TopTop
Begin typing your search above and press return to search.

ഇന്ത്യയിലേക്ക് മുങ്ങി? ഗള്‍ഫിലെ വന്‍ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ പിടിച്ചെടുക്കാനും യുഎഇ ബാങ്ക് ഉത്തരവ്

ഇന്ത്യയിലേക്ക് മുങ്ങി? ഗള്‍ഫിലെ വന്‍ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ പിടിച്ചെടുക്കാനും യുഎഇ ബാങ്ക് ഉത്തരവ്

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം ഇന്ത്യയിലേക്ക് കടന്നുവെന്ന ആരോപണം നേരിടുന്ന വ്യവസായി ബി.ആര്‍ ഷെട്ടിയുടെയും കുടുംബത്തിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ദി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ ഉത്തരവിട്ടു. ഇതിനൊപ്പം ഷെട്ടിക്ക് വിവിധ സ്ഥാപനങ്ങളിലുള്ള ഓഹരികള്‍ മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഷെട്ടിയുമായും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ബന്ധമുള്ള സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടി കൊണ്ടാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ യുഎഇ കേന്ദ്ര ബാങ്ക് ഷെട്ടിയുമായി ബന്ധമുള്ള മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കാനും ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവയെല്ലാം മരവിപ്പിക്കാനും നിര്‍ദേശം നല്‍കിയത്.

എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകനായ ഷെട്ടി ഇന്ത്യയിലും അന്വേഷണം നേരിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

എന്‍എംസി ഹെല്‍ത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ണമായി ഏറ്റെടുക്കാന്‍ യു.കെ കോടതി ഉത്തരവിട്ടിരുന്നു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് തങ്ങളില്‍ നിന്ന് മാത്രം 6 ബില്യണ്‍ ഡോളര്‍ ഷെട്ടിയുടെ സ്ഥാപനം വായ്പയെടുത്തിട്ടുണ്ടെന്നും ഇത് തിരിച്ചടച്ചിട്ടില്ലെന്നും കാട്ടി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു. ലണ്ടന്‍ സ്‌റ്റോക് എക്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായതിനാലാണ് യു.കെ കോടതി ഇക്കാര്യത്തില്‍ ഉത്തരവിട്ടത്. യുഎഇയിലെ ബാങ്കുകള്‍ക്ക് മാത്രം എട്ട് ബില്യണ്‍ ദിര്‍ഹം ഷെട്ടി കടക്കാരനാണെന്നും ഇതിനു പുറമെയാണ് ഒമാനിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ എൻഎംസി ഹെൽത്തിൻ്റെ ആസ്ഥാനം അബുദാബിയാണ്. കോടതി വിധിയെ തുടര്‍ന്ന് എംഎൻസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേറ്റർമാരാണ് നിയന്ത്രിക്കുന്നത്.

12 എമിറേറ്റ്‌സ് ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പാതട്ടിപ്പ് നടത്തി ബി ആര്‍ ഷെട്ടി ഇന്ത്യയിലേയ്ക്ക് മുങ്ങിയതായാണ് ആരോപണം നേരിടുന്നത്. ബാങ്കുകളെ പാപ്പരാക്കിയാണ് ഷെട്ടി ഇന്ത്യയിലേയ്ക്ക് പോന്നത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 24 ബില്യണ്‍ ദിര്‍ഹത്തിന്റെ (6.6 ബില്യണ്‍ ഡോളര്‍) അഥവാ അമ്പതിനായിരം കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്ക് (5,00,16,67,20,000) തുല്യമായ വായ്പയാണ് എടുത്തത്. ലോകത്തെ തന്നെ ഏറ്റവും വലിയ വായ്പാ തട്ടിപ്പുകളിലാന്നാണിത്. യുഎഇ ധനകാര്യ കമ്പോളത്തില്‍ വലിയ തകര്‍ച്ചയാണ് ഇതുണ്ടാക്കിയിരിക്കുന്നത് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും താന്‍ യുഎഇലേക്ക് തിരികെ ചെല്ലുമെന്നും ഷെട്ടി പിന്നീട് പ്രസ്താവിച്ചിരുന്നു. കുടുംബത്തിലുണ്ടായ ഒരു മരണവുമായി ബന്ധപ്പെട്ടാണ് താന്‍ ഇന്ത്യയില്‍ എത്തിയതെന്നും മുങ്ങിയതല്ലെന്നും തന്റെ കുടുംബം ഇപ്പോഴും അവിടെയാണ് ഉള്ളതെന്നുമാണ് ഷെട്ടി പ്രതികരിച്ചത്.

സിനിമാ നിർമ്മാതാവ് കൂടിയായ ബി.ആർ ഷെട്ടിയാണ് എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആധാരമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരിക്കുകയും നിയമക്കുരുക്കിലാവുകയും ചെയ്ത മഹാഭാരതം എന്ന സിനിമ നിർമ്മിക്കാനിരുന്നത്.

കമ്പനി നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തു വരുന്നത് 2020 ഫെബ്രുവരി മുതല്‍ കമ്പനി നടത്തുന്ന തുടര്‍ പ്രസ്താവനകളെ തുടര്‍ന്നാണ് എന്ന് അബുദാബി കൊമെഴ്സ്യല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ വെളിപ്പെടുത്താത്ത 4 ബില്യണ്‍ ഡോളറിന്റെ വായ്പയും ഇതില്‍ ഉള്‍പ്പെടും. തങ്ങള്‍ മാത്രമല, ഇത്തരത്തില്‍ 80-ഓളം പ്രാദേശിക, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട് എന്നാണ് ഇപ്പോള്‍ മനസിലാകുന്നത് എന്നും ഇക്കാര്യങ്ങള്‍ തങ്ങളെ അറിയിച്ചതിന് വിരുദ്ധമാണെന്നും അതോടൊപ്പം ഇക്കാര്യത്തില്‍ കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Also Read: വ്യവസായി ബി.ആര്‍ ഷെട്ടി യുഎഇയിൽ 50,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങിയതായി ആരോപണം


Next Story

Related Stories