UPDATES

തിരുവനന്തപുരം നഗരത്തില്‍ വനങ്ങളോ? അതെ, മിയാവാക്കി കാടുകളാണത്; അതിന്റെ പിന്നിലെ കഥകള്‍

മനുഷ്യര്‍ തെളിച്ച് നഗരമാക്കിയ കാടിനെ വീണ്ടും പച്ചപ്പണിയിക്കുവാനുള്ള ശ്രമം-ഇന്ന് ലോക പരിസ്ഥിതി ദിനം

ആർഷ കബനി

ആർഷ കബനി

“ഇവിടെയാകെ ചീവീടുകളുടെ ശബ്ദം മുഴങ്ങി കേള്‍ക്കുന്ന ഒരു കാലം വരും, അങ്ങനെയൊരു സ്വപ്‌നത്തിനുവേണ്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത്”, കൃഷ്ണകിരീടത്തിന്റെ ഒരു തൈകൂടി തങ്ങളുടെ മിയാവാക്കി കാടിനുള്ളില്‍ നടാന്‍ ശ്രമിക്കുന്നതിനിടെ എംആര്‍ ഹരി പറഞ്ഞു.

രാത്രിയില്‍ മഴ പെയ്തതിന്റെ തണുപ്പ് അന്തരീക്ഷത്തിലാകെ തങ്ങി നിന്നിരുന്നു. വളര്‍ച്ചയുടെ ആരംഭ ഘട്ടത്തിലാണെങ്കിലും വ്യത്യസ്ത തരം മരങ്ങള്‍ പരസ്പരം ശാഖി പിണഞ്ഞു നില്‍ക്കുന്നു. തിങ്ങി നില്‍ക്കുന്ന മരങ്ങള്‍ക്ക് ചുവട്ടിലാകെ ഇലകള്‍ പൊഴിഞ്ഞുകിടക്കുന്നു. ചെറിയ പ്രാണികളും, അട്ടകളും, പുഴുക്കളും, പൂമ്പാറ്റകളും ഈ കാട്ടില്‍ വാസം തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായി രൂപപ്പെട്ട വനമല്ലിത്. ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ മനേജിങ് ഡയറക്ടറായ എംആര്‍ ഹരിക്കും സുഹൃത്തായ ചെറിയാന്‍ മാത്യുവിനുമൊപ്പം പ്രകൃതി സ്‌നേഹികളായ ഒരുകൂട്ടം സുഹൃത്തുക്കളും ഒരുമിച്ചു ചേര്‍ന്നാണ് തിരുവനന്തപുരം നഗരത്തിന്റെ പലയിടങ്ങളിലായി ഇത്തരം കാടുകള്‍ ഒരുക്കിയിരിക്കുന്നത്.

പുളിയറക്കോണത്ത് ഒന്നേമുക്കാല്‍ ഏക്കറില്‍ മിയാവാക്കി രീതിയിലുള്ളതും അല്ലാത്തതുമായ കാടുകളാണ് പ്രകൃതി സ്‌നേഹികളായ ഈ സുഹൃത്തുക്കള്‍ ഒരുക്കിയിരിക്കുന്നത്. ഇടമലയാറിന്റെ കൈവഴിയായ മലയംമൂട് പുഴയുടെ തീരത്തോടു ചേര്‍ന്നുള്ള ഒരു മലയിടുക്കാണ് ഇവര്‍ വനം നിര്‍മ്മിക്കാന്‍വേണ്ടി തിരഞ്ഞെടുത്തതിലൊന്ന്. ഈ സ്ഥലത്ത് സ്വഭാവികമായി വനം രൂപപ്പെടാന്‍വേണ്ടി നിശ്ചിത സ്ഥലം ഇവര്‍ ഒഴിച്ചിട്ടിരിക്കുന്നു. സ്വഭാവിക വനം വളരാന്‍ പത്തുവര്‍ഷ കാലയളവിലേക്ക് സ്ഥലം മറ്റൊന്നും ചെയ്യാതെ ഒഴിച്ചിട്ടാല്‍ മതിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് തിരിച്ചറിയാനാണ് ഹരി ഇത്തരമൊന്ന് ചെയ്തിരിക്കുന്നത്. എന്നാല്‍ വെള്ളം മണ്ണില്‍ നിലനില്‍ക്കാതെ വാര്‍ന്നുപോവുന്ന ഭൂപ്രകൃതിയായതിനാല്‍ ഇവിടെ സ്വഭാവിക വനം വളര്‍ത്തുക എന്നത് പ്രയാസമുള്ളൊരു കാര്യമാണ്.

മിയാവാക്കി രീതിയില്‍ പലതരം മരങ്ങള്‍ ഒരുമിച്ചു നട്ടിട്ടുള്ള കാട് പ്രത്യേക സംരക്ഷണം നല്‍കിയാണ് ഇവര്‍ വളര്‍ത്തുന്നത്. ഫലവൃക്ഷങ്ങള്‍ മാത്രമുള്ളതും, പൂമരങ്ങള്‍ മാത്രമുള്ളതും, പലതരത്തിലുള്ള മരങ്ങള്‍ ഒരുമിച്ചുനട്ടതുമായ കാടുകള്‍ ഇവിടെയുണ്ട്. കല്ലുകള്‍ നിറഞ്ഞിരിക്കുന്ന സ്ഥലമായതിനാല്‍ ഘട്ടം ഘട്ടമായിട്ടാണ് ഇവര്‍ കാട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഒരു നിശ്ചിത വളര്‍ച്ചയെത്തുന്നതുവരെ ചകിരിക്കൊട്ടകളില്‍ മരതൈകള്‍ സൂക്ഷിച്ചിരിക്കുന്നു. എല്ലാ ദിവസവും തൈകള്‍ നനയ്ക്കുവാനുള്ള സജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. മിയാവാക്കി മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള കാട് കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വളരുന്നുവെന്നാണ് ഹരി പറയുന്നത്. പതിനാറ് മാസങ്ങള്‍ക്കുള്ളില്‍ ചില ചെടികള്‍ പതിനാറടിയോളം വളര്‍ന്നിട്ടുണ്ടെന്നതും അതിശയം ജനിപ്പിക്കുന്ന ഒന്നാണ്. ഇതിനു മുന്‍പ് കാട് വളര്‍ത്തുവാന്‍വേണ്ടി പലതരം മാതൃകകള്‍ പരീക്ഷിച്ചുവെന്നും എന്നാല്‍ കാര്യമായി വെള്ളം ലഭ്യമല്ലാത്തതിനാല്‍ അവയൊന്നും വേണ്ടവിധത്തില്‍ വിജയിച്ചില്ലെന്നും ഹരി പറയുന്നു.

ഞൊട്ടാഞൊടിയന്‍, പൂവാംകുരുന്നല്‍, മുക്കൂറ്റി, കൊടകന്‍ തുടങ്ങിയ ഔഷധ സസ്യങ്ങളും ഇവര്‍ ഒരുക്കിയ മിയാവാക്കി കാടിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രത്യേകതരം കൂണുകള്‍ അതേ ദിവസങ്ങളില്‍തന്നെ ഈ വര്‍ഷവും തങ്ങളുടെ കാടുകളില്‍ ഉണ്ടായെന്ന് ഹരി പറയുന്നു. സ്വാഭാവികമായ വനമായി ഈ ഇടം മാറുന്നു എന്നതിന്റെ അടയാളമാണെന്നാണ് കരുതുന്നതെന്നും ഹരി പറയുന്നു.

അരസെന്റിലും ഒരു സെന്റിലുമൊക്കെ ഉയരമേറിയ വൃക്ഷങ്ങളാല്‍ നിബിഡമായ കാട് നിര്‍മ്മിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ കാവുകളുടെ ജാപ്പനീസ് പതിപ്പെന്നു വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങള്‍ നഗരങ്ങള്‍ ഹരിതവത്കരിക്കുന്നതിനും അതുവഴി താപനില കുറയ്ക്കുന്നതിനും സഹായകമാണ്. അരസെന്റിലും ഒരു സെന്റിലുമൊക്കെ ഉയരമേറിയ വൃക്ഷങ്ങളാല്‍ നിബിഡമായ കാട് നിര്‍മ്മിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

പ്രകൃതി അനുകൂലമാണെങ്കില്‍ സാധാരണ മഴക്കാടുകള്‍ രൂപപെടുവാന്‍ 500 വര്‍ഷമെങ്കിലും എടുക്കും. മിയവാക്കി കാടുകള്‍ വളര്‍ത്തിയെടുക്കുവാന്‍ 20 വര്‍ഷം മതിയെന്നാണ് പറയപ്പെടുന്നത്. ജപ്പാന്‍കാരനായ അകിനോ മിയാവാക്കിയാണ് ഇത്തരം രീതിയില്‍ ആദ്യമായി മരം വളര്‍ത്താന്‍ തുടങ്ങിയത്. തന്റെ രീതിയിലൂടെ 200-ലധികം ഇനത്തിലുള്ള മരങ്ങള്‍ നട്ട്, ജപ്പാനിലെ 1400 ഇടങ്ങളില്‍ മിയവാക്കി പുതിയ വനങ്ങള്‍ ഉണ്ടാക്കിയെടുത്തു. ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളള്‍, ഇന്ത്യയിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ബംഗ്ലൂരിലും മിയാവാക്കിയുടെ രീതി അവലംബിച്ച് വനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അശോകം, വേപ്പ്, പുന്ന, കടുക്ക, വാഗ, ശീലാന്തി, മരോട്ടി തുടങ്ങിയ മരങ്ങളുപയോഗിച്ച് ഒരു ച.മീറ്ററില്‍ 50 മുതല്‍ 1000 വരെ ചെടികള്‍ നാട്ടുകൊണ്ട് മിയാവാക്കി വനങ്ങള്‍ ഉണ്ടാക്കിയെടുക്കാം. പ്രതിവര്‍ഷം ഒരു മീറ്റര്‍ ശരാശരി ഉയരത്തില്‍ വളരുന്ന ചെടികള്‍ 20 വര്‍ഷങ്ങള്‍ കൊണ്ട് 20 മീറ്റര്‍ വരെ ഉയരത്തില്‍ എത്തും.

പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരങ്ങള്‍ കൊണ്ടാണ് മിയവാക്കി കാടൊരുക്കുന്നത്. തനിയെ രൂപപ്പെടുന്ന കാടുകളെക്കാള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് മിയവാക്കി വനങ്ങളുടെ സവിശേഷത. ശരാശരി 10-15 വര്‍ഷംകൊണ്ട് 150 വര്‍ഷം പ്രായമുള്ള സ്വാഭാവിക വനങ്ങള്‍ക്കു തുല്യമായ ഒരു കാട് രൂപപ്പെടുത്താന്‍ ഇതുവഴി സാധിക്കും. ചെടി നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം.

ഒരു ചതുരശ്രമീറ്ററില്‍ 3-4 ചെടികളാണ് വേണ്ടത്. വള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍, ചെറുമരങ്ങള്‍, വന്‍മരങ്ങള്‍ എന്നിവ ഇടകലര്‍ത്തി നടുന്നതുവഴി വനത്തിനുള്ളില്‍ പല തട്ടിലുള്ള ഇലച്ചാര്‍ത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുന്നതിനാല്‍ സൂര്യപ്രകാശത്തിനു വേണ്ടിയുള്ള മത്സരത്തില്‍ ചെടികള്‍ ഉയരത്തില്‍ വളരുന്നു.

ഓരോ സ്ഥലത്തും സ്വാഭാവികമായി വളര്‍ന്നിരുന്ന ചെടികളെ കണ്ടെത്തിയാണ് മിയാവാക്കി വനത്തിന്റെ രൂപകല്‍പ്പന ചെയ്യുക. വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ചെടികള്‍ ചട്ടികളിലാക്കി പ്രത്യേക നടീല്‍ മിശ്രിതം നിറയ്ക്കുന്നു. നിശ്ചിത വളര്‍ച്ചയെത്തിയ ചെടികള്‍ നടുന്ന സ്ഥലത്ത് ഒരു മാസത്തോളം സൂക്ഷിക്കും. അവിടത്തെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നതിനാണിത്. തുടര്‍ന്ന് കുഴിയെടുത്ത് അതിനുള്ളില്‍ നടീല്‍ മിശ്രിതം നിറച്ചശേഷമാണ് തൈകള്‍ നടുന്നത്. ചാണകപ്പൊടി, ചകിരിനാര്, ഉമി എന്നിവ തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്താണ് നടീല്‍മിശ്രിതമുണ്ടാക്കുന്നത്. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് വനം വച്ചുപിടിപ്പിക്കാന്‍ 3500 രൂപയാണ് ചെലവ്.

ഹരിയും സുഹൃത്തുക്കളും പങ്കാളികളായിക്കൊണ്ട് പരിസ്ഥിതി സംഘടനയായ നേച്ചര്‍ ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷനും ചേര്‍ന്ന് കനകക്കുന്ന് കൊട്ടാര പരിസരത്ത് മിയാവാക്കി വനം നിര്‍മ്മിച്ചിട്ടുണ്ട്. വികെ ദാമോദരന്റെ നേതൃത്വത്തിലാണ് നേച്ചര്‍ ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി ടൂറിസ്റ്റ് വകുപ്പുകൂടി പങ്കാളിയായികൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പൂവരശ്, പുന്ന, അത്തി, കോവളം, മറോട്ടി, വേപ്പ് തുടങ്ങിയവയാണ് ഇവിടെ അഞ്ച് സെന്റ് സ്ഥലത്തായി നട്ടിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് നഗരപ്രദേശങ്ങളിലും ഇതിന്റെ പിന്‍തുടര്‍ച്ചയായി മിയവാക്കി വനങ്ങള്‍ നിര്‍മ്മിക്കുമെന്ന് അധികൃതര്‍ പറയുന്നു. കാലവസ്ഥാ മാറ്റങ്ങളെ നേരിടുവാനും, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ തോത് കുറക്കുവാനും ഇത്തരത്തിലുള്ള മിയാവാക്കി കാടുകള്‍ക്ക് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഹരിയും സുഹൃത്തുക്കളും കവടിയാറില്‍ വനം വളര്‍ത്താനായി  സഹപ്രവര്‍ത്തക വിട്ടുനല്‍കിയ സ്ഥലത്തും മിയവാക്കി കാടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജല ലഭ്യതയുള്ളതിനാല്‍ ഇവിടുത്തെ മരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വളരുന്നു. തങ്ങളൊരുക്കിയ വനത്തില്‍ പൂമ്പാറ്റകള്‍ക്കും പുഴുക്കള്‍ക്കും വണ്ടുകള്‍ക്കും പുറമെ ചീവീടുകളും പക്ഷികളും എത്തണമെന്നാണ് ഹരിയുടേയും സുഹൃത്തുക്കളുടേയും ആഗ്രഹം. പുളിയറക്കോണത്ത് ഇവരുടെ മിയാവാക്കി കാട് നിര്‍മ്മിച്ചതിന് തൊട്ടുമുന്‍പിലുള്ള കുന്ന് ക്വാറി മാഫിയകള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് എന്നറിയുമ്പോഴേ ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ മൂല്യം മനസിലാകൂ.

Read More: സ്വന്തമായൊരു കാട്, പത്ത് ലക്ഷത്തോളം മരങ്ങൾ: ബാലേട്ടന് എന്നും പരിസ്ഥിതി ദിനമാണ്

മനുഷ്യര്‍ കാട്ടില്‍ താമസിക്കാന്‍ പലപ്പോഴും ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഇത്തരത്തിലുള്ള ആഗ്രഹം കാടിനെ നശിപ്പിക്കുന്നതിലേക്കാണ് നീങ്ങുന്നതെന്നും ഹരി പറയുന്നു. മനുഷ്യര്‍ തെളിച്ച് നഗരമാക്കിയ കാടിനെ വീണ്ടും പച്ചപ്പണിയിക്കുവാനുള്ള ആഗ്രഹമാണ് അര്‍ബന്‍ മൈക്രോ ഫോറസ്റ്റ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. കാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് തങ്ങള്‍ക്കുള്ള ചുരുങ്ങിയ സ്ഥലത്ത് കാട് നിര്‍മ്മിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ടാക്കി നല്‍കുവാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഹരി പറയുന്നു. വളരെ ലളിതമായ രീതിയിലുള്ള ചെറിയ വീടുകളും ഇവര്‍ പുളിയറക്കോണത്തെ തങ്ങളുടെ മിയവാക്കി കാടിനോടു ചേര്‍ന്ന് നിര്‍മ്മിക്കുന്നുണ്ട്. പ്രകൃതി സ്‌നേഹികളായ മനുഷ്യര്‍ക്ക് വന്നുനില്‍ക്കാന്‍ പ്രകൃതിയെ, കാടിനെ അറിയാനുള്ള അവസരം ഒരുക്കുക എന്നതൊക്കെയാണ് ഇവര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

മിയവാക്കി കാടിനോട് ചേര്‍ന്ന് ഫ്രാഷന്‍ ഫ്രൂട്ട് തൈകള്‍ വീപ്പകളിലാക്കി നട്ടിട്ടുണ്ട്. ഇവ പടര്‍ന്ന് കായ്കള്‍ പഴുത്ത് നിറഞ്ഞു കിടക്കുന്നു. വീപ്പകളില്‍ നട്ടാല്‍ കുറച്ച് ജലമുപയോഗിച്ച് ഇവയ്ക്ക് വളരാന്‍ കഴിയുമെന്ന് ഹരിയുടെ സുഹൃത്ത് ചെറിയാന്‍ മാത്യു പറയുന്നു. കുന്നിന്‍ പ്രദേശമായതിനാല്‍ ഇവിടെ പെയ്യുന്ന മഴവെള്ളം കുത്തിയൊഴുകി പുഴയിലെത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ കൂടുതല്‍ ജല നഷ്ടം ഈ മണ്ണില്‍ ഉണ്ടാവുന്നുവെന്നും ചെറിയാന്‍ മാത്യു പറയുന്നു. ഇത്തരത്തിലുണ്ടാവുന്ന ജല നഷ്ടത്തെ ഒരു പരിധിവരെ തടയാനുള്ള സജ്ജീകരണങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. വെള്ളം കുത്തിയൊഴുകി വരുന്ന ഇടങ്ങളില്‍ നിശ്ചിത അകലത്തില്‍ തടയണ നിര്‍മ്മിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഒഴുകിവരുന്ന വെള്ളം പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ടാങ്കുകളില്‍ സംഭരിക്കരിക്കുന്നു. ടാങ്കുകളിലൂടെ അരിച്ചിറങ്ങുന്ന ജലം മണ്ണില്‍ നിലനില്‍ക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഈ സുഹൃത്തുക്കള്‍ എല്ലായ്പ്പോഴും സംസാരിക്കുന്നത് മണ്ണിനെ കുറിച്ചും, പച്ചപ്പിനെ കുറിച്ചുമാണ്. വളരെ കുറച്ച് സ്ഥലമുള്ളവര്‍ക്കുപോലും തങ്ങളുടെ വീടിനോട് ചേര്‍ന്ന് ഇത്തരത്തില്‍ വനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും, അതിലൂടെ പരിസ്ഥിതിയെ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നുമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. പച്ചപ്പിനുവേണ്ടിയുള്ള പോരാട്ടത്തിന് പിന്തുടര്‍ച്ചകള്‍ ഉണ്ടാവുമെന്നും അതിലൂടെ പ്രകൃതിയോടിണങ്ങിയ ജീവിതം മലയാളികള്‍ക്ക് കൈവരിക്കാന്‍ കഴിയുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

Read More: സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിൽ കാവി പെയിന്റ് അടിക്കുമ്പോൾ

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍