TopTop
Begin typing your search above and press return to search.

മോദി ഭരണകാലത്തെ പരിസ്ഥിതി ദിനാചരണം

മോദി ഭരണകാലത്തെ പരിസ്ഥിതി ദിനാചരണം

അഡ്വ. ഹരീഷ് വാസുദേവന്‍

ഇന്ന് ജൂണ്‍ 5, ലോക പരിസ്ഥിതി ദിനമാണ്. സ്‌കൂളുകളായ സ്‌കൂളുകളിലും പൊതു സ്ഥാപനങ്ങളിലും ആളുകള്‍ മല്‍സരിച്ച് മരം നടുകയാണ്. ആഗോളതാപനത്തിന്റെ കാലത്ത്, പരിസ്ഥിതി നാശം ഒരു പാപമായി മാര്‍പ്പാപ്പ പ്രഖ്യാപിച്ച ഒരു കാലത്ത് മരം വെച്ചുപിടിപ്പിച്ച് ഞാനും പരിസ്ഥിതി സ്‌നേഹിയാണെന്ന് മന:സാക്ഷിയോടു പറയാന്‍ ആളുകള്‍ മത്സരിക്കുകയാണ്. വളരേ നല്ലത്.

പക്ഷെ, നാമീ മരങ്ങള്‍ നടുന്നതുകൊണ്ട് നാം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ നാലിലൊന്ന് എങ്കിലും പരിഹരിക്കപ്പെടുന്നുണ്ടോ? അതോ ഈ ആഘോഷങ്ങള്‍ക്കിടെ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന വലിയ പാരിസ്ഥിതിക കശാപ്പുകള്‍ നാം അറിയാതെ പോകുകയാണോ?

രണ്ടു ലക്ഷത്തിലധികം ച.അടിയും അതിലധികവുമുള്ള വന്‍കിട വ്യാവസായിക കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ല, തണ്ണീര്‍ത്തട സംരക്ഷണ ചട്ടത്തില്‍ സമ്പൂര്‍ണ്ണ വെള്ളം ചേര്‍ക്കല്‍ വഴി ഇന്ത്യയിലെ നീര്‍ത്തടങ്ങള്‍ നശിപ്പിക്കല്‍, നിയമവിരുദ്ധമായ ഏത് പദ്ധതിക്കും ഫൈന്‍ അടച്ചാല്‍ പരിസ്ഥിതികാനുമതിയില്‍ നിന്ന് ഇളവ്... ഇങ്ങനെയുള്ള ഇന്ത്യയില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്ര ഭീകരമായ പാരിസ്ഥിതികവിരുദ്ധ ചട്ട ഭേദഗതികളാണ് നരേദ്രമോദി സര്‍ക്കാര്‍ പാസാക്കാന്‍ പോകുന്നത്. ഇതിന്റെയൊക്കെ കരട് രൂപം തയ്യാറായി അന്തിമവിജ്ഞാപനം കാത്ത് വെബ്‌സൈറ്റിലുണ്ട്. നിയമം അനുശാസിക്കുന്നതുകൊണ്ടു മാത്രം ആളുകളുടെ അഭിപ്രായം അറിയിക്കാന്‍ 60 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. നീര്‍ത്തട ചട്ടത്തിന്റെ കാര്യത്തില്‍ ആ സമയം നാളെ അവസാനിക്കുകയാണ്.

ഇതൊക്കെ നിയമം ആകുന്നതോടു കൂടി ഇന്ത്യ ജീവിക്കാന്‍ കൊള്ളാത്തത്ര മാലിന്യം നിറഞ്ഞ ഒരു നാടായി മാറും. മണ്ണ്, ജലം എന്നിവ ഉപയോഗരഹിതമാകും...

ഭൂമി, ഭൂവിനിയോഗം ഒക്കെ ഒരു കണ്‍കറണ്ട് വിഷയമാണ്. സംസ്ഥാനങ്ങള്‍ക്കും ഇതില്‍ അധികാരമുണ്ട്. എന്നാല്‍ കേന്ദ്രചട്ടം നിലവില്‍ വന്നാല്‍ സംസ്ഥാന ചട്ടം അപ്രസക്തമാകും. ഇതോടെ കേരളത്തിലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം പോലും അപ്രസക്തമാകും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്.റിയല്‍ എസ്‌റ്റേറ്റ് ലോബിയെ സഹായിക്കാനാണ് കെട്ടിടനിര്‍മ്മാണ ചട്ടത്തിലെ ഭേദഗതിയെന്നും അത് നന്നായെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രേഖാമൂലം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെ അഭിനന്ദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളെ ഉള്‍പ്പെടെ പാരിസ്ഥിതികാനുമതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതോടെ അശാസ്ത്രീയമായ മാലിന്യ സംവിധാനങ്ങളാല്‍ നഗരമദ്ധത്തില്‍പ്പോലും ആശുപത്രി മാലിന്യം മൂലം കഷ്ടതയനുഭവിക്കുന്നവരുടെ പരാതികള്‍ ദേശീയ ഹരിത ട്രിബ്യൂണലില്‍ കൂടി വരികയാണ്.

പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കത്തി വെയ്ക്കുന്ന നിയമഭേദഗതികളാണ് നാളെ രാത്രിയോടു കൂടി അന്തിമമാകാന്‍ പോകുന്നത്. ഇതുമൂലമുണ്ടാകുന്ന നാശം എത്ര മരം നട്ടാലും തീര്‍ക്കാവുന്നതല്ല. അതിനാല്‍, ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ ദിനം ഞാന്‍ കറുത്ത ദിനമായി ആചരിക്കുന്നു. ഭാരതം അദാനിയ്‌ക്കോ അംബാനിയ്‌ക്കോ സ്ത്രീധനം കിട്ടിയ മുതലല്ല. നരേന്ദ്രമോദി സര്‍ക്കാരിനു നശിപ്പിക്കാനുള്ളതല്ല ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളും പരിസ്ഥിതിയും.

മൂന്നു കരട് വിജ്ഞാപനങ്ങളും നിയമ ഭേദഗതികളും പിന്‍വലിക്കാന്‍ ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയക്കുന്നതാണ് ഈ വര്‍ഷത്തെ എന്റെ പരിസ്ഥിതി പ്രവര്‍ത്തനം. അതിന്റെ ഓര്‍മ്മയ്ക്ക് വീട്ടു മുറ്റത്തൊരു മരവും നടും.

(ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

( പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories