TopTop
Begin typing your search above and press return to search.

എ പിയുടെ പൊങ്യാംഗ് ബ്യൂറോയില്‍ എറിക് താൽമാഡ്ജ് ഒറ്റയ്ക്കാണ്

എ പിയുടെ പൊങ്യാംഗ്  ബ്യൂറോയില്‍  എറിക് താൽമാഡ്ജ് ഒറ്റയ്ക്കാണ്

പോള്‍ ഫര്‍ഹി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഉത്തര കൊറിയയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് എറിക് താൽമാഡ്ജിന് ഒന്നാമതായി പറയാനുള്ളത് മിക്കവാറും എല്ലാ കാര്യത്തിലും ലഭിക്കുന്ന 'ഇല്ല' എന്ന ഉത്തരമാണ്.

ഇല്ല, അവിടെ പോകാൻ പാടില്ല. ആ വ്യക്തിയെ അഭിമുഖം ചെയ്യാൻ സാധിക്കില്ല. ഇല്ല, ആ വിവരം നിങ്ങൾക്ക് തരാൻ സാധിക്കില്ല.

പക്ഷെ അസോസിയേറ്റഡ് പ്രസ്സിന്റെ (എ.പി) പ്യോൻഗ്യാങ്ങ് ബ്യൂറോ തലവനും ഒറ്റപ്പെട്ട ഈ രാജ്യത്ത് സ്ഥിരമായുള്ള ഒരേയൊരു പാശ്ചാത്യ റിപ്പോർട്ടറുമായ താൽമാഡ്ജിനിതൊരു ശീലമായി മാറിയിരിക്കുന്നു.

അമേരിക്കൻ മാധ്യമ സ്വഭാവമുള്ള ലേഖകൻമാരെ രാജ്യത്ത് സ്വൈര്യ വിഹാരം നടത്താൻ അനുവദിച്ചാൽ ഇപ്പോൾ കാണുന്ന സര്‍വാധിപത്യപരമായ ഭരണകൂടം പടുത്തുയർത്താനും വളരെക്കാലം നീണ്ടു നിന്ന മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിലെ ഏറ്റവും കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യവും അനുവദിക്കുന്ന രാജ്യമായി മാറാൻ ഉത്തര കൊറിയക്ക് സാധിക്കില്ലായിരുന്നു.

പ്യോൻഗ്യാങ്ങിലെ ഓഫീസിൽ നിന്നോ താമസിക്കുന്ന ഹോട്ടലിൽ നിന്നോ പുറത്തിറങ്ങിയാൽ താൽമഡ്ജിനെ ഒരു സർക്കാർ എജന്റ് സ്ഥിരമായി പോകുന്നയിടങ്ങളിലെല്ലാം പിന്തുടരും. സ്ഥിരം സന്ദർശകരെ കാണുന്നതിലോ മറ്റുള്ള വിദേശികളുമായി സംസാരിക്കുന്നതിലോ യാതൊരു പ്രശ്നവുമില്ല; പക്ഷെ ഏതെങ്കിലുമൊരു അജ്ഞാത ഉത്തര കൊറിയക്കാരനുമായുള്ള സമ്പർക്കം അപകടമണി മുഴക്കത്തിനുള്ള കാരണമായി മാറും. ഒരിക്കൽ രാജ്യത്തെ നാട്ടിൻ പുറത്തേക്ക് നടത്തിയ റോഡ്‌ യാത്രയിൽ സർക്കാർ അംഗീകരിച്ച പാഥയിൽ നിന്നും വഴിമാറ്റമോ ആകസ്മികമായ അഭിമുഖങ്ങളോ നടത്തുന്നില്ലെന്ന കാര്യം ഉറപ്പുവരുത്താൻ വേണ്ടി ഒരു ഏജന്റും തുണയായി കൂടെ പോവുകയുണ്ടായി.ഇതിനു പുറമേ നിരന്തരമായ ഇലക്ട്രോണിക് ബന്തവസുമുണ്ട്. തന്റെ ഇ-മെയിലുകളും, ഇന്റർനെറ്റ്‌ സെർച്ചുകളും ഫോണ്‍ കോളുകളും എന്തിനധികം തന്റെ ദൈന്യം ദിന സംഭാഷണങ്ങൾ പോലും സർക്കാർ നിരീക്ഷണത്തിലാണെന്നാണ് താൽമഡ്ജ് പറയുന്നത്. "എന്റെ സംസാരം മുഴുവൻ റെക്കോർഡ്‌ ചെയ്യപ്പെടുന്നുണ്ടെന്ന വിചാരത്തിലാണ് ഞാൻ ഓരോ വാക്കും ഉച്ചരിക്കുന്നത്."

രാജ്യത്ത് ഭാഗികമായ സ്ഥിര താമസം നടത്താനേ തൽമഡ്ജിനു സാധിക്കുകയുള്ളൂ. തന്റെ കുടുബം താമസിക്കുന്ന ടോകിയോവിൽ നിന്നും ഓരോ മാസവും രാജ്യത്തെത്തുന്ന അദ്ദേഹത്തിനു 10 ദിവസമോ ചിലപ്പോൾ അധികൃതർ കനിഞ്ഞാൽ അതിലധികമോ താമസിക്കാൻ സാധിക്കും.

ഇത്തരത്തിലുള്ള വിലക്കുകൾ അദ്ദേഹത്തിനു റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന വാർത്തകളുടെ നിലവാരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഉത്തര കൊറിയയിലെ ആദ്യത്തെ സ്കി റിസോർട്ട്, പെണ്‍കുട്ടികൾ മാത്രമുള്ള മൊറാൻബൊങ്ങ് എന്ന ബാൻഡിന്റെ ഉദയം, ഏഷ്യയിൽ ഒരേയൊരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇബോള വൈറസിനെ ചെറുക്കാൻ വേണ്ടി രാജ്യം നടത്തിയ ശ്രമങ്ങൾ പോലുള്ള വാർത്തകളാണ് 2013 ൽ ബ്യൂറോ ഏറ്റെടുത്തതു മുതൽ താൽമഡ്ജ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ചിതറിക്കിടക്കുന്ന ഈ വാർത്തകൾക്ക് പോലും രാജ്യത്തിന്റെ ആത്മാവിനെ പുറത്തുകൊണ്ടു വരാൻ സാധിക്കും. രാജ്യത്ത് വർദ്ധിച്ചു വരുന്ന പാശ്ചാത്യ ഫാഷൻ ഭ്രമത്തെക്കുറിച്ച് സെപ്റ്റംബറിൽ താൽമഡ്ജ് എഴുതിയത് വായിച്ചാൽ നമുക്കത് മനസ്സിലാകും " ജീൻസ് ധരിക്കുന്നത് അമേരിക്കൻ താൽപര്യവുമായി അടുത്ത ബന്ധമുള്ളതുകൊണ്ട് രാജ്യ ദ്രോഹമായാണിതിനെ കണക്കാക്കുന്നത്, അതുകൊണ്ടു തന്നെ സർക്കാർ നിരോധിച്ചിട്ടില്ലെങ്കിലും ലോകത്തെല്ലായിടത്തും കാണുന്ന നീല ഡെനിം ധരിക്കുന്നവരെ നിങ്ങൾക്ക് ഉത്തര കൊറിയയിൽ കാണാൻ സാധിക്കില്ല."

രാജ്യത്തെ ഉൾനാടുകളിലേക്ക് അടുത്തിടെ നടത്തിയ ഒരു വാരം നീണ്ടു നിന്ന യാത്രയിൽ 1990 കളുടെ മധ്യത്തിൽ രാജ്യത്തെ ഞെരുക്കിയ ദാരിദ്രത്തിന്റെ യാതൊരു അവശേഷിപ്പും കാണാൻ താൽമഡ്ജിന് സാധിച്ചില്ലെന്നു മാത്രമല്ല ദാരിദ്രത്തെ തുടച്ചു മാറ്റാൻ വേണ്ടി കിം ജൊങ്ങ് ഇൽ തുടങ്ങി വെച്ച കന്നുകാലി പ്രജനന പദ്ധതിയുടെ പരിണിത ഫലമായ അലഞ്ഞു തിരിയുന്ന അനേകം ആട്ടിൻ പറ്റങ്ങളെയാണ് കണ്ടത്. നഗരങ്ങൾക്കു വെളിയിൽ വാഹനങ്ങൾ വളരെ വിരളമായതുകൊണ്ടു തന്നെ യാത്രയിൽ പലയിടത്തു വെച്ചും പട്ടാളക്കാരും പോലീസുകാരും ഏതെങ്കിലും മുതിർന്ന ഉദ്ധ്യോഗസ്ഥൻ സഞ്ചരിക്കുന്ന വാഹനമാണെന്നു കരുതി സല്യൂട്ട് നൽകിയതും താൽമഡ്ജിന്റെ ശ്രദ്ധയാകർഷിച്ചു.

വാർത്തകൾക്കു പുറമേ രാജ്യത്തുള്ള തന്റെ ദൈന്യംദിന ജീവിതത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യാനും താൽമഡ്ജ് താൽപര്യം കാട്ടാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾപോലെത്തന്നെ ചിത്രങ്ങളും രാജ്യത്തിനെക്കുറിച്ചുള്ള പാശ്ചാത്യ ലോകത്തിന്റെ ധാരണകൾ തെറ്റാണെന്ന സന്ദേശമാണ് നൽകുന്നത്."ഉത്തരകൊറിയയെ സൃഷ്ടിപരമായ ഗുണങ്ങളില്ലാത്ത ഒരു രാജ്യമായി കണക്കാക്കി തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു പ്രവണത വിദേശ രാജ്യങ്ങളിലുണ്ട്. ലോകത്തിലെ മറ്റെല്ലാ സമൂഹങ്ങളിലും കാണുന്ന അതേ മാനുഷിക മൂല്യങ്ങളും ദുരിതങ്ങളും തന്നെയാണ് ഇവിടേയും കാണാൻ സാധിക്കുക. ദുർഗ്രഹമായ ഒരു രാജ്യമായാണ്‌ ഉത്തര കൊറിയയെ പലരും കാണുന്നത്. പക്ഷെ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവും ഈ രാജ്യത്തിനോ ജനങ്ങൾക്കോ ഇല്ല. "പതിറ്റാണ്ടുകളായി ഏഷ്യയിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന 53 കാരനായ താൽമഡ്ജ് പറഞ്ഞു.

താൽമഡ്ജ് റിപ്പോർട്ട് ചെയ്യാതിരുന്ന വാർത്തകൾ അദ്ദേഹത്തിന്റെ വിശ്വാസയോഗ്യതയെ ചോദ്യം ചെയ്യുന്നുണ്ട് എന്ന കാര്യം തീർച്ചയാണ്. ആണവായുധ പദ്ധതിയെക്കുറിച്ചും, നിര്‍ബന്ധിത തൊഴില്‍ ശാലകളെക്കുറിച്ചും, പരമോന്നത നേതാവായ കിം ജൊങ്ങ് ഉന്നിനെ എതിർത്ത മുതിർന്ന ഉദ്ധ്യോഗസ്ഥരെ വധിച്ചതിനെക്കുറിച്ചും താൽമഡ്ജ് യാതൊന്നും എഴുതിയിട്ടില്ല.

മെയ്‌ മാസത്തിൽ പ്യോൻഗ്യാങ്ങിലെ ബ്യൂറോവിനു തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റ് ബിൽഡിംഗ്‌ തകർന്നു വീണ് രാജ്യത്തെ കുലീന കുടുംബത്തിലെ അനേകം പേർ മരണപ്പെട്ട വാർത്ത സിയോൾ ബ്യൂറോയിൽ നിന്നാണ് എ.പി നൽകിയത്. വേറൊരു വാർത്തയുമായ്‌ ബന്ധപ്പെട്ട് നഗരത്തിനു പുറത്തായിരുന്നുവെന്ന് പറഞ്ഞ താൽമഡ്ജ് അപകടത്തെക്കുറിച്ചുള്ള യാതൊരു തത്സമയ വാർത്തയും ടെലിവിഷനിലുണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ഇതുകൂടാതെ ഉത്തര കൊറിയ വിഷയമായുള്ള സോണി പിക്ചേർസ് എന്റർറ്റെയിൻമെന്റിന്റെ "ദി ഇന്റർവ്യൂ " എന്ന സിനിമയുമയുടെ പ്രതികരണമെന്ന നിലയിൽ സംഭവിച്ച ഹാക്കിങ്ങിനെക്കുറിച്ചും പ്യൊൻഗ്യാങ്ങ് ബ്യൂറോയിൽ നിന്നും യാതൊരു വാർത്തയും പുറത്തു വന്നിരുന്നില്ല.

ഇത്തരത്തിലുള്ള കാരണങ്ങൾ 2011 ൽ ഉത്തര കൊറിയയിൽ ബ്യൂറോ തുറക്കുന്ന സമയത്ത് എ.പി ഭരണകൂടവുമായി ഒരു രഹസ്യ കരാറിൽ ഏർപ്പെട്ടിരിക്കാമെന്ന സംശയത്തിലേക്ക് മാധ്യമ നിരീക്ഷകരെ നയിച്ചു. ന്യൂയോർക്കിലെ റിപ്പോർട്ടിങ്ങിനുള്ള അതേ നിലവാരമാണ് പ്യോൻഗ്യാങ്ങിലേതിനുമുളളതെന്ന് എ.പി വാദിക്കുന്നതെങ്കിലും കിമ്മിന്റെ ഭരണകൂടത്തിനു കീഴെ നിലനിൽക്കാൻ വേണ്ടി ചില വിട്ടു വീഴ്ചകൾ ചെയ്തിരിക്കാമെന്ന നിലപാടിൽ തന്നെയാണ് വിമർശകർ ഉറച്ചു നിൽക്കുന്നത്.

"എക്സ്ക്ലൂസീവായ ഒരു വാർത്ത പോലും പ്യൊങ്ങ്ഗ്യാങ്ങ് ബ്യൂറോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മാത്രമല്ല വാർത്തകളിൽ ഭൂരിഭാഗവും നോർത്ത് കൊറിയക്ക് അനുകൂലമായതാണ്. ആതിഥേയനെ അവഹേളിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും എ.പി നടത്തുന്നുണ്ട്. "വാഷിംഗ്ടനിലുള്ള വക്കീലും നോർത്ത് കൊറിയയെക്കുറിച്ചുള്ളൊരു ബ്ലോഗും കൈകാര്യം ചെയ്യുന്ന ജോഷ്വാ സ്റാൻടൻ പറഞ്ഞു.

ഉത്തര കൊറിയയെ കേന്ദ്രീകരിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്‌സൈറ്റായ എൻ.കെ ന്യൂസിനും ഇതേ സംശമാണുള്ളത്. സർക്കാർ നിയന്ത്രണത്തിലുള്ള കൊറിയൻ കേന്ദ്രീയ വാർത്താ ഏജൻസിയുമായുള്ള കാരാറിന്റെ ഭാഗമായി നിയമിക്കപ്പെട്ട പ്രാദേശിക ജീവനക്കാരിൽ ഒരു റിപ്പോർട്ടറും ഫോട്ടോഗ്രഫറുമാണുള്ളത്. സർക്കാറിനു വേണ്ടി രഹസ്യ വിവരങ്ങൾ ശേഖരിക്കുന്ന സംഘടനനയെന്ന സംശയത്തിന്റെ മുനയിലുള്ള കെ.സി.എൻ.എയുമായുള്ള ഈ കരാർ എ.പിയുടെ വിശ്വാസ്യതയെ കൂടുതൽ പരുങ്ങലിലാക്കും."കെ.സി.എൻ.എയുടെ റിപ്പോർട്ടർ തരുന്ന വാർത്തകൾ താൽമഡ്ജിന്റെയും മറ്റുള്ള എഡിറ്റർമാരുടേയും തിരുത്തലുകൾക്കു ശേഷം മാത്രമേ എ.പി പ്രസിദ്ധീകരിക്കാറുള്ളൂ. രാജ്യത്ത് പ്രവേശിക്കാനുള്ള ടിക്കറ്റാണ് പ്രാദേശിക ലേഖകൻമാർ. "എ.പിയുടെ വക്താവായ പോൾ കോൾഫോർഡ് തങ്ങളുടെ ഭാഗം ന്യായീകരിച്ചു.

"എനിക്കെന്തു വേണെമെങ്കിലും എഴുതാം, ഭരണകൂടത്തിലുള്ള ഉദ്യോഗസ്ഥരിലാരുമെന്റെ വാർത്തകളെ നിരീക്ഷിക്കാറില്ല. മറ്റുള്ളവരെപ്പോലെ പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രമേ അവരും വാർത്തകൾ കാണാറുള്ളൂ. " താൽമഡ്ജ് തനിക്കെതിരെയുള്ള വിമർശനങ്ങളെ പാടേ തള്ളിക്കളഞ്ഞു.

ശീതയുദ്ധത്തിന്റെ സമയത്ത് സോവിയറ്റ് യൂണിയനിലും ചൈനയിലുമുണ്ടായിരുന്ന വിദേശ ലേഖകൻമാർ നേരിട്ട രീതിയിലുള്ള മുൻകൂട്ടി രംഗാവിഷ്ക്കാരം നടത്തിയ സംഭവങ്ങളിലേക്ക് മാത്രമേ താൽമഡ്ജും എത്തിപ്പെടുന്നുള്ളൂ എന്ന സംശയമാണ് പല വിമർശകരും ഉന്നയിക്കുന്നത്. സർക്കാർ നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ചെന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് വാർത്തകളൊന്നും ഇല്ലാത്തതിനേക്കാൾ ഭേദമാണെന്ന അഭിപ്രായക്കാരനാണ് ഉത്തരകൊറിയയിൽ പഠിച്ച് ഇപ്പോൾ സിയോളിലെ കൂക്ക്മിൻ യൂണിവേർസിറ്റിയിൽ കൊറിയൻ ചരിത്രം അധ്യാപകാനായ ആന്ദ്രെ ലാൻകോവിന്.

എപിയുടെ പ്യോൻഗ്യാങ്ങ് ബ്യൂറോയുടെ ആദ്യത്തെ തലവനും താൽമഡ്ജിന്റെ മുന്‍ഗാമിയായ ജീൻ എച്. ലീയും ഇതേ അഭിപ്രായക്കാരനാണ്.

"ഉത്തരകൊറിയൻ ജനങ്ങളെ യന്ത്രങ്ങളും ബ്രെയിൻ വാഷ് ചെയ്യപ്പെട്ടവരുമായിട്ടാണ് പലരും സങ്കൽപ്പിക്കുന്നത്. ദുഷ്കരമായ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യത്തിൽ ജീവിക്കുന്ന സാധരണ മനുഷ്യരാണവർ, അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയാൽ മാത്രമേ അവരുമായുള്ള ബന്ധം ഫലസമൃദ്ധമാക്കാൻ പാശ്ചാത്യ ലോകത്തിനു സാധിക്കുകയുള്ളൂ. പാശ്ചാത്യ മാധ്യമങ്ങൾ ഉത്തര കൊറിയയെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ പലതും വെറും ഊഹാപോഹങ്ങൾ മാത്രമാണ്. ജനമധ്യത്തിൽ നിൽക്കാൻ ഇഷ്ടപ്പെടുന്ന കിമ്മിന്റെ മൂന്നാഴ്ചത്തെ തിരോധാനത്തെക്കുറിച്ച് മാധ്യമങ്ങൾ പരത്തിയ വാർത്തകള്‍ ഉദാഹരണമായെടുത്താൽ തന്നെ ഇക്കാര്യം നിങ്ങൾക്ക് മനസ്സിലാകും." ഇപ്പോൾ വാഷിംഗ്ടണിലെ വൂഡ്റോ വിൽ‌സണ്‍ ഇന്റർനാഷണൽ സെന്ററിൽ കൊറിയൻ ചരിത്രത്തിൽ പണ്ഡിതനായ ലീ പറഞ്ഞു.

"മനുഷ്യാവകാശം, പട്ടാളം, ആണവായുധങ്ങൾ പോലുള്ള വിഷയത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥരോ പൌരൻമാരോ തയ്യാറാവില്ല. പരിമിതികളുണ്ടെങ്കിലും സത്യമായ വിവരങ്ങൾ തന്നെയാണ് ഞാൻ റിപ്പോർട്ട് ചെയ്യുന്നത്." ഒഴിവു സമയങ്ങളിൽ രാജ്യത്തെ തെരുവുകളിളും ഭക്ഷണശാലകളിലും കറങ്ങി കൊറിയൻ ജീവിതത്തിന്റെ സത്ത മനസ്സിലക്കാൻ ശ്രമിക്കുന്ന താൽമഡ്ജ് പറഞ്ഞു നിർത്തി.


Next Story

Related Stories