TopTop
Begin typing your search above and press return to search.

അഭയാര്‍ഥി ദുരന്തങ്ങള്‍ കണ്ടില്ലെന്നു നടിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍

അഭയാര്‍ഥി ദുരന്തങ്ങള്‍ കണ്ടില്ലെന്നു നടിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍

റിക്ക് ന്വാക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ മാസം ഫ്രാന്‍സില്‍ ജര്‍മന്‍വിങ്‌സ് എന്ന വിമാനം അപകടത്തില്‍പ്പെട്ട് 150 പേര്‍ മരിച്ചപ്പോള്‍, യൂറോപ്യന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകള്‍ ദിവസങ്ങളോളം പ്രത്യേക റിപ്പോര്‍ട്ടുകള്‍ കാണിച്ചു. രണ്ടാഴ്ച മുന്‍പ് വെറും ചില നൂറു മൈലുകള്‍ ദൂരെ മദ്ധ്യധരണ്യാഴിയില്‍ 400 പേര്‍ മുങ്ങി മരിച്ചു. എന്നാല്‍ ഇത്തവണ ഒരു ടിവിചാനലും പ്രക്ഷേപണം അത് കാരണം തടസ്സപ്പെടുത്തിയില്ല, വളരെ അപൂര്‍വ്വം യൂറോപ്പ് പത്രങ്ങളുടെ ആദ്യപേജില്‍ മാത്രമാണ് ആ ദുരന്തം പിറ്റെദിവസം വാര്‍ത്തയായത്.

മദ്ധ്യധരണ്യാഴിയില്‍ മരിച്ച യാത്രക്കാര്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളായിരുന്നെങ്കില്‍, ജര്‍മ്മന്‍വിങ്‌സ് അപകടത്തിന്റെ ഇരകള്‍ യൂറോപ്യരായിരുന്നു. രണ്ട് സംഭവങ്ങളും വളരെ വ്യത്യസ്തമായി സമീപിക്കപ്പെട്ടതിന് ഇക്കാരണം തന്നെ ധാരാളമാണെന്നാണ് പരക്കെ നിരീക്ഷിക്കപ്പെടുന്നത്.

യൂറോപ്പിലേക്കെത്താനായി മദ്ധ്യധരണ്യാഴി കടക്കുന്നതിനിടെ കൊല്ലപ്പെട്ട അഭയാര്‍ഥികളുടെ ഏകദേശ കണക്കുകള്‍ തമ്മില്‍ യോജിച്ചു പോകാത്തവയാണ്. കൂടുതലായി ഉദ്ധരിക്കപ്പെട്ട പഠനങ്ങളില്‍, യൂറോപ്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംയുക്ത ഗവേഷണ പദ്ധതിയില്‍ അടുത്തിടെ കണ്ടെത്തിയത് കഴിഞ്ഞ 14 വര്‍ഷത്തിനിടെ 23,000 അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്.

യൂറോപ്പിന്റെ തീരത്ത് നിന്ന് അധികം ദൂരെയല്ലാതെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ദുരന്തങ്ങളോടുള്ള പ്രതികരണം നിശബ്ദമാക്കിയതിനെതിരെ നിലപാട് പ്രഖാപിച്ചു കൊണ്ട് നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ഓസ്ട്രിയയിലെ പള്‍സ്4 നെറ്റ്‌വര്‍ക്ക് ന്യൂസ് ഡയറക്ടറായ കൊരീനാ നില്‍ബോണ്‍ ട്വീറ്റ് ചെയ്തു: ഒരു ക്രൂയിസ് കപ്പലിലെ 400 പേരാണ് മദ്ധ്യധരണ്യാഴിയില്‍ മുങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴെന്തായിരിക്കും സംഭവിക്കുക?"മാര്‍ച്ചില്‍ ഉണ്ടായ വിമാനാപകടം ആഴ്ചകളോളം ചര്‍ച്ച ചെയ്ത് കഴിഞ്ഞതിന് ശേഷം 400 അഭയാര്‍ഥികള്‍ മരിച്ചത് ഒട്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയില്ല എന്നുള്ളത് ജനങ്ങളുടെ ക്ഷമ നശിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ആ സംഭവത്തില്‍ യൂറോപ്യര്‍ കൂടി ഉള്‍പ്പെട്ടിരുന്നെങ്കിലെന്ന് ആലോചിച്ചു നോക്കുമ്പോള്‍.'' വേള്‍ഡ് വ്യൂസിനോട് മില്‍ബണ്‍ പറഞ്ഞു.

ഓസ്ട്രിയന്‍ ടിവി നെറ്റ്‌വര്‍ക്കായ ഒആര്‍എഫിന്റെ പ്രശസ്തനായ ഈജിപ്ഷ്യന്‍ പ്രതിനിധി കരീം എല്‍ ഗവാരി മില്‍ബണിനോട് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ''വളരെ ശരിയാണ്! മദ്ധ്യധരണ്യാഴിയിലെ എല്ലാ തുറമുഖങ്ങളില്‍ നിന്നും നമ്മുക്ക് തത്സമയം സംപ്രേഷണം ഉണ്ടായേനെ, പ്രത്യേക റിപ്പോര്‍ട്ടുകള്‍ കാണിച്ചേനെ, ദുരന്തത്തിന് ഉത്തരവാദികളായവരെ നീതിക്കു മുന്നില്‍ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടേനെ,''

വാര്‍ത്ത നല്‍കാത്തതിലുള്ള പ്രതിഷേധമെന്ന നിലക്ക് വായിക്കുന്ന ഓസ്ട്രിയന്‍ പത്രങ്ങള്‍ക്കും കാണുന്ന ടിവി ചാനലുകള്‍ക്കും എതിരെ പ്രതികരിക്കാന്‍ എല്‍ ഗവാരി തന്റെ ഫേസ്ബുക്ക് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 10,000 ലേറെ തവണ ആ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെടുകയും ജര്‍മ്മനിയുടെ സ്വാഡോയ്‌ച്ചെ സെയ്തുങ് മാസിക പോലുള്ള മറ്റ് പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അത് പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്തു.

എല്‍ ഗവാരിയുടെ പോസ്റ്റ് വെറുതെ ഷെയര്‍ ചെയ്യുന്നതിന് പകരം മാധ്യമ സ്ഥാപനം നടപടിയെടുക്കണമെന്നും അഭയാര്‍ഥികള്‍ പതിവായി മരിക്കുന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങണമെന്നും ഒരു വായനക്കാരന്‍ ചൂണ്ടിക്കാണിച്ചതിന് 5,000ത്തിലേറെ ലൈക്കാണ് കിട്ടിയത്.

യൂറോപ്പില്‍ ഭാവി തേടിയുള്ള അഭയാര്‍ഥികളുടെ പ്രവാഹം ഇതുവരെ ഇല്ലാത്തവിധം കൂടിയതിനാല്‍, സമീപചരിത്രത്തില്‍ 2015 ഏറ്റവും മാരകമായ വര്‍ഷമായേക്കുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.ചര്‍ച്ചക്കുള്ള പ്രതികരണമായി, ഇടതുപക്ഷ ജര്‍മ്മന്‍ പത്രമായ ഡി ടാഗസ്‌സൈതുങ് ആദ്യപേജില്‍ മരണവാര്‍ത്ത നല്‍കി. "400 പേര്‍ ഏപ്രില്‍ 12, 2015ന് മരിച്ചു'', എന്നതായിരുന്നു പത്രത്തിന്റെ തലക്കെട്ട്. ജര്‍മ്മനിയിലെ സമൂഹ മാധ്യമങ്ങള്‍ ആ പേജ് വ്യാപകമായി ഷെയര്‍ ചെയ്യുകയും മെഡിറ്ററേനിയന്‍ ദുരന്തം ദിവസത്തെ മുഖ്യവാര്‍ത്തയാക്കിയ തീരുമാനത്തെ വാഴ്ത്തുകയും ചെയ്തു.

മദ്ധ്യധരണ്യാഴിയിലെ സ്ഥിതിഗതികള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പള്‍സ് ഫോറും മറ്റ് മാധ്യമ സ്ഥാപനങ്ങളും നിരന്തരം ശ്രമിച്ചിരുന്നതായി മില്‍ബണ്‍ പറയുന്നു, എന്നാല്‍ വിഷയത്തെ പിന്തുടരുക എന്നത് ശ്രമകരമായി മാറുകയായിരുന്നുവെന്നും അവര്‍ അറിയിക്കുന്നുണ്ട്.

"അത്തരം ദുരന്തങ്ങള്‍ക്ക് ശേഷം, ആരും നടപടികളെടുക്കുന്നില്ല, ഇരകളായവരെ തിരിച്ചറിയുന്നില്ല, ഒരു രാഷ്ട്രീയക്കാരനും പ്രതികരിക്കുന്നില്ല,'' അവര്‍ പറഞ്ഞു. "അതിനാല്‍ നിര്‍ഭാഗ്യവശാല്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാനില്ല. ഈ ഒരു മാതൃക എത്രമാത്രം പ്രവചനാത്മകമായി മാറിയെന്നത് വിഷമകരമാണ്. ''


Next Story

Related Stories