മദ്യം വാങ്ങാനും ഉപയോഗിക്കാനും ഇനി ലൈസന്‍സ് ആവശ്യമില്ലെന്ന് യുഎഇ തലസ്ഥാനമായ അബുദാബി. വിദേശടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കോവിഡ് കാലത്ത് മോശമായ വ്യാപാരം പുനരുജ്ജീവിപ്പിക്കാനുമായി യുഎഇയുടെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന ദുബായ് മദ്യവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരുമ്പോളാണ് അബു ദാബിയുടെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബി എമിറേറ്റ്സ് സാംസ്കാരിക-ടൂറിസം വകുപ്പാണ് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. മദ്യ ഷോപ്പുകള്‍ക്കും വതരണക്കാര്ക്കും സര്‍ക്കുലര്‍ നല്കിയ ഗവണ്മെന്റ് അതേസയം ഇത് സംബന്ധിച്ച് പൊതുവായ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
നേരത്തെ വ്യക്തികള്‍ക്ക് മദ്യം വാങ്ങാനും കൊണ്ടുപോകാനും വീട്ടില്‍ സൂക്ഷിക്കാനും ലൈസന്‍സ് വേണമായിരുന്നു. എന്നാല്‍ പുതിയ ചട്ടങ്ങള്‍ പ്രകാരം 21 വയസ്സ് ആര്‍ക്കും ബാറിലിരുന്നോ ഷോപ്പുകളില്‍ നിന്ന് വാങ്ങി വീട്ടില്‍ കൊണ്ടുവന്നോ മദ്യപിക്കാം. നേരത്തെ മുസ്ലീങ്ങള്‍ക്ക് മദ്യ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇനി മുതല്‍ മുസ്ലീങ്ങള്‍ക്കും മദ്യം വാങ്ങാം. യുഎഇയിലെ ഏഴ് എമിറേറ്റ്സുകളില്‍ ഷാര്‍ജ ഒഴികെയുള്ളവയില്‍ മദ്യം ലഭ്യമാണ്. ഒരോ എമിറേറ്റ്സുകളിലേയും ഭരണാധികാരികളായ രാജകുടുംബത്തിന് വലിയ നികുതി വരുമാനമാണ് മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്നത്.
യുഎഇയിലെ തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരടക്കമുള്ള വിദേശികളാണ്. ആഗോളതലത്തില്‍ എണ്ണവിലയിലുണ്ടായ ഇടിവും ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകര്‍ച്ചയും യുഎഇയെ സാമ്പത്തികമായി ബാധിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധി ഘട്ടത്തില്‍ ദുബായ്, മദ്യഉപയോഗം സംബന്ധിച്ച നിയമങ്ങളിലും ചട്ടങ്ങളിലും കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നിരുന്നു.