TopTop
Begin typing your search above and press return to search.

പോണ്ടിച്ചേരി സര്‍വ്വകലാശാല; ഏയ് വി.സി, ഇതാ പുറത്തേക്കുള്ള വഴി

പോണ്ടിച്ചേരി സര്‍വ്വകലാശാല; ഏയ് വി.സി, ഇതാ പുറത്തേക്കുള്ള വഴി

ജിഷ്ണു ഇ എന്‍

സര്‍വ്വകലാശലയെക്കുറിച്ച് പോയിട്ട് പോണ്ടിച്ചേരിയെന്ന സ്ഥലത്തെക്കുറിച്ചുപോലും ധാരണയില്ലാത്ത കാലത്താണ് നീതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാരം കിടക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ വാര്‍ത്ത ചാനലില്‍ കാണുന്നത്. അന്ന് കരുതിയിരുന്നില്ല അവരുടെ ജൂനിയറായി പഠിക്കേണ്ടിവരുമെന്ന്. 2014 ജൂലായില്‍ പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ മാധ്യമ പഠനത്തിന് ചേര്‍ന്നപ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ആദ്യം ഏല്പിച്ച പണി കാമ്പസിലെ അധ്യാപക സംഘടനയുടെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു. വെറും സയന്‍സ്-നോണ്‍ സയന്‍സ് അധ്യാപക മത്സരമായിമാത്രം ഞങ്ങള്‍ കണ്ട ആ തിരഞ്ഞെടുപ്പാണ് പിന്നീട് സര്‍വ്വകലാശാലയുടെ ചരിത്രം മാറ്റിയെഴുതിയത്.

എണ്ണൂറേക്കര്‍ പരന്നു കിടക്കുന്ന കാമ്പസിലേക്ക് ഒരിക്കലെങ്കിലും വന്ന ആരും തന്നെ ജെ.എ.കെ. തരീന്‍ എന്ന പേരു കേള്‍ക്കാതിരിക്കില്ല. 2007-2013 കാലത്തെ വൈസ് ചാന്‍സിലറായിരുന്നു അദ്ദേഹം. അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ചയുള്ള സര്‍വ്വകലാശാലയായിരുന്നു പോണ്ടിച്ചേരി വാഴ്സിറ്റി. ഇന്നത്തെ കാമ്പസിന്റെ ആകര്‍ഷണമായ സകല കെട്ടിടങ്ങളും പണികഴിപ്പിച്ചതും ഇരുപതിലധികം പുതിയ ഡിപ്പാര്‍ട്ട്മെന്റ്റുകളാരംഭിച്ചതും തരീനായിരുന്നു. അക്കാലത്ത് നടന്ന നിയമനങ്ങളില്‍ സ്ത്രീകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും സെലക്ഷന്‍ ലഭിക്കാന്‍ തരീന്‍ പ്രത്യേക ശ്രദ്ധ എടുത്തിരുന്നതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സംവരണം അടക്കമുള്ള വിഷയങ്ങള്‍ പഠനവിധേയമാക്കേണ്ടതാണെന്ന് കൂട്ടിച്ചേര്‍ക്കട്ടെ. കൂടാതെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പടക്കമുള്ള ജനാധിപത്യ പ്രക്രിയകളോട് തരീന് മമതയുണ്ടായിരുന്നതുമില്ല.

2013 ജനുവരി ആദ്യ വാരത്തിലാണ് മുംബൈയിലെ എസ്.എന്‍.ഡി.ടി. സര്‍വ്വകലാശാലയുടെ മുന്‍ വി.സിയും ഒറീസയിലെ ദേശീയ നിയമ സര്‍വ്വകലാശാലയിലെ വി.സിയുമായ ചന്ദ്രാ കൃഷ്ണമൂര്‍ത്തി പോണ്ടിച്ചേരിയില്‍ നിയമിക്കപ്പെടുന്നത്. അവരുടെ സ്വീകരണ ചടങ്ങില്‍, തരീന്റെ കാലത്ത് പ്രതിപക്ഷത്തായിരുന്ന ഒരു മുതിര്‍ന്ന അധ്യാപകന്‍ ഭരണമാറ്റത്തിന്റെ (regime change) വെടി പൊട്ടിച്ചുകൊണ്ട് കുപ്രസിദ്ധമായ 'തരീന്‍ കാലത്തെ ഇസ്ലാമിക വത്കരണ' സിദ്ധാന്തം അവതരിപ്പിക്കുകയുണ്ടായി. പില്‍ക്കാലത്ത് അത് ദയനീയമായി തകര്‍ന്നടിയുകയുണ്ടായെങ്കിലും അനാരോഗ്യകരമായ അത്തരം വിവാദങ്ങള്‍ പെരുപ്പിച്ചതില്‍ ചന്ദ്രാ കൃഷ്ണമൂര്‍ത്തിക്ക് വലിയ പങ്കുണ്ട്. തരീന്റെ പെറ്റായിരുന്ന അധ്യാപക-അനധ്യാപക സമൂഹം എങ്ങനെയൊക്കെയോ ചന്ദ്രയുടെ എതിര്‍പക്ഷത്തായി. കാരണം അവര്‍ക്ക് മാത്രമേ അറിയൂ. രണ്ടു കൂട്ടരേയും ഒരുപോലെ സുഖിപ്പിച്ചു നടന്നവരും ഉണ്ട്, കൂട്ടത്തില്‍.ഒന്‍പത് മാസത്തിനുള്ളില്‍ പോണ്ടിച്ചേരി വാര്‍ത്തകളില്‍ നിറഞ്ഞു. കാമ്പസിനകത്തു വെച്ച് റാഗിങ്ങിനിരയായ രണ്ട് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്കിയത് സര്‍വ്വകലാശാലയ്ക്ക് അപമാനമുണ്ടാക്കിയെന്നും വാസ്തവത്തില്‍ സംഭവിച്ചത് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘട്ടനമാണെന്നു പറഞ്ഞ് പരാതിക്കാരായ കാവ്യയും വിദ്യയുമടക്കം ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരേയും രണ്ട് ഫിസിക്കല്‍ എഡ്യൂകേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെയും യൂണിവേഴ്സിറ്റി സസ്പെന്റ് ചെയ്തു. (സെക്ഷ്വല്‍ ഹരാസ്മെന്റ് തടയാനുള്ള കമ്മറ്റി പിന്നീട് മറ്റൊരു വിചിത്ര തീരുമാനം എടുക്കുകയുണ്ടായി. രണ്ട് ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഗൈഡിനെതിരെ നല്കിയ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ 'ആറ് വര്‍ഷത്തേക്ക് ഇനി വനിതാ സ്കോളേഴ്സിനെ അയാളുടെ കീഴില്‍ എടുക്കരുത്' എന്നാണ് കമ്മറ്റി നിര്‍ദ്ദേശിച്ചത്. ചന്ദ്രാ കൃഷ്ണമൂര്‍ത്തിക്കു ശേഷം വന്ന സര്‍വ്വകലാശാലാ ഭരണ സമിതി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു). തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം നീണ്ട സമര-നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ മദ്രാസ് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് വിധി യൂണിവേഴ്സിറ്റി അംഗീകരിച്ചു. ചന്ദ്രാ കൃഷ്ണമൂര്‍ത്തി നല്കിയ അപ്പീല്‍ പിന്‍വലിച്ച് പുതിയ ഭരണ സമിതി തങ്ങളുടെ നയം വ്യക്തമാക്കി. ചന്ദ്രാ അഡ്മിനിസ്ട്രേഷനെ രൂക്ഷമായി വിമര്‍ശിച്ച സിങ്കിള്‍ ബെഞ്ച് വിധിയില്‍ കാവ്യയ്ക്കും വിദ്യയ്ക്കും 20000 രൂപ വീതം പിഴ നല്കാനും സ്പെഷല്‍ ക്ലാസ് നടത്തി കോഴ്സ് പൂര്‍ത്തീകരിക്കാനുമാണ് ആവശ്യപ്പെട്ടു.

ചന്ദ്രാ കൃഷ്ണമൂര്‍ത്തിക്കെതിരായ ആദ്യ സമരമായിരുന്നു കാവ്യാ-വിദ്യാ സെക്ഷ്വല്‍ ഹരാസ്മെന്റ് കേസ്. തുടര്‍ന്ന് സര്‍വ്വകലാശാലാ രജിസ്ട്രാറായ രാജീവ് യദുവന്‍ഷിയെ മാറ്റി ഏറാന്‍ മൂളിയായ അധ്യാപകനെ തല്‍സ്ഥാനത്ത് സ്ഥാപിച്ചു. നാല്‍പ്പത് കമ്മറ്റികളില്‍ വരെ ഒരേ സമയം അംഗങ്ങളായിരുന്നു ചില അധ്യാപകര്‍. സകലമാന അധികാരസ്ഥാനങ്ങളിലും സവര്‍ണ്ണ ജാതിക്കാരെ അവരോധിച്ചു. ബ്രാഹ്മിണ്‍-വന്നിയാര്‍ സമുദായക്കാരായിരുന്നു സമ്പൂര്‍ണ്ണ ഭരണം. എസ്.സി. എസ്.ടി. സെല്ലും വി.സി.യുടെ കൈക്കുമ്പിളിലായിരുന്നു എന്നതാണ് വിരോധാഭാസം. എതിര്‍പക്ഷം കണക്കിന് അനുഭവിച്ചെന്ന് പറയേണ്ടല്ലോ. അങ്ങിനെയാണ് 2014 ലെ സംഘടനാ തിരഞ്ഞെടുപ്പില്‍ ചന്ദ്രാ വിരുദ്ധ പക്ഷം പോണ്ടിച്ചേരി സര്‍വ്വകലാശാല അധ്യാപക അസോസിയേഷന്‍ (PUTA) പിടിച്ചെടുക്കുന്നത്.പൂട്ട പിന്നീട് നടത്തിയ പഠനമാണ് രാജ്യത്തെ ഏറ്റവും വലിയ അക്കാദമിക് തട്ടിപ്പ് വെളിയിലെത്തിച്ചത്. വെറുതെ ഒരു സംശയത്തിന്റെ മുകളില്‍ ചികയാന്‍ തുടങ്ങിയതാണെന്നാണ് പൂട്ട സെക്രട്ടറി ദസ്താഗിരി റെഡ്ഢി പറഞ്ഞത്. എന്തായാലും കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. വി.സി. തിരഞ്ഞെടുപ്പിന് ചന്ദ്രാ കൃഷ്ണമൂര്ത്തി നല്കിയ കരിക്കുലം വിറ്റെയില്‍ പറയുന്നതെല്ലാം പച്ചക്കള്ളങ്ങളാണത്രെ! രണ്ടു പുസ്തകങ്ങളെഴുതിയെന്ന് പറയുമ്പോഴും ഒരു പുസ്തകമേ കണ്ടു കിട്ടിയുള്ളൂ. അതു തന്നെ 98 ശതമാനം കോപ്പിയടിച്ചത് (plagiarism). ബാക്കി രണ്ട് ശതമാനം സ്വാഭാവികമായും അവരുടെ പേരും അഡ്രസും എഴുതിയതുകൊണ്ട് പോയിക്കിട്ടി. എന്‍. ആര്‍. മാധവ മേനോന്റെയടക്കം ലേഖനങ്ങള്‍ അപ്പാടെ കോപ്പി പേസ്റ്റ് ചെയ്തതാണെന്ന് തിരിച്ചറിഞ്ഞതോടെ പബ്ലിഷേഴ്സ് പുസ്തകം പിന്‍വലിച്ചു. 25 റിസര്‍ച്ച് പേപ്പറുകള്‍ എഴുതിയെന്ന് പറയുന്നതും എവിടെയും കാണാനില്ല. ഡി.ലിറ്റ് നേടിയെന്നു പറയുന്ന ശ്രീലങ്കന്‍ സര്‍വ്വകലാശാല ഫേക്ക് യൂണിവേഴ്സിറ്റി പട്ടികയില്‍ ഉള്ളതാണെന്നും അവരവകാശപ്പെടുന്നപോലെ 9 വിദ്യാര്‍ത്ഥികളെ ഗൈഡ് ചെയ്തിട്ടില്ലെന്നും പ്രവര്‍ത്തി പരിചയം സംശയാസ്പദമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വി.സി. ആകാനുള്ള പ്രാഥമിക യോഗ്യത ഇല്ലെന്നു മാത്രമല്ല പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങളാണു താനും.

തുടര്‍ന്ന് 2014 ല്‍ തന്നെ പൂട്ട സമരകാഹളം മുഴക്കി. വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും സ്കോളേഴ്സും അണിനിരന്ന വലിയ ജാഥ കാമ്പസില്‍ നടന്നു. പക്ഷെ അതിന്റെ തുടര്‍ച്ച പിന്നീട് 2015ലേ ഉണ്ടായുള്ളു. ഇത്തവണ സകലരും രണ്ടും കല്പ്പിച്ചാണ് ഇറങ്ങിത്തിരിച്ചത്. ജൂലായ് അവസാനത്തോടെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി മുന്നേറ്റം (Pondicherry University Students Movement- PUSM) അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. അധ്യാപകര്‍ തന്നെയായിരുന്നു അതിനു പിറകിലെ ചാലക ശക്തികള്‍. യൂണിവേഴ്സിറ്റിയുടെ രണ്ടു ഗെയിറ്റുകളും സ്തംഭിപ്പിച്ചുകൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ റോഡിലിരുന്നു. കാമ്പസിന്റെ ചരിത്രത്തില്‍ല് ആദ്യമായാണ് ഇത്ര പേര്‍ ഒരു സമരത്തിനിറങ്ങുന്നത്. രാവിലെ എട്ടു മണിക്ക് ആദ്യ ബസ് വരുന്നതിനു മുന്നേ ഗെയിറ്റ് ഉപരോധിക്കപ്പെട്ടു. അകത്തേക്ക് ആരെയും കടത്തി വിട്ടില്ല. വി.സി. അനുഭാവികള്‍ അകത്തുകയറാന് ശ്രമിച്ച് സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു. രാത്രി കാലങ്ങളില്‍ റൂമുകള്‍ ചവിട്ടിപ്പൊളിച്ച് സമരക്കാരെ ആക്രമിച്ചു. വീടുകളിലേക്ക് വിളിച്ചു പറഞ്ഞായിരുന്നു അധ്യാപകരുടെ 'പ്രതികാരം'. പിന്നീട് പോലീസ് അതിക്രമം. പെണ്‍കുട്ടികളെയടക്കം പുരുഷ പോലീസ് തല്ലിച്ചതച്ചു. അത് കൂടുതല്‍ വാശിയോടെ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി. ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി.

നിരന്തരം യൂണിവേഴ്സിറ്റി സ്തംഭിപ്പിക്കുന്നത് അസാധ്യമായി വന്ന ഘട്ടത്തില്‍ പി.യു.എസ്.എം. റിലേ നിരാഹാരത്തിലേക്ക് കടന്നു. വിഷയം പഠിക്കാന്‍ എം.എച്ച്.ആര്‍.ഡി. സമിതിയെ അയച്ചെങ്കിലും അനുരഞ്ജനമായിരുന്നു ഉദ്ദേശ്യം. ഏറ്റവുമൊടുവില്‍ സമരപ്പന്തലില്‍ ആളു കുറഞ്ഞ ഒരു ഉച്ച നേരം നോക്കി വി.സി. കാമ്പസില്‍ ഒളിച്ചുകടന്നു. സമരം തുടങ്ങിയതിനു ശേഷം ആദ്യമായാണ് അവര്‍ വരുന്നത്. വി.സി. കാമ്പസിലെത്തിയെന്ന വാര്‍ത്ത പെട്ടെന്നു തന്നെ സകലയിടത്തും പടര്‍ന്നു. അംബേദ്കര്‍ ബില്ഡിങ്ങിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ സകലരും ഇരച്ചു കയറി. പുറത്തിറങ്ങാനാകാതെ അവര് പെട്ടെന്ന് പ്രത്യേകം പറയണ്ടല്ലോ. സകലവഴിയും മുടക്കി ഞങ്ങള്‍ 'തിരുട്ട് വി.സി. വെളിയെപ്പോ'യെന്ന് ഭാഷാഭേദമന്യെ വിളിച്ചു പറഞ്ഞു. രാത്രി ഏഴ് മണിയോടെ ഒരാഴ്ചക്കാലത്തേക്ക് വി.സി. ലീവിനു പോയെന്ന വാര്‍ത്തയെത്തി. പകുതി സന്തോഷം. സ്വാതന്ത്ര്യ ദിനത്തിനു ശേഷം അവര്‍ തിരികെ വരില്ലെന്നാരു കണ്ടു? പതാക ഉയര്‍ത്തല്‍ ഭംഗിയായി നടക്കണം എന്നതുമാത്രമായിരുന്നു അനുരഞ്ജനത്തിനെത്തിയ സര്‍ക്കാര്‍ ദൂതരുടെ ആവശ്യം.

എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കി അടുത്ത ദിവസം തൊട്ട് ചന്ദ്രാ സംഘം സമരം തുടങ്ങി. മലയാളികള്‍ ചേര്‍ന്ന് തമിഴരായ വി.സിയേയും രജിസ്ട്രാറെയും പുറത്താക്കിയെന്നായിരുന്നു കഥ. രണ്ടു ദിവസമേ അതിന് ആയുസ്സുണ്ടായുള്ളൂ. അവരുടെ പിന്നീടുള്ള പ്രതികരണം പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ദുരന്താദ്ധ്യായമാണ്. നേരത്തെ പ്ലാന്‍ തയ്യാറാക്കി ആയുധങ്ങളുമായി അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഗൂണ്ടാ സംഘം കാമ്പസ് അടിച്ചു തകര്‍ത്തു. ലൈബ്രറിയും, ഡിപ്പാര്‍ട്ട്മെന്റുകളും തല്ലിപ്പൊളിച്ചു. അധ്യാപകരുടെ കാബിന്‍ പൊളിച്ചു. രാവിലെത്തൊട്ട് ഉച്ചവരെ അഴിഞ്ഞാടിയിട്ടും തൊട്ടടുത്തുള്ള പോലീസ് എത്തി നോക്കിയില്ല! പോട്ടെ, ആ സകല ഗുണ്ടകളും ഇന്നും അവിടെയുണ്ട്! നാളിതുവരെ ഒരു നടപടിയും എടുത്തിട്ടില്ല അവര്‍ക്കെതിരെ. എന്തായാലും ഈ അതിക്രമത്തോടെ ക്രമസമാധാന നില പൂര്‍ണ്ണമായും അവതാളത്തിലാണെന്നും നിലവിലെ വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. അനീസ ബഷീര്‍ ഖാന്‍ന് തുടരുന്നതാണ് അഭികാമ്യമെന്നും എം.എച്ച്.ആര്‍.ഡി. തീരുമാനിച്ചതോടെയാണ് കാമ്പസില്‍ ഒരു പരിധി വരെ സമാധാനം പുനസ്ഥാപിച്ചത്. അടുത്ത കാലത്തൊന്നും വി.സി. മടങ്ങി വരില്ലെന്നുറപ്പായി.തുടര്‍ന്ന് ഡിസംബറില്‍ നടന്ന് വിദ്യാര്‍ത്ഥി കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചന്ദ്രാ അനുഭാവികളുടെയും എ.ബി.വി.പി.യുടെയും സഖ്യത്തെ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. മാനവ വിഭവ ശേഷി മന്ത്രാലയം നിയമിച്ച അന്വേഷണ കമ്മറ്റി പൂട്ടയുടെ കണ്ടെത്തല്‍ മിക്കതും ശരിവെച്ചതോടെ ചന്ദ്ര കൃഷ്ണമൂര്‍ത്തിയുടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു തുടങ്ങി. പുറത്താക്കാതിരിക്കാനുള്ള ഷോ കോസ് നോട്ടീസ് തടയാന്‍ സുപ്രീം കോടതി വരെ പോയിട്ടും ഇളിഭ്യയായി മടങ്ങി ഒടുവില്‍ തന്നെ കുടുക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടി ഒരുക്കിയ കെണിയാണിതെന്ന് മറുപടി കൊടുത്തു. ചോദ്യങ്ങള്‍ക്കൊന്നും മറുപടിയുണ്ടായിരുന്നില്ല. പ്രത്യാരോപണങ്ങള്‍ മാത്രം. (അവര്‍ക്ക് നിയമോപദേശം കൊടുത്തിരുന്ന 'വക്കീല്‍' യൂണിവേഴ്സിറ്റിയുടെ എല്‍.എല്‍.എം മേധാവി ആയിരുന്നു. കാവ്യ-വിദ്യ കേസ് തൊട്ട് ഒറ്റ തവണ പോലും നല്ല ഒരു വാക്ക് കോടതിയില്‍ നിന്ന് കേള്‍ക്കാന്‍ അവര്‍ക്ക് യോഗമുണ്ടായിട്ടില്ല. എല്‍.എല്‍.എം. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുമല്ലോ!! )

മെയ് രണ്ടാം വാരത്തില്‍ ഒരു രാജി നാടകവും അരങ്ങേറി. പുറത്താക്കുമെന്നുറപ്പായപ്പോള്‍ രാജിവെക്കുന്നതാണല്ലോ നല്ലതെന്ന് തോന്നിക്കാണും. എന്തായാലും ആ രാജി സ്വീകരിക്കാതെ പുറത്താക്കാന്‍ തന്നെയാണ് മന്ത്രാലയം തീരുമാനിച്ചത്. രാജി വെക്കുന്നതും പുറത്താക്കുന്നതും തമ്മില്‍ തീര്‍ച്ചയായും വലിയ അന്തരമുണ്ട്. പുറത്താക്കിയതോടെ ചന്ദ്രാ കൃഷ്ണമൂര്‍ത്തിയുടെ അക്കാദമിക് (?) കരിയര്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് സര്‍ക്കാരിന് മുതിരാവുന്നതുമാണ്.

ഇന്നലെയാണ് പ്രസിഡന്റ് അനുമതി നല്കിയ വിവരം പുറത്തുവന്നത്. പോണ്ടിച്ചേരി സര്‍വ്വകലാശാലയും ഇന്ത്യയിലെ അക്കാദമിക് സമൂഹവും കാത്തിരുന്ന വാര്‍ത്തയാണത്. ഒരു മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അവസ്ഥയാണിത് എന്നോര്‍ക്കണം.

യു.പി.എ. സര്‍ക്കാരിന്റെ നിയമനമായതുകൊണ്ട് മാത്രമാണ് മോദി സര്‍ക്കാരിന് ഇതില്‍ ഇത്ര ശുഷ്കാന്തിയെന്ന് പറയേണ്ടതില്ലല്ലോ. ഏറ്റവും ഒടുവില്‍ ഫാഷന്‍ ടെക്നോളജി സ്ഥാപന ഡയറക്ടര്‍ അടക്കമുള്ള നിയമനങ്ങളില്‍ പാലിക്കപ്പെട്ട മാനദണ്ഡങ്ങള്‍ തന്നെയായിരിക്കും പോണ്ടിച്ചേരിക്കും ഇനി ബാധകം. ചന്ദ്ര കൃഷ്ണമൂര്‍ത്തി ആദ്യം ലീവില്‍ പോയതിന്റെ അടുത്ത ദിവസം നടന്ന ആഹ്ളാദ പ്രകടനത്തില്‍ പോണ്ടിച്ചേരിയിലെ ഒരു ബി.ജെ.പി. നേതാവ് മുഴക്കിയ ഗീര്‍വ്വാണം 'ഞങ്ങളുടെ സര്‍ക്കാര്‍ ഇതൊന്നും അനുവദിക്കില്ല' എന്നാണ്. ഉടനെ എഫ്.ടി.ഐ.ഐ.യെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ ഒരു ലഡു വായിലിട്ട് എന്തോ പറഞ്ഞ് അയാള്‍ കാറില്‍ കയറുകയായിരുന്നു.

(പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ മാസ്സ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories