TopTop
Begin typing your search above and press return to search.

യൂറോപ്പിന് ഇനി കുരിശുയുദ്ധങ്ങള്‍ താങ്ങാനാവില്ല

യൂറോപ്പിന് ഇനി കുരിശുയുദ്ധങ്ങള്‍ താങ്ങാനാവില്ല

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ് ന്യൂസ്)


ഫ്രാന്‍സില്‍, ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി ഹെബ്ദോക്കും ഒരു ജൂത സൂപ്പര്‍ മാര്‍ക്കറ്റിനും നേരെ ജിഹാദികള്‍ ആക്രമണം നടത്തിയ ജനുവരി 7നു ഞാന്‍ തുര്‍ക്കിയിലെ അനറ്റോളിയയിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു. ആ ഭീകര വാര്‍ത്ത അറിഞ്ഞ് അല്‍പസമയത്തിനുള്ളിലാണ് എന്റെയൊരു സുഹൃത്ത്, ന്യൂ യോര്‍ക് ടൈംസില്‍ പംക്തികളെഴുതുന്ന റോജര്‍ കൊഹെനിട്ട ഒരു ട്വീറ്റ് എനിക്കു അയച്ചത്; 'സ്വതന്ത്ര ലോകം മുഴുവന്‍, നിഷ്‌കരുണം പ്രതികരിക്കണം.'

കുറച്ചു നിമിഷത്തേക്ക് ഞാന്‍, NATO അംഗമായ തുര്‍ക്കി സാങ്കേതികമായി ഈ 'സ്വതന്ത്രലോകത്തിന്റെ' ഭാഗമായിരുന്ന ശീതയുദ്ധ കാലത്തേക്ക് പോയി. അന്നും ആ വിഭാഗം വെള്ളം കടക്കാത്ത അറയായിരുന്നില്ല; അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് സേനക്കെതിരെ പോരാടിയിരുന്ന ജിഹാദികളെയും റൊണാള്‍ഡ് റീഗന്‍ അക്കൂട്ടത്തില്‍ കൂട്ടിയിരുന്നു.

കാല്‍ നൂറ്റാണ്ടിനിപ്പുറം ആ വാക്ക് കൂടുതല്‍ ചരിത്രവൈരുധ്യം നിറഞ്ഞതാകുന്നു. സങ്കീര്‍ണവും അമ്പരപ്പിക്കുന്നതുമായ നമ്മുടെ രാഷ്ട്രീയ ഭൂമിക അന്ന് നാമറിയുന്ന ലോകവുമായി ഉപരിപ്ലവമായ സാമ്യം മാത്രമുള്ളതായിരുന്നു. പട്ടിണിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അനറ്റോളിയന്‍ ജനത തുര്‍ക്കിയുടെ രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളെ മാറ്റിതീര്‍ത്തു. എന്റെ വീടിന്റെ മുന്നിലൂടെ എന്നും പള്ളിയില്‍ പോകുന്ന ഗ്രാമീണരെ ഷാര്‍ളി എബ്ദോയിലെ കാര്‍ടൂണുകള്‍ കാണിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. അവ പ്രസിദ്ധീകരിക്കാന്‍ വാരികയ്ക്കുള്ള അവകാശത്തെപ്പറ്റി തര്‍ക്കിക്കുന്നത് ചിന്തിച്ചതുപോലുമില്ല.

കൊലപാതകങ്ങളുടെ അതിക്രൂരതയെക്കുറിച്ചും ആ കുറ്റത്തിന്റെ കൂട്ടാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടിയതിനെക്കുറിച്ചും മതഭ്രാന്തരല്ലാതെ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പക്ഷേ ആക്രമണത്തിനുശേഷം അതിനുചുറ്റുമുള്ള വിശാലമായ പ്രശ്‌നങ്ങളെ നോക്കിക്കാണുന്ന വ്യത്യസ്ത രീതികള്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകള്‍ പ്രത്യേക ചരിത്ര,സാമൂഹ്യ,സാമ്പത്തിക സാഹചര്യങ്ങളാല്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.
ഷാര്‍ളി ഹെബ്ദോ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിക്കാനുള്ള അധികൃതരുടെ നിര്‍ദേശം ഫ്രാന്‍സിലെ പല വിദ്യാലയങ്ങളിലെയും മുസ്ലീം വിദ്യാര്‍ത്ഥികള്‍ നിരാകരിച്ചു. മുസ്ലീങ്ങള്‍ മാത്രമല്ല, പോപ് ഫ്രാന്‍സിസും ഫ്രഞ്ചുകാരില്‍ തന്നെ 42% പേരും പ്രവാചകനെ നിന്ദ്യമായ രീതിയില്‍ ചിത്രീകരിച്ചതിനെ അപലപിച്ചവരാണ്.മറുവശത്ത്, കുടിയേറ്റ വിരുദ്ധ സൈദ്ധാന്തികര്‍ 'സംസ്‌കാരങ്ങളുടെ സംഘട്ടന' സംവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നു. രാഷ്ട്രീയക്കാര്‍ യുദ്ധത്തെക്കുറിച്ച് ആശങ്കയുണര്‍ത്തുംവിധം സംസാരിക്കുന്നു. നികോളാസ് സര്‍കോസിയുടെ വാക്കുകളില്‍,'സംസ്‌കാരങ്ങളുടെ യുദ്ധം'. 'ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന്റെ' കെടുതികള്‍ വേണ്ടത്ര ഇടങ്ങളിലേക്ക് എത്താത്തതുപോലെ.

ഈ സംവാദത്തിലെ ഏറ്റവും കടുത്ത വാദങ്ങള്‍ മറുവിഭാഗത്തെ ഇരട്ടത്താപ്പിന് കുറ്റപ്പെടുത്തുന്നവരുടെയാണ്. മുസ്ലീങ്ങള്‍ കാര്‍ട്ടൂണിനെ പോലും അസഹിഷ്ണുതയോടെ കാണുന്നവരും എന്നാല്‍ തങ്ങള്‍ക്കിടയിലെ മതമൗലികവാദികളുടെ അക്രമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നവരും ആണെന്ന് ആക്ഷേപിക്കപ്പെടുന്നു. അതേസമയം, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പുറത്തു ജിഹാദി ആക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരെ മറക്കുകയും, പാശ്ചാത്യ അധിനിവേശങ്ങളില്‍ കൊല്ലപ്പെടുന്നവരെ വിസ്മരിക്കുകയും ചെയ്യുമ്പോള്‍ ഷാര്‍ളി ഹെബ്ദോയോടുള്ള അനിതരസാധാരണമായ ഐക്യദാര്‍ഢ്യം വൈരുദ്ധ്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവാചകനെ അധിക്ഷേപിച്ചു 2005ല്‍ കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് ദിനപത്രം ജില്ലാന്ദ്‌സ്‌പൊസ്‌റ്റെം, ക്രിസ്ത്യാനികളെ വ്രണപ്പെടുത്തുമെന്ന് കരുതി യേശുവിനെക്കുറിച്ചുള്ള കാര്‍ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതും അവര്‍ എടുത്തുകാട്ടുന്നു.

ഈ ആരോപണ പ്രത്യാരോപണങ്ങളുടെ പ്രതിസന്ധി ഒഴിവാക്കാനുള്ള ഒരു വഴി, നമ്മുടെ വിലയിരുത്തലുകളുടെ മാനദണ്ഡങ്ങള്‍ ഉണ്ടാകുന്നത് വിവിധ തരത്തിലുള്ള സമൂഹാനുഭാവങ്ങളില്‍ നിന്നാണെന്ന് അംഗീകരിക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും ദൈവനിന്ദക്കും മതനിന്ദക്കും എതിരെ നിയമങ്ങളുണ്ടെങ്കിലും ഫ്രാന്‍സ് മതത്തെ പൊതുജീവിതത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടു അതിന്റെ പൗരോഹിത്യ വിരുദ്ധ ഭൂതകാലത്തെ സ്ഥാപനവത്കരിച്ചു. പ്രൊട്ടസ്റ്റന്റുകള്‍ക്ക് ക്രിസ്തുമതത്തിലെ ബിംബങ്ങളെന്നപോലെ മുസ്ലീങ്ങള്‍ക്ക് പ്രവാചകന്‍ വിദൂരത്തുള്ള ഒരു അധികാര സ്ഥാനമല്ല. പേര്, വിശദാംശങ്ങള്‍ പോലും പകര്‍ത്താന്‍ ഉതകുന്ന ആരാധ്യമായ ഒരു ജീവിതമാണ് അവരെ സംബന്ധിച്ച് അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ കളിയാക്കുന്നത് തങ്ങളുടെ വിശ്വാസത്തിനും സ്വത്വത്തിനും നേരെയുള്ള ആക്രമണമായാണ് പല മുസ്ലീങ്ങളും കാണുന്നത്.ഇത്തരം ജടിലസംവാദങ്ങള്‍ ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം, പൊതുജീവിതത്തിലെ മാനദണ്ഡങ്ങള്‍ മിക്കപ്പോഴും ഒഴിച്ചുകൂടാനാവാത്തവണ്ണം രണ്ടോ അതിലധികമോ ആണ് എന്ന് അംഗീകരിക്കുകയാണ്. നമ്മുടെ നടപടികളുടെ സത്യസന്ധമായ വിലയിരുത്തലുകള്‍ വെളിവാക്കുന്നപോലെ, കൂട്ടായും വ്യക്തിപരമായും ഉള്ള ജീവിതത്തില്‍ നാം സ്ഥിരത പുലര്‍ത്താറൊന്നുമില്ല. ഒരേ സമയം ആഗോളവത്കരിക്കപ്പെട്ട ലോകസാഹചര്യത്തിലും, സ്വന്തം സംസ്‌കാരവും നിയമങ്ങളുമുള്ള ദേശരാഷ്ട്രങ്ങളിലും ജീവിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന വൈയക്തികവും സാമൂഹ്യവുമായ പൊരുത്തക്കേടുകള്‍ കൂടിവരികയുമാണ്.
എന്നിലും ഞാനീ പൊരുത്തക്കേടുകള്‍ കാണുന്നുണ്ട്. അമേരിക്കന്‍, യൂറോപ്യന്‍ ചിന്തയാല്‍ രൂപപ്പെട്ട എന്റെ ഒരു ഭാഗത്തിന് ജ്ഞാനോദയ പാരമ്പര്യത്തെ ഉപേക്ഷിക്കാനാവില്ല- മതനീതികളെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും ഒഴിവാക്കലും വ്യക്തികളുടെ അലംഘനീയമായ അവകാശങ്ങളും. അതേ സമയം ഒരിക്കല്‍ സൈനികശക്തികൊണ്ട് ആധിപത്യം പുലര്‍ത്തിയ ജനതകളുമായി ഇടപെടുന്നതിന് യൂറോപ് ഒരു രീതി കണ്ടെത്തേണ്ടതുണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നുണ്ട്. ആത്മാഭിമാനവും, സമത്വവും, നിന്ദയില്‍ നിന്നും അധിക്ഷേപത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യവും പ്രത്യേക അവകാശമായി ആവശ്യപ്പെടുന്ന ജനതകള്‍.

ഇത്തരത്തിലുള്ള പല ഇടര്‍ച്ചകളും ഈ സ്വതന്ത്രലോകമെന്ന് വിളിക്കപ്പെടുന്നതിന്റെ ഹൃദയത്തിലുണ്ട്. അവിടെയാണ് ജിഹാദിന്റെ പ്രചാരകര്‍ തിമിര്‍ക്കുന്നതും. പകരം വീട്ടല്‍ യുദ്ധങ്ങള്‍ക്കായി വാദിക്കുന്നവര്‍ എല്ലായ്‌പ്പോഴും തങ്ങളുടെ എതിര്‍പക്ഷത്തിലേക്ക് വളരെ ലളിതമായ യാഥാര്‍ത്ഥ്യം ചാര്‍ത്തിനല്‍കും: മതാത്മകവും മതേതരവും, പിന്നാക്കവും പ്രബുദ്ധവും, സ്വതന്ത്രവും അസ്വതന്ത്രവും. പക്ഷേ എത്രമാത്രം അഗാധവും ഗതിതിരിക്കാനാകാത്തവിധം പരസ്പരബന്ധിതവുമാണ് നമ്മുടെ ലോകമെന്ന് നാം സമ്മതിച്ചാല്‍, പിന്നെ നമുക്ക് ഈ പ്രതിലോമകരമായ ഹിംസയുടെ ചാക്രികതയെ തകര്‍ക്കാന്‍ നമുക്ക് പുത്തന്‍ മാര്‍ഗങ്ങള്‍ തേടേണ്ടിവരും.


Next Story

Related Stories