TopTop
Begin typing your search above and press return to search.

ഗോഡ്ഫാദര്‍ ഇല്ലാത്ത ബിജിമോളോട് സിപിഐ ഇനിയെന്തു ചെയ്യും?

ഗോഡ്ഫാദര്‍ ഇല്ലാത്ത ബിജിമോളോട് സിപിഐ ഇനിയെന്തു ചെയ്യും?

കെ എ ആന്റണി

നിവര്‍ത്തിയില്ലെങ്കില്‍ നീതിമാന്‍ പിന്നെന്തു ചെയ്യും എന്ന ആ പഴയ ചോദ്യം സിപിഐ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളുടെ കാര്യത്തില്‍ എങ്ങനെ വന്നുഭവിക്കും? എന്നുമാത്രമല്ല, അതിനപ്പുറം കമ്യൂണിസ്റ്റുകളിലെ ചിന്തകളെയും ദുഷ്ചിന്തകളെയും കൂട്ടിവായിക്കുന്ന ഒന്നായി തന്നെയാണ് ഈ കാര്യങ്ങള്‍ അത്രയും വായിക്കേണ്ടത്. ബിജിമോള്‍ പറഞ്ഞതത്രയും കള്ളം, ഇനി പറയാനിരിക്കുന്നതും കള്ളം എന്ന രീതിയിലുള്ള സിപിഐ സംവിധാനങ്ങളെ സിപിഐയിലെ തന്നെ പഴയ സഖാവിനികള്‍ എങ്ങനെ ഏറ്റെടുത്തിരുന്നുവെന്നും പിന്നീടൊരിക്കല്‍ തുടര്‍വായനയാക്കാമെന്ന് സഖാവ് മീനാക്ഷി തമ്പാന്‍ പറഞ്ഞിരുന്നു. മീനാക്ഷി തമ്പാനു സ്തുതി. കാര്യങ്ങള്‍ അത്ര ലളിതമല്ല. സ്ത്രീപക്ഷവാദം കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ തീരെ മോശമാണെന്നു ഗോമാത്രസാത്വികയായ ശശികലടീച്ചറെ കൊണ്ടും പറയിച്ചേ അടങ്ങൂ എന്നൊരു വാശിയിലായിരിക്കണം കമ്യൂണിസ്റ്റുകള്‍. ആറ്റിങ്ങലില്‍ കടലില്ലെന്നു കണ്ട് മടങ്ങിയ ശശികല വീണ്ടും അവതാര ദേവതയായി തിരിച്ചുവന്നുകൂട എന്നില്ല.

ദൈവാവതാരങ്ങള്‍ അരങ്ങു തീര്‍ക്കുന്ന നാട്ടില്‍ ഒന്നര പതിറ്റാണ്ടിലേറെ പീരുമേട് എംഎല്‍എ ആയുള്ള ഒരു തൊഴിലാളി വനിതയുടെ കഥനകഥ വായിക്കുക. തൊഴിലാളികള്‍ എന്നും തൊഴിലാളികളായിരുന്നു. കമ്പനിക്കാര്‍ സായിപ്പും നാടനും ചേര്‍ന്ന രുചിവകകള്‍. പീഡിപ്പിക്കപ്പെട്ടതത്രയും പെണ്ണായ്മയും പെണ്ണൊരുത്തി ഇറങ്ങിയാല്‍ എന്തും നേടാമെന്ന ആണത്വത്തിന്റെ പരിഹാസങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കപ്പെട്ട ഒരു നാടു കൂടിയാണ് ഇടുക്കിയും.

ബിജിമോള്‍ അറിയുന്നതിനു മുമ്പു തന്നെ സിംഹികള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയതിന്റെ പ്രത്യാഘാതങ്ങളാണ് പെണ്ണൊരുമയിലൂടെ മണ്ണിന്റെ പെണ്ണായ്മ കൂട്ടായി നടത്തിയത്. അന്നും ബിജിമോള്‍ അവര്‍ക്കൊപ്പം നില്‍ക്കുക മാത്രമല്ല വി എസിനെകൂടി കൂട്ടിക്കൊണ്ടുവന്ന് കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാക്കി മാറ്റി.

വണ്‍ ടൂ ത്രീ എന്നൊക്കെ പറഞ്ഞുവെന്ന്‍ മാധ്യമങ്ങള്‍ ഇകഴ്ത്തിയാടിയ മണിയാശാന്‍ ജയിച്ചു. ബിജിമോളും ജയിച്ചു. മണിയാശാനെതിരേ മത്സരിച്ച ഹിന്ദിവാല സേനാപതി വേണു തോറ്റത് മണിയാശാന്റെ കൃപകൊണ്ടു മാത്രമല്ല, പെണ്ണൊരുത്തി തമിഴുംപേശി തേയില തൊഴിലാളികള്‍ക്കിടയില്‍ ഓടിനടന്നിരുന്നതിന്റെ പ്രത്യുപകാരം കൂടിയാവണം ഇടുക്കിയിലെ എല്‍ഡിഎഫ് വിജയം. ഇതത്രയും ഇലക്ഷന്‍ പഴംപുരാണങ്ങള്‍.

എവിടെ നില്‍ക്കണം എങ്ങോട്ടു പോകണം എന്നറിയാത്ത ഒരു പാര്‍ട്ടി ഉണ്ടായിരുന്നു പണ്ട്. അതിനെ കയ്യാലപുറത്തെ തേങ്ങ എന്നാണു പഴയ കമ്യൂണിസ്റ്റുകള്‍ വിളിച്ചിരുന്നത്. സംഘം ചേരുക, വിപ്ലവം ജയിപ്പിക്കുക എന്നിടത്തു നിന്നും പിളര്‍പ്പിനുശേഷമുള്ള സിപിഐ ഏറെ തകര്‍ന്നും തളര്‍ന്നും പോയിരുന്നു. അവര്‍ക്കു വേണ്ടി വിയര്‍പ്പും തടിമിടുക്കും കൊണ്ട് പിളര്‍പ്പിനുശേഷമുള്ള പാര്‍ട്ടിയെ നിലനിര്‍ത്താന്‍ പാടുപെട്ട ഒരു പെണ്ണിനെ ആര്‍ത്തിപൂണ്ട ഒരു പാര്‍ട്ടി എന്തുകൊണ്ടു മറന്നു എന്ന തീര്‍ത്തും ലളിതമായൊരു ചോദ്യം മാത്രമേ ബിജിമോള്‍ ഉന്നയിച്ചിരുന്നുള്ളൂ. അതൊരു മാഗസിന്‍ അഭിമുഖത്തില്‍ ആയാല്‍പ്പോലും.

സത്യം എപ്പോഴും തിരിഞ്ഞു കൊത്തും. സ്ത്രീപക്ഷ വിരുദ്ധരാണ് എന്നൊരു വ്യാഖ്യാനം ഏറെ പഠനത്തിനുശേഷം ഞാന്‍ ഉന്നയിക്കുമ്പോള്‍, കാനം രാജേന്ദ്രനും അയാള്‍ക്കു മുകളില്‍ ഉള്ളവരും ബാധ്യസ്ഥരാകേണ്ടതുണ്ടെന്ന് ഇനിയും ബിജിമോള്‍ പറഞ്ഞിട്ടില്ല. തനിക്ക് ഗോഡ്ഫാദറില്ല, തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങളെ വച്ചിട്ടാണ് ഈ നടപടി എന്നു പറയുമ്പോള്‍, പെണ്ണൊരുത്തി ഉണ്ടായതുകൊണ്ടു മാത്രമാണ് നിങ്ങളിത്ര കാലവും ഉറഞ്ഞാടിയതെന്ന് മനസിലാക്കുവാന്‍ സിപിഐയിലെ ആണ്‍കോയ്മകള്‍ക്ക് എത്രകാലമെടുക്കും?

ജയിപ്പിക്കാന്‍, നിര്‍ത്താന്‍ എത്രപേരുണ്ട് കൂട്ടത്തില്‍ എന്ന വല്യേട്ടന്റെ ചോദ്യത്തിനു മുന്നില്‍ എക്കാലത്തും പീരുമേട്ടിലെ ഈ പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളുടെ കൃപ തന്നെയായിരുന്നു അന്നാട്ടില്‍ സിപിഐയുടേയും എല്‍ഡിഎഫിന്റെയും വെളിച്ചവും എന്നതു തന്നെയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായത്.ഇനിയിപ്പോള്‍ ബിജിമോള്‍ എന്തെടുക്കും എന്നു ചോദ്യത്തിലേക്ക് കടക്കുമ്പോള്‍ ഉപാധികള്‍ ഒരുപാടുണ്ട്. മീന്‍ പിടിക്കാന്‍ പോകുന്ന ചെക്കന്‍ വി എസ് അച്യുതാനന്ദന്‍ മുഖമടച്ചാക്ഷേപിച്ച ആഞ്ചലോസിന് സിപിഎം വിട്ട് സിപിഐക്കാരന്‍ ആകാമെങ്കില്‍ കാനം രാജേന്ദ്രന്റെയും മറ്റും മുഖത്തൊരടിയേല്‍പ്പിച്ച് ബിജിമോള്‍ സിപിഎംകാരിയായാല്‍ എന്തുണ്ട് ലാഭമെന്ന് ആലോചിച്ച് വല്യേട്ടന്‍ സഖാക്കള്‍ തലപുണ്ണാക്കുന്നുണ്ടാകും. ഒരു പരിധിവരെ കാര്യങ്ങള്‍ ആ ഘട്ടത്തിലേക്കു തന്നെയാണു നീങ്ങുന്നത്. തൃശൂരില്‍ മാത്രം ഒടതുക്കപ്പെടേണ്ടവരാണോ തങ്ങളെന്ന കൃത്യമായ ചിന്തയും രാഷ്ട്രീയബോധവും ഇല്ലെങ്കില്‍ ഗതികേടിന്റെ വക്കിലേക്ക് അല്ലെങ്കില്‍ രണ്ടുതരം അനാക്കോണ്ടയുടെ വായിലേക്ക് ഒതുങ്ങിപ്പോകുന്ന ഒരു ഗതികേട് സ്വമേധയ ക്ഷണിച്ചു വരുത്തേണ്ടതില്ല. പെണ്ണൊരുമ്പെട്ടാല്‍ എന്നൊക്കെ പറയുന്നതുപോലെയല്ല കാര്യങ്ങള്‍. പെണ്ണിനും രാഷ്ട്രീയത്തില്‍ ഇടമുണ്ട്. കണ്ണൂരില്‍ നടക്കുന്ന കലാപങ്ങള്‍ ഞങ്ങളുടേതല്ലെന്നും ഞങ്ങള്‍ സ്വയം സിപിഐ സ്ഥാപകരാണെന്നും പറയുന്നവര്‍ക്ക് തിരിച്ചടി കിട്ടാന്‍ അധികം താമസം ഉണ്ടാകില്ല.

ബിജിമോള്‍ പാര്‍ട്ടി വിട്ടാല്‍ സിപിഐക്ക് എന്തു സംഭവിക്കും എന്നുള്ളതല്ല ഇവിടുത്തെ കാര്യം. മൂന്നു മന്ത്രിമാരെ എടുക്കുമ്പോള്‍ മൂന്നുതവണ പീരുമേട്ടില്‍ നിന്നും, അതും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തട്ടകത്തില്‍ നിന്നും സിപിഐക്കു മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത ഒരു വനിതയെ ഇത്രകണ്ടങ്ങ് ഭത്സിക്കേണ്ടതില്ല. താന്‍ ചെയ്ത ജോലിയുടെ ഭാഗമായി തനിക്കും ഒരു മന്ത്രിസ്ഥാനം കിട്ടിയേക്കാമെന്ന് ഒരു നാടന്‍ തൊഴിലാളി വനിത പറഞ്ഞാല്‍ അതിനെ ഇത്രകണ്ടങ്ങ് പാര്‍ട്ടി വിരുദ്ധവും അച്ചടക്കലംഘനത്തിന്റെ പരിധിയില്‍ വരുന്നതുമായി കാണുന്നത് തികച്ചും നികൃഷ്ടവും സ്ത്രീപക്ഷവിരുദ്ധവും തന്നെ.

കാന്തലോട്ട് കുഞ്ഞമ്പു മന്ത്രിയായിരുന്നു. ആര്‍എം മില്‍സ് സമരം നടന്നതും അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ്. ഭാര്യ സുശീല അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ലേഖികയായിരുന്നു. 1964ലെ പിളര്‍പ്പിനുശേഷം ടീച്ചര്‍ ദേശാഭിമാനിയിലും ഭര്‍ത്താവ് കാന്തലോട്ട് കുഞ്ഞമ്പു സിപിഐയിലും തുടര്‍ന്നു. കേരളത്തിലെ പിളര്‍പ്പു മാത്രമായിരുന്നില്ല, ജര്‍മനിയിലെ വന്‍മതില്‍ പൊളിഞ്ഞപ്പോഴും ഉണ്ടായ ഗതികേടുകള്‍ എഴുത്തിലും സിനിമയിലൂടെയും വായിക്കുന്നതിനേക്കാള്‍ അതിഭീകരമായിരുന്നു കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂരിലും. ആരും മറന്നുപോകാത്ത കാലമാണത്. സോവിയറ്റ് പബ്ലിക്കേഷന്‍സുമായി അടിക്കടി ഉയര്‍ച്ച പ്രാപിക്കുന്ന സിപിഐക്കാരെ തിരസ്‌കരിച്ച ടീച്ചര്‍ക്കു മക്കളുണ്ടായിരുന്നില്ല. കാന്തലോട്ടിനു സേലം ജയിലിലേറ്റ പുണ്ണുകള്‍ ഒപ്പി മന്ത്രിപദവിയിലേക്ക് അയക്കുമ്പോഴും ആര്‍ത്തികള്‍ ഒട്ടും ഉണ്ടായിരുന്നില്ല അവര്‍ക്ക്. വനം മന്ത്രിയായിരുന്ന കാന്തലോട്ട് പിന്നീട് സിപിഐക്കും വേണ്ടാതായി. മരണം ഒരു സാധാരണ ചടങ്ങായിരുന്നു.

കാന്തലോട്ട് കുഞ്ഞമ്പുവിനുശേഷവും ടീച്ചര്‍ ജീവിച്ചിരുന്നു. അവര്‍ ഒരുപാട് കുട്ടികള്‍ക്ക് കമ്യൂണിസ്റ്റ് വീരഗാഥകള്‍ പകര്‍ന്നു നല്‍കി. ഇടയ്‌ക്കൊക്കെ കാണാനെത്തുന്ന എന്നെപോലുള്ളവരോട് എനിക്കിതാ അത്തുംപുത്തുമായി പറയാനുള്ളതൊക്കെ ആ കുട്ടിയുടെ കയ്യില്‍ എഴുതിവച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. പിന്നീടെപ്പോഴോ യാത്രകള്‍ ദുരിതങ്ങളാകുമ്പോഴും ഇടയ്‌ക്കൊക്കെ ടീച്ചരെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. തികച്ചും അവിചാരിതമായാണ് ടീച്ചര്‍ മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വന്നത്. പത്തുമാസത്തിലേറേ ഒരേ കിടപ്പിലായിരുന്നുവത്രേ. മലമൂത്രവിസര്‍ജനങ്ങള്‍ സാധ്യമാക്കുന്ന കാര്യങ്ങള്‍ സുഹൃത്ത് കൂടിയായ ശ്രീനിവാസന്റെ പെങ്ങള്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. ടീച്ചര്‍ മരിച്ചു എന്ന വാര്‍ത്ത ശ്രീനി അറിയച്ചപ്പോള്‍ ചോദിച്ചത് ഇത്രമാത്രമാണ്; സഹായത്തിനാരൊക്കെയുണ്ടായിരുന്നു? എല്ലാവരും ഉണ്ടായിരുന്നുവെന്ന ശ്രീനിയുടെ വാക്കില്‍ വിശ്വാസം അര്‍പ്പിച്ചു. ഭാര്യയുടെ മംഗലാപുരത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ശ്രീനി പറഞ്ഞു സിപിഎമ്മുകാര്‍ സഹായിച്ചതുകൊണ്ട് കുഴപ്പമില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നടന്നു. ശ്രീനി പറഞ്ഞതു ശവസംസ്‌കാരത്തെ കുറിച്ചാണ്.

എന്നെ നടുക്കിയ ഒരു പത്രക്കുറിപ്പാണ് രണ്ടുമാസം കഴിയുമ്പോള്‍ കണ്ടത്. സുശീല ടീച്ചര്‍ അനുസ്മരണം എന്ന പേരില്‍ സിപിഐ കണ്ണൂരില്‍ ഒരുപരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂരുകാരനും സുഹൃത്തുമായ പന്ന്യന്‍ രവീന്ദ്രനെ വിളിച്ചു, കിട്ടിയില്ല. അല്ലെങ്കിലും അടിയന്തരാവസ്ഥകാലം മുതല്‍ സിപിഐയുടെ മറിമായം കണ്ടു മടുത്ത ഒരു മനസിന് അതിലേറെ ചോദിക്കേണ്ട കാര്യവും ഉണ്ടായിരുന്നില്ല. ഒറ്റചോദ്യമേ ബാക്കി നില്‍ക്കുന്നുള്ളൂ; ബിജിമോള്‍ക്ക് നിങ്ങള്‍ നല്‍കാന്‍ പോകുന്നതെന്താണെന്ന ഒറ്റ ചോദ്യം മാത്രം.


(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories