TopTop
Begin typing your search above and press return to search.

മെസിക്ക് കഴിയാത്തത് റൊണാള്‍ഡോയ്ക്ക് സാധിക്കുമോ?

മെസിക്ക് കഴിയാത്തത് റൊണാള്‍ഡോയ്ക്ക് സാധിക്കുമോ?

ബിബിന്‍ ബാബു

കാല്‍പ്പന്തു കളിയില്‍ ചരിത്രത്തിന്റെ പ്രാധാന്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഓരോ ടൂര്‍ണമെന്റും സൃഷ്ടിക്കുന്നത് പുതു ചരിത്രങ്ങളാണ്. അടുത്ത തവണ അതു മാറ്റിയെഴുതപ്പെട്ടേക്കാമെങ്കിലും. കളിക്കാര്‍ ചരിത്ര പുരുഷന്മാരാകുന്നു, അവതാരങ്ങളാകുന്നു. ഒരു നിമിഷത്തിന്റെ നിര്‍ഭാഗ്യത്തില്‍ പാളിപ്പോകുന്ന മനസ്സുകള്‍ ക്രൂശിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ ഇങ്ങനെയൊക്കെയാണ്.

ചരിത്രത്തില്‍ യൂറോ
1927ല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറിയായിരുന്ന ഹെന്റി ഡെലാനേയുടെ തലയിലുദിച്ച ഒരു പുത്തന്‍ ആശയം. അത് പ്രാവര്‍ത്തികമായത് 1960ല്‍ മാത്രം. ഹെന്റിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ പേരാണ് ട്രോഫിക്ക് നല്‍കിയത്.

ഫ്രാന്‍സില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ നാല് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. യുഗോസ്ലാവിയായെ തോല്‍പ്പിച്ച് അന്നത്തെ സോവിയറ്റ് യൂണിയന്‍ ജേതാക്കളായി. ഓരോ നാലു വര്‍ഷം കൂടുമ്പോഴും നടത്തപ്പെടുന്ന യൂറോ ഈ വര്‍ഷം ഫ്രാന്‍സിലേക്കെത്തിയപ്പോള്‍ പങ്കെടുത്തത് 24 ടീമുകള്‍.

ഇതുവരെയുള്ള ചരിത്രത്തില്‍ കപ്പില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായത് 9 ടീമുകള്‍ക്ക് മാത്രം. ജര്‍മനിയും സ്‌പെയിനും മൂന്നു തവണ ജേതാക്കളായപ്പോള്‍ യൂറോ 2016 ന്റെ ഫൈനലില്‍ എത്തി നില്‍ക്കുന്ന ഫ്രാന്‍സ് യൂറോപ്പ് കീഴടക്കിയത് രണ്ടു വട്ടം. ഇറ്റലി, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, സോവിയറ്റ് യൂണിയന്‍, ഗ്രീസ് തുടങ്ങിയവര്‍ക്കും ഒരു വട്ടം കപ്പുയര്‍ത്താനുള്ള ഭാഗ്യം സിദ്ധിച്ചു.

യൂറോ 2016 ഒരു അവലോകനം
നാല് പേരുള്ള ആറു ഗ്രൂപ്പുകളായി പ്രാഥമിക റൗണ്ട് പോരാട്ടം. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവരും നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ആ കടമ്പയും കടന്ന് ക്വാര്‍ട്ടറില്‍ പോരടിച്ചത് പോളണ്ട്, പോര്‍ച്ചുഗല്‍, വെയ്ല്‍സ്, ബെല്‍ജിയം, ജര്‍മനി, ഇറ്റലി,ഫ്രാന്‍സ് ഐസ്‌ലാന്‍ഡ് എന്നിവര്‍. എട്ടില്‍ നിന്നും നാലായി ചുരുങ്ങിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് പോര്‍ച്ചുഗല്‍, വെയ്ല്‍സ്, ജര്‍മനി, ഫ്രാന്‍സ് എന്നിവര്‍ക്ക് മാത്രം. സെമിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെയ്ല്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗലും ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ച് ഫ്രാന്‍സും കലാശ പോരാട്ടത്തിന് യോഗ്യത നേടി.പോര്‍ച്ചുഗല്‍
അത്രയെന്നും ആശാവഹമല്ലാത്ത തുടക്കത്തില്‍ നിന്നുമുയര്‍ന്നാണ് ക്രിസ്റ്റ്യാനോയും സംഘവും ഫൈനല്‍ വരെ കുതിച്ചെത്തിയത്. സമനിലകള്‍ മാത്രമുള്ള ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പ്രീക്വാര്‍ട്ടറില്‍ എത്തിയത് മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി. അവസാന നിമിഷത്തെ ഗോളില്‍ ക്രൊയേഷ്യയെയും ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ പോളണ്ടിനെയും തോല്‍പ്പിച്ച് പറങ്കിപ്പട സെമിയിലെത്തിയപ്പോള്‍ ആകെ മാറി. കൃത്യമായ ഗെയിം പ്ലാന്‍ നടപ്പിലാക്കിയ ഫെര്‍ണാണ്ടോ സാന്റ്‌റോസിന്റെ ചുണക്കുട്ടികള്‍ ഗാരത് ബെയ്‌ലിന്റെ വെയ്ല്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍ താരത്തിന്റെ നിഴലില്‍ നിന്നും പുറത്ത് വന്ന് ഒരു ടീമായി കളിക്കാന്‍ പോര്‍ച്ചുഗലിനു സാധിച്ചു. നാനി, റെനറ്റോ സാഞ്ചസ് തുടങ്ങിയവരുടെ ശക്തമായ പിന്തുണ ലഭിച്ചപ്പോള്‍ മങ്ങിയ ഫോം തിരിച്ചു പിടിക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. ഈ ടൂര്‍ണമെന്റില്‍ കുറിച്ച മൂന്നു ഗോളോടെ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡിനൊപ്പമെത്തി റൊണാള്‍ഡോ.

ഫ്രാന്‍സ്
വംശീയ പ്രശ്‌നങ്ങളടക്കം നിരവധി പ്രതികൂല സാഹചര്യങ്ങളുടെ നടുവിലായിരുന്നു ഫ്രാന്‍സ് ടീം യൂറോ കപ്പിന് മുമ്പ് വരെ. കരീം ബെന്‍സെമ ഇല്ലാതെയിറങ്ങുന്ന ഫ്രാന്‍സിന് ക്വാര്‍ട്ടറിനപ്പുറം സാധ്യത ആരും കല്‍പ്പിച്ചിരുന്നുമില്ല. എന്നാല്‍ മത്സരങ്ങള്‍ ഒരോന്നും കഴിയുന്നതോടെ ഏറെ കാലത്തിനു ശേഷം ഒത്തൊരുമയോടെ കളിക്കുന്ന ഫ്രഞ്ച് ടീമിനെ മൈതാനത്ത് കണ്ടു. അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ആന്റോണിയോ ഗ്രിസ്മാന്‍ ഗോളുകള്‍ നേടാന്‍ തുടങ്ങിയതോടെ ബെന്‍സെമയെ ആരാധകര്‍ മറന്നു. പയറ്റും പോഗ്‌ബെയും പന്തുകളെത്തിച്ചതോടെ ഗ്രിസ്മാന്‍ വല നിറച്ചു. യൂറോയിലെ ടോപ് സ്‌കോററാകാന്‍ ഗ്രിസ്മാന് എതിരാളികളെയില്ല. രണ്ട് ജയവും ഒരു സമനിലയുമായി ഗ്രുപ്പ് ചാമ്പ്യന്മാരായി തന്നെയാണ് ആതിഥേയര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡും ക്വാര്‍ട്ടറില്‍ ഐസ്‌ലാന്‍ഡും ഫ്രഞ്ച് സൈന്യത്തിന് വലിയ വെല്ലുവിളികളായില്ല. താരതമന്യേ ദുര്‍ബലരായ എതിരാളികളെയാണ് നേരിട്ടതെന്നുള്ള വിമര്‍ശനം സെമിയില്‍ ലോക ചാമ്പ്യന്മാരെ തകര്‍ത്തതോടെ അപ്രസക്തമായി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയെ ഫ്രാന്‍സ് തകര്‍ത്തത്.നേര്‍ക്കുനേര്‍
ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള പോരാട്ടങ്ങളുടെ കണക്കു നോക്കുമ്പോള്‍ പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല. എതിരിട്ട കഴിഞ്ഞ പത്തു മത്സരങ്ങളിലും ഫ്രഞ്ച് പടയോടു പറങ്കിപ്പട തോറ്റു മടങ്ങുകയായിരുന്നു. 1975ല്‍ നടന്ന ഒരു സൗഹൃദ മത്സരത്തിലാണ് പോര്‍ച്ചുഗലിനു മുമ്പില്‍ ഫ്രാന്‍സ് മുട്ടുമടക്കിയത്. ഫ്രാന്‍സ് കിരീടം ചൂടിയ രണ്ടായിരത്തിലെ യൂറോയിലും ഫൈനലില്‍ എത്തിയ 2006ലെ ലോകകപ്പിലും പോര്‍ച്ചുഗല്‍ അവരോട് തോറ്റുമടങ്ങിയിരുന്നു. കണക്കുകള്‍ അനുകൂലമാണെങ്കിലും വരാനിരിക്കുന്നത് ശക്തമായ മത്സരമായിരിക്കുമെന്ന് ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് വ്യക്തമാക്കി കഴിഞ്ഞു.

ഫൈനല്‍ പോരാട്ടത്തിലേക്ക്
ജിരൂദിനെ മൂന്നില്‍ നിര്‍ത്തിയുള്ള ഫോര്‍മേഷനായിരിക്കും ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് അവലംബിക്കുന്നത്. 4-2-3-1 ശൈലിയില്‍ മധ്യ നിരയില്‍ ഗ്രിസ്മാനും പയറ്റും സിസോക്കോയും പോഗ്‌ബെയും മറ്റൗഡിയുമായിരിക്കും പോരിനിറങ്ങുക. പ്രതിരോധത്തിലെ പിഴവുകള്‍ ഏറെ വരുത്തിയതാണ് ഫ്രാന്‍സ്. എന്നിരുന്നാലും സാഗ്‌ന വലതു വിങ്ങിലും എവ്‌റ ഇടതു വിങ്ങിലും കളിക്കും. സെന്‍ട്രല്‍ ഡിഫന്‍ഡേഴ്‌സായി ഉമ്‌റിറ്റിയും കൊസ്ലേനിയുമായിരിക്കും കോച്ചിന്റെ മനസ്സില്‍. ലോറിസ് തന്നെ ഗോള്‍ വലയം കാക്കും.

എപ്പോഴും കളിക്കുന്ന 4-1-2-1-2 ശൈലിയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി 4-3-2-1 ഫോര്‍മേഷന്‍ പോര്‍ച്ചുഗല്‍ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പരമ്പരാഗത ശൈലിയില്‍ 4-4-2 ആണ് പോര്‍ച്ചുഗല്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നത്. അങ്ങനെയെങ്കില്‍ റൊണാള്‍ഡോയും കര്വസ്‌മെയും മുന്നേറ്റ നിരയിലും നാനി മൗട്ടീഞ്ഞോ സാഞ്ചസ് കാര്‍വലോ എന്നിവര്‍ മധ്യനിരയിലുമാകും വരിക. പെപ്പെ നയിക്കുന്ന പ്രതിരോധ നിരയില്‍ സോറസ്, ആല്‍വസ്, ഗൂറേറോ തുടങ്ങിയവരാകും അണിനിരക്കുക.

സാധ്യതകള്‍
നിലവിലെ പ്രകടനങ്ങള്‍ അനുസരിച്ച് ആതിഥേയരായ ഫ്രാന്‍സിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. റൊണാള്‍ഡോ എന്ന പ്രതിഭാശാലിയായ കളിക്കാരന്റെ സാന്നിധ്യമാണ് പോര്‍ച്ചുഗലിന്റെ ആവേശം. ഫ്രാന്‍സിന്റെ ഗ്രിസ്മാന്റെ അത്‌ലറ്റിക്കോ മാഡ്രിഡും റൊണാള്‍ഡോയുടെ റയലും ചാംമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ റയലിനായിരുന്നു വിജയം. അന്ന് ഗ്രിസ്മാന്‍ പെനാല്‍റ്റി പാഴാക്കിയിരുന്നു. വീണ്ടും ഏറ്റുമുട്ടുമ്പോള്‍ കണക്ക് തീര്‍ക്കാനുള്ള അവസരം ഒരുങ്ങുകയാണ് ഈ യൂറോയുടെ താരമായ ഗ്രിസ്മാന്. കടലാസില്‍ ശക്തി ഫ്രാന്‍സിനാണെങ്കിലും ഈ യൂറോയില്‍ ഏറെ ഭാഗ്യം തുണച്ച ടീമാണ് പോര്‍ച്ചുഗല്‍.

ലോകത്തിന്റെ എല്ലാ കണ്ണുകളും ഇനി ഫ്രാന്‍സിലേക്ക്. ക്ലബ് ഫുട്‌ബോളില്‍ നേട്ടങ്ങളുടെ അമരത്ത് നില്‍ക്കുന്ന റൊണാള്‍ഡോയ്ക്ക് ജന്മനാടിനായി ഒരു കിരീടം നേടിക്കെടുക്കാനുള്ള അവസരം. മെസിയേപ്പോലെ തലക്കുനിച്ച് മടങ്ങാന്‍ ആ പോരാട്ടവീര്യത്തിനാരുമോ എന്ന് തിങ്കളാഴ്ച പുലര്‍ച്ചയറിയാം. പ്രതികൂല സാഹചര്യങ്ങളിലും നിന്നും കപ്പുയര്‍ത്താനായാല്‍ നാട്ടുകാരുടെ മുമ്പില്‍ ഫ്രഞ്ച് പടയ്ക്ക് അതൊരു ആശ്വാസമാകും.


(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍ ബാബു)


Next Story

Related Stories