TopTop
Begin typing your search above and press return to search.

ആരാകും യൂറോപ്പിലെ രാജാക്കന്മാര്‍ ; യൂറോ കപ്പ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം

ആരാകും യൂറോപ്പിലെ രാജാക്കന്മാര്‍ ; യൂറോ കപ്പ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം

ബിബിന്‍ ബാബു

യൂറോയുടെ ആവേശം ഇനി സെമി പോരാട്ടത്തിലേക്ക്. യൂറോപ്പിന്റെ ചാമ്പ്യനെ അറിയാന്‍ ഇനി മൂന്നു മത്സരങ്ങളുടെ ദൂരം മാത്രം. ആദ്യ സെമി പോരാട്ടത്തില്‍ ഇന്നു രാത്രി 12. 30 നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തേരിലേറി വരുന്ന പോര്‍ച്ചുഗലും യൂറോയുടെ അത്ഭുതമായ വെയ്ല്‍സും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ നാളെ ആതിഥേയരായ ഫ്രാന്‍സും ലോക ചാംപ്യന്മാരായ ജര്‍മ്മനിയും കൊമ്പു കോര്‍ക്കുമ്പോള്‍ ആവേശം ഫൈനലോളം.


സെമിയില്‍ എതിരിടുന്ന നാലു ടീമുകളുടെയും ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ...

വെയ്ല്‍സ്
ഗാരത് ബെയ്‌ലും സംഘവും ഇപ്പോള്‍ ഒരു സ്വപ്ന ലോകത്താണ്. യൂറോ കപ്പ് തുടങ്ങുമ്പോള്‍ ആദ്യ റൗണ്ടിനപ്പുറം വെയ്ല്‍സ് കടക്കുമെന്ന കടുത്ത ആരാധകര്‍ പോലും വിചാരിച്ചു കാണില്ല. ഇംഗ്ലണ്ടും റഷ്യയും സ്ലോവാക്യയും അണിനിരന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി പ്രീക്വര്‍ട്ടറിലേക്ക്. അവിടെ കാത്തിരുന്നത് നോര്‍തേണ്‍ അയര്‍ലന്റ്. ഒരു ഗോളിന് അവരെയും തകര്‍ത്ത് ക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ വെയ്ല്‍സ് ആകെ മാറി. സുവര്‍ണ്ണ തലമുറയുടെ കരുത്തുമായെത്തിയ ബെല്‍ജിയത്തിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്നു ഗോളിന്.യൂറോ കപ്പിന് ഗാരത് ബെയ്ല്‍ എന്ന റയല്‍ മാഡ്രിഡ് താരത്തിന്റെ ലേബലില്‍ എത്തിയ വെയ്ല്‍സ് ഇപ്പോള്‍ പറക്കുന്നത് ബെയ്ല്‍ കരുത്തില്‍ മാത്രമല്ല. റോബിന്‍സണ്‍ കാനു, ക്യാപ്റ്റന്‍ കൂടിയായ വില്ല്യംസ്, ആറേണ്‍ റാംസെ, ജോ ആലന്‍ എന്നിങ്ങനെ നിരവധി പേരുകള്‍ ഓരോ കളി കഴിയുമ്പോഴും വെയ്ല്‍സ് കുതിപ്പിന് വഴിയൊരുക്കി. എന്നാല്‍ വെയ്ല്‍സ് നേടിയ പത്തു ഗോളില്‍ ഒന്നടിച്ചും നാലിനു വഴിയൊരുക്കുകയും ചെയ്ത് റാംസെയുടെ സസ്‌പെന്‍ഷന്‍ ടീമിന് തിരിച്ചടിയാണ്. ജയിക്കുക മാത്രമാണ് ലക്ഷ്യമെന്ന് വെയ്ല്‍സ് കോച്ച് ക്രിസ് കോള്‍മാന്‍ വ്യക്തമാക്കി കഴിഞ്ഞു.


പോര്‍ച്ചുഗല്‍
പോര്‍ച്ചുഗല്‍ എങ്ങനെ സെമി വരെയെത്തി എന്ന് അവരുടെ ആരാധകര്‍ക്ക് പോലും സംശയമാണ്. ഭാഗ്യം ഇത്രമേല്‍ തുണച്ച ഒരു ടീം യൂറോ കപ്പില്‍ വേറെയുണ്ടാവില്ല. ഗ്രൂപ്പ് തലത്തില്‍ ഒരു വിജയം പോലും നേടാതെ മൂന്നു സമനിലയുമായി മികച്ച നാലാം സ്ഥാനക്കാരായുള്ള പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. ക്രോയേഷ്യയെ എക്‌സട്രാ ടൈമിന്റെ അവസാന നിമിഷത്തെ ഗോളില്‍ തകര്‍ത്ത് ക്വര്‍ട്ടറിലേക്ക്. പോളണ്ടിനെതിരെയുള്ള ക്വര്‍ട്ടര്‍ വിജയം ഷൂട്ടൗട്ടില്‍.അങ്ങനെ പറങ്കിപ്പടയ്ക്ക് കളിയുടെ 90ാം മിനിട്ടിനുള്ളില്‍ വിജയമുറപ്പിക്കാന്‍ ഇതു വരെയും സാധിച്ചിട്ടില്ല.കിരീടമില്ലാത്ത രാജാവായി രാജ്യാന്തര ഫുട്‌ബോള്‍ വിടാന്‍ ഒരുക്കമല്ലാത്ത റൊണാള്‍ഡോ മുന്നില്‍ നിന്നു നയിക്കുമ്പോള്‍ ഈ കണക്കുകള്‍ അപ്രസക്തമാകും. ഇതു വരെയുള്ള പ്രകടനം അവിടെ നില്‍ക്കട്ടെ, കിരീടമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്‍ഡോ സാന്റോസ് പറഞ്ഞു കഴിഞ്ഞു. പ്രതിരോധത്തിലെ കരുത്തന്‍ പെപ്പെ പുറത്തിരിക്കുന്നത് ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പ്. ബയേണ്‍ മ്യൂനിക്കിന്റെ യുവതാരം റെനറ്റോ സാഞ്ചസും തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

ഫ്രാന്‍സ്
സ്വന്തം രാജ്യത്തിന്റെ ആനുകൂല്യം എന്നും തുണച്ച ഒരു ടീമാണ് ഫ്രാന്‍സ്. 84ലെ യൂറോയും 98ലെ ലോകപ്പും ഫ്രാന്‍സ് മുത്തമിട്ടത് ആതിഥേയരായി തന്നെയാണ്. ആ ഭാഗ്യം ഇത്തവണയും തുണക്കും എന്ന പ്രാര്‍ഥനയിലാണ് ഫ്രാന്‍സിന്റെ ആരാധകരെല്ലാം. താരതമന്യേ ദുര്‍ബല ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി തന്നെ പ്രീക്വര്‍ട്ടറിലേക്ക്. അവിടെയും എതിരാളികള്‍ അത്രയൊന്നും ശക്തരല്ലാത്ത അയര്‍ലന്‍ഡ്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ആയെങ്കിലും ഫ്രാന്‍സിന്റെ കരുത്തിനു മുമ്പില്‍ തീരെ അപ്രസക്തരായിരുന്നു ഐസ്ലാന്‍ഡ്‌. ക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനെതിരെ രണ്ടിനെതിരെ അഞ്ച് ഗോള്‍ ജയത്തോടെ സെമിയിലേക്ക്. ഇത്രയും കളികളില്‍ ഏറ്റുമുട്ടിയവരെ പോലെയല്ല ജര്‍മ്മനിയെന്ന് ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംര്‌സിനു നന്നായി അറിയാം. അത് അദ്ദേഹം പറയുകയും ചെയ്തു.ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ഗ്രിസ്മാന്റെ തോളിലേറിയാണ് ഫ്രാന്‍സിന്റെ കുതിപ്പ്. പോള്‍ പോഗബെയും ജിരൂദും പയറ്റും കൂടെചേരുമ്പോള്‍ മുന്നേറ്റ നിര സുശക്തം. എന്നാല്‍ പ്രതിരോധത്തിലാണ് ഫ്രാന്‍സ് അടിതെറ്റുന്നത്. സാമുവല്‍ ഉമ്‌റിറ്റിക്കും, സാഗ്നക്കും എവ്‌റക്കും റാമെല്‌നും ഒന്നും ആക്രമണങ്ങളെ തടയാനാകുന്നില്ല. സെറ്റ് പീസ് അക്രമണങ്ങള്‍ വരുമ്പോള്‍ പ്രതിരോധ നിര അപ്പാടെ തകര്‍ന്നു പോകുന്ന കാഴ്ച യൂറോയില്‍ പല വട്ടം കണ്ടു കഴിഞ്ഞു. മുന്നേറ്റ നിരയുടെ പാടവത്തിലൂടെ ഈ കുറവ് പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ദെഷാംപ്‌സ്.

ജര്‍മനി
ലോക ചാമ്പ്യന്മാര്‍ക്കു ചേര്‍ന്ന പ്രകടനമൊന്നും അവകാശപ്പെടാന്‍ സാധിക്കുന്ന തരത്തിലല്ല ജര്‍മനി ക്വാര്‍ട്ടര്‍ വരെയെത്തിയത്. എന്നാല്‍ അവിടെ നേടിയ ഐതിഹാസിക വിജയം ജര്‍മന്‍ ആത്മവിശ്വസത്തെ പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ പോന്നതായിരുന്നു. യൂറോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി പിറന്ന മത്സരത്തില്‍ ഇറ്റലിക്കെതിരെ 6-5 എന്ന സ്‌കോറിനായിരുന്നു വിജയം. ഗ്രൂപ്പ് തലത്തില്‍ പോളണ്ടിനു മുമ്പില്‍ സമനില വഴങ്ങിയത് ലോക ചാമ്പ്യന്മാര്‍ക്ക് ക്ഷീണം ചെയ്തിരുന്നു. എന്നാലും ഒന്നാം സ്ഥാനക്കാരായി തന്നെ പ്രീക്വര്‍ട്ടറിലെത്തിയ ജര്‍മനി അവിടെ സ്ലോവാക്യയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് തകര്‍ത്തത്.സെമിയില്‍ ജര്‍മനിക്കു വില്ലനാകുന്നത് പരിക്കാണ്. ബാസ്റ്റ്യന്‍ ഷ്വൈന്‍സ്റ്റീഗറും ഹമ്മല്‍സും സാമി ഖെദീരയും മാരിയോ ഗോമസും ഫ്രാന്‍സിനെതിരെ കളത്തിലുണ്ടാവില്ല. ഹമ്മല്‍സിനു വിനയായതു സസ്‌പെന്‍ഷനാണ്. കോച്ച് യോവാക്കിം ലോയെ പേടിപ്പെടുത്തുന്നതും ഈ ഘടകമാണ്. 120 മിനിട്ട് നന്നായി കളിക്കുന്നവര്‍ ജയിക്കും. അത്ര മാത്രമേയുള്ളു എന്ന് പറയുമ്പോഴും പകരം ആരെ കളിക്കുമെന്ന കാര്യത്തില്‍ ധാരണ ഇതുവരെയും ആയിട്ടില്ല.1958നു ശേഷം പ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നു ഫ്രാന്‍സിനെതിരെ ജര്‍മ്മനിക്ക് തോല്‍വി രുചിക്കേണ്ടി വന്നിട്ടില്ല. കണക്കുകളില്‍ കറങ്ങുന്ന കളിയില്‍ ആ കണക്ക് ലോക ചാംപ്യന്മാരെ തുണക്കുമോ എന്ന് കണ്ടറിയാം.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍ ബാബു)

Next Story

Related Stories