കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പെരുന്നാളും അവധിയുംകൂടി കഴിഞ്ഞ വാരാന്ത്യത്തിലെ യാത്രക്കാരില്‍ പലരും പ്രവാസം അവസാനിപ്പിച്ച് നാടണയാന്‍ തയ്യാറായവരായിരുന്നു. വന്ദേഭാരത് മിഷനില്‍പെട്ട വിമാനത്തില്‍ ധാരാളം സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.
ഗള്‍ഫില്‍ കൊവിഡ് വ്യാപനത്തിനിന്റെ പശ്ചാത്തലത്തില്‍ ഉപജീവന മാര്‍ഗമായ ജോലിയും ഇട്ടെറിഞ്ഞ് വന്നവര്‍ക്കാണ് ഈ ദുരവസ്ഥ വന്നു ചേര്‍ന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 1344 വിമാനത്തില്‍ കയറാതെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്സലിനു (27) ഈ വിമാനത്തില്‍ കയറാന്‍ സാധിക്കാതെ പോയത് തന്റെ അശ്രദ്ധ കാരണമാണ്. നാട്ടിലേക്ക് തിരിക്കാനായി ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തന്റെ വീസ കാലാവധി തീര്‍ന്നത് അഫ്സല് അറിയുന്നത്. 1000 ദിര്‍ഹം പിഴയടക്കാതെ യാത്ര നടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഫ്സലിന്റെ കൈയ്യിലുണ്ടായിരുന്നത് 500 ദിര്‍ഹം മാത്രമായിരുന്നു. എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജരെ ബന്ധപ്പെട്ടപ്പോള്‍ ആവശ്യം വേണ്ട തുക നല്‍കാമെന്ന് അറിയിച്ചു. പിന്നീട് മാനേജര്‍ നല്കിയ പണവുമായി തിരികെ വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും വിമാനം പുറപ്പെടാന്‍ റണ്‍വെയിലേക്ക് നീങ്ങിയിരുന്നു.
നിരാശനായി മണിക്കൂറുകളോളം വിമാനതാവളത്തില്‍ ഇരുന്ന അഫ്സല് പിന്നീട് ബന്ധുവിന്റെ മുറിയില്‍ അഭയം തേടുകയായിരുന്നു. ഉറക്കമുണര്‍ന്ന് കരിപ്പിരൂലിലെ വിമാന അപകടം അറിഞ്ഞപ്പോള്‍ അഫ്സല് യാത്ര മുടങ്ങിയത് ഭാഗ്യമായി കരുതി. നാട്ടില്ലെത്താന് സാധിച്ചില്ലെങ്കിലും ആ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അഫ്സല് ഇപ്പോള്‍. ഒരു വര്‍ഷം മുന്‍പാണ് അഫ്സല് അബുദാബിയില്‍ ജോലിക്കു പോയത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായി നാട്ടില്‍ വരാനിരുന്നതാണ്. കരിപ്പൂരില്‍ അപകട വിവരം അറിഞ്ഞയുടനെ ബന്ധുക്കള്‍ അഫ്സലിനെ ഫോണില്‍ ബന്ധപ്പെട്ടു. ഇതേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയാറെക്കുകയും എന്നാല്‍ അവസാന നിമിഷം യാത്ര മുടങ്ങുകയും ചെയ്തവരാണ്.
ഷാര്‍ജയിലെ അഥീന എജുക്കേഷന്റെ കീഴില്‍ ഷാര്‍ജ അല്‍ വഹ്ദയിലുള്ള സ്കൂളില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരുനാവായ പട്ടണക്കാവ് സ്വദേശി നൗഫല്‍(38), ദുബായില്‍ ബിസിനസുകാരനായ മലപ്പുറം വളാഞ്ചേരി സ്വദേശി അബൂബക്കര്‍ എന്നിവരും യാത്രമുടങ്ങിയതിനെ തുടര്‍ന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്.
ആറ് വര്‍ഷമായി ഷാര്‍ജ അല്‍ വഹ്ദയിലുള്ള സ്കൂളില്‍ ജോലി ചെയ്യുകയായിരുന്നു മലപ്പുറം സ്വദേളിയായ നൗഫല്‍. ഈ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ ബുക്ക് ചെയ്ത് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 1344 വിമാനവും. നാട്ടിലുള്ള ഭാര്യക്കും 3 പിഞ്ചുമക്കള്‍ക്കും വാങ്ങിച്ച സാധനങ്ങളും പാക്ക് ചെയ്ത് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷനില്‍ യാത്ര തടയുന്നത്. വീസാ കാലാവധി കഴിഞ്ഞതിനാല്‍ പിഴ ഒടുക്കാതെ യാത്ര സാധ്യമെല്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. പിന്നീട് പിഴയൊടുക്കാനുള്ള പണവുമില്ലാതെ നൗഫലിന്റെ യാത്ര മുടങ്ങുകയായിരുന്നു.
ദുബായിലെ ഖിസൈസിലും ഇന്റര്‍നാഷനല്‍ സിറ്റിയിലും സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അബൂബക്കറിന്റ യാത്ര മുടങ്ങിയത് ഉമ്മ കാരണമായിരുന്നു. അപകടമുണ്ടായ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് ഒരുക്കം നടത്തുന്നതിനിടെയാണ് കൂടെയുള്ള മാതാവ് മറിയം തനിക്ക് കൂടി നാട്ടിലേയ്ക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. മഹാമാരിക്കാലത്ത് യാത്ര വേണോ എന്ന് ഉമ്മയോട് പറഞ്ഞുനോക്കിയെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഉമ്മ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഉപ്പ മുഹമ്മദ് കുട്ടി ഹാജി കൂടി യാത്രയ്ക്ക് തയ്യാറായി. ബുക്ക് ചെയ്ത തന്റെ വിമാന ടിക്കറ്റ് റദ്ദാക്കുകയേ അബൂബക്കറിന് വഴിയുണ്ടായിരുന്നുള്ളൂ