TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ മുന്‍ പൊലീസ് ഓഫിസര്‍ക്ക് 263 വര്‍ഷം തടവുശിക്ഷ

അമേരിക്കയില്‍ മുന്‍ പൊലീസ് ഓഫിസര്‍ക്ക് 263 വര്‍ഷം തടവുശിക്ഷ

സാറ ലാറിമെര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സര്‍വീസിലിരിക്കെ നടത്തിയ മാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഒാക്‌ലഹോമ മുന്‍ സിറ്റി പൊലീസ് ഓഫിസര്‍ക്ക് 263 വര്‍ഷത്തെ ജയില്‍ശിക്ഷ. ഡാനിയല്‍ ഹോള്‍ട്‌സ്‌ക്ലോ എന്ന 29കാരനാണ് കുറ്റവാളി. എല്ലാ കുറ്റകൃത്യങ്ങളും ഡ്യൂട്ടിക്കിടെയായിരുന്നു.

ചുമത്തപ്പെട്ട 36 കുറ്റങ്ങളില്‍ 18ലും കുറ്റക്കാരനാണെന്ന് ഡിസംബറില്‍ ജൂറി കണ്ടെത്തിയിരുന്നു. അസോസിയേറ്റഡ് പ്രസ് ആണ് ശിക്ഷ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'നിയമപാലകനല്ല ഈ കുറ്റങ്ങള്‍ ചെയ്തത് എന്നു ജനങ്ങള്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ' ഓക്‌ലഹോമ പ്രാദേശിക ജില്ലാ അറ്റോര്‍ണി ഡേവിഡ് പ്രാറ്റര്‍ ബസ്ഫീഡിനോട് പറഞ്ഞു. 'നിയമപാലകനായി അഭിനയിച്ച ഒരു മാനഭംഗക്കാരനാണിയാള്‍. അയാള്‍ ശരിയായ പൊലീസുകാരനായിരുന്നെങ്കില്‍ ആളുകളെ ഇരകളാക്കുന്നതിനു പകരം അവരെ സംരക്ഷിക്കുമായിരുന്നു.'

ഒാക്‌ലഹോമന്‍ പത്രറിപ്പോര്‍ട്ട് അനുസരിച്ച് ഇയാളുടെ പീഡനത്തിനിരയായ മൂന്നുപേര്‍ ജൂറിക്കു മുന്നില്‍ മൊഴിനല്‍കി. ഇവരില്‍ അന്വേഷണത്തിനു തുടക്കമിടാന്‍ സഹായിച്ച പരാതി നല്‍കിയ ഒരു വയോധികയുമുണ്ട്.

ശിക്ഷ അപ്രതീക്ഷിതമല്ലെന്നായിരുന്നു ഹോള്‍ട്‌സ്‌ക്ലോയുടെ അഭിഭാഷകന്‍ സ്‌കോട്ട് ആഡംസിന്റെ പ്രതികരണം. ഹോള്‍ട്‌സ്‌ക്ലോ ഇതുവരെ ജയിലില്‍ ചെലവിട്ട സമയം ശിക്ഷയില്‍ ഇളവുചെയ്യും.

വ്യാഴാഴ്ചത്തെ വിചാരണയ്ക്ക് ഒരു ദിവസം മുന്‍പ് ആഡംസ് തന്റെ കക്ഷിക്കുവേണ്ടി പുതിയ വിചാരണ ആവശ്യപ്പെട്ടിരുന്നു. ഓക്‌ലഹോമയിലെ ഒരു സിറ്റി ഡിറ്റക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാര്‍ പ്രതിഭാഗത്തുനിന്നു പല തെളിവുകളും മറച്ചുവച്ചു എന്നു പരാമര്‍ശമുണ്ടെന്നായിരുന്നു ആഡംസിന്റെ വാദം.

13 ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ക്കെതിരെ ലൈംഗികകുറ്റകൃത്യങ്ങള്‍ നടത്തിയെന്ന കേസില്‍ എട്ടിലും ഹോള്‍ട്‌സ്‌ക്ലോ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.

ഹോള്‍ട്‌സ്‌ക്ലോ സര്‍വീസിലിരിക്കെ സ്ഥാനവും അധികാരവും ഉപയോഗിച്ച് അയല്‍പ്രദേശങ്ങളിലെ പാവപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് അന്വേഷകര്‍ കണ്ടെത്തിയത്. കുറ്റാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു.

നിയമപാലകര്‍ക്കിടയിലെ ലൈംഗികപീഡനക്കേസുകളെപ്പറ്റിയുള്ള അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ ഹോള്‍ട്‌സ്‌ക്ലോയുടെ കേസ് എടുത്തുപറയുന്നു.' വരേണ്യവര്‍ഗത്തിലെയോ മധ്യവര്‍ഗത്തിലെയോ വനിതകളെ അയാള്‍ ആക്രമിക്കാന്‍ ധൈര്യപ്പെട്ടില്ല. തന്നെപ്പറ്റി പുറത്തുപറയില്ലെന്ന് ഉറപ്പുള്ളവരോടായിരുന്നു ഹോള്‍ട്‌സ്‌ക്ലോയുടെ ക്രൂരതകള്‍,' അവസാനവാദത്തില്‍ പ്രോസിക്യൂട്ടര്‍ ലോറി മക്‌കൊന്നെല്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഈ സ്ത്രീകള്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്നും അവരെപ്പറ്റി ആര്‍ക്കും ശ്രദ്ധയില്ലെന്നുമുള്ള വിശ്വാസത്തിലായിരുന്നു ഹോള്‍ട്‌സ്‌ക്ലോ.'

പൊലീസ് പരിശോധനയുടെ പേരുപറഞ്ഞാണ് മിക്ക ഇരകളെയും ഹോള്‍ട്‌സ്‌ക്ലോ സമീപിച്ചത്. കോടതിയിലെത്തിയവരില്‍ ഒരു പെണ്‍കുട്ടി തന്റെ വീട്ടിലെത്തിച്ചശേഷമാണ് ഹോള്‍ട്‌സ്‌ക്ലോ പീഡിപ്പിച്ചതെന്ന് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് 17 വയസായിരുന്നു.

വിധിക്കുശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിച്ച ജാനി ലിഗോണ്‍സ് തനിക്കുണ്ടായ അനുഭവം ഇങ്ങനെ വിവരിച്ചു: ' വഴിയില്‍ ഞാന്‍ ഒറ്റയ്ക്ക് നിസഹായയായിരുന്നു. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അയാള്‍ കൊല്ലാന്‍ പോകുന്നുവെന്ന ഭയമായിരുന്നു എനിക്ക്'.

മറ്റൊരാളായ ഷാര്‍ദേറിയോണ്‍ ഷാര്‍ദേ ഹില്‍ തന്നെ ആശുപത്രിക്കിടക്കയോടു ചേര്‍ത്ത് വിലങ്ങുവച്ചശേഷമാണ് ഹോള്‍ട്‌സ്‌ക്ലോ ആക്രമിച്ചതെന്ന് പറഞ്ഞു. 'ഭയം കൊണ്ട് എനിക്കു ശബ്ദിക്കാനായില്ല. ജീവന്‍ തിരിച്ചുകിട്ടണമെങ്കില്‍ അയാള്‍ പറയുന്നതൊക്കെ ചെയ്യണമെന്നത്ര ഭയം.'

ഹോള്‍ട്‌സ്‌ക്ലോയ്‌ക്കെതിരെ മൊഴിനല്‍കാനെത്തിയവരെല്ലാം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായിരുന്നു. വെളുത്തവര്‍ഗക്കാര്‍ മാത്രമാണ് ജൂറിയിലുണ്ടായിരുന്നത്. കോടതി രേഖകളില്‍ ഹോള്‍ട്‌സ്‌ക്ലോയെപ്പറ്റി 'ഏഷ്യക്കാരന്‍ അല്ലെങ്കില്‍ പെസഫിക് ദ്വീപുകാരന്‍' എന്നാണു രേഖപ്പെടുത്തിയിരുന്നത്.

ഡിസംബറില്‍ കുറ്റക്കാരനെന്ന വിധി കേട്ട് വിങ്ങിക്കരഞ്ഞ ഹോള്‍ട്‌സ്‌ക്ലോ താനതു ചെയ്തില്ല എന്നു പറഞ്ഞു. ഇതേപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ ആഡംസ് തയാറായില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories