സൗദിയില്‍ നിയമലംഘകരായി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 252 ഇന്ത്യക്കാര്‍ നാട്ടിലെത്തി. തൊഴില്‍, വിസാനിയമങ്ങള്‍ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവര്‍ ഇന്നലെ സൗദി എയര്‍ലൈന്‍സ് വമാനത്തിലാണ് തിരിച്ചത്. ആറ് മലയാളികളും 21 തമിഴ്നാട്ടുകാരും 16 തെലങ്കാന ആന്ധ്ര സ്വദേശികളും 21 ബിഹാറികളും 96 ഉത്തര്‍പ്രദേശുകാരും 53 പശ്ചിമ ബംഗാള്‍ സ്വദേശികളും 11 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്.
ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. അല്‍ഖര്‍ജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രത്തിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കോവിഡ് തുടങ്ങിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം ഇതോടെ 3743 ആയി. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയില്‍ ശക്തമായി തുടരുകയാണ്.