TopTop
Begin typing your search above and press return to search.

ആര്‍ത്തവ പ്രസ്താവന: പ്രയാര്‍ ഗോപാലകൃഷ്ണന്റെ തലയൊന്ന് സ്കാന്‍ ചെയ്തുകൂടെ?

ആര്‍ത്തവ പ്രസ്താവന: പ്രയാര്‍ ഗോപാലകൃഷ്ണന്റെ തലയൊന്ന് സ്കാന്‍ ചെയ്തുകൂടെ?

ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയുവാന്‍ ഹിന്ദുമത വിശ്വാസിയായ ഒരു വീട്ടമ്മ എഴുതുന്നത്.

Copy to: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

സര്‍,

അധികം വളച്ചു കെട്ടില്ലാതെ വിഷയത്തിലേക്ക് കടക്കുന്നു. അങ്ങയുടെ അധികാര പരിധിയില്‍ വരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആര്‍ത്തവത്തെ മരണത്തോടുപമിച്ച് 2016 ആഗസ്റ്റ് 13-ലെ മാതൃഭൂമി ദിനപത്രത്തിലെ കണ്ടതും കേട്ടതും പംക്തിയില്‍ പ്രസ്താവന പ്രസിദ്ധീകരിച്ചത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കും എന്ന് കരുതുന്നു. അല്ലാത്തപക്ഷം അങ്ങ് തീര്‍ച്ചയായും ഈ വാക്കുകള്‍ ശ്രദ്ധിക്കണം.

'ആര്‍ത്തവം എന്ന് പറയുന്നത് തന്നെ ഒരു പിണ്ഡം മരിക്കുന്നതിന് തുല്യമാണ്. സാധാരണ നിലയിലുള്ള ഒരു മരണമുണ്ടായാല്‍ പുലയും മറ്റും കാരണം നമ്മള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലല്ലോ. അതുതന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്.'

എത്രമാത്രം അബദ്ധജടിലമാണ് സാര്‍ ഈ പ്രസ്താവന?

ആര്‍ത്തവത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് ഈ നാട്ടിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമാര്‍ജ്ജിച്ചിട്ടുള്ളവര്‍ക്ക് പോലും അറിയാവുന്നതാണ് എന്നിരിക്കെ അതിനെ മരണവും പുലകുടി അടിയന്തിരവുമൊക്കെയായി ബന്ധപ്പെടുത്തി ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രസ്താവന പുറപ്പെടുവിക്കുമ്പോള്‍ ഇത്തരം വാദഗതികള്‍ കൊണ്ട് അപഹാസ്യരാകുന്നത് കേവലം ആ വ്യക്തി മാത്രമല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന അങ്ങ് ഉള്‍പ്പെടുന്ന വകുപ്പു കൂടിയാണ്.

'വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുന്നപോലെ' എന്ന വരികള്‍ ഓര്‍ത്തുപോകുകയാണ് ഇവിടെ.

ഇത്തരം യുക്തിക്കും ശാസ്ത്രബുദ്ധിക്കും നിരക്കാത്ത പ്രതിലോമകരമായ പ്രസ്താവനകള്‍ അദ്ദേഹം പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവയ്ക്കുന്നത് ഇത് ആദ്യത്തെ തവണയല്ല എന്നത് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രങ്ങളിലെ സ്‌കാനിംഗ് മെഷീനുകളെക്കുറിച്ചുള്ള പ്രസ്താവന അതില്‍ ഒന്ന് മാത്രമാണ്.

പഴയകാലത്ത് ആര്‍ത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിലും ആ സമയത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനും അക്കാലത്തെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ചില അപര്യാപ്തതകളായിരുന്നു എന്നത് ഇന്ന് നമുക്കെല്ലാം അറിയാം. അക്കാലത്ത് അത് ആചാരങ്ങള്‍ക്കും അപ്പുറം സ്ത്രീകളുടെ ആവശ്യങ്ങളെ പരിഗണിച്ചുള്ളത് കൂടിയായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറിയിരിക്കുന്നു. മറ്റേതൊരു ദിവസത്തേയും പോലെ മാസത്തിലെ 'ആ ദിവസ'ങ്ങളിലും സ്ത്രീയ്ക്ക് ഏത് പൊതുഇടങ്ങളിലും കര്‍മ്മമേഖലയിലും ഇടപെടാന്‍ കഴിയുന്ന രീതിയിലേക്ക് ഞാനടങ്ങുന്ന സ്ത്രീകള്‍ എത്തിയിരിക്കുന്നു. ആ ദിവസങ്ങളില്‍ എവിടെ പോകണം എന്ത് ചെയ്യണം എന്നത് സ്ത്രീക്ക് സ്വന്തമായി എടുക്കാവുന്ന ഒരു വ്യക്തിപരമായ തീരുമാനമാണ്.

പഴയ വിശ്വാസങ്ങളും ആചാരങ്ങളും വളര്‍ന്നുവന്ന ജീവിതസാഹചര്യങ്ങളുമൊക്കെ അനുസരിച്ച് ഒരു സ്ത്രീക്ക് വേണമെങ്കില്‍ ആ ദിവസം അമ്പലത്തില്‍ പോകാതിരിക്കാം. എന്നാല്‍ ആചാരങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ ജനങ്ങളിലേക്ക് ശ്രീ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയും പോലെ പുതിയ അബന്ധ ധാരണകളെ പടര്‍ത്താന്‍ അനുവദിച്ചുകൂടാ.

പരമപ്രധാനവും പവിത്രവുമായ ക്ഷേത്രം സ്വന്തം സംശുദ്ധമായ ആത്മാവുള്‍ക്കൊള്ളുന്ന സ്വന്തം ശരീരം തന്നെയാണെന്ന ചിന്തയും യുക്തിയും മനനവും സാധനയും കൊണ്ട് പവിത്രമായ് സൂക്ഷിക്കേണ്ടത് സ്വന്തം വ്യക്തിബോധമാണെന്നും അപ്പോള്‍ മാനവന്‍ എന്ന യാഥാര്‍ത്ഥ്യം ദേവസങ്കല്‍പ്പവും ഒന്നാകുമെന്നും തത്വമസി (ബ്രഹ്മം തന്നെയാണ്), ഈ ജീവിതമാണ് ബ്രഹ്മം (പ്രജ്ഞം ബ്രഹ്മ), ഞാന്‍ തന്നെയാണ് ബ്രഹ്മം (അഹം ബ്രഹ്മാസ്മി) എന്നുള്ള ഉയര്‍ന്ന ചിന്തയിലേക്ക് മനുഷ്യന്‍ ഉയര്‍ത്തപ്പെടണം എന്നുമാണ് സനാതനധര്‍മ്മം പറയുന്നത്.

നല്ലൊരു ശതമാനം ഹൈന്ദവമതവിശ്വാസികളും ഹിന്ദുമതത്തെ പിന്തുടരുന്നത് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിന്തുടര്‍ച്ചക്കാരാവാനല്ല. മറിച്ച് യുക്തിയ്ക്കും ബുദ്ധിയ്ക്കും അനുസൃതമായ വിശാലമായ ചിന്താധാരകള്‍ക്ക് ഇടം നല്‍കുന്ന മഹത്തായ ധര്‍മ്മവ്യവസ്ഥ എന്ന നിലയിലാണ്.

കുമാരനാശാന്‍ ചണ്ഡാലഭിഷുകിയില്‍ പറയുന്നതുപോലെ.

'ഇന്നലെ ചെയ്‌തൊരബദ്ധം

ഇന്നത്തെ ആചാരമാകാം

നാളത്തെ ശാസ്ത്രവുമാകാം'

ലോകം സാമാന്യബുദ്ധിയില്‍ അധിഷ്ഠിതമായ ശാസ്ത്രവിചാരങ്ങളുമായി മുന്നേറുമ്പോള്‍ ഒരു ജനതയെ മുഴുവന്‍ അബദ്ധവിശ്വാസത്തിന്റെ പേരില്‍ അപഹാസ്യരാകാന്‍ അനുവദിച്ചുകൂടാ. കാരണം നേതൃസ്ഥലങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ അഥവാ മുഖം ഇത്തരം വ്യക്തികളും പ്രസ്താവനകളുമാകുന്നു. അതുകൊണ്ട് തന്നെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ യോഗ്യതകളെക്കുറിച്ച് ഒരു വിചിന്തനം നന്നായിരിക്കും. അവരുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഒരു സ്‌കാനിംഗ് മെഷീനും ആകാം.

ബഹുമാനത്തോടെ

ദീപ പ്രവീണ്‍

വീട്ടമ്മ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories