കോവിഡ് 19 ബാധിച്ചുള്ള ഗൾഫ് രാജ്യങ്ങളിലെ ആദ്യ മരണം ബഹ്റിനിൽ സ്ഥിരീകരിച്ചു . ചികിൽസയിലിരുന്ന ബഹ്റിൻ പൗരനായ 65 കാരിയാണ് മരിച്ചത്. ബഹ്റിൻ ആരോഗ്യമന്ത്രാലയം ട്വിറ്ററിലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗൾഫ് മേഖലയിൽ ഖത്തറിലും ബഹ്റിനിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഒരു മരണം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റിനിൽ 7 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് അറിയിപ്പിൽ കൂട്ടിച്ചേർത്തു. നിലവിൽ 77 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഇതിന് പിന്നാലെയാണ് ബഹ്റിൻ സ്വദേശികളായ 6 പുരുഷൻമാരും ഒരു സ്ത്രീയും സുഖം പ്രാപിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കൊറോണ(കോവിഡ്-19) വൈറസ് വ്യാപനം കണത്തിലെടുത്ത് ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നിവ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നേരത്തെ വച്ചിരുന്നു. യു.എ.ഇ. സന്ദർശകവിസ ഉൾപ്പെടെ എല്ലാ വിസാ വിതരണവും ചൊവ്വാഴ്ചമുതൽ നിർത്തിവെക്കുമെന്നും അറിയിച്ചിരുന്നു.
ചരിത്രത്തിലാദ്യമായി സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തുന്ന സംഭവവും ഉണ്ടായി. ഞായറാഴ്ച രാവിലെ പതിനൊന്നു മണിയായിരുന്നു വിദേശവിമാനങ്ങൾക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാനസമയം. മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള റോഡ് ബന്ധവും സൗദി അറേബ്യ നേരത്തേതന്നെ നിർത്തിവെച്ചിരുന്നു.