Top

പ്രിയ വാര്യരും അഡാര്‍ ലവും കുറച്ചു മതതീവ്രവാദികളുമല്ല; 'മാണിക്യ മലരായ പൂവി' എരഞ്ഞോളി മൂസയുടെയും തലശ്ശേരി റഫീഖിന്റെയും പാട്ടാണ്

പ്രിയ വാര്യരും അഡാര്‍ ലവും കുറച്ചു മതതീവ്രവാദികളുമല്ല;
പതിറ്റാണ്ടുകളായി മുസ്ലീം കല്യാണ വീടുകളില്‍ ഉയര്‍ന്നു കേട്ടിരുന്ന "മാണിക്യ മലരായ പൂവി" എന്ന പാട്ടിന് ശബ്ദവും, ജീവനും നല്‍കിയത് എരഞ്ഞോളി മൂസ എന്ന ഗായകനായിരുന്നു. പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ മലയാളി നെഞ്ചേറ്റിയ ഈ പാട്ട് പ്രചാരം നേടിയത് എരഞ്ഞോളി മൂസ പാടാന്‍ തുടങ്ങിയതിന് ശേഷമാണ്.

എന്നാല്‍ 2018ല്‍ പൊടുന്നനെ ഈ പാട്ട് ആളുകളുടെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങി. 'ഒരു അഡാര്‍ ലൌ' എന്ന ഒമര്‍ ലുലു ചിത്രത്തില്‍ ഈ പാട്ട് പ്രത്യക്ഷപ്പെട്ടതോടെ ആയിരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ ചില വിദ്യാര്‍ഥികള്‍ കണ്ടെത്തി പാടിയ "മാണിക്യ മലരായ പൂവി"യായിരുന്നു ഒമര്‍ ലുലു ഉപയോഗിച്ചത്.

പാട്ട് പൊടുന്നനെയാണ് നവമാധ്യമങ്ങളില്‍ തരംഗമായത്. പ്രിയ വാര്യര്‍ എന്ന പുതുമുഖ നടിയുടെ കണ്ണിറുക്കല്‍ വൈറല്‍ ആവുകയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കിയപ്പോള്‍ പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാമിലെ താരമായി. രാഹുല്‍ഗാന്ധി പിന്നീട് ഇത് കോപ്പിയടിച്ചു എന്നുപോലും പ്രിയവാര്യര്‍ പറഞ്ഞിരുന്നു.ഇതിനിടയില്‍ ഗാനത്തിനെതിരെ ഹൈദരാബാദിലും, മഹാരാഷ്ട്രയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഹൈദ്രാബാദിലെ ഫലക്നാമ പോലീസ് സ്റ്റേഷനില്‍ റാസ അക്കാദമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയുമാണ് പരാതികള്‍ നല്‍കിയിരുന്നത്. മാപ്പിളപ്പാട്ട് ശൈലിയുള്ള ഗാനം ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പാട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം മാറുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ പാടി വരുന്ന മാപ്പിളപ്പാട്ടാണ് ഇതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാദിച്ചിരുന്നു.

ഗാനത്തിനെതിരെ കേസെടുക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു ഒമര്‍ ലുലുവും പ്രിയ വാര്യരും നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിവാദങ്ങളും കേസും വന്നതോടെ യൂടൂബില്‍ നിന്നും സിനിമയില്‍ നിന്നും ഗാനരംഗം ഒഴിവാക്കാന്‍ സംവിധായകന്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപകമായ പിന്തുണ ലഭിച്ചതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഈ ഗാനത്തിന്റെ പേരില്‍ വിവാദമുയര്‍ന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുകയുണ്ടായി. ഗാനത്തിനെതിരെ ഹൈദരാബാദിലെ ഒരു സംഘം പരാതികൊടുത്തത് യാദൃശ്ചികമായി കാണാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗ്ഗീയവാദികളും മുസ്ലിം വര്‍ഗ്ഗീയവാദികളും ഒത്തുകളിക്കുന്നുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മതമൗലികവാദികള്‍ എല്ലാത്തരം കലയെയും വെറുക്കുന്നുവെന്നും അവര്‍ക്കെതിരായ ശക്തമായ ആയുധമാണ് കലയെന്നും , കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരുന്നു.

Read More: മാലാഖ പോലൊരു വേശ്യ’ എരഞ്ഞോളി മൂസയോട് പറഞ്ഞു, 'എനിക്ക്ങ്ങളെ ബീടരായ് ജനിക്കണം, ങ്ങളെ പാട്ട് അത്രയ്ക്കിഷ്ടാ..’

Next Story

Related Stories