TopTop
Begin typing your search above and press return to search.

എക്സല്‍ കേരള: പുതിയ നയം, പുതിയ നിയമം, പുതിയ നാട്

എക്സല്‍ കേരള: പുതിയ നയം, പുതിയ നിയമം, പുതിയ നാട്

എക്‌സല്‍ കേരള എന്താണെന്ന് കഴിഞ്ഞ ദിവസം ചില സുഹൃത്തുക്കള്‍ വിളിച്ചു ചോദിച്ചു. അഴിമതിരഹിതമായ ഭരണത്തിലൂടെ നാടിന്റെ സുസ്ഥിര വികസനം സാധ്യമാക്കുകയാണ് എക്‌സല്‍ കേരളയുടെ ലക്ഷ്യം. അഴിമതിയെ വെറുക്കുന്ന - ചെറുക്കുന്ന - ആര്‍ക്കും എക്‌സല്‍ കേരളയില്‍ പങ്കുചേരാവുന്നതാണ്. വികസനത്തിലൂടെയാണ് ഒരു ദേശത്തിന്റെ ജീവിതനിലവാരം ഉയരുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ ഏകപക്ഷീയവും കുറച്ചുമാത്രം ആളുകളെ ഗുണഭോക്താക്കളായി പരിഗണിക്കുന്നതുമായിരിക്കും. ഒപ്പം പാരിസ്ഥിതികമായ സംതുലനാവസ്ഥയെ തകിടം മറിക്കുന്നതുമായിരിക്കും. കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമായിരിക്കും നമ്മള്‍ വികസനത്തിന്റെ വൈകല്യത്തെ തിരിച്ചറിയുന്നത്. കാലേകൂട്ടി പദ്ധതികള്‍ ആസൂത്രണം ചെയ്ത് അഴിമതിരഹിതമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ജനോപകാരപ്രദമായ രീതികള്‍ വികസനം സാധ്യമാക്കേണ്ടുന്ന കാലത്തിന്റെ അത്യാവശ്യസന്ധിയിലാണ് നാം ജീവിക്കുന്നത്. എക്‌സല്‍ കേരളയോട് ഇടപെടുന്ന ഓരോരുത്തരും ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്.


സുസ്ഥിരവികസനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് 17 മാനദണ്ഡങ്ങള്‍ ഉണ്ട്. എല്ലാ പ്രകാരത്തിലുമുള്ള ദാരിദ്ര്യം ഇല്ലാതാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പോഷകദാരിദ്ര്യപ്രശ്‌നങ്ങള്‍ പരിഹരിക്കുക, കാര്‍ഷികരംഗത്ത് സുസ്ഥിരത സാധ്യമാക്കുന്ന കൃഷിരീതകള്‍ അവലംബിക്കുക, ആരോഗ്യകരമായ ജീവിതം എല്ലാവരുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക, മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക, വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനു വേണ്ടുന്ന സാഹചര്യങ്ങള്‍ നല്‍കുക, ലിംഗസമത്വം ഉറപ്പുവരുത്തുക തുടങ്ങിയവയെല്ലാം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചികയില്‍ ഉള്‍പ്പെടുന്നവയാണ്. ഇവ കൂടാതെ, ജീവന്റെ നിലനില്‍പ്പിനെ പരിപോഷിപ്പിക്കുന്ന ജലനയം രൂപപ്പെടുത്തുക, ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് പൊതുജനാരോഗ്യം പാലിക്കുക, സുസ്ഥിരവും ആധുനികവുമായ ഊര്‍ജ്ജനയം രൂപപ്പെടുത്തുക, അഭിമാനാര്‍ഹമായ രീതിയില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധ്യമാക്കുക, വ്യവസായവല്‍ക്കരണത്തില്‍ പ്രാദേശികമായ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടാവുക, ജനങ്ങള്‍ തമ്മിലുള്ള അസമത്വങ്ങള്‍ ഇല്ലാതാക്കുക, മനുഷ്യന്റെ ആവാസ ഇടങ്ങള്‍ (നഗരവും ഗ്രാമവും) സുരക്ഷിതവും പ്രസന്നവുമാക്കുക, ഉല്‍പ്പാദന, ഉപഭോഗ രീതികള്‍ സുസ്ഥിരമാണെന്ന് ഉറപ്പുവരുത്തുക, കാലാവസ്ഥാ വ്യതിയാനങ്ങളെ പരിഹരിക്കുന്നതിനുവേണ്ടുന്ന പാരിസ്ഥിതിക രീതിശാസ്ത്രം രൂപപ്പെടുത്തുക, സമുദ്രവും സമുദ്രവിഭാഗങ്ങളും ഉപയോഗിക്കന്നതില്‍ വിവേകം പാലിക്കുക, പ്രാദേശികവും രാഷ്ട്രാന്തരിയവുമായ വനങ്ങള്‍, ആവാസവ്യവസ്ഥകള്‍, പാരിസ്ഥിതിക ഘടനകള്‍ എന്നിവയുടെ സംരക്ഷണത്തിലൂടെ ജൈവവൈവിധ്യം നിലനിര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക, വംശീയവും മതപരവും ഒക്കെയായ വൈവിധ്യങ്ങള്‍ക്ക് സ്വൈര്യജീവിതം സാധ്യമാക്കുക എന്നിവയും ഐക്യരാഷ്ട്രസഭയുടെ വികസനസൂചികകളാണ്. നമ്മുടെ വികസന സങ്കല്‍പ്പങ്ങളിലും സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും ഇതിന്റെ പ്രയോഗം പലപ്പോഴും കാണുന്നില്ല. പ്രയോഗിക്കാന്‍ മടിച്ചു നില്‍ക്കുന്ന സുസ്ഥിര നിലപാടുകള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടവയാണ് നമ്മുടെ വികസന നയം.


ആദ്യ യോഗത്തില്‍ നിന്ന്‍

പരിസ്ഥിതിയെയും വിവിധതരം ജീവിതാവസ്ഥകളിലും ജീവനോപാധികളിലും സാമൂഹ്യചുറ്റുപാടുകളിലും ഉള്ള ആളുകളെ പരിഗണിക്കാത്തതുമായ വികസനനയത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്. വികസന അഭയാര്‍ത്ഥികളും പാരിസ്ഥിതിക അഭയാര്‍ത്ഥികളുമായി മാറ്റപ്പെടുന്ന ജനതയുടെ നിലവിളികള്‍ ഒരുവശത്ത്. ഏകപക്ഷീയവും ചൂഷണാധിഷ്ഠിതവും അഴിമതിയില്‍ മുങ്ങിക്കുളിച്ചതുമായ വികസനപദ്ധതികള്‍ കൊണ്ട് കീശ നിറയ്ക്കുന്നത് അനഭികാമ്യമായ കാര്യമായി പരിഗണിക്കാത്ത അഴിമതി വീരര്‍ മറുവശത്ത്. ജലക്ഷാമമായും വരള്‍ച്ചയായും കൊടുമഴയായും വിളക്കെടുതിയായും രോഗാണുക്കളുടെ പിറവിയായും പെരുക്കമായും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മറ്റൊരുവശത്ത്. ഇങ്ങനെ അമ്പേ താറുമാറായിക്കിടക്കുന്ന പരിസ്ഥിതിയുടെയും അഴിമതിയില്‍ കുളിപ്പിച്ചെടുത്ത പ്രോജക്ടുകളുടെയും നാളുകളില്‍ ഇവ നേരിടുന്ന ജനത ഉയര്‍ത്തെഴുന്നേറ്റേ മതിയാവൂ. ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നല്ലൊരു ഭരണത്തിനും പ്രകൃതിക്കും ജീവതത്തിനും അത്യാവശ്യമാണ്. ഈ അത്യാവശ്യബോധമാണ് എക്‌സല്‍ കേരള എന്ന ഫോറത്തെ രൂപപ്പെടുത്തുന്നത്.


വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും പ്രൊഫഷണല്‍സും കര്‍ഷകരും വ്യവസായികളും ഡോക്ടര്‍മാരും തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളുടെയും ഒത്തുചേര്‍ന്ന പ്രവര്‍ത്തനത്തിലൂടെ മാത്രമേ മികവുറ്റ കേരളത്തെ പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കൂ. സദ്ഭരണത്തിനു വേണ്ടിയുള്ള ഒരു തിരുത്തല്‍ ശക്തിയായും പ്രേരകോര്‍ജ്ജമായും സാംസ്‌കാരിക സഖ്യമായും ഈ ഫോറത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. സദ്ഭരണത്തിനും സുസ്ഥിര വികസനത്തിനുമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആര്‍ക്കും എക്‌സല്‍ കേരളയുടെ ഭാഗാമാന്‍ കഴിയും. കൂട്ടായ പ്രവര്‍ത്തനവും ആധിപത്യമനോഭാവം വെടിഞ്ഞതുമായ പെരുമാറ്റ രീതികളും കൊണ്ട് സംഘടിത ജീവിതത്തിന് മാതൃകയാകാനും എക്‌സല്‍ കേരളയ്ക്ക് കഴിയും.


ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മറ്റൊരു സുഹൃത്ത് ചോദിച്ചു. അഴിമതിരഹിതമായ ഒരു ഭരണവും സാമൂഹ്യജീവിതവും ഇവിടെ സാധ്യമാകുമോ. അത്രമാത്രം അതില്‍ ആണ്ടുമുങ്ങിയല്ലേ നമ്മള്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം സംശയിച്ചു. കുറെക്കാലമായി പരിസ്ഥിതിയെയും വികസനത്തെയും കുറിച്ച് ഇവിടുത്തെ പരിസ്ഥിതിവാദികള്‍ (അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സിംഹവാലന്‍മാര്‍) പറയുന്നുണ്ടല്ലോ. എന്നിട്ട് വല്ല പ്രയോജനവുമുണ്ടായോ. ഇതിനു മറുപടിയായി എന്റെ മനസ്സില്‍ വരുന്നത് പഴയൊരു കഥയാണ്. കോഴിമുട്ടയോടൊപ്പം പെട്ടുപോയ കഴുകന്‍മുട്ട കോഴിമുട്ടയ്‌ക്കൊപ്പം വിരിഞ്ഞു. കഴുകുന്‍കുഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം വളര്‍ന്നു. അത് മണ്ണിലേക്ക് നോക്കിക്കൊണ്ട് ചികയുമ്പോള്‍ ആകാശത്ത് ഒരു കഴുകന്‍ പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ തള്ളക്കോഴി പറഞ്ഞു. ''അതാണ് കഴുകന്‍, അത് ആകാശത്ത് ഉയര്‍ന്ന് പറക്കും. ശക്തനാണ്. പക്ഷേ നമ്മള്‍ കോഴികള്‍ക്ക് അതൊന്നും ആവില്ല. നമ്മളിങ്ങനെ ചികഞ്ഞും കൊത്തിയും മണ്ണില്‍ ജീവിക്കുന്നു.'' അപ്പോള്‍ തന്റെ കരുത്ത് അറിവില്ലാത്ത കഴുകന്‍ കുഞ്ഞ് പറഞ്ഞു. ''അതേ, നമുക്ക് അതൊന്നും സാധിക്കില്ല.'' അഴിമതികഥകളിലും വികലവികസിത പ്രക്രിയയിലും പാരിസ്ഥിതിക ദൗര്‍ഭാഗ്യങ്ങളിലും ജീവിക്കുന്ന നമ്മള്‍ നമ്മുടെ ഉള്ളില്‍ത്തന്നെ ഉള്ള ശക്തിയെയും പ്രതിരോധപ്രക്രിയയ്ക്കുള്ള വാഞ്ഛയെയും കുറിച്ച് അജ്ഞരായിരിക്കുകയാണ്. അതിന് ഒരു മാറ്റം വരണം. നമ്മിലെ ശക്തിയെക്കുറിച്ചും ആസൂത്രണമികവിനക്കുറിച്ചും നന്മയെക്കുറിച്ചും ശുഭാപ്തിവിശ്വാസമുള്ളവരായി കൂട്ടുചേര്‍ന്ന പ്രവര്‍ത്തന പരിപാടികളിലൂടെ പുതിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ സജ്ജരാകേണ്ടതുണ്ട്. എക്‌സല്‍ കേരള ഇതിനുള്ള പ്ലാറ്റ്‌ഫോറം ആണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories