TopTop
Begin typing your search above and press return to search.

ഇറെ ഗൗഡയുടെ ജീവിതം; 'തിഥി' ഉണ്ടായത് ഇങ്ങനെയാണ്

ഇറെ ഗൗഡയുടെ ജീവിതം; തിഥി ഉണ്ടായത് ഇങ്ങനെയാണ്

അഴിമുഖം പ്രതിനിധി

ഇറെ ഗൗഡ എന്ന പതിനെട്ടുകാരന്‍ ബാംഗ്ലൂരില്‍ എത്തുന്നത് ജീവിക്കാനായൊരു ജോലി അന്വേഷിച്ചായിരുന്നു. കിട്ടിയ ജോലി ഒരു റെഡ്ഡിയുടെ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി. ജോലിയും താമസവുമൊക്കെ അതേ ഓഫീസില്‍ തന്നെയാക്കി. അവിടെവച്ചാണ് മുതലാളിയുടെ മകനായ റാം റെഡ്ഡിയുമായി ഇറെ സൗഹൃദത്തിലാകുന്നത്. അവര്‍ ഒന്നിച്ചു ക്രിക്കറ്റും ബാസ്‌ക്കറ്റ് ബോളും കളിച്ചു. മുതലാളിയുടെ മകനും തൊഴിലാളിയും എന്ന വ്യത്യാസം അവര്‍ക്കിടയില്‍ വന്നിരുന്നില്ല. റാം എഴുത്തും വായനയും സ്‌നേഹിച്ച ചെറുപ്പക്കാരനായിരുന്നു. പത്തൊമ്പതാമത്തെ വയസില്‍ റെയ്‌നിംഗ് ഇന്‍ മായ എന്ന തന്റെ ആദ്യ നോവല്‍ റാം പുറത്തിറക്കിയിരുന്നു. റാമിനെപോലെ എടുത്തു പറയാന്‍ കഴിയില്ലാത്തതാണെങ്കിലും മനസില്‍ പല സ്വപ്‌നങ്ങളുമുള്ള ചെറുപ്പക്കരനായിരുന്നു ഇറെ ഗൗഡയും.

നാളുകള്‍ കടന്നുപോകെ ഇറെ താനപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ അസ്വസ്ഥനാകാന്‍ തുടങ്ങി. മറ്റൊന്നും കൊണ്ടായിരുന്നില്ല, കൂടുതല്‍ വിശാലമായ ലോകത്തേക്കു പോകണം എന്ന ചിന്ത അയാളെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു, അതായിരുന്നു കാരണം. സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനം എടുത്തെങ്കിലും നടന്നില്ല. അഴിക്കാന്‍ പറ്റാത്തവിധം മുറുക്കിപ്പോയ സൗഹൃദം ഈറെയെ നിന്നടത്തുതന്നെ പിടിച്ചു നിര്‍ത്തി. ഗൗഡ പോകുന്നത് റാമിനെ സംബന്ധിച്ച് സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. സെക്യൂരിറ്റി ജോലിയില്‍ നിന്നുള്ള വിടുതലാണ് ഗൗഡയ്ക്ക് വേണ്ടതെന്നു മനസിലാക്കിയ റാം അക്കാര്യം പങ്കുവച്ചത് അമ്മയോടാണ്. മകന്റെ മനസ് മനസിലാക്കിയ റാമിന്റെ അമ്മയും ബെംഗളൂരുവിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയുമായ അനിത റെഡ്ഡി ഇറെയെ തനിക്കൊപ്പം കൂട്ടി. ഈറെ ഗൗഡയുടെ ജീവിതത്തിലെ മറ്റൊരു അധ്യായം അവിടെ തുടങ്ങുകയായിരുന്നു.

ഓഫിസ് ബോയി ആയിട്ടായിരുന്നു അനിതയ്‌ക്കൊപ്പമുള്ള ഗൗഡയുടെ തുടക്കം. അവിടെവച്ചാണ് അയാള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചത്. പിന്നീട് ഡ്രൈവിംഗും. അനിതയുടെ ഡ്രൈവറായതോടെ ഇറെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും സമൂഹത്തിന്റെ വിശാലതയിലേക്ക് ഇറങ്ങി ചെന്നു. ദക്ഷിണേന്ത്യ ഒട്ടാകെ അയാള്‍ സഞ്ചരിച്ചെന്നു പറയാം.

റാമിന്റെ അമ്മയ്‌ക്കൊപ്പമുള്ള യാത്രകളില്‍ ഇറെയ്‌ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു, ഒരു കാമറ. ആദ്യമൊക്കെ അയാളതിന്റെ സൂക്ഷിപ്പുകാരന്‍ മാത്രമായിരുന്നു. താമസിയാതെ കാമറ ഉപയോഗിക്കാനും അനിത റെഡ്ഡിയുടെ പരിപാടികള്‍ ഡോക്യുമെന്റ് ചെയ്യാനും തുടങ്ങി. ഫ്രീ സോഫ്റ്റ്‌വെയറുകളുടെയും ഓണ്‍ലൈന്‍ വീഡിയോകളുടെയും സഹായത്തോടെ എഡിറ്റിംഗും പഠിച്ചു. പതിയെ പതിയെ ആണെങ്കിലും കാര്യമായ വൈദഗ്ധ്യം ഇക്കാര്യത്തില്‍ ഗൗഡ നേടിയെടുത്തു. ഈ സമയം റാം റെഡ്ഡി ഡല്‍ഹിയിലാണ്, തന്റെ ഇക്കണമോകിസ് ബിരുദ പഠനവുമായി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍.പഠനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ റാം തന്റെ മനസിലുള്ള ആഗ്രഹം ഗൗഡയോടു പങ്കുവച്ചു. ഒരു ഷോട്ട് ഫിലിം എടുക്കണം. എഴുത്തും കഥപറച്ചിലുമൊക്കെ കൂടെ കൊണ്ടു നടക്കുന്ന കൂട്ടുകാരന്റെ മനസ് അറിഞ്ഞ ഗൗഡ റാമിനൊപ്പം നിന്നു. അങ്ങനെ റാം തന്റെ ആദ്യ ഷോര്‍ട്ട് ഫിലിമായ 'ഇക' (തൂവല്‍) സംവിധാനം ചെയ്തു. റാം തബല പഠിപ്പിക്കാനെത്തുന്ന ബെംഗളൂരുവിലെ ഒരു ഉള്‍പ്രദേശത്തായിരുന്നു ഷൂട്ടിംഗ്. ഇരുപതോളം ഫെസ്റ്റിവലുകളില്‍ ഇക പ്രദര്‍ശിപ്പിക്കപ്പെട്ടു. ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആദ്യഷോര്‍ട്ട് ഫിലിം റാമിന് അത്യവശ്യം പ്രശസ്തി നേടിക്കൊടുത്തു. അതോടെ അയാളില്‍ മറ്റൊരു ചിന്ത കൂടി വന്നു. സിനിമയെടുക്കണം. ആ ചിന്ത റാമിനെ പ്രാഗ് ഫിലിം സ്‌കൂളിലെത്തിച്ചു. പ്രാഗിലേക്കുള്ള യാത്രയ്ക്കു മുമ്പെ റാമും ഇറെയും ചേര്‍ന്നു മറ്റൊരു യാത്ര നടത്തി. അത് ഇറെയുടെ ഗ്രാമത്തിലേക്കായിരുന്നു. ആ ഗ്രാമപശ്ചാത്തലം റാമില്‍ ചില തീരുമാനങ്ങളുണര്‍ത്തി. ആദ്യത്തെ സിനിമ ഈ ഗ്രാമത്തില്‍ നിന്നാകണം. കഥയും കഥാപാത്രങ്ങളും ഇവിടെ നിന്നു തന്നെ വേണം. റാം തന്റെ ആവശ്യം ഗൗഡയെ പറഞ്ഞേല്‍പ്പിച്ചു. ഫിലിം സ്‌കൂള്‍ പഠനത്തിനായി കൂട്ടുകാരന്‍ പോയതിനു പിന്നാലെ ഇറെ ജീവിതത്തിലെ മറ്റൊരു ദൗത്യത്തിലേക്കു തിരിഞ്ഞു.

മൂന്നുവര്‍ഷങ്ങള്‍ ഗൗഡ സഞ്ചരിക്കുകയായിരുന്നു, തന്റെ ഗ്രാമത്തിലൂടെ... ആ യാത്രയില്‍ അയാള്‍ ഗാഡപ്പയേയും തമന്നയേയും അഭിയേയും കണ്ടുമുട്ടി. അവരില്‍ നിന്നായിരുന്നു തുടക്കം. മാണ്ഡ്യയിലുള്ള ഒരു ബന്ധുവിന്റെ വിവാഹത്തിന് പോകുമ്പോള്‍ മറ്റൊരാളെ കൂടി കണ്ടു. നൂറിലേറെ പ്രായമുള്ളൊരു മനുഷ്യന്‍. തങ്ങളുടെ സിനിമയുടെ കേന്ദ്രബിന്ദു ഈ മനുഷ്യന്‍ തന്നെയാകട്ടെ എന്നു ഗൗഡ തീരുമാനിച്ചു. ഇറെ അയാള്‍ക്ക് ഒരു പേരിട്ടു, സെഞ്ച്വറി ഗൗഡ. പിന്നീട് തനിക്കാറിയാവുന്നതും പരിചയപ്പെട്ടതും സ്വന്തം ജീവിതവും കൂട്ടിച്ചേര്‍ക്കുക മാത്രമായിരുന്നു ഇറെയ്ക്ക് ചെയ്യേണ്ടിയിരുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ പകര്‍ത്തിയെഴുതല്‍...

മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം റാം തിരികെയെത്തിയപ്പോള്‍ അതുവരെ താന്‍ കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം ചേര്‍ത്ത് എഴുതിയുണ്ടാക്കിയ കഥ ഇറെ റാമിനു നല്‍കി. അതില്‍ നിന്നാണ് തിഥി എന്ന സിനിമ പിറക്കുന്നത്.

ഫ്ലാഷ് ബാക്ക് ഇവിടെ അവസാനിക്കുന്നു.കന്നഡ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് 'തിഥി' ഈയാഴ്ച റിലീസിനെത്തുകയാണ്. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡിന്റെ തിളക്കമോടെയാണു സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. രാജ്യത്തെ മറ്റു കേന്ദ്രങ്ങളിലേക്കും സിനിമ ഉടനെത്തുമെന്നാണു പ്രതീക്ഷ.

ജീവിതത്തിന്റെയും മരണത്തിന്റെയും അനന്യ നിമിഷങ്ങളെ വെളിവാക്കുന്ന സിനിമ ലോകാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ആദ്യത്തെ ഫീച്ചര്‍ ഫിലിം, ഗോള്‍ഡന്‍ ലെപേര്‍ട് എന്നീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി. മുംബൈ ഫിലിം ഫെസ്റ്റിവല്‍, പാം സ്പ്രിംഗ് ഫിലിം ഫെസ്റ്റിവല്‍, പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബംഗ്ലൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ചലച്ചിത്ര മേളകളില്‍ ഇതിനോടകം തന്നെ പ്രദര്‍ശിപ്പിച്ച ചിത്രത്തിനു ലഭിച്ച പ്രേക്ഷക പ്രശംസ തിഥിയുടെ തിയേറ്റര്‍ റിലീസിനായ് കാത്തിരിക്കുന്നവരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ഉള്‍നാടന്‍ കര്‍ണാടക ഗ്രാമങ്ങളിലെ ജനതയുടെ അതിജീവന കഥകള്‍ വരച്ചിടുന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കാള്‍ എല്ലാരും തന്നെ ഗ്രാമീണരാണ്. നൂറിലേറെ വര്‍ഷങ്ങള്‍ ജീവിച്ച ഒരു വൃദ്ധന്‍ പെട്ടെന്ന് മരിച്ചു പോകുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ചാലിച്ച് ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജീവിത പ്രശ്‌നങ്ങള്‍ പറയുകയാണ് തിഥി.കന്നഡ സിനിമയില്‍ നിലനിന്നിരുന്ന പരമ്പരാഗത ചലച്ചിത്ര നിര്‍മാണ രീതികള്‍ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് തിഥിയെ റാം റെഡ്ഡി ഒരുക്കിയിരിക്കുന്നത്. 'തിരക്കഥയില്‍ ഉണ്ടായാല്‍ മാത്രമേ സ്‌റ്റേജില്‍ കാണുകയുള്ളൂ' എന്ന പാശ്ചാത്യ സിനിമ നിര്‍മാണ രീതി തീര്‍ത്തും ഒഴിവാക്കി കൊണ്ടായിരുന്നു തിഥിയുടെ നിര്‍മ്മാണം. ആദ്യം ലൊക്കേഷന്‍ കണ്ടെത്തുകയും അതിനു ശേഷം കഥാപാത്രങ്ങളെ രൂപപ്പെടുത്തി എടുക്കുകയും ഏറ്റവും ഒടുവില്‍ ഇതിനെയെല്ലാം കൂട്ടിയിണക്കി കൊണ്ടുള്ള കഥ രൂപപ്പെടുത്തുകയുമായിരുന്നു എന്നതു തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. ആദ്യ സിനിമയിലൂടെ തന്നെ എല്ലാവരും പ്രശംസകൊണ്ടു മൂടുമ്പോഴും റാം, ഇറെ ഗൗഡയുടെ കൈകകളില്‍ അമര്‍ത്തിപ്പിടിക്കും. അതായിരുന്നു എന്നും റാമിന്റെ ആത്മവിശ്വാസം. സിനിമയുടെ രചയിതാവ് എന്ന വേഷം മാത്രമല്ല, സഹസംവിധായകന്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എന്നീ ചുമതലകള്‍ കൂടി റാം ഇറെയെ ഏല്‍പ്പിച്ചിരുന്നു.

ഇറെ ഗൗഡയുടെ ജീവിതം അങ്ങനെയാണ്. എപ്പോഴും ഓരോരോ ചുമതലകള്‍ ജീവിതം അയാളെ എല്‍പ്പിച്ചുകൊണ്ടിരിക്കും...


Next Story

Related Stories