ഈജിപ്തില്‍ ഹൃദയചികിത്സയ്ക്ക് ആശുപത്രി സ്ഥാപിക്കാന്‍ ശൈഖ് മുഹമ്മദ് സഹായം ആവശ്യപ്പെട്ടപ്പോള്‍ ഒരു മണിക്കൂറിനകം ദുബായ് സമാഹരിച്ചത് 88 ദശലക്ഷം ദിര്‍ഹം (176 കോടി രൂപ). 44 ദശലക്ഷം ദിര്‍ഹം (88 കോടി രൂപയോളം) വിവിധ വ്യക്തികളും സംഘടനകളും സര്‍ക്കാര്‍സ്ഥാപനങ്ങളും നല്കി. ശൈഖ് മുഹമ്മദിന്റെ നിര്‍ദേശാനുസരണം കിരീടാവകാശി ശൈഖ് ഹംദാന്‍ 44 ദശലക്ഷം ദിര്‍ഹം കൂടി സംഭാവന നല്‍കിയതോടെ മൊത്തം തുക 88 ദശലക്ഷം ദിര്‍ഹം (176 കോടി രൂപ) ആയി. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്മാന് എന്നിവര്‍ മുപ്പത് ലക്ഷം ദിര്‍ഹം (ആറ് കോടി രൂപ) നല്കി. വ്യാഴാഴ്ച രാത്രി കൊക്കക്കോള അറീനയില്‍ അറബ് ഹോപ്പ് മേക്കര്‍ (പ്രതീക്ഷ നല്കുന്നവര്) പുരസ്കാരം സമ്മാനിക്കുന്ന വേദിയിലായിരുന്നു ഈ ധനസമാഹരണവും നടന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പ്രതിവര്‍ഷം 12,000 ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ആശുപത്രിയാണു നിര്‍മിക്കുന്നത്. ഇതില്‍ 70% കുട്ടികള്‍ക്കാണ്. തീര്‍ത്തും സൗജന്യമായാണ് ചികിത്സ നല്‍കുക. പ്രമുഖ ബ്രിട്ടീഷ്-ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫ. മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ആശുപത്രി സ്ഥാപിക്കുന്നത്. 40,000 ഹൃദയ ശസ്ത്രക്രിയയും 2000ല്‍ ഏറെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയും നടത്തിയ വ്യക്തിയാണ് മഗ്ദി യാക്കൂബ്.
ആഫ്രിക്കയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യു.എ.ഇ. സ്വദേശി അഹമ്മദ് അല്‍ ഫലാസിയാണ് അറബ് ഹോപ്പ് മേക്കര്‍ അവാര്‍ഡിനര്‍ഹനായത്. ഫിഗര്‍ ഓഫ് ഹോപ്പ് വ്യക്തിത്വങ്ങളായി പ്രഖ്യാപിക്കപ്പെട്ട എം.എ. യൂസഫലി, സണ്ണി വര്‍ക്കി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ശൈഖ് മുഹമ്മദ് ചടങ്ങില്‍ ആദരിച്ചു.