ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്. അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് വരുന്ന കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ദുബായ്, അബുദാബി അധികൃതരില്‍നിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും എയര്‍ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് ഷാര്‍ജയില്‍ മാത്രമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളതെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ക്കായി തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും അവര്‍ അറിയിച്ചിരുന്നു. യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിന് മുമ്പ് അംഗീകൃത ലബോറട്ടറിയില്‍നിന്ന് കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ ഇപ്പോള്‍ നിര്‍ബന്ധമാണ്.