TopTop
Begin typing your search above and press return to search.

ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ല, വസ്ത്രങ്ങളുടെ മറകള്‍ പോലും; ശ്രീപാര്‍വ്വതിയുടെ മീനുകള്‍ ചുംബിക്കുന്നു-പ്രസക്ത ഭാഗങ്ങള്‍

ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ല, വസ്ത്രങ്ങളുടെ മറകള്‍ പോലും; ശ്രീപാര്‍വ്വതിയുടെ മീനുകള്‍ ചുംബിക്കുന്നു-പ്രസക്ത ഭാഗങ്ങള്‍

ലെസ്ബിയന്‍ വിഷയം പ്രതിപാദിച്ചിരിക്കുന്നതിന്റെ പേരില്‍ എറണാകുളം സെന്റ് തെരേസാസ് കോളേജ് അധികൃതര്‍ വേദി നിഷേധിച്ച മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീപാര്‍വ്വതിയുടെ ‘മീനുകള്‍ ചുംബിക്കുന്നു’ എന്ന നോവലിന്റെ പ്രകാശനം നാളെ (മെയ് 14) നടക്കും. സെന്‍റ് തെരേസാസ് കോളേജിന് എതിര്‍ വശമുള്ള ചില്‍ഡ്രണ്‍സ് പാര്‍ക്കില്‍ വൈകുന്നേരം 7 മണിക്കാണ് പരിപാടി. സെന്‍റ് തെരേസാസിന്‍റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. "പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജിനെ വേദിയാക്കാന്‍ ഞങ്ങള്‍ അറിഞ്ഞുകൊണ്ടു തീരുമാനിച്ചതായിരുന്നു. കാരണം പെണ്‍ പ്രണയം പറയുന്ന ഈ പുസ്തകം പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു നിറഞ്ഞവേദി മനസ്സില്‍ കണ്ടാണ് ഇത് തീരുമാനിച്ചത്." എന്നാണ് ശ്രീപാര്‍വതി അഴിമുഖത്തോട് പറഞ്ഞു. "പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജ് ആയിക്കോട്ടെ, എന്റെ ചോദ്യം എന്തിനെയാണ് അവര്‍ ഭയക്കുന്നത്? പെണ്‍കുട്ടികള്‍ തമ്മില്‍ എന്തുകൊണ്ട് പ്രണയിച്ചു കൂടാ? ഒരു ന്യൂനപക്ഷമായിരിക്കും അവര്‍. നമ്മള്‍ക്ക് ഒരാളോട് പ്രണയം തോന്നുവാന്‍ പ്രത്യേകിച്ച് ഒരു കാരണം വേണമെന്നില്ല. അതിപ്പോള്‍ ആണായാലും പെണായാലും നമ്മള്‍ക്ക് ഇഷ്ടം തോന്നുന്ന ഒരാളോട് ശാരീരികമായോ മാനസികമായോ പ്രണയം തോന്നുന്നത് എങ്ങനെ പ്രകൃതിക്കു നിരക്കുന്നതല്ല, തെറ്റാണ് എന്നൊക്കെ വ്യഖ്യാനിക്കുന്നതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല." ശ്രീപാര്‍വതി പറഞ്ഞു. നാളെ പ്രകാശനം നടക്കാനിരിക്കുന്ന 'മീനുകള്‍ ചുംബിക്കുന്നു' എന്ന നോവലിലെ ഏതാനും ഭാഗങ്ങള്‍ ഒരിക്കല്‍ കൂടി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

വെറുതെ കളിയാക്കിയതാണ്... അവള്‍ വെറുതെ അത് ചിരിച്ചു കളഞ്ഞു. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ സ്‌ക്രീന്‍ഷോട്ടെടുക്കലും പോസ്റ്റിടലും അപമാനിക്കലും ഒക്കെ ഒന്നിച്ചു കഴിഞ്ഞേനെ. അത്രയുമേ ഉള്ളൂ. പലപ്പോഴും ആധുനിക ബന്ധങ്ങള്‍, പരസ്പരം മുറുകി ചേരുന്നത്ര ആവേശത്തില്‍ തന്നെ അഴിഞ്ഞും വീഴും. പിന്നെ കൊടുംവൈരികളാകും. തമ്മില്‍ കാണാത്തത്ര ദൂരങ്ങളിലാണെങ്കിലും ബ്ലോക്ക് ബട്ടന്റെ കാണാപ്പുറങ്ങളിലേക്കും പടിയടച്ച് പിണ്ഡം വയ്ക്കും. അവിടെ തീരുന്നു ബന്ധങ്ങള്‍.

ആഗ്നസ് പക്ഷെ ഏറെ മേച്ചുര്‍ ആയിരുന്നു. കുട്ടിത്തരത്തിന്റെ കുറുമ്പുകള്‍ തന്നിലുണ്ടെന്ന് അവള്‍ ഓര്‍മ്മിപ്പിക്കുമ്പോഴും കാലമൊരുക്കിയ ഒരു മാനുഷികത അവളെ ശോഭിപ്പിച്ച് കൊണ്ടിരുന്നു.

അവള്‍ക്കെന്താണ് സംഭവിക്കുന്നതെന്നറിയില്ല..

സമാന്തര രേഖകള്‍ പോലെയുള്ള രണ്ടു പെണ്ണുങ്ങള്‍. ഒരുവള്‍ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് എപ്പോഴുമെപ്പോഴും ആഴ്ന്നിറങ്ങുകയും ആരെങ്കിലും കൈപിടിക്കാതെ നെഞ്ചിലൊന്ന് പ്രണയം പ്രണയം ആളിക്കത്തിപ്പിക്കാതെ ജീവിക്കാനാവുകില്ലെന്നു പ്രഖ്യാപിക്കുമ്പോള്‍ മറ്റൊരുവള്‍ എന്നോ ഒരിക്കല്‍ കിട്ടിയ ചുംബനത്തില്‍ മനസ്സ് കൊളുത്തി ഒരേ താളത്തിലുള്ള പ്രണയത്തിന്റെ നെഞ്ചിടുപ്പുകള്‍ സ്വയമറിഞ്ഞു, ഉലഞ്ഞു കുളിര്‍ന്ന് അതാണ് പ്രണയമെന്ന് പ്രഖ്യാപിക്കുന്നു. ആഗ്നസിനു പ്രണയമെന്നത് തന്നെ എപ്പോഴും കൊതിപ്പിക്കുകയും ചേര്‍ത്ത് പിടിക്കുകയും ചെയ്യേണ്ട ആവാസവ്യവസ്ഥിതിയാകുമ്പോള്‍ എനിക്കത് ഓര്‍മ്മകളിലേക്കുള്ള ഒരു യാത്രയുടെ തിരയിളക്കമാണ്. എപ്പോഴും അടുത്ത് ഉണ്ടാകണമെന്ന് നിര്‍ബന്ധങ്ങളില്ലാത്ത കടലിന്റെ ഇളക്കങ്ങള്‍...

ജോലിയുടെ കാര്യം മാത്രമല്ല അടുക്കള കാര്യങ്ങള്‍ കൂടി മറന്നുപോകുന്നുണ്ടല്ലോ എന്നോര്‍മ്മിപ്പിച്ചത് അന്നുവാണ്.

ശനിയാഴ്ചയുടെ പരുങ്ങലില്‍ മറന്നത് എന്തൊക്കെയാണ്...

ചോറ് കുക്കറില്‍ വാര്‍ക്കാതെ ഇപ്പോഴുമിരിക്കുന്നുണ്ട്. തലേന്ന് വൈകിട്ട് അന്നുവിനെ വിളിക്കാന്‍ പോകുമ്പോള്‍ ചന്തയില്‍ നിന്ന് വാങ്ങിയ ചീര തോരന്‍ വയ്ക്കണമെന്ന് വിചാരിച്ചതു നുറുക്കി വച്ചിട്ടുണ്ട്, പുളിശേരിയുണ്ടാക്കാന്‍ തേങ്ങാ ചിരകിയതുണ്ട്, എന്തെ ഒന്നും ഉണ്ടാക്കീല്ല.

'അമ്മെ..വിശക്കുന്നു, ആഗിയാന്റി കൊണ്ടുവന്ന ചോക്കലേറ്റ് തീര്‍ന്നോ...'

അവള്‍ക്ക് ചോറ്, വേണ്ട ചോക്കലേറ്റ് മതി. പക്ഷെ പന്ത്രണ്ടരയായി. കുഞ്ഞുവിശപ്പിനോട് നിത്യവും ചോറ് കൊടുത്തു കലഹിക്കുന്ന 'അമ്മ' മനസ്സിനോട് യാതൊരു ന്യായീകരണവും പറയാനില്ലാതെ എനിക്ക് പക കടത്തിവെട്ടുന്നു.

Also Read: പെണ്‍കുട്ടികള്‍ പ്രണയിച്ചാല്‍ എന്താണ് പ്രശ്നം? എന്തിനെയാണിവര്‍ ഭയക്കുന്നത്?-ശ്രീപാര്‍വതി

**************

അവള്‍ ഭയക്കുന്നുണ്ട്, എന്റെ സ്‌നേഹത്തെ ഓര്‍ത്തു വിലപിക്കുന്ന ഹൃദയം അവള്‍ ഒളിപ്പിക്കുകയാണ്. എനിക്കറിയാം അവളുടെ സ്‌നേഹം രതിയുടെ അപ്പുറങ്ങള്‍ തിരയുന്നതല്ല, പകരം കാത്തിരിക്കലിന്റെ നിലനിര്‍ത്തലിന്റെ ആഴങ്ങള്‍ തേടുന്നതാണ്.

ഞാന്‍ പറയട്ടെ താരാ... എനിക്ക് നിന്നോട് പ്രണയമാണ്...

നിന്റെ ശരീരത്തോടല്ല നിന്റെ കണ്ണിലെ കടലിനോട്..

നിന്റെ വിരലുകളോടല്ല,കൈകളിലെ കാടിനോട്...

നിന്റെ മുഖത്തോടല്ല എപ്പോഴും ചിരിക്കുന്ന നിന്റെ ഹൃദയത്തോട്...

എന്നെ തൊടുന്ന നിന്റെ സ്‌നേഹത്തോട്...

നിന്നിലെ അമ്മയോട്...

നിന്നിലെ ഭാര്യയോട്...

നിന്നിലെ സുഹൃത്തിനോട്...

നിന്നിലെ കാമുകിയോട്...

എനിക്ക് പ്രണയമുണ്ട്...

കുട്ടിക്കാലത്ത് ഞാനെഴുതിയിരുന്ന എത്രയോ ഡയറിത്താളുകള്‍ എരിയുന്ന അഗ്നിക്കു നല്‍കുമ്പോഴും ഉള്ളില്‍ നൊന്തിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അതൊക്കെയും വായിച്ച് എന്നെ കരുതലുള്ള കണ്ണുകള്‍ ദയയോടെ നോക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു... പക്ഷെ ആരെയും കാണിക്കാന്‍ തോന്നിയില്ല... ഇപ്പോള്‍ എനിക്ക് നഷ്ടമുണ്ടാകുന്നു. അവ നിനക്ക് വേണ്ടിയെഴുതിയതായിരുന്നുവല്ലോ...

എത്രയോ മരക്കൂട്ടങ്ങള്‍ക്കിടയില്‍, ഞാന്‍ വരച്ച നിറങ്ങള്‍ക്കിടയില്‍ നീയുണ്ടായിരുന്നു... ഞാന്‍ കാണാതെ പോയല്ലോ...

എനിക്ക് നിന്റെ ശരീരം വേണ്ട... പക്ഷെ നിന്നെ വേണം...

മനസ്സും ശരീരവും ഒന്നിച്ചുള്ള നിന്നെ...

നീയെന്നെ എങ്ങനെ മനസ്സിലാക്കിയെന്നെനിക്കറിയാം...

താരാ... നമുക്കിടയില്‍ ദൈവം അവന്റെ മാന്ത്രിക വിരലുകള്‍ ചലിപ്പിച്ചിരിക്കുന്നു...'

അവസാനിക്കാത്ത ഫുള്‍സ്റ്റോപ്പുകള്‍ക്കിടയില്‍ ഞാനും ആഗ്നസും കൈകള്‍ ചേര്‍ത്ത് പിടിച്ച് നടക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ഒന്നുമില്ല, വസ്ത്രങ്ങളുടെ മറകള്‍ പോലുമില്ല... അങ്ങകലെ ഒരു പ്രകാശം... അത് അടുത്തടുത്ത് വരുന്നു... ഞങ്ങളിരുവരെയും അത് വിഴുങ്ങുന്നു... അവിടെ ഫുള്‍സ്റ്റോപ്പുകള്‍ അവസാനിക്കുന്നു.

കാരണം പരസ്പരം അവയെ കണ്ടെത്താന്‍ ഞങ്ങള്‍ മത്സരിച്ചു കൊണ്ടേയിരുന്നു. എത്ര നേരം പരസ്പരം അങ്ങനെ കിടന്നുവെന്ന് യാതൊരു ധാരണയും ഞങ്ങള്‍ക്കിരുവര്‍ക്കും ഉണ്ടായതേയില്ല. ശരീരത്തിന്റെ ദാഹത്തേക്കാള്‍ ആത്മാവിന്റെ ദാഹമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണര്‍ന്നിരുന്നത്... പരസ്പരം ചുംബിക്കുമ്പോഴും കൂടുതല്‍ ഒന്നിനെ വിഴുങ്ങാനുള്ള ആവേശം... വിഴുങ്ങി ഉള്ളിലെത്തി എന്റെ സ്വന്തമായതെന്തോ, എന്നോ മറന്നുവച്ചു പോയത് കണ്ടെത്താനുള്ള ആവേശം...

എത്രയോ നാളുകള്‍ക്കു ശേഷം അന്നാദ്യമായി റോഡ് സൈഡിലെ ഇലഞ്ഞി പൂത്തത് ഞാന്‍ ഗന്ധത്തിലൂടെയറിഞ്ഞു...രാത്രിയല്ലാതിരുന്നിട്ടും അതെന്നെ ഉണര്‍ത്തിക്കൊണ്ടിരുന്നു...

ഞങ്ങള്‍ വീണ്ടും പരസ്പരം വിഴുങ്ങാന്‍ മത്സരിച്ചുകൊണ്ടേയിരുന്നു, ഒടുവില്‍ വീണ്ടെടുക്കാതെ തന്നെ തളര്‍ന്നു അവനവനിലേക്ക് ചായ്ഞ്ഞുറങ്ങിപ്പോയി...


Next Story

Related Stories