TopTop
Begin typing your search above and press return to search.

പട്ടികളെ തല്ലിക്കൊന്നു; ജയിലിലുമായി, ജാമ്യവും കിട്ടി; പക്ഷെ പിറവം കൗണ്‍സിലര്‍ ഇനി നേരിടേണ്ടത് ആരെയൊക്കെ?

പട്ടികളെ തല്ലിക്കൊന്നു; ജയിലിലുമായി, ജാമ്യവും കിട്ടി; പക്ഷെ പിറവം കൗണ്‍സിലര്‍ ഇനി നേരിടേണ്ടത് ആരെയൊക്കെ?

കൃഷ്ണ ഗോവിന്ദ്

കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്ടറായി പുതിയതായി ചാര്‍ജെടുത്ത കെ മുഹമ്മദ് വൈ സഫിറുള്ള ഐഎഎസിന് ലഭിച്ച ആദ്യ ഔദ്യോഗിക കോളുകളില്‍ ഒന്ന് കേന്ദ്രത്തില്‍ നിന്നായിരുന്നു. വിഷയം തെരുവ് നായ തന്നെ. വിളിച്ചത് മറ്റാരുമല്ല; പ്രമുഖ മൃഗസംരക്ഷകയും വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ മനേകാ ഗാന്ധി.

പിറവം നഗരസഭയിലെ 20-ാം ഡിവിഷനിലെ കൗണ്‍സിലറും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റുമായ ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ പത്ത് തെരുവ് പട്ടികളെ കൊന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ചതാണ് മനേകാ ഗാന്ധിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ജില്‍സ് പെരിയപ്പുറത്തിന്റെ 'ധീര'കൃത്യം നാട്ടുകാരും സാമൂഹിക മാധ്യമങ്ങളും കൊണ്ടാടുകയാണ്.

പക്ഷേ അദ്ദേഹത്തെ കാത്തിരിക്കുന്നത് നിയമത്തിന്റെ നൂലാമാലകളാണ്.

നായ്ക്കളെ കൊന്നൊടുക്കിയതുമായി ബന്ധപ്പെട്ട് ജില്‍സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനേകാ ഗാന്ധിയെ കൂടാതെ ഇതിനെക്കുറിച്ച് ഡിജിപി ലോകനാഥ് ബെഹ്റയും വിശദീകരണം തേടിയിട്ടുണ്ട്. തന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കൂടി കേസുണ്ടെന്നാണ് ജില്‍സ് പറയുന്നത്.


ജില്‍സിനെതിരെ ഐപിസി 428,34 വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ മേനക ഗാന്ധി, ഗര്‍ഭിണികളായിട്ടുള്ള വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ചു കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ജില്‍സിനെതിരെ മോഷണകുറ്റത്തിനും മറ്റും കേസുകള്‍ ചാര്‍ജ് ചെയ്യുവാന്‍ സാധ്യതയുണ്ട്. ദി വീക്കിന് മേനക ഗാന്ധി നല്‍കിയ അഭിമുഖത്തില്‍ ജില്‍സിനെതിരെയും കേരളത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്.


പട്ടികളെ പരസ്യമായി കൊന്നിട്ടും കേരളത്തിലെ സര്‍ക്കാരോ പോലീസോ ഒന്നും ചെയ്യുന്നില്ല. പട്ടികളെ കൊല്ലാന്‍ ബിസിനസുകാരന്‍(കൊച്ചൗസേഫ് ചിറ്റലപ്പിള്ളി) പരസ്യമായി പണം നല്‍കുന്നു. ഇവിടെ നടന്ന സംഭവങ്ങള്‍ ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഗര്‍ഭിണികളായിട്ടുള്ള വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ചു കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നാണ്. ഗര്‍ഭിണികളായിട്ടുള്ള സ്ത്രീകളോടും ഇവര്‍ ഇത്തരത്തില്‍ പെരുമാറുമോ? ഇന്ത്യയില്‍ കേരളത്തില്ലാതെ വെറെയെങ്ങും ഇത് നടക്കില്ലെന്നും മേനക കൂട്ടിച്ചേര്‍ത്തു. മേനകയുടെ പ്രസ്താവനയില്‍ പിറവത്ത് വന്‍ പ്രതിഷേധമായിരുന്നു നടന്നത്. മേനകയുടെ കോലം കത്തിക്കുകയും ജില്‍സിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.'പട്ടികളെ കൊല്ലുന്നതിനെതിരെ എന്തു കേസു വന്നാലും എനിക്ക് ഭയമില്ല; തെരുവുനായ്ക്കളെ മുഴുവന്‍ കൊന്നുതള്ളിയ ശേഷമേ ഇത് ഞാന്‍ അവസാനിപ്പിക്കൂ. എന്തെങ്കിലും ചെയ്താല്‍ അധികാരം പോകും എന്ന പേടി കാരണമാണ് മന്ത്രിമാരും എംഎല്‍എമാരും ഇതിനെതിരെ നടപടി എടുക്കാന്‍ തുനിയാത്തത്. നായ് വിഷയത്തില്‍ പ്രയോജനമില്ലാത്ത ചര്‍ച്ചകളും നടത്തി ചായയും കുടിച്ച് നടന്നത് മതിയായതുകൊണ്ടാണ് ഇവറ്റകളെ കൊല്ലാന്‍ നേരിട്ടിറങ്ങിയത്.' ജില്‍സ് അഴിമുഖത്തോട് പറഞ്ഞു.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള മൃഗ ജനന നിയന്ത്രണ ചട്ടം അഥവാ എബിസി നിയമം (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആക്ട്) ഫലവത്താകില്ലെന്നും അങ്ങനെ ചെയ്ത നായ്ക്കള്‍ മുമ്പത്തേക്കാള്‍ ആക്രമണകാരിയാകാനുള്ള സാധ്യത കൂടുതലാണെന്നുമാണ് ജില്‍സ് പറയുന്നത്. മൃഗഡോക്ടറുമാരുടെ എണ്ണം കുറവായതു മൂലം എബിസി നടപ്പാക്കാന്‍ കുറഞ്ഞത് അഞ്ചുകൊല്ലത്തിനു മുകളിലെങ്കിലും വേണം. തെരുവ് നായ്ക്കള്‍ക്കുള്ള ആലയം എന്ന ആശയത്തോട് ജില്‍സ് പറയുന്നത് ലക്ഷകണക്കിന് ആളുകള്‍ പട്ടിണി കിടക്കുകയും മരിക്കുകയും ചെയ്യുന്ന രാജ്യത്ത് ലക്ഷങ്ങള്‍ ചിലവിട്ട് നായ്ക്കളെ സംരക്ഷിക്കുകയെന്നത് നടപ്പുള്ള കാര്യമല്ല എന്നാണ്.

'കേരളത്തില്‍ ജനങ്ങളുടെ ജിവനെക്കാളും വിലയുള്ളത് പട്ടികളുടെ ജീവനാണ്; പത്ത് പട്ടികളെ കൊന്നപ്പോഴേക്കും അതിനെക്കുറിച്ച് അറിയാന്‍ കേന്ദ്രത്തില്‍ നിന്നും മനേകാ ഗാന്ധി, ഡിജിപി ലോകനാഥ് ബെഹ്റ അങ്ങനെ ആരൊക്കെയാണ് വിളിച്ചിരിക്കുന്നത്. ഇവരെല്ലാം പട്ടികളെ അന്വേഷിക്കാന്‍ മാത്രമാണ് വിളിച്ചത്. ഇത്രയും നാളും തെരുവ് നായ്ക്കള്‍ കാരണം എത്ര ജീവിതങ്ങളാണ് ദുരിതമനുഭവിച്ചിരിക്കുന്നത്. അതൊന്നും അന്വേഷിക്കുവാന്‍ ആരും തയ്യാറാവുന്നില്ല. ഇവിടെ മനുഷ്യനെക്കാളും വില പട്ടിക്കാണ്.' ജില്‍സ് രോഷം കൊള്ളുന്നു.

ഈ അടുത്ത കാലത്തായി നിരവധി പേര്‍ക്ക് പിറവത്ത് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തെരുവുനായ ശല്യം സഹിക്കാനാവതെ ജനങ്ങള്‍ സമരവുമായി നഗരസഭാ ഓഫീസിലും എത്തി. നഗരസഭയും സര്‍ക്കാരും ഈ വിഷയത്തില്‍ ക്രിയാത്മകമായ നടപടികളെടുക്കാതെ വെറുതെ ചര്‍ച്ച ചെയ്തിരിക്കുമ്പോള്‍ നായയുടെ ആക്രമണം കാരണം ജീവന്‍ വരെ വെടിയേണ്ടി വന്ന സംഭവങ്ങളാണ് നായ്ക്കളെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ജില്‍സ് പറയുന്നു.വേങ്ങരയില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ നായ്കള്‍ ദാരുണമായി ഉപദ്രവിച്ചതും അയല്‍ക്കാരനായ ഓട്ടോ ഓടിച്ചു ജീവിക്കുന്ന ഷൈന്‍മോന്റെ (42) വണ്ടിക്കു മുന്നില്‍ പട്ടി കുറുകെ ചാടുകയും തുടര്‍ന്നുള്ള അപകടത്തില്‍ അദ്ദേഹത്തിന് ഒരു കിഡ്നി മാറ്റേണ്ടതായി വന്നതും ജില്‍സിന് തെരുവ് നായ്ക്കള്‍ക്കെതിരെ തിരിയാന്‍ കാരണമായി. പട്ടികളെ കൊന്ന കുറ്റത്തിന് ജയിലിലായി ജാമ്യത്തിലിറങ്ങിയ ജില്‍സിനെ അനുമോദിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റലപ്പിള്ളി നല്‍കിയ അമ്പതിനായിരം രൂപ, രണ്ടാമത്തെ കിഡ്നിയും തകരാറിലായ ഷൈന്‍മോന് നല്‍കിയിരുന്നു.

മുന്നൂറിലധികം തെരുവുനായ്ക്കള്‍ പിറവം ടൗണിലുണ്ടെന്നാണ് ഏകദേശകണക്കുകള്‍. എന്തു നിയമ നടപടികള്‍ വന്നാലും ഈ തെരുവുനായ്ക്കളെ മുഴുവന്‍ കൊന്നുതള്ളിയ ശേഷമേ തന്റെ ദൗത്യം അവസാനിപ്പിക്കു എന്ന നിലപാടിലാണ് ജില്‍സ്. പോലീസ് അറസ്റ്റ് ചെയ്ത ജില്‍സിനെ നഗരസഭാ ചെയര്‍മാന്‍ സാബു കെ ജേക്കബ് എത്തിയായിരുന്നു ജാമ്യത്തില്‍ പുറത്തിറക്കിയത്.പട്ടിയെ കൊല്ലുന്നതിനെതിരെ പല മൃഗ സ്നേഹികളും ജില്‍സിനെതിരെ തിരിഞ്ഞിട്ടുണ്ട്. പലരും നിയമപരമായി മുന്നോട്ടു പോകുന്നുമുണ്ട്. "ഇതിലൊന്നും ഞാന്‍ തളരില്ല. ധാരാളം പേര്‍ പിന്തുണയ്ക്കുന്നുണ്ട്. സാമൂഹിക മാധ്യങ്ങളില്‍ തന്നെ പിന്തുണ അറിയിച്ചുകൊണ്ടു നിരവധി ആളുകളാണ് എത്തുന്നത്. ഇത്, തന്റെ നടപടിക്കുള്ള അംഗീകാരമാണ്', ജില്‍സ് പറയുന്നു.

ഇനി നേരിടേണ്ടത് എന്തിനെയൊക്കെയായിരിക്കും? എന്ന ചോദ്യത്തിന് ജില്‍സിന് ഒറ്റ ഉത്തരമെയുള്ളൂ. 'എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും എന്തു വന്നാലും ഇതില്‍ നിന്ന് ഞാന്‍ പുറക്കോട്ടില്ല!'

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)


Next Story

Related Stories