കൊറോണ വൈറസ് ലോക്ക്ഡൗണിന് ശേഷം കുവൈറ്റ് സാധാരണ നിലയിലേക്ക് മടങ്ങിവരുകയാണ്. രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണ നടപടികള്‍ ശക്തമാകുകയാണ്. വിവിധ മന്ത്രാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന വിദേശികള്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസുകള്‍ നല്കി കഴിഞ്ഞു. പ്രധാനമായും സാങ്കേതികേതര തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഒഴിവാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രാലയങ്ങളില്‍ വിദഗ്ധരായി ജോലി ചെയ്യുന്ന വിദേശികളെ ജോലിക്ക് തടസമുണ്ടാകാത്ത വിധം ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. കുവൈറ്റൈസേഷന്‍ ആക്കം കൂട്ടുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നേരിട്ട് ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ ഉപകരാര്‍ സ്ഥാപനങ്ങളിലേക്ക് മാറിയിട്ടുണ്ട്.
ജനസംഖ്യയിലെ സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം സംബന്ധിച്ചുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശികളെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി ഹ്യൂമണ്‍ റിസോഴ്സസ് ഡെവലപ്മെന്റ് കമ്മിറ്റി തലവന്‍ എം.പി ഖലീല്‍ അല്‍ സാലെഹ് പറഞ്ഞു.