TopTop
Begin typing your search above and press return to search.

പനിയുടെ പിടിയില്‍ കേരളം; മഴ ശക്തിയാകും മുന്നേ മരണം 100 കവിഞ്ഞു

പനിയുടെ പിടിയില്‍ കേരളം;  മഴ ശക്തിയാകും മുന്നേ മരണം 100 കവിഞ്ഞു

പകര്‍ച്ചപ്പനികളിലും പനി മരണങ്ങളിലും ഭയന്നുവിറച്ച് കേരളം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ദിവസേന പതിനായിരക്കണക്കിന് പനി ബാധിതരാണ് ചികിത്സ തേടിയെത്തുന്നത്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ പനിമരണങ്ങള്‍ 100 കവിഞ്ഞത് ആരോഗ്യ വകുപ്പിനേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മഴ ശക്തമാവുന്നതോടെ പനി ബാധിതരുടെ എണ്ണവും മരണ നിരക്കും ഉയരാനാണ് സാധ്യത.

സാധാരണ വൈറല്‍ പനിയോടൊപ്പം എച്ച്1 എന്‍1ഉും ഡങ്കിയും എലിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മെയ് 31ന് മാത്രം 11,866 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത്. 105 പേര്‍ക്ക് ഡങ്കി പനി സ്ഥിരീകരിച്ചു. ബുധനാഴ്ച സംസ്ഥാനത്തെ 11 പേരില്‍ കൂടി എച്ച്1 എന്‍1 അഥവാ പന്നിപ്പനി സ്ഥീരികരിക്കപ്പെട്ടു. നിലവില്‍ ഡങ്കിപ്പനി കാര്യമായി ബാധിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയെയാണ്. ബുധനാഴ്ച തലസ്ഥാനത്ത് അമ്പത് പേര്‍ ഡങ്കിപ്പനി ബാധിതരാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സ തേടിയ 205 പേര്‍ ഡങ്കിപ്പനി സംശയിക്കുന്നവരുമാണ്. ജനുവരി, ഫെബ്രുവരി മാസം മുതല്‍ ഡങ്കിപ്പനി കാര്യമായ രീതിയില്‍ തന്നെ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും വേനല്‍മഴ പെയ്ത മെയ് മാസത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ജനവരി മുതല്‍ മെയ് 31 വരെയുള്ള കണക്കുകളെടുത്താല്‍ 4741 പേരിലാണ് ഡങ്കിപ്പനി കണ്ടെത്തിയത്. ഇതില്‍ 2475 എണ്ണം കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ്. ഇതില്‍ എട്ട് പേര്‍ മരിച്ചു. മരിച്ച മറ്റ് 17 പേരും ഡങ്കിപ്പനി ബാധിതരായിരുന്നു എന്ന സംശയവും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നു.

2007 മുതല്‍ കേരളത്തില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന പനി വര്‍ഷകാലത്താണ് കൂടുതലും പടര്‍ന്ന് പിടിക്കുക.എന്നാല്‍ ഇത്തവണ വര്‍ഷാദ്യം മുതല്‍ തന്നെ ഡങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ ചികിത്സ തേടിയിരുന്നു. 'ഡങ്കിപ്പനി ബാധയെ നിസ്സാരമായി കാണാനാവില്ല. കാരണം പലപ്പോഴായി പനി റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ തന്നെയാണ് വീണ്ടും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരം ജില്ല. ഇത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാനിട. ഒരു തവണ ഡങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും പനി പിടിപെട്ടാല്‍ മരണം വരെ സംഭവിക്കാം. ആന്തരിക രക്തസ്രാവമടക്കമുള്ള പലതും ഇത്തരക്കാരില്‍ ഉണ്ടായേക്കാം. അതിനാല്‍ വളരെ ശ്രദ്ധയോടെ, ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കി ജീവിച്ചാല്‍ മാത്രമേ ഇതില്‍ നിന്ന് രക്ഷ നേടാനാവൂ. കൊതുക് പെരുകാനുള്ള സാഹചര്യമില്ലാതായാല്‍ മാത്രം മതി, ഈ രോഗത്തെ ഇല്ലായ്മ ചെയ്യാം' ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി.പത്മകുമാര്‍ പറഞ്ഞു.

പന്നിപ്പനി വ്യാപകമായി കണ്ടുവരുന്നത് വടക്കന്‍ ജില്ലകളിലാണ്. മലപ്പുറത്താണ് ഈ വര്‍ഷം ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് മറ്റ് ജില്ലാകളിലേക്കും വ്യാപിക്കുകയായിരുന്നു. ഈ വര്‍ഷം ഇതേവരെ 604 പേരില്‍ എച്ച്1 എന്‍1 വൈറസ് ബാധ കണ്ടെത്തി. കാലങ്ങളായി വൈറല്‍ പനിയുടെ സ്വഭാവത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പന്നിപ്പനി വ്യാപകമാണെങ്കിലും ഈ വര്‍ഷം ഇത് ബാധിച്ച് മരിച്ചവരുടെ നിരക്ക് ഞെട്ടിക്കുന്നതാണ്. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കണക്കുകളെടുത്താല്‍ 44 പേരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ 18 മരണങ്ങളും സംഭവിച്ചത് മെയ് മാസത്തിലാണ്. കഴിഞ്ഞ മാസം 260 പേരില്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ എച്ച്1 എന്‍1 വൈറസ് സാധാരണ ഗതിയില്‍ മരണകാരണമാവാറില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈറല്‍ പനിയുടെ അതേ സ്വഭാവം കാണിക്കുന്ന പനി കൃത്യമായ ചികിത്സയിലൂടെ മാറാവുന്നതേയുള്ളൂ. എന്നാല്‍ മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, താരതമ്യേന പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഈ വൈറസ് ശക്തി പ്രാപിക്കുകയും ഇതുവഴി മരണം സംഭവിക്കുകയുമാവാമെന്നും ഇവര്‍ പറയുന്നു.

ഈര്‍ഷം ഇതേവരെ പനി ബാധിതരായി ചികിത്സ തേടിയത് 9,51,314 പേരാണ്. 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് പനികളെ അപേക്ഷിച്ച് ചിക്കുന്‍ഗുനിയ കാര്യമായി പടര്‍ന്ന് പിടിച്ചിട്ടില്ലെങ്കിലും 30 പേരില്‍ ഈ വര്‍ഷം രോഗ ബാധ കണ്ടെത്തി. ഡങ്കിയും എച്ച്1 എന്‍1ഉും പോലെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റൊന്ന് എലിപ്പനിയാണ്. മെയ് മാസത്തില്‍ 133 പേരില്‍ എലിപ്പനി കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇതേവരെ എലിപ്പനി പിടിപെട്ടത് 527 പേര്‍ക്കാണ്. ഇതില്‍ ആറ് പേര്‍ മരണപ്പെട്ടു. 302 പേരാണ് മഞ്ഞപ്പിത്ത ബാധിതരായത്. മൂന്ന് പേര്‍ മഞ്ഞപ്പിത്തം പിടിപെട്ട് മരിച്ചു.

പനി പടരുന്ന സാഹചര്യത്തില്‍ ഇത് നേരിടുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഒ.പി.കളില്‍ ലഭ്യമാക്കും. ആവശ്യമെങ്കില്‍ പനിവാര്‍ഡുകള്‍ തുറക്കുമെന്നും അവര്‍ പറഞ്ഞു.

മഴക്കാല പൂര്‍വ ശുചീകരണത്തിലെ പാളിച്ചയും വരള്‍ച്ചയും കാരണങ്ങള്‍

കാലവര്‍ഷമെത്തുമ്പോള്‍ കേരളം പനിയുടെ പിടിയിലമരുന്ന കാഴ്ച വര്‍ഷങ്ങളായി കണ്ടുവരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ ആരോഗ്യ വകുപ്പ് കാട്ടുന്ന അലംഭാവമാണ് പകര്‍ച്ചപ്പനിബാധ ഇപ്പോഴും നിയന്ത്രണ വിധേയമാവാത്തതിന് കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. 'രോഗം വന്ന് കഴിഞ്ഞ് നെട്ടോട്ടമോടിയിട്ടെന്ത് കാര്യം. വര്‍ഷങ്ങളായി ഒരേ സ്ഥിതി തുടര്‍ന്നു പോരുന്നു. എന്നാല്‍ അതിന് എന്തെങ്കിലുമൊരു പരിഹാരം കാണാനല്ലേ സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്‍കയ്യെടുക്കേണ്ടത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുകയും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് നിലവില്‍ ആരോഗ്യ വകുപ്പ് ചെയ്യുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ചെയ്താല്‍ പകര്‍ച്ചപ്പനികളെ ഒരു പരിധിവരെ തടഞ്ഞ് നിര്‍ത്താനാവും' ആരോഗ്യ പ്രവര്‍ത്തകനായ സനല്‍കുമാര്‍ പറയുന്നു.

വര്‍ഷാവര്‍ഷം കോടിക്കണക്കിന് തുക മഴക്കാല പൂര്‍വ ശുചീകരണത്തിനും പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും ചെലവഴിക്കപ്പെടുന്നില്ല. മഴക്കാല പൂര്‍വ ശുചീകരണത്തിനായി മാത്രം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ ഓരോ വാര്‍ഡിനും 10,000 മുതല്‍ 20,000 രൂപ വരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളും വര്‍ഷങ്ങളായി ഈ ഫണ്ട് ചെലവഴിച്ചിട്ടില്ല. നൂറോളം പഞ്ചായത്തുകളും പല നഗരസഭകളും കോര്‍പ്പറേഷനുകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ തുക പോലും ചെലവഴിച്ചില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഴക്കാല പൂര്‍വ ശുചീകരണത്തിലൂടെ കൊതുകുകളെ അകറ്റാനും ശുദ്ധജല ലഭ്യത കൂട്ടാനുമാവുമെന്നിരിക്കെ ഇത് നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ താത്പര്യം കാണിക്കുന്നില്ല.

ഈ വര്‍ഷം സംസ്ഥാനത്തുണ്ടായ കടുത്ത വരള്‍ച്ചയും രോഗങ്ങള്‍ പടരാനുള്ള കാരണമായി കണക്കാക്കപ്പെടുന്നു. കുടിവെള്ളം കിട്ടാതായതോടെ, കൂടുതല്‍ പേരും തദ്ദേശസ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന വെള്ളമാണ് ആശ്രയിച്ചിരുന്നത്. പലരും ദിവസങ്ങളോളം വെള്ളം ശേഖരിച്ച് വയ്ക്കുക പതിവായിരുന്നു. ഡങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നത് ശുദ്ധജലത്തിലാണ്. പല പാത്രങ്ങളിലായി ശേഖരിച്ച് വയ്ക്കുന്ന വെള്ളത്തില്‍ വളരെ പെട്ടെന്ന് തന്നെ കൊതുകുകള്‍ വളരാനിടയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

വയറിളക്ക രോഗങ്ങളും വ്യാപകം

പകര്‍ച്ചപ്പനി പോലെ തന്നെ കേരളത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് വയറിളക്ക രോഗങ്ങള്‍ പെരുകുന്നത്. ഈ വര്‍ഷം 1,67,890 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയ് മാസത്തില്‍ 41,010 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഇതില്‍ രണ്ട് പേര്‍ രോഗകാരണങ്ങളാല്‍ മരിച്ചു. മെയ് 31 ന് മാത്രം വയറിളക്ക രോഗം ബാധിച്ച 1831 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്. തിരുവനന്തപുരം ജില്ലയിലാണ് രോഗം കൂടുതലും കാണപ്പെടുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് 133 പേര്‍ വയറിളക്ക രോഗങ്ങളുമായി എത്തിയതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കുടിയ്ക്കാന്‍ ശുദ്ധജലം കിട്ടാതായതോടെയാണ് രോഗം വ്യാപകമായതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വേനലില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിച്ച ജില്ലകളില്‍ ഒന്നായിരുന്നു തിരുവനന്തപുരം. വരള്‍ച്ച രൂക്ഷമായിരുന്ന, കുടിവെള്ളം കിട്ടാതിരുന്നയിടങ്ങളിലാണ് വയറിളക്ക രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നതിനാല്‍ ഇത് തന്നെയാവും രോഗത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories