TopTop
Begin typing your search above and press return to search.

വിഴിഞ്ഞം എന്തുകൊണ്ടൊരു ദുഃസ്വപ്ന പദ്ധതിയാണ്

വിഴിഞ്ഞം എന്തുകൊണ്ടൊരു ദുഃസ്വപ്ന പദ്ധതിയാണ്

പരിസ്ഥിതി എന്ന വാക്ക് പലപ്പോഴും വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. സാഹിത്യത്തിലും അല്ലാതെയും. ഇത് പ്രാഥമികമായി മൃഗങ്ങളോടൊ വൃക്ഷങ്ങളോടൊ പ്രകൃതിയോടൊ ഉള്ള സ്നേഹത്തിന്റെ കാര്യമല്ല. ഭാവിയെ കുറിച്ചുള്ള, ഭാവി സുരക്ഷയെ കുറിച്ചുള്ള ജീവല്‍സമസ്യകളാണ് ഇതിന്‍റെ അടിസ്ഥാനം. ‘കഥയും പരിസ്ഥിതിയും’ എന്ന പുസ്തകം എഴുതിത്തുടങ്ങുമ്പോള്‍ ഒവി വിജയന്‍റെ കഥകള്‍ വിലയിരുത്തിക്കൊണ്ടാണ് ഞാന്‍ ആരംഭിച്ചത്. ഇരുപതു കഥകളെ കുറിച്ച് ചെയ്യാനാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ ചെന്നെത്തിയത് മലയാള സാഹിത്യത്തിന്റെ പൂര്‍ണ്ണമായ ഒരന്വേഷണത്തിലേക്കാണ്. വിശ്വസാഹിത്യത്തില്‍ ഒരു പ്രദേശത്ത് എഴുത്തുകാര്‍ ഈ പ്രശ്നത്തെ സാഹിത്യത്തില്‍ ഇത്രയേറെ ആവിഷ്ക്കരിച്ചത് ഒരുപക്ഷേ മലയാളത്തില്‍ ആയിരിക്കും. അത് കഥയില്‍ മാത്രമല്ല നോവലിലും.

കഥയിലേക്ക് തന്നെ വരാം. ആദ്യകാലത്തെ കഥകളില്‍ മൃഗ സാന്നിദ്ധ്യം അല്ലെങ്കില്‍ വൃക്ഷങ്ങളുമായിട്ടുള്ള ബന്ധം എന്ന തരത്തില്‍ ആരംഭിച്ച ഒരു പ്രവണത പിന്നീട് ഈ വിഷയത്തിന്‍റെ നാനാ തരത്തിലുള്ള ശാഖകളിലേക്ക് വളര്‍ന്ന് വലുതാവുകയായിരുന്നു. സാറ ടീച്ചറുടെ കാര്യം തന്നെ എടുത്താല്‍ ഇക്കോ ഫെമിനിസം വിശ്വസാഹിത്യത്തില്‍ സംഭവിച്ച കാലത്ത് തന്നെ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ അതിനെ ആവിഷ്ക്കരിച്ചു എന്നത് വളരെ വലിയ ഒരു കാര്യമാണ്. പ്രാഥമികമായ അന്വേഷണങ്ങളില്‍ നിന്നു തുടങ്ങി ഇതിന്‍റെ നാനാ വിധമായ വളര്‍ച്ചകളിലേക്ക് നമ്മുടെ കഥയില്‍ ഇത് ആവിഷ്ക്കരിക്കപ്പെട്ടു. അംബികാസുതന്‍റെ ‘നീരാളിയന്‍’ എന്ന കഥയെടുക്കുക. അല്ലെങ്കില്‍ പി സുരേന്ദ്രന്റെ ‘പരിണാമം’. അയ്മനം ജോണിനെ പോലുള്ള ഒരു കഥാകൃത്ത് ഒരു ജീവിതകാലം മുഴുവന്‍ എഴുതിയതത്രയും ഇത്തരത്തില്‍ വായിച്ചെടുക്കാവുന്ന ജീവിതവുമായി, നിലനില്‍പ്പുമായി ബന്ധപ്പെടുത്തിയുള്ള കഥകളാണ്. വിആര്‍ സുധീഷിന്റെ ആദ്യകാല കഥകളിലൊക്കെ അത് വരുന്നുണ്ട്. ലാബില്‍ തവളകളെ കീറിമുറിക്കുന്നതിനെ കുറിച്ചൊക്കെ സുധീഷ് എഴുതിയിട്ടുണ്ട്. ‘മൂര്‍ക്കന്‍ പറമ്പ്’ എന്ന വിനോയ് തോമസിന്‍റെ കഥ കണ്ണൂര്‍ വിമാനത്താവളം വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രകൃതിയുമായി ബന്ധിപ്പിച്ചും സോഷ്യല്‍ മീഡിയയുമായി ബന്ധിപ്പിച്ചും എഴുതിയതാണ്. അതിനപ്പുറത്തേക്ക് പോയാല്‍ വളരെ വലിയ സാമൂഹ്യ സമസ്യകള്‍ കടത്തിക്കൊണ്ട് വരുന്നുണ്ട് അതില്‍. വിനോയ് തോമസിന്റെ തന്നെ ‘ഉടമസ്ഥന്‍’ എന്ന കഥ ഫാസിസത്തിന് സ്ത്രീയുടെ മേലും പ്രകൃതിക്ക് മേലും ഉള്ള ഉടമസ്ഥതയുടെ ആവിഷ്ക്കാരമാണ്. ഇത്തരത്തില്‍ കഥ നിരന്തരമായിട്ട് വളര്‍ന്ന് കൊണ്ടിരിക്കുന്നതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രം ഞാന്‍ പറഞ്ഞു എന്നേയുള്ളൂ. ജീവിതത്തിന്‍റെ എല്ലാത്തരം സമഗ്രതകളെയും ഇതിനകത്തേക്ക് ആവാഹിച്ചെടുക്കാന്‍ കഴിയുന്നു എന്നുള്ളതാണ് മലയാള കഥയില്‍ നടക്കുന്നത്.

നോവലിലും വളരെ വിപുലമായിട്ടുള്ള വളര്‍ച്ച ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രവീണിനെ പോലുള്ള എഴുത്തുകാരന്‍ അമേരിക്കയില്‍ ഇരുന്നു കൊണ്ട് സൈബര്‍ ടെക്നോളജിയുടെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക ബോധമുള്ള നോവല്‍ എഴുതുന്നു. ആ തരത്തിലേക്ക് നമ്മുടെ കഥ വളര്‍ന്നിരിക്കുന്നു. വിശ്വസാഹിത്യത്തോട് കിടപിടിക്കാവുന്ന രചനകള്‍ ഈ രംഗത്ത് മലയാളത്തില്‍ ഉണ്ടാകുന്നു എന്നുള്ളത് വളരെ അഭിമാനത്തോടെ പറയാന്‍ കഴിയും. നമ്മള്‍ എന്‍ജോയ് ചെയ്യുന്ന സാമ്പത്തിക ആധുനികത, നമുക്ക് ചുറ്റും കാണുന്ന ഈ കെട്ടുകാഴ്ചകള്‍ എല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങി കഴിഞ്ഞ ഒരു ഇരുനൂറ്റമ്പത് വര്‍ഷങ്ങളില്‍ പടുത്തുയര്‍ത്തിയ ഒരു ചീട്ടു കൊട്ടാരമാണ്. മൂന്നു തരത്തിലുള്ള ക്രൈസിസിലേക്കാണ് ലോകം പോകുന്നത്. ഒന്നു സാമ്പത്തിക പ്രതിസന്ധി. 2008ല്‍ ഗ്ലോബലി സാമ്പത്തിക വളര്‍ച്ച നിലച്ചു എന്നുള്ള സങ്കല്‍പ്പത്തില്‍ ഇന്ന് ധാരാളം കൃതികള്‍ എഴുതപ്പെടുന്നുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞര്‍ തന്നെ എഴുതുന്നുണ്ട്. രണ്ടാമത്തെ പ്രതിസന്ധി സാമൂഹിക പ്രതിസന്ധിയാണ്. നമുക്ക് ജീവിതത്തിന് വേണ്ട നാനാ തരത്തിലുള്ള വിഭവങ്ങള്‍ ജലമായാലും വായു ആയാലും മറ്റുള്ളതായാലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന പ്രതിസന്ധി. മൂന്നാമത്തെ വലിയ സമസ്യ എന്താണെന്ന് വെച്ചാല്‍ പാരിസ്ഥിതിക പ്രതിസന്ധിയാണ്. ഇങ്ങനെ നോക്കുമ്പോള്‍ ജ്ഞാനോദയം എന്നു പറയുന്ന 250 വര്‍ഷത്തെ വികാസം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നു പറയേണ്ടിവരും ഏതാണ്ട് മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ഏറെ ഗൌരവമേറിയ പ്രതിസന്ധിയിലേക്ക് മാറും എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രതിസന്ധി ആഗോള താപനമാണ്. ആഗോള താപനം ശരിക്കും സംഭവിച്ചാല്‍ 2100 നകം 6 ഡിഗ്രിവരെ താപനില ഉയരാം എന്നാണ് പറയുന്നത്. അങ്ങനെ ഉയര്‍ന്നാല്‍ എല്ലാം അസ്തമിക്കും. ഞാനൊരു പെസിമിസ്റ്റ് അല്ല. ഇത്തരത്തിലുള്ള പ്രതിസന്ധികളിലേക്ക് ജ്ഞാനോദയം, മോഡേണിറ്റി എന്നു പറയുന്നതു ക്രൈസിസിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍, ഇതിനെ ഒരു കള്‍ച്ചറല്‍ ഡിസ്ക്കോഴ്സായി വളര്‍ത്തിക്കൊണ്ടുവരാന്‍ എഴുത്തുകാര്‍ക്ക് ബാധ്യതയുണ്ടോ എന്ന വളരെ വലിയ ഒരു ചോദ്യത്തിന്‍റെ മുന്നിലാണ് അത് പ്രസക്തമാകുന്നത്.

എഴുത്തുകാരന്‍റെ ഏറ്റവും വലിയ കടമ നന്നായി എഴുതുക എന്നുള്ളതാണ്. ആക്റ്റിവിസം മോശമാണെന്നല്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എഴുത്തുകാരന് എഴുതുന്നതോടൊപ്പം ആക്ടീവിസം നടത്താമോ എന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ എന്‍റെതായ രീതിയില്‍ ബൌദ്ധികമായ ആക്ടിവിസം നടത്തുന്ന ഒരാളാണ് എന്നു പറയും. ബദല്‍ ഊര്‍ജ്ജത്തിന് വേണ്ടി കഴിഞ്ഞ 18 വര്‍ഷമായി ഫൈറ്റ് ചെയ്യുന്ന ഒരാളാണ് ഞാന്‍. പരിസ്ഥിതിയെ കുറിച്ച് പറയുന്നവരെല്ലാം ആക്ടീവിസ്റ്റുകള്‍ ആകണമെന്ന് നമ്മള്‍ ശഠിക്കാന്‍ പാടില്ല. എഴുത്തുകാരുടെ കടമ നന്നായി എഴുതുക എന്നുള്ളതാണ്. ചിലര്‍ ആക്ടിവിസം തിരഞ്ഞെടുക്കുന്നു എന്നുള്ളത് അവരുടെ തിരഞ്ഞെടുപ്പുകളാണ്.

ആഗോള താപനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലുള്ള കാര്യങ്ങള്‍ നമ്മുടെ ഭാവി തലമുറയെ സംബന്ധിക്കുന്ന വിഷയമാണ്. എഴുത്തുകാര്‍ എന്തുകൊണ്ട് ഇതിനെ കുറിച്ച് എഴുതുന്നു എന്നു ചോദിച്ചാല്‍ ഇതൊരു കള്‍ച്ചറല്‍ ഡിസ്കോഴ്സായിട്ട് വളരുന്നതാണ് എന്ന് ഞാന്‍ പറയും. ഞാന്‍ ശാസ്ത്രം പഠിച്ച ഒരാളാണ്. പക്ഷേ ശാസ്ത്രത്തില്‍ കൂടി പറയുന്നതിനെക്കാള്‍ സാഹിത്യത്തില്‍ കൂടിയും കള്‍ച്ചറല്‍ ഡിസ്കോഴ്സില്‍ കൂടിയും ജനങ്ങളില്‍ എത്തിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് ഇത് സാഹിത്യത്തില്‍ വളര്‍ന്ന് വരും. ആഗോള പരമായി ഇത് സാഹിത്യത്തില്‍ വളരുന്നുണ്ട്. മലയാള നോവലില്‍ ഇത് ഏറ്റവും ശക്തമായി വന്നിട്ടുണ്ട്.

പ്രകൃതി ഏതാണ്ട് റദ്ദാക്കപ്പെട്ട അവസ്ഥയാണ്. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്താന്നു വെച്ചാല്‍ നമ്മള്‍ ഈ റദ്ദാക്കിയ പ്രകൃതിയെ ഒക്കെ തിരിച്ചു കൊണ്ട് വരേണ്ടിവരും എന്നുള്ളതാണ്. വെള്ളത്തിന്റെ ഉറവകള്‍ എല്ലാം നമ്മള്‍ നശിപ്പിച്ചു കഴിഞ്ഞു. 365 ദിവസവും വെള്ളം കിട്ടുന്ന ഒരു ഊറ്റു കുഴി ഉണ്ടായിരുന്നു എന്‍റെ ഗ്രാമത്തില്‍. കുട്ടികളൊക്കെ അവിടെപ്പോയി കുളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അതിനു ചുറ്റും ഒരുപാട് കലംവെട്ടി പൂക്കള്‍ ഉണ്ടായിരുന്നു. അത് പൂര്‍ണ്ണമായും വരണ്ടുപോയി. ഇത്തരത്തില്‍ ഉള്ള ജലത്തെ ആവാഹിച്ചെടുക്കുന്ന ഉറവകളെല്ലാം നമ്മള്‍ നശിപ്പിച്ചു. ഇതിലേക്ക് ഒരു തിരിച്ചുപോക്ക് ഭാവിയില്‍ വേണ്ടിവരും. ഇത് വളരെ വികേന്ദ്രീകൃതമാണ്. ഇനി അതിനെ തിരിച്ചു പിടിക്കാനുള്ള വലിയ ഒരു യജ്ഞം അടുത്ത മൂന്നാല് ദശകങ്ങള്‍ക്കകം നമ്മള്‍ തുടങ്ങേണ്ടി വരും. ഞാന്‍ കോളേജില്‍ പോകുന്ന കാലത്ത് നമ്മുടെ വീട്ടിനടുത്തുള്ള വയലിന് നടുക്ക് കൂടി എപ്പോഴും ഒഴുകുന്ന ഒരു തോടുണ്ടായിരുന്നു. ഇപ്പോ ആ തോടിന്റെ മുകളില്‍ കൂടി കോണ്‍ക്രീറ്റ് ഇട്ടിരിക്കുകയാണ്. കല്ലട ജലസേചന പദ്ധതി വന്നിട്ട് തോടില്ലാണ്ടായി. പദ്ധതിയില്‍ വെള്ളവും ഇല്ല. ഇതെല്ലാം റീ സ്റ്റോര്‍ ചെയ്തു കൊണ്ടുവരേണ്ട ഒരു വലിയ ഉത്തരവാദിത്വം ഭാവി തലമുറയുടെ മോളില്‍ നമ്മള്‍ അടിച്ചേല്‍പ്പിക്കുകയാണ്. നമ്മളെല്ലാം കോഴിക്കൂട്ടില്‍ കയറിയ കുറുക്കന്മാരെപ്പോലെയാണ്. ശ്രീ ശ്രീ രവിശങ്കര്‍ കേരളത്തില്‍ വരുമ്പോള്‍ ആദ്യം പറയുന്നതു അടിപൊളി എന്നാണ്. നമ്മളെല്ലാം അടിപൊളിയുടെ ആള്‍ക്കാരാണ്. ഇതെല്ലാം നമ്മുടെ ഭാവി തലമുറയില്‍ നമ്മള്‍ വെച്ചു കെട്ടുന്ന വലിയ ഭാരമാണ്.

വിഴിഞ്ഞം അനാവശ്യമായ ഒരു പദ്ധതിയാകുന്നത് രണ്ട് കാരണങ്ങളാലാണ്. ഒന്നു കൊച്ചിയിലെ കണ്ടൈയിനര്‍ ടെര്‍മിനല്‍ പത്തു ശതമാനം പതിനഞ്ച് ശതമാനം കപ്പാസിറ്റിയിലാണ് വര്‍ക്ക് ചെയ്യുന്നത്. അപ്പോള്‍ പുതിയൊരു പോര്‍ട്ട് വരുന്നത് അനാവശ്യമായ കാര്യമാണ്. അദാനിയെ പോലുള്ള ഒരു ബിസിനസുകാരന്‍ എന്തുകൊണ്ട് അതേറ്റെടുത്തു. അതേറ്റെടുത്തതിന്റെ കാര്യം 40% ഗ്രാന്‍റ് സര്‍ക്കാര്‍ കൊടുക്കുന്നു എന്നതുകൊണ്ടാണ്. അയാള്‍ക്കവിടെ ഏക്കര്‍ കണക്കിനു ഭൂമി 30% ഭൂമി റിയല്‍ എസ്റ്റേറ്റ് പണിയാന്‍ കൊടുത്തിട്ടുണ്ട്. പോര്‍ട്ടിന്‍റെ ഭാഗം അല്ലാതെ തന്നെ. അതുകൊണ്ട് അയാളുടെ ചെലവ് അയാള്‍ക്ക് അതില്‍ നിന്ന് തിരിച്ചു കിട്ടും. വിഴിഞ്ഞം ഭാവിയില്‍ ഗോസ്റ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആയി മാറും. വെറുതെ ഈ സുരേഷ്ഗോപിയെ പോലുള്ളവരൊക്കെ സ്വപ്ന പദ്ധതിയാണെന്ന് പറഞ്ഞു നടക്കുമ്പോള്‍ ജനത്തെ വിഡ്ഢികളാക്കുകയാണ്. വിഴിഞ്ഞവും ആറന്‍മുളയുമൊക്കെ ഒരാവശ്യവും ഇല്ലാത്ത പ്രോജക്ടുകളാണ്. കൊച്ചിയില്‍ 15% കപ്പാസിറ്റിയില്‍ മാത്രം വര്‍ക്ക് നടക്കുമ്പോള്‍ പുതിയൊരു തുറമുഖത്തിന്റെ ആവശ്യമേ ഇല്ല. വിഴിഞ്ഞം തുറമുഖം വര്‍ക്ക് കഴിഞ്ഞു പ്രവര്‍ത്ത ക്ഷമമാകുമ്പോള്‍ തന്നെ അതിന്റെ ഇറക്കം തുടങ്ങും. അത് ദുഃസ്വപ്ന പദ്ധതിയാണ്.

കേരളത്തിലെ മനുഷ്യര്‍ക്ക് ഒരുതരം ഭ്രാന്ത് കയറിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമങ്ങളിലെ ആളുകള്‍ക്ക് സൈക്കിള്‍ മാത്രം ഉള്ളവന് വീട്ടിലേക്ക് കാറ് വരുന്ന റോഡ് വേണം. ഇതാണ് അവസ്ഥ. ഞങ്ങളറിയാണ്ട് രാത്രിയില്‍ ഞങ്ങളുടെ പറമ്പില്‍ കൂടി റോഡ് വെട്ടി. സൈക്കിള്‍ മാത്രം ഉള്ളവനാണ് വെട്ടുന്നത്. ഒന്നും ചെയ്യാന്‍ പറ്റില്ല. കേരളമാണ്. അംബികാസുതന്‍ പറഞ്ഞപോലെ പ്രകൃതിബോധം തീരെ ഇല്ലാത്ത ഒരു ജനത. ചുറ്റുമുള്ള ഈ വെള്ളവും പച്ചപ്പും ഒക്കെ കാണുമ്പോള്‍ നമുക്ക് മതിഭ്രമമാണ്.

(കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'പരിസ്ഥിതിയും സാഹിത്യവും' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം. തയ്യാറാക്കിയത് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories