ലിബിയയില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയം. ആന്ധപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് സെപ്റ്റംബര്‍ 14ന് ആഷ്വെറിഫ് എന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. കൺസ്ട്രക്ഷൻ ആൻഡ് ഓയിൽ ഫീൽഡി സപ്ലൈസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് ഇന്ത്യയിലേയ്ക്ക് വരാനായി ട്രിപ്പോളി എയര്‍പോര്‍ട്ടിലേയ്ക്ക് പോകുന്നവഴിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇവരുടെ മോചനത്തിനായി ലിബിയന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരുടെ മോചനത്തിനായി ലിബിയൻ ഗവൺമെന്റുമായും ഇവരുടെ തൊഴിൽ ഉടമകളുമായും ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ടുണീഷ്യയിലെ ഇന്ത്യന്‍ എംബസി ലിബിയന്‍ ഗവണ്മെന്റിന്റേയും അന്താരാഷ്ട്ര സംഘടനകളുടേയും സഹായം തേടിയിട്ടുണ്ട്. ഇതുവരെ ഇവർ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം ഇന്ത്യക്കാർ സുരക്ഷിതരായി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചുകൊണ്ട് ഇവരുടെ ഫോട്ടോകൾ ഇവർ ജോലി ചെയ്യുന്ന കമ്പനിക്ക്, തട്ടിക്കൊണ്ടുപോയ സംഘം അയച്ചുകൊടുത്തിട്ടുണ്ട്.
വടക്കന്‍ ആഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ ലിബിയയില്‍ 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണം അവസാനിച്ചതിന് ശേഷം രാജ്യവ്യാപക അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. ലിബിയയിലെ സുരക്ഷാഭീഷണി കണക്കിലെടുത്ത് അവിടേയ്ക്ക് പോകരുതെന്ന് 2015 സെപ്റ്റംബറില്‍ പൗരന്മാര്ക്ക് ഉപദേശവുമായി കേന്ദ്രസര്‍ക്കാര്‍ അഡൈ്വസറി പുറപ്പെടുവിച്ചിരുന്നതായും 2016 മേയില്‍ ലിബിയയിലയ്ക്ക് പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരുന്നതായും ഇത് ഇപ്പോഴും നിലവിലുള്ളതായും വിദേശകാര്യ വക്താവ് പറഞ്ഞു.