TopTop
Begin typing your search above and press return to search.

പൊതുപ്രവര്‍ത്തനം രാഷ്ട്രീയക്കാരുടെ കുത്തകയല്ല; സിനിമാക്കാര്‍ക്കും ചിലത് ചോദിക്കാനുണ്ട്/ഡോ. ഇക്ബാല്‍ കുറ്റിപ്പുറം

പൊതുപ്രവര്‍ത്തനം രാഷ്ട്രീയക്കാരുടെ കുത്തകയല്ല; സിനിമാക്കാര്‍ക്കും ചിലത് ചോദിക്കാനുണ്ട്/ഡോ. ഇക്ബാല്‍ കുറ്റിപ്പുറം

അഴിമതി മുക്ത സമൂഹം എന്ന ലക്ഷ്യവുമായി ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 'എക്‌സല്‍ കേരള'യുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് സംഘടനയുടെ പ്രതിനിധിയും പ്രമുഖ തിരക്കഥാകൃത്തുമായ ഡോ. ഇക്ബാല്‍ കുറ്റിപ്പുറം അഴിമുഖവുമായി സംസാരിക്കുന്നു.

കേരളത്തെ തകര്‍ക്കുന്ന അഴിമതിക്കെതിരെ പൊതുജാഗ്രത ഉണ്ടാക്കുക എന്നതാണ് എക്‌സല്‍ കേരള എന്ന സംഘടനയുടെ പ്രധാനലക്ഷ്യം. അതോടൊപ്പം പരിസ്ഥിതി വിനാശകരമല്ലാത്ത വികസന കാര്യങ്ങളിലെ പങ്കാളിത്തവും മുന്നോട്ടുവയ്ക്കുന്നു. ഈ ലക്ഷ്യങ്ങള്‍ക്കായി പൊതുമണ്ഡലത്തിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഏകീകരണമാണ് ആവശ്യപ്പെടുന്നത്. നമ്മളില്‍ അധികം പേരും തങ്ങളുടെതായ മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റു വിഷയങ്ങളോട് നിശബ്ദത പാലിക്കുകയാണ്. പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയോ സാമൂഹികവിഷയങ്ങളിലേക്കു വരികയോ ചെയ്യാത്തവരുടെ എണ്ണം അധികമുണ്ട് നമ്മുടെ നാട്ടില്‍. വിവിധമേഖലകളില്‍ നിന്നുള്ളവര്‍ ഇത്തരത്തില്‍ തങ്ങളുടെ കഴിവ് സമൂഹത്തിനുവേണ്ടി ചെലവഴിക്കാന്‍ ശ്രമം നടത്താതെ മാറിനില്‍ക്കുകയാണ്. ഇവരെയെല്ലാം ഏകോപിപ്പിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ് എക്‌സല്‍ കേരള.

ആം ആദ്മിയുടെ പുതുരൂപമല്ല
എക്‌സല്‍ കേരളയെ ഏതെങ്കിലും സംഘടനകളോടോ പാര്‍ട്ടികളോടോ താരതമ്യപ്പെടുത്തി ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. ഇതു തനതായ ലക്ഷ്യങ്ങളോടെ മുന്നോട്ടുപോകാന്‍ തയ്യാറെടുക്കുന്ന സംഘടനയാണ്. നാളെയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നുള്ള യാതൊരു ഉദ്ദേശവുമില്ല. സംഘടനയുടെ പ്രവര്‍ത്തനം പ്രത്യേക താതപര്യങ്ങള്‍ വെച്ചുകൊണ്ടല്ല. പല മേഖലകളിലും അവരവരുടെ കഴിവു തെളിയിച്ചവരാണ് ഈ സംഘടനയിലേക്ക് വരുന്നത്. അതുകൊണ്ടു മറ്റേതെങ്കിലും തരത്തില്‍ അവര്‍ക്ക് ഷൈന്‍ ചെയ്യേണ്ട ആവശ്യവുമില്ല. ഇത്തരമൊരു സംഘടന ആര്‍ക്കെങ്കിലും എന്തെങ്കിലും നേടിയെടുക്കാനല്ല, അഴിമതിക്കെതിരെ അമര്‍ഷം ഉയര്‍ത്തുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനായി ഒരു പൊതുവേദി ഒരുക്കി കൊടുക്കാനാണ്.

ആം ആദ്മി പാര്‍ട്ടിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ അവര്‍ പരാജയപ്പെട്ടു. അവരുടെ പ്രവര്‍ത്തനം കേരളത്തില്‍ നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം അവരൊരു രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ഞങ്ങള്‍ ഒരിക്കലും പാര്‍ട്ടി രൂപീകരണത്തിനല്ല ശ്രമിക്കുന്നത്. കേരളത്തെ ബാധിച്ചിരിക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള പോരാട്ടമാണ്. സ്വയം ശുദ്ധീകരണമെങ്കിലും ഇതില്‍ പങ്കാളികളാകുന്നവരില്‍ നടക്കുമെന്ന് ഉറപ്പാണ്.

അഴിമതിക്കെതിരെ ജാഗ്രത എന്നതു കൂടാതെ പാരിസ്ഥിതിക തകര്‍ച്ച വരുത്തിവയ്ക്കാത്ത കൃത്യമായുള്ള വികസനത്തിനു വേണ്ടുന്ന കര്‍മ്മപദ്ധതികളും മുന്നോട്ടുവയ്ക്കും. നേരത്തെ പറഞ്ഞതുപോലെ, ഓരോ മേഖലയിലും തങ്ങളുടെ കഴിവു തെളിയിച്ചവര്‍ ഈ സംഘടനയിലുണ്ട്. അവരെയാരും രാഷ്ട്രീയക്കാരോ ഭരണകര്‍ത്താക്കളോ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ല. ഇ ശ്രീധരനെ പോലുള്ളവരൊക്കെ ഉദാഹരണമാണ്. വികസനകാര്യത്തില്‍ കൃത്യമായ നിലപാടുള്ള വ്യക്തിയാണ് ശ്രീധരന്‍. അദ്ദേഹത്തെ പോലെ കഴിവും ലക്ഷ്യവുമുള്ള നിരവധി പേര്‍ നിശബ്ദരായി മാറിനില്‍ക്കേണ്ട അവസ്ഥയുണ്ട്. അങ്ങനെയുള്ളവരുടെ ശബ്ദം സമൂഹത്തിനായി ഉപയോഗിക്കുക എന്നതാണ് എക്‌സല്‍ കേരള ലക്ഷ്യമിടുന്നത്. എങ്ങനെയാണ് ഒരു പദ്ധതി വരേണ്ടത്, പരിസ്ഥിതി ആഘാതം ഇല്ലാതെ എങ്ങനെയത് പ്രാവര്‍ത്തികമാക്കാം എന്നിവയിലെല്ലാം വിദഗ്ധമായ അഭിപ്രായം പറയാനും നമ്മുടെ വികസന പരിപാടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും കഴിവുള്ളവരാണിവര്‍. നാം ഇനിയും അവരെ ഉപയോഗക്കാതിരുന്നാല്‍ നഷ്ടം ഈ നാടിനു തന്നെയാണ്. ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നല്ല, എന്നിരുന്നാലും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങളില്‍ വസ്തുനിഷ്ഠമായ ഉപദേശവും സഹായവും നല്‍കാന്‍ കഴിവുള്ളവരെ മുന്നോട്ടുവയ്ക്കാന്‍ എക്‌സല്‍ കേരളയ്ക്ക് കഴിയും.

ഇതു സെലിബ്രിറ്റികളുടെ കൂട്ടായ്മയല്ല
ഈ സംഘടനയില്‍ ഇപ്പോള്‍ വന്നിരിക്കുന്നവരാരും തന്നെ സെലിബ്രിറ്റികളായി മാത്രം ജീവിക്കുന്നവരല്ല, സാധാരണക്കാരുമായി ഇടപെട്ടു ജീവിക്കുന്നവരാണ്. ഞങ്ങളാരും തന്നെ ആഡംബരത്തില്‍ ആകൃഷ്ടരായവരല്ല, അങ്ങനെയുള്ള ജീവിതത്തിന് സാഹചര്യമുണ്ടായിട്ടും അതില്‍ നിന്നും ഒഴിഞ്ഞു മാറിനില്‍ക്കുന്നരാണ്. ഇവിടെയിപ്പോള്‍ വിമര്‍ശനം വരിക രാഷ്ട്രീയക്കാരുടെ ഭാഗത്തു നിന്നാകും. അവരല്ല ജനങ്ങളുടെ താത്പര്യം എന്തായിരിക്കുമെന്നു തീരുമാനിക്കേണ്ടത്. സിനിമാക്കാര്‍ ഉള്‍പ്പെടെ എക്‌സല്‍ കേരളയില്‍ അംഗങ്ങളായതുകൊണ്ട്, സിനിമാക്കാരന്‍ ആ പണി നോക്കിയാല്‍ പോരെയെന്ന സ്വഭാവികമായി എപ്പോഴും ഉയരുന്ന വിമര്‍ശനം ഇവിടെയുമുണ്ടാകുന്നുണ്ട്. സിനിമാക്കാരനും ഈ രാജ്യത്തെ പൗരനാണ്. വോട്ടു ചെയ്യുന്നവരാണ്, ഞങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ രാഷ്ട്രീയത്തില്‍ ഇടപെടാനും ചോദ്യങ്ങള്‍ ഉയര്‍ത്താനുമുള്ള അവകാശം ഒരു വോട്ടര്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കുമുണ്ട്. ആ അവകാശമാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്.സെലിബ്രിറ്റി എന്ന ലേബല്‍ മറ്റൊരു തരത്തില്‍ ഉപകാരമാണ്. വലിയ കുഴപ്പമൊന്നും ഉണ്ടാക്കാത്ത സിനിമാക്കാര്‍ പറയുന്നതൊക്കെ ജനങ്ങള്‍ ശ്രദ്ധിക്കും. ആ ഒരു വഴി മാത്രമെ ഞങ്ങളുടേതായ സ്റ്റാറ്റസ് വച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നുള്ളൂ. സത്യന്‍ അന്തിക്കാട് പല വിഷയങ്ങളിലും എഴുതുന്നൊരാളാണ്. അദ്ദേഹത്തിന് ധാരാളം വായനക്കാരുണ്ട്. അതുവഴി ഞങ്ങളുടെ ലക്ഷ്യങ്ങള്‍ സത്യേട്ടന് ജനങ്ങളുമായി പങ്കുവയ്ക്കാം. ശ്രീനിയേട്ടനാണെങ്കില്‍ ജൈവ കൃഷിയുമായി നിരന്തരം ജനങ്ങളുമായി ഇടപെടലുകള്‍ നടത്തിവരുന്നൊരാളാണ്. തന്റെ ബ്ലോഗിലൂടെ ജനകീയ വിഷയങ്ങള്‍ പങ്കുവയ്ക്കുന്നൊരാളാണ് ലാല്‍ ജോസ്. ഇത്തരത്തില്‍ ഇവരിലോരോരുത്തരും ജനങ്ങളുമായി നല്ല സമ്പര്‍ക്കമുള്ളവര്‍ തന്നെയാണ്. ഒരുപക്ഷേ രാഷ്ട്രീയക്കാരെക്കാള്‍ കൂടുതല്‍. ഞാന്‍ ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്നൊരാളാണ്. വലിയ ചൂഷണമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. ആരോഗ്യ മേഖലയിലെ മരുന്നു കൊള്ളയും ചൂഷണവും ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. അതിനായുള്ള പ്രവര്‍ത്തനം എന്നെപ്പോലുള്ളവര്‍ക്ക് നടത്താനാകും.

ഇടപെടലുകള്‍ക്കുള്ള സമയമായിരിക്കുന്നു. എല്ലാവരും, ജനങ്ങളും മാധ്യമങ്ങളുമെല്ലാം ഇതിന്റെ ഭാഗമാകേണ്ടിയിരിക്കുന്നു. പ്രതികരിക്കണമെന്നുണ്ടായിട്ടും മിണ്ടാതിരിക്കുന്ന നിരവധി പേരുണ്ട്. അവരെ സംഘടിപ്പിച്ച് പൊതുവായൊരു വേദി അവര്‍ക്കായി നല്‍കുക, അതിലൂടെ ശക്തമായ സാമൂഹിക ഇടപെടലുകള്‍ സാധ്യമാക്കുക; അതാണ് എക്‌സല്‍ കേരളയിലൂടെ ലക്ഷ്യമിടുന്നത്. സമാനചിന്താഗതിക്കരുടെ ഏകീകരണം സാധ്യമാകാതെ പോകുന്നതാണ് ഒന്നിച്ചുള്ള മുന്നേറ്റത്തിനു ഇതുവരെ തടസമായി നിന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തുകൊണ്ട് ഇത്തരമൊരു സംഘടന
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തുകൊണ്ട് ഇത്തരമൊരു സംഘടന എന്ന ചോദ്യവും ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്ക് എതിരെയുള്ള പ്രവര്‍ത്തനമല്ല സംഘടനയുടെ ലക്ഷ്യം. ഞങ്ങള്‍ക്കൊപ്പം ഉള്ളവര്‍ക്ക് തന്നെ ഓരോ രാഷ്ട്രീയം ഉള്ളവരാണ്. അതവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. ആരെ പിന്തുണയ്ക്കണം, ആര്‍ക്ക് വോട്ട് ചെയ്യണമെന്നതൊക്കെ അവരുടെ ഇഷ്ടമാണ്. എന്നാല്‍ എല്ലാവരും ഒന്നിച്ചു കൂടിയിരിക്കുന്നത് പൊതുവായ പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാനാണ്. തെറ്റിനെതിരെ കൈചൂണ്ടാന്‍ ആളുകളുണ്ടെന്ന തോന്നലുണ്ടാകുമ്പോള്‍ സ്വാഭാവികമായും തെറ്റുചെയ്യുന്നവരുടെ കൈവിറയ്ക്കും.

ഇവിടെ പ്രകടനപത്രികകളൊന്നും തന്നെ ഞങ്ങള്‍ പുറത്തിറക്കുന്നില്ല. പ്രവര്‍ത്തനം മാത്രമാണ്. ആ പ്രവര്‍ത്തനത്തിന് സമൂഹത്തിന്റെ വിവിധതട്ടില്‍ നിന്നുള്ളവര്‍ ഭാഗമാകുന്നു. ഇവിടെ തലവന്‍മാരോ കോര്‍ഡിനേറ്റര്‍മാരോ ഇല്ല. അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാതന്ത്ര്യം നല്‍കുകയാണ്. അതേസമയം തന്നെ സംഘടനയിലേക്ക് വരുന്നവര്‍ക്ക് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നുണ്ട്. അതൊരു ഫില്‍റ്ററിംഗിനുവേണ്ടിയാണ്. സാമൂഹ്യവിരുദ്ധ മനോഭാവമുള്ളവരുടെ നുഴഞ്ഞുകയറ്റം തടയാന്‍ വേണ്ടി.

നമുക്ക് ഇനിയും നല്ല നാളെകള്‍ പ്രതീക്ഷിക്കാം. ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ കഴുകി തെളിച്ചെടുത്തൊരു വെള്ളിക്കഷ്ണം പോലെ ഈ നാട് സംരക്ഷിച്ചു മുന്നോട്ടുപോകാം. ഇനിയും കറകള്‍ പുരളാന്‍ അനുവദിക്കരുത്... അതിനായി കൈകോര്‍ക്കാം...നമ്മള്‍ ഒരുമിച്ചാണ്...

(ഇക്ബാല്‍ കുറ്റിപ്പുറവുമായി അഴിമുഖം പ്രതിനിധി സംസരിച്ചു തയ്യാറാക്കിയത്)


Next Story

Related Stories