യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഭാഗമായ വിദേശികളായ ഡോക്ടര്‍മാരില്‍ നിന്നും നഴ്സുമാരില്‍ നിന്നും ഗവണ്മെന്റ് ഇടാക്കുന്ന വന്‍ ഫീസ് റദ്ദാക്കണമെന്ന് ആവശ്യം. ബ്രിട്ടനിലെ പ്രധാന തിങ്ക് ടാങ്ക് സന്നദ്ധ സംഘടനകളിലൊന്നായ കിംഗ്സ് ഫണ്ട് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകരുടെ വലിയ കുറവ് മുന്‍നിര്‍ത്തിയാണ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. വാർഷിക ഫീസ് ആയ 400 പൗണ്ട് (ഏതാണ്ട് 37,370 ഇന്ത്യൻ രൂപ) എന്നത് 625 പൗണ്ട് (ഏതാണ്ട് 58,391 ഇന്ത്യൻ രൂപ) ആയി ഉയർത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് കിംഗ്സ് ഫണ്ട് ആവശ്യപ്പെടുന്നു. പുതിയ ഫീസ് വര്‍ദ്ധന പ്രകാരം പങ്കാളിയോടും രണ്ട് കുട്ടികളോടുമൊപ്പം യുകെയിലെത്തുന്ന ഒരു ഹെല്‍ത്ത് പ്രൊഫഷണല്‍ വാര്‍ഷിക ഫീസ് ആയി 2500 പൗണ്ട് (ഏതാണ്ട് 2.33 ലക്ഷം ഇന്ത്യൻ രൂപ) അടയ്ക്കണം.
യൂറോപ്യന്‍ എക്കണോമിക്ക് ഏരിയയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് ഈടാക്കാനുള്ള ബോറിസ് ജോണ്സണ് ഗവണ്മെന്റിന്റെ തീരുമാനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ച നേടിയ ബോറിസ് ജോണ്സണ് ബ്രെക്സിറ്റിന് പിന്നാലെ ഇത് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കും ബാധകമാക്കാനാണ് ആലോചിക്കുന്നത്. എന്‍എച്ച്എസിലേയ്ക്ക് വിദേശത്ത് നിന്നുള്ള കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യമുണ്ട് എന്നിരിക്കെയാണ് യുകെ ഗവണ്മെന്റിന്റെ ഈ നയം. 2024നകം 50,000 കൂടുതല്‍ നഴ്സുമാരും 6000 അധികം ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരേയും എന്‍എച്ച്എസിലേയ്ക്ക് റിക്രൂട്ട് ചെയ്യുമെന്നാണ് ബോറിസ് ജോണ്‍സണിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. ഫീസ് വര്‍ദ്ധന, എന്‍എച്ച്എസ് ജീവനക്കാരുടെ അഭാവം കൂടുതല്‍ രൂക്ഷമാക്കുമെന്ന് കിംഗ്സ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് മുറേ, ദ ഗാര്‍ഡിയനോട് പറഞ്ഞു.
നിലവില്‍ ഇംഗ്ലണ്ടില്‍ മാത്രം 100,000 ഒഴിവുകളാണ് എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നത്. 102 പുതിയ ബെഡുകള്‍ കൂടി ഒരുക്കാനുള്ള മുന്‍ തീരുമാനം മതിയായ സ്റ്റാഫ് ഇല്ലാത്തത് മൂലം നടപ്പാക്കാനായില്ല എന്ന് ലണ്ടനിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റല്‍ പറയുന്നു. ആറ് മാസത്തേയ്ക്കെങ്കിലുമുള്ള വിസയില്‍ യുകെയിലെത്തുന്ന വിദേശ ആരോഗ്യപ്രവര്‍ത്തകര്‍ സര്‍ചാര്‍ജ്ജ് നല്‍കേണ്ടതുണ്ട്. കുടുംബാംഗങ്ങളുണ്ടെങ്കില്‍ അവരുടേത് കൂടി ചേര്‍ത്ത്.