TopTop
Begin typing your search above and press return to search.

വിവാദ സര്‍ക്കുലറിനു പിന്നില്‍ ഋഷിരാജ് സിംഗിനെതിരേയുള്ള ഐഎഎസ് ലോബി; എക്‌സൈസ് വകുപ്പ് തലപ്പത്ത് ഭിന്നത രൂക്ഷം

വിവാദ സര്‍ക്കുലറിനു പിന്നില്‍ ഋഷിരാജ് സിംഗിനെതിരേയുള്ള ഐഎഎസ് ലോബി; എക്‌സൈസ് വകുപ്പ് തലപ്പത്ത് ഭിന്നത രൂക്ഷം

സംസ്ഥാന എക്‌സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥ തലപ്പത്ത് ഭിന്നത രൂക്ഷം. വകുപ്പ് ജനുവരി മൂന്നിന് പുറത്തിറക്കിയ സര്‍ക്കുലറും അതിന്റെ പിന്‍വലിക്കലും വിവാദമയതോടെ ഉദ്യോഗസ്ഥ നേതൃത്വത്തിലെ പൊരുത്തമില്ലായ്മ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വിവാദ സംഭവം സീനിയര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ എക്‌സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിംഗിനെതിരെയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥ ലോബിയുടെ കരുനീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

വിവാഹ സത്കാരങ്ങളില്‍ മദ്യം വിളമ്പുന്നത് തടയാനുദ്ദേശിച്ചുള്ള സര്‍ക്കുലര്‍ ഏറെ ചര്‍ച്ചയായിരുന്നു. എക്‌സൈസ് കമ്മിഷ്ണറുടെ പേരില്‍ പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പറയുന്നതിങ്ങനെ- ' ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിവാഹ വീടുകളില്‍ നാലു ദിവസം മുമ്പ് പോയി മദ്യ സത്കാരത്തിന്റെ ദൂഷ്യഫലങ്ങളും നിയമപരമായ മുന്നറിയിപ്പും നല്‍കിയാല്‍ മദ്യാസക്തിയിലേക്കുള്ള യുവാക്കളുടെ ഒരു കവാടം ഇല്ലാതാക്കാന്‍ കഴിയുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ കയ്യെഴുത്തോടു കൂടിയ നിവേദനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ആയതിനാല്‍ താങ്കളുടെ അധികാര പരിധിയില്‍ വിവാഹം നടക്കുന്നതായി അറിവ് ലഭിക്കുന്ന ഓരോ ഭവനങ്ങളിലും വിവാഹത്തിനു നാല് ദിവസം മുമ്പെത്തി മദ്യത്തിനെതിരേ ബോധവത്കരണം നടത്തേണ്ടതും, നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കേണ്ടതുമാണ്'. എല്ലാ ജില്ലകളിലേയും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ക്ക് ഈ സര്‍ക്കുലര്‍ നല്‍കി.

എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം, വിവാഹ വീടുകളില്‍ യൂണിഫോമിട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബോധവത്കരണത്തിനെത്തുമ്പോഴുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പിന്റെ പുതിയ തീരുമാനത്തിനെതിരേ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നു. എന്നാല്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രതികരണം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ സര്‍ക്കുലര്‍ പിന്‍വലിക്കാനും എക്‌സൈസ് കമ്മിഷ്ണര്‍ നിര്‍ദ്ദേശിച്ചു.

എക്‌സൈസ് കമ്മിഷ്ണറുടെ അറിവോടെയല്ലാതെ അഡീഷണല്‍ എക്‌സൈസ് കമ്മിഷ്ണറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കമ്മിഷ്ണറും, എക്‌സൈസ് ബോധവത്കരണ വിഭാഗം ജോയിന്റ് കമ്മിഷ്ണറുമാണ് സര്‍ക്കുലര്‍ ഇറക്കിയത്. നടന്നതിങ്ങനെ- എക്‌സൈസ് വകുപ്പ് മന്ത്രിയ്ക്ക് മദ്യ വിരുദ്ധ സമിതി സമര്‍പ്പിച്ച നിവേദനത്തിലുള്‍പ്പെട്ടിരുന്നതാണ് വിവാഹ സത്കാരങ്ങള്‍ക്ക് മദ്യപാനം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന നിര്‍ദ്ദേശം. മന്ത്രി ഈ നിവേദനം എക്‌സൈസ് കമ്മിഷ്ണര്‍ക്ക് കൈമാറി. ബോധവത്കരണ വിഭാഗത്തിന്റെ കയ്യില്‍ ഈ നിവേദനം ലഭിച്ചു. പ്രസ്തുത നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ട ബോധവത്കരണ വിഭാഗം ജോയിന്റ് കമ്മിഷ്ണറും അഡീഷണല്‍ എക്‌സൈസ് കമ്മിഷ്ണറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കമ്മിഷ്ണറും തീരുമാനിച്ച് ഇതു സര്‍ക്കുലറാക്കി.

സര്‍ക്കുലര്‍ പുറത്തിറക്കിയത് സംബന്ധിച്ച് ബോധവത്കരണ വിഭാഗം ജോയിന്‍ ഡയറക്ടര്‍ കെ. മോഹനന്‍ പറയുന്നതിങ്ങനെ 'പലയിടത്തു നിന്നും വന്ന നിവേദനങ്ങളും നിര്‍ദേശങ്ങളും പരിശോധിക്കുമ്പോള്‍ വിവാഹ സത്കാരങ്ങളില്‍ നിന്ന് മദ്യം ഒഴിവാക്കണമെന്ന നിര്‍ദേശം ശ്രദ്ധയില്‍ പെട്ടു. ഇത് നല്ല നിര്‍ദേശമെന്നുകണ്ട് സ്വോദ്യേശപരമായാണ് സര്‍ക്കുലര്‍ ഇറക്കിയത്. കമ്മിഷ്ണര്‍ ഓഫിസിലെത്തുന്ന ആയിരക്കണക്കിന് ഫയലുകള്‍ പലപ്പോഴും കമ്മിഷ്ണര്‍ കാണാറുപോലുമില്ല. അതെല്ലാം പരിശോധിക്കാന്‍ അദ്ദേഹത്തിന് സമയമുണ്ടാകാറില്ല. ഇത്തരത്തിലൊരു നിര്‍ദേശം കണ്ടപ്പോള്‍ അത് നടപ്പാക്കണമെന്ന് തോന്നിയ ഞാന്‍ തന്നെയാണ് എന്റെ സീനിയര്‍ ഓഫിസറോട് അഭിപ്രായം ആരാഞ്ഞത്. അദ്ദേഹത്തിനും അത് താത്പര്യമായപ്പോള്‍ സര്‍ക്കുലറിറക്കി ആ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പലപ്പോഴും യുവാക്കള്‍ മദ്യവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാന്‍ തുടങ്ങുന്നത് വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മദ്യസത്കാരങ്ങളിലാണ്. വിവാഹ വീടുകളായാലും അനധികൃതമായി മദ്യം വില്‍ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്‍മാരാക്കുന്നതില്‍ എന്താണ് തെറ്റ്. അത് നല്ല കാര്യമല്ലേ? ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ബോധവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കണമെന്നേ ആഗ്രഹിച്ചുള്ളൂ. ചികഞ്ഞ് പരിശോധിച്ച് സര്‍ക്കുലര്‍ തെറ്റിധരിപ്പിക്കുന്നതാക്കിയത് മാധ്യമങ്ങളാണ്. ലൈസന്‍സില്ലാതെ മദ്യം വില്‍ക്കുന്നത് തടയാന്‍ കല്യാണ വീടുകളില്‍ ചെന്ന് നേരിട്ട് പറയാനേ സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചുള്ളൂ. അല്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറണമെന്നോ, മദ്യം വിളമ്പുന്നവരെ അറസ്റ്റ് ചെയ്യണമെന്നോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. എന്തായാലും തെറ്റിധരിക്കപ്പെട്ട സാഹചര്യത്തില്‍ കമ്മിഷ്ണര്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പറഞ്ഞു. അത് ചെയ്തു. അദ്ദേഹത്തിനും ഞങ്ങളുടെ നല്ല ഉദ്ദേശം മനസ്സിലായിട്ടുണ്ടെന്നാണ് കരുതുന്നത്.'

എക്‌സൈസ് കമ്മിഷ്ണറോട് അഭിപ്രായം ചോദിക്കാതെ സര്‍ക്കുലര്‍ പുറത്തിറക്കിയത് ഗുരുതരമായ വീഴ്ചയായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. കമ്മിഷ്ണറോട് പൊതുവെ നിലനില്‍ക്കുന്ന അതൃപ്തിയും അസ്വാരസ്യങ്ങളും ഇതിന് പിന്നിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു. കമ്മിഷ്ണറായ ഋഷിരാജ് സിംഗിനോട് വകുപ്പിന്റെ തലപ്പത്തുള്ള മറ്റ് ഉദ്യോഗസ്ഥര്‍ പലപ്പോഴും നിസ്സഹകരണം പ്രകടിപ്പിക്കാറുണ്ടെന്നും പല കാര്യങ്ങളും അദ്ദേഹത്തോട് ചര്‍ച്ച ചെയ്യാന്‍ പോലും കൂട്ടാക്കുന്നില്ലെന്നും എക്‌സൈസ് വകുപ്പിനുള്ളില്‍ തന്നെ മുറുമുറുപ്പുകളുയരുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം തലപൊക്കിയത്. ഇതോടെ ഈ വാദത്തിന് ശക്തി വര്‍ധിക്കുകയാണ്. എന്നാല്‍ ഇതിന് വിപരീതമായി സംസാരിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുമുണ്ട്. സീനിയര്‍ ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ് തന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കുകയാണെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍മാരെ വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളില്‍ പോലും വിഷയങ്ങള്‍ അവതരിപ്പിക്കുകയല്ലാതെ അവ ചര്‍ച്ച ചെയ്യാറു പോലുമില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ മറുപക്ഷം ഉന്നയിക്കുന്നു. തലപ്പത്തെ ഭിന്നിപ്പ് കീഴുദ്യോഗസ്ഥരിലേക്കും എത്തിയതായി വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍.

കമ്മിഷ്ണറായി ചുമതലയേറ്റയുടന്‍ ഋഷിരാജ് സിംഗ് ബാറുകളിലും കള്ള് ഷാപ്പുകളിലും പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. ബാറുകളുടേയും കള്ളു ഷാപ്പുകളുടേയും ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തിരുന്ന ഒരു കൂട്ടം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും ഇത് തലവേദനയായി. ഇതോടെ പൊതുവെ സര്‍ക്കാരിന് അനഭിമതനായ ഋഷിരാജ് സിംഗിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടതായാണ് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. ലൈസന്‍സ് റദ്ദാക്കുന്നതു പോലുള്ള നടപടികളിലേക്ക് കാര്യങ്ങള്‍ എത്തിക്കേണ്ടെന്നാണ് കമ്മിഷ്ണര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വാക്കാല്‍ ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. വലിയ കേസുകള്‍ എടുക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയതായാണ് വിവരം. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി എക്‌സൈസ് വകുപ്പില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ പോലും നിലച്ച അവസ്ഥയിലാണ്. പേരിന് മാത്രമുള്ള പരിശോധനകളില്‍ കൂടുതലും പെറ്റിക്കേസുകള്‍ മാത്രമാണ് ചാര്‍ജ് ചെയ്യുന്നത്. ഒരു വര്‍ഷത്തെ എക്‌സൈസ് കേസുകളെടുത്താല്‍ മുന്‍ വര്‍ഷങ്ങളുടേതില്‍ നിന്ന് വളരെ വ്യത്യാസം വന്നതായി കാണാം. പെറ്റിക്കേസുകളെടുത്ത് എണ്ണം തികയ്ക്കുമെന്നല്ലാതെ മദ്യവ്യവസായികളെ തൊട്ടുകളിക്കുന്ന ഒരു നല്ല കേസ് പോലും എടുത്തിട്ടില്ലെന്ന് എക്‌സൈസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഋഷിരാജ് സിംഗ് കമ്മിഷ്ണറായ ശേഷം വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വകുപ്പിന്റെ തലപ്പത്തെ ഉദ്യോഗസ്ഥരുടെ പ്രചരണങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ കമ്മിഷ്ണറെ മനഃപൂര്‍വം താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ ഐ.എ.എസ്. ലോബിയില്‍ നിന്നുണ്ടാവുന്നെന്ന് വേണം കരുതാനെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

പൊതുവേദികളിലും മറ്റും എക്‌സൈസ് വകുപ്പിനെക്കുറിച്ച് നല്ലതു മാത്രം പറയുന്ന കമ്മിഷ്ണര്‍ ഋഷിരാജ് സിംഗിന് പക്ഷെ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നോ, താഴെത്തട്ടിലുള്ള ജീവനക്കാരില്‍ നിന്നുപോലുമോ അത്തരത്തിലൊരു നല്ല പ്രതികരണം ലഭിക്കുന്നില്ലെന്നും കമ്മിഷ്ണറെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായമുണ്ട്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കണമെന്ന നിര്‍ദേശം കമ്മിഷ്ണര്‍ ഡെപ്യൂട്ടി കമ്മിഷ്ണര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ പൊന്തി വന്ന ഉദ്യോഗസ്ഥ തലത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഈ തീരുമാനത്തിന് തിരിച്ചടിയായേക്കുമെന്ന് കരുതുന്നവരുമുണ്ട്.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories