പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ അബുദാബിയില്‍ 'ലിങ്ക് അബുദാബി' പദ്ധതിക്ക് തുടക്കമാകുന്നു. വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്ന യാത്രാ ബസ് സംവിധാനമാണിത്. നഗരപരിധിക്ക് പുറത്തുള്ള റോഡുകളിലാണ് ഈ മിനി ബസ് സര്‍വീസ് ആരംഭിക്കുന്നത്. സംയോജിത ഗതാഗത കേന്ദ്രമാണ് (ഐടിസി) 25 മുതല്‍ ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വീസ് നടപ്പാക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് യാത്ര 7 പേര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അബുദാബി ലിങ്ക് എന്ന മൊബൈല്‍ ആപ്പിലൂടെ സേവനം ആവശ്യപ്പെടാം. ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും എത്തി യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ബസ് എത്തുന്ന സമയം, നമ്പര്‍ പ്ലേറ്റ്, വാഹനത്തിന്റെ മോഡല്‍, സ്ഥലം, ഡ്രൈവറുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ആപ്പ് മുഖേന യാത്രക്കാരനെ അറിയിക്കും. ബസ് എവിടെ വരെ എത്തി എന്ന് അന്വേഷിക്കാനും ആപ്പില്‍ സംവിധാനമുണ്ട്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഓരോ യാത്രയ്ക്കു മുന്‍പും ശേഷം ബസ് അണുവിമുക്തമാക്കും.
പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം രാവിലെ 6 മുതല്‍ രാത്രി 10 വരെയായിരിക്കും. തുടക്കത്തില്‍ അല്‍ഷഹാമ, അല്‍ബാഹിയ, അല്‍റഹ്ബ, അല്‍ സംഹ, അല്‍ സദ്ര് ഏരിയകളില്‍ മാത്രമേ സേവനം ലഭ്യമാകൂ. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ നൂതന സംവിധാനങ്ങളുള്ള ബസ് ആണ് ഇതിനായി നിരത്തില്‍ ഇറക്കിയിരിക്കുന്നത്.