്കള്ളുടെ സഹകരണവും സഹായവും ഇതിനു വേണ്ടി ലഭിക്കുകയും ഈ ആശയവും സാങ്കേതിക വിദ്യയും മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സഹായകമാകുന്ന ഒരു കമ്പനി തുടങ്ങാന്‍ ഐ ബി എം പണം മുടക്കുന്ന തരത്തിലേക്ക് വളരുകയും ചെയ്തു. ഞാന്‍ ആ കമ്പനിയുടെ എക്സിക്യുട്ടീവ്‌ ഓഫീസര്‍, മുതിര്‍ന്ന സാങ്കേതിക വിദഗ്ധന്‍ എന്നീ പദവികള്‍ വഹിച്ചു.

ഒരു വലിയ കമ്പനിയിലെ ജോലിയില്‍നിന്നു വളരെ ചെറിയ ഒന്നിലേക്ക് നീങ്ങുക എന്നത് എത്ര വലിയ തിരഞ്ഞെടുപ്പാണ് എന്നത് എനിക്കറിയാം. അതും പ്രത്യേകിച്ചു അന്നത്തെ ഇന്ത്യന്‍ മനസ്ഥിതി കണക്കിലെടുക്കുമ്പോള്‍. എന്‍റെ കരിയര്‍ പുറകിലേക്ക് പോകുകയാണെന്ന് എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ 90കളില്‍ ഞാന്‍ സീര്‍ ടെക്നോളജി എന്ന സ്ഥാപനം തുടങ്ങുമ്പോഴേക്കും കാര്യങ്ങള്‍ എല്ലായിടത്തും മാറി തുടങ്ങിയിരുന്നു. ഇന്ത്യയില്‍ പോലും ആളുകള്‍ ഇതിനെക്കുറിച്ച് മനസ്സിലാക്കി തുടങ്ങി. സംരംഭകര്‍ എന്നത് ആദരവ് ലഭിക്കുന്ന ഒരു ജോലി മാര്‍ഗം ആയിത്തുടങ്ങി.

അതിനുശേഷം കുറെയേറെ കാര്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ഇന്നു ഞാന്‍ എല്ലാ ബിരുദധാരികള്‍ക്കും കൊടുക്കുന്ന ഒരു ഉപദേശമുണ്ട്‌. വലിയ വലിയ കമ്പനികളുടെ ജോലി വാഗ്ദാനങ്ങള്‍ക്ക് പിന്നാലെ പോകാതെ ഏതെങ്കിലും പുതിയ സംരംഭത്തില്‍ ജോലി തേടുക. നിങ്ങളുടെ കയ്യില്‍ പുതിയ ആശയവും അത് നടപ്പില്‍ വരുത്താനുള്ള കഴിവും ഉണ്ടെങ്കില്‍ ഒരു പുതിയ കമ്പനി തുടങ്ങുകയാണ് വേണ്ടത് എന്ന് പറഞ്ഞു ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യാറുണ്ട്. കൂടാതെ സ്വന്തം ലക്‌ഷ്യം തേടുക. സ്വന്തം വിധിയുടെ നേതാവാകുക. അതാകട്ടെ അവരുടെ ലക്ഷ്യം.

വേറൊരു കാര്യം കൂടി ഞാന്‍ ഈ ബിരുദധാരികളോട് പറയാന്‍ ആഗ്രഹിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കുമ്പോള്‍ അത്ര അധികമൊന്നും ആദ്യകാലങ്ങളില്‍ സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഒരു വലിയ കമ്പനിക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇതില്‍കൂടുതല്‍ ശമ്പളം നിങ്ങള്‍ക്ക് ലഭിക്കും. പല കടുത്ത തീരുമാനങ്ങളും എടുക്കേണ്ടി വരും. പലതരം വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടി വരും. ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ പാളിപ്പോയെന്നും വരാം. ചിലപ്പോള്‍ കടുത്ത കഠിനാധ്വാനവും ഉറക്കമില്ലാത്ത രാത്രികളും ഉണ്ടായെന്നു വരാം. എന്തൊക്കെയായാലും ഈ പ്രക്രിയകളിലൂടെ കടന്നുപോകുന്നതിലൂടെ അവര്‍ ഒരു എം ബി എ ബിരുദധാരിയെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കും. മറ്റൊരു പ്രധാന കാര്യം അവര്‍ക്ക് നേട്ടങ്ങളെക്കുറിച്ച്‌ ശരിയായ ബോധം ഉണ്ടായിരിക്കും. സ്ഥിരവിജയത്തിന് എന്തൊക്കെവേണം ഒരു ടീമിന്‍റെ വിജയത്തിന് നമ്മളുടെ ഭാഗം എന്തായിരിക്കണം എന്നതിനെ കുറിച്ചെല്ലാം നല്ല ജ്ഞാനം ഉണ്ടാകും. കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ ലോകത്തെ പുതിയ കണ്ണുകളോടെ വീക്ഷിക്കും. ഒരു പുതിയ സംരംഭം തുടങ്ങുന്നതിലൂടെ ഈ ഭൂമിയെ കൂടുതല്‍ മികച്ച ഒന്നാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒരു പക്ഷെ നിങ്ങളുടെ ഒരു ചെറിയ ചുവട് നിങ്ങളുടെ ഭാഗ്യത്തിന്റെ ആദ്യ പടിയായിരിക്കാം.

ജീവിതം കുറച്ചു മുന്നോട്ടു പോയതിനുശേഷവും നമുക്ക് പുതിയ സംരംഭത്തിന്‍റെ ഭാഗമാകാന്‍ സാധിക്കും. ഉദാഹരണത്തിന് ഞാനൊക്കെ ചെയ്തതുപോലെ. എന്നാല്‍ അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോഴേക്കും നിങ്ങള്‍ സ്ഥിരവരുമാന ലഭ്യത ഒരു ശീലമാക്കിയിരിക്കും. നിങ്ങളുടെ മേല്‍ വീടിന്‍റെ ഉത്തരവാദിത്തം ഉണ്ടാകും. ചില പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ വല്ലാത്ത ബുദ്ധിമുട്ട് വരാം. എന്നാല്‍ ഇപ്പോള്‍ ബിരുദ പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് വേണമെങ്കില്‍ ഇത് പരീക്ഷിക്കാം. വെല്ലുവിളികള്‍ ഏറ്റെടുക്കാം. എന്തെങ്കിലും കാരണം കൊണ്ട് അത് സാധിക്കില്ല എന്ന് വരുന്ന ഘട്ടത്തില്‍ മറ്റൊരു സ്ഥിര ജോലിയിലേക്ക് പ്രവേശിക്കാനും അവര്‍ക്ക് സാധിക്കും. നല്ലൊരു കമ്പനി ഇപ്പോഴും തന്‍റെ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു പുതുമുഖത്തേക്കാള്‍ ഒരു സംരംഭം ഏറ്റെടുത്തു നടത്തിയ പരിചയസമ്പന്നരായ ആളുകളെ ആയിരിക്കും പരിഗണിക്കുക എന്നതിനാല്‍ യാതൊരു പ്രശ്നവും അവര്‍ക്ക് ഉണ്ടാകുന്നുമില്ല.


ഞാന്‍ ബിരുദം നേടിയ 70 കളില്‍ ഇത്തരത്തില്‍ ഉള്ള ബദലുകള്‍ സാധ്യമായിരുന്നില്ല. ഒരു സാങ്കേതിക കമ്പനി തുടങ്ങണമെങ്കില്‍ നിങ്ങളുടെ കൈവശം കുറെയേറെ പണം വേണം. ഇനി നിങ്ങള്‍ക്ക് ഒരു തോല്‍വി സംഭവിച്ചാല്‍ തിരികെ മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നത് ഒട്ടുംതന്നെ എളുപ്പവും ആയിരുന്നില്ല.

സിയര്‍ ടെക്നോളജി തുടങ്ങാന്‍ 20 മില്യണ്‍ ഡോളര്‍ ആവശ്യമായിരുന്നു. അതായിരുന്നു കമ്പനിയുടെ ആദ്യ മൂലധനവും. ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു ആദ്യ ശ്രമം. അന്നത്തെക്കാലത്ത് ഒരു കമ്പനി തുടങ്ങാന്‍ ആവശ്യമായ കമ്പ്യൂട്ടര്‍, സെര്‍വര്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ നിറഞ്ഞ ഒരു ഷെല്‍ഫ്, എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ തുടങ്ങിയ സാധന സാമഗ്രികള്‍ക്ക് നിരവധി മില്യണ്‍ ഡോളറുകള്‍ ചെലവ് വരുമായിരുന്നു. ഇവയെല്ലാം കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് കുറെ പേരെ ജോലിക്ക് വയ്ക്കേണ്ടതായും വരും.

ഇന്നു നിങ്ങള്‍ക്ക് ഈ കണക്കു കൂട്ടലുകളുടെയോ വലിയ മൂലധനത്തിന്‍റെയോ ആവശ്യമില്ല. ക്ലൌഡ് സംഭരണ സംവിധാനം വഴിയോ ഓണ്‍ ഡിമാന്‍ഡ് കമ്പ്യൂട്ടിംഗ് സംവിധാനം വഴിയോ വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യാം. ഇവയൊക്കെ തുടക്ക സമയങ്ങളില്‍ സൌജന്യമായും ലഭിക്കുന്നു. ഇന്നത്തെ ലാപ്ടോപ്പുകള്‍ അന്നത്തെ കമ്പ്യൂട്ടറുകളെക്കാള്‍ പതിന്മടങ്ങ്‌ ശക്തരാണ്. വിലയോ തുച്ഛവും. പത്തോ ഇരുന്നൂറോ ഡോളറിനു അവ ലഭ്യമാണ്. ഒരു സംരംഭത്തിന്റെ തുടക്കത്തിനു നിങ്ങള്‍ക്ക് ആവശ്യമായി വരുന്നത് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനവും കുറച്ചു സെന്‍സര്‍ അല്ലെങ്കില്‍ റോബോട്ടിക് യന്ത്രങ്ങളുമാണ്. ഇത്രയും ഉണ്ടെങ്കില്‍ നിങ്ങളിതാ കളത്തിലേക്കിറങ്ങി കഴിഞ്ഞു. നിങ്ങള്‍ക്ക് ഭക്ഷണവും കിടക്കാന്‍ ഒരിടവും തീര്‍ച്ചയായും ആവശ്യമുണ്ട് എന്നാല്‍ ഇതൊക്കെ നിങ്ങളുടെ സുഹൃത്തുക്കളും നിങ്ങളുടെ കുടുംബവും നിങ്ങള്‍ക്ക് നല്‍കും; തീര്‍ച്ച!പുതിയ സംരംഭകര്‍ക്ക് ഇന്നുള്ള ഏറ്റവും വലിയ ഭാഗ്യം ലോകം മുഴുവന്‍ ബന്ധപ്പെടാന്‍ അവസരം നല്‍കുന്ന ഒരവസ്ഥ നിലനില്‍ക്കുന്നു എന്നുള്ളതാണ്. മുതല്‍മുടക്ക്, നിര്‍മ്മാണം എന്നിവയ്ക്കെല്ലാം വിവിധ സ്ഥലങ്ങളില്‍ നിന്നും സഹായം ലഭിക്കാനും, നാം നിര്‍മ്മിക്കുന്ന ഉത്പന്നം, ലോകം മുഴുവന്‍ പ്രചരിപ്പിക്കാനും സാധിക്കുന്നു. ഇതിനായി ലോകത്ത് എവിടെയുള്ള ആള്‍ക്കാരുമായും ബന്ധപ്പെടാന്നും അവര്‍ക്കിന്നു സാധിക്കുകയും ചെയ്യുന്നു.

സംരംഭകര്‍ക്ക് ഇന്നു നെസ്റ്റ് പോലുള്ള ഹാര്‍ഡ്‌വെയര്‍ കമ്പനികള്‍ തുടങ്ങാന്‍ എളുപ്പമാണ്. ഗൂഗിള്‍ ഈ കമ്പനി സ്വന്തമാക്കാനായി നല്‍കിയത് 3.2 ബില്യണ്‍ ഡോളറാണ്. ഫേസ്ബുക്ക്‌ സ്വന്തമാക്കിയ ഒക്കുലാസിനു നല്‍കിയതാകട്ടെ 2 ബില്ല്യന്‍ ഡോളറും. ഈ ടെക്നോളജികള്‍ ഉണ്ടാക്കാനായി സെന്‍സറുകളുടെ ആവശ്യം ഉണ്ട്. എന്റെ കാലത്ത് ഇവയ്ക്കു ആയിരക്കണക്കിനു ഡോളറുകള്‍ വില നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്നു ഇതിനു യാതൊരു ചിലവുമില്ല എന്നുതന്നെ പറയാം.

സംരംഭകര്‍ക്ക് തുഛമായ പൈസ കൊണ്ട് നിരവധി സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാം. ആരോഗ്യരംഗവുമായി ബന്ധപ്പെട്ടു രോഗം മനസ്സിലാക്കുന്ന ഒന്ന്. ശരീരം സെന്‍സര്‍ ചെയ്തു ഹൃദയം, തലച്ചോറ്, ശരീര പ്രവര്‍ത്തനങ്ങള്‍ ഇവയെ നിരീക്ഷിക്കുന്ന ഒന്ന്. സാങ്കേതികത ഉപയോഗിച്ച് മണ്ണിന്‍റെ ക്ഷാര ഗുണം അളന്നു കൃഷിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നതിനെ സഹായിക്കുന്നത്. പുതിയ ജൈവ സംവിധാനങ്ങളെ ഉണ്ടാക്കി രോഗങ്ങള്‍ സുഖപ്പെടുത്തുന്നവ. ഡിജിറ്റല്‍ അദ്ധ്യാപകരെ വച്ച് ഏതു വിഷയവും പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്നവ. കൃത്രിമ ബുദ്ധിശക്തി ഉപയോഗിച്ച് വാണിജ്യ മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നവ എന്നിങ്ങനെ ഒരു പുതു സംരംഭകന് കൈവയ്ക്കാന്‍ സാധിക്കുന്ന മേഖലകള്‍ ഏറെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മുന്‍പ് വലിയ കമ്പനികള്‍ക്ക് മാത്രം ചെയ്യാന്‍ സാധിച്ചിരുന്നത് ഇന്നത്തെ ചെറിയ സംരംഭകര്‍ക്ക് പോലും സാധിക്കും എന്നുള്ള അവസ്ഥ നിലനില്‍ക്കുന്നുണ്ട്.

എലോണ്‍ മസ്കിനെ പോലുള്ള സംരംഭകര്‍ ഇന്നു എന്തും സ്വയം ചെയ്യാവുന്ന കമ്പനികളുടെ കൂട്ടത്തിലാണ് നിലകൊള്ളുന്നത്. ആളുകള്‍ക്ക് സ്വയം അന്തരീക്ഷ യാത്ര സാധ്യമാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യ നിര്‍മ്മിക്കുകയും, ഊര്‍ജ്ജം ശേഖരിക്കാനുള്ള നവീന സങ്കേതികവിദ്യ പരീക്ഷിക്കുകയും ചെയ്യുകയാണ് അവരിപ്പോള്‍. മുന്‍കാലങ്ങളില്‍ ഇതെല്ലാം ഒരു ഭരണകൂടത്തിനു മാത്രമേ സാധിച്ചിരുന്നുള്ളൂ എന്നുകൂടി ഓര്‍ക്കുമ്പോള്‍ ആണ് സാങ്കേതികതയുടെ ബഹുദൂര പാച്ചില്‍ നമുക്ക് മനസ്സിലാകുന്നത്.

ഇനി ഞാന്‍ എന്‍റെ ചെറുപ്പത്തിലേക്ക് യാത്ര ചെയ്ത് എന്‍റെ അനുഭവങ്ങളില്‍ നിന്ന് ജോലി സംബന്ധമായ ഉപദേശം നല്കിയാല്‍ എനിക്ക് കൂടുതല്‍ ഒന്നും നല്‍കാന്‍ സാധിക്കില്ല. പക്ഷെ ഇന്നത്തെ യുവത്വതിനോട് എന്ത് പറയണമെന്ന് എനിക്കറിയാം. നിങ്ങളുടെ ബുദ്ധിയും ഊര്‍ജ്ജവും, കഴിവും ഉപയോഗിച്ച് ഭൂമിയെ മികച്ച ഒന്നാക്കി മാറ്റാന്‍ ശ്രമിക്കുക. ; നിങ്ങള്‍ക്ക് അത് തീര്‍ച്ചയായും സാധിക്കും.


(വിവേക് വാധ്വ സാന്‍ഫ്രാന്‍സിസ്കോ യൂനിവേഴ്സിറ്റിയുടെ റോക്ക് സെന്‍റെര്‍ ഫോര്‍ കോര്‍പ്പറേറ്റ്, ഡ്യൂക്ക് യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ഡയറക്ടര്‍, സിങ്കുലാരിറ്റി, എമോരി എന്നീ യൂണിവേഴ്സിറ്റികളില്‍ ഗവേഷകനായും ജോലി ചെയ്യുന്നു. യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ഹാവാര്‍ഡ് ലോ സ്കൂള്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories