പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ. കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് സൗദിയില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ വിമാന നിരക്ക് പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വന്ദേഭാരത് മിഷന് വിമാന സര്‍വീസുകള്‍ക്ക് ഈടാക്കിയ അമിത നിരക്കണിപ്പോള് പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ കുറവ് വരുത്തിയത്. കഴിഞ്ഞദിവസം ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് പോയ യാത്രക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് ഏകദേശം 34,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 1703 റിയാലാണ്.
ഇന്ന് കോഴിക്കോട്ടേക്കും ജൂണ്‍ 18നു തിരുവനന്തപുരത്തേക്കുമുള്ള വിമാന സര്‍വീസിനും സമാന നിലയ്ക്കായിരുന്നു എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഈ നിരക്കാണിപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഏകദേശം 16,800 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 850 സൗദി റിയാലായി കുറച്ചത്. ടിക്കറ്റ് എടുത്തവര്‍ക്കു കുറവ് വരുത്തിയ തുകയുടെ ബാക്കി തിരിച്ചു നല്‍കുമെന്ന് എയര്‍ ഇന്ത്യ ഓഫീസ് അറിയിച്ചു.