TopTop
Begin typing your search above and press return to search.

മേയ് ഏഴ് മുതൽ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാമെന്ന് കേന്ദ്രം, ടിക്കറ്റ് തുക വഹിക്കണം, അമേരിക്കയിൽ നിന്നുള്ളവരെ കപ്പലിൽ കൊണ്ടുവന്നേക്കും

മേയ് ഏഴ് മുതൽ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാമെന്ന് കേന്ദ്രം, ടിക്കറ്റ് തുക വഹിക്കണം, അമേരിക്കയിൽ നിന്നുള്ളവരെ കപ്പലിൽ കൊണ്ടുവന്നേക്കും

വിദേശരാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് മേയ് ഏഴ് (വ്യാഴാഴ്ച) മുതൽ നാട്ടിലേയ്ക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അനുമതി. പ്രവാസികളുടെ മടങ്ങിവരവിനുള്ള സൗകര്യങ്ങളൊരുക്കാന്‍ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആണ് ഇക്കാര്യം അറിയിച്ചത്. നാവികസേനയുടെ കപ്പലുകൾ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഉപയോഗിക്കും. ഗൾഫിൽ നിന്നുള്ളവരെ വിമാനമാർഗവും അമേരിക്കയിൽ നിന്നുള്ളവരെ കപ്പൽ മാർഗവും ഇന്ത്യയിലെത്തിച്ചേക്കും.

ഘട്ടംഘട്ടമായാണ് പ്രവാസികളെ തിരികെ കൊണ്ടുവരുക. വിമാനം / കപ്പൽ പുറപ്പെടുന്നതിന് മുമ്പ് അതാത് രാജ്യങ്ങളിൽ പ്രവാസികളെ സ്ക്രീനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ കൊണ്ടുവരൂ. തിരിച്ചെത്തുന്നവരെ വീണ്ടും സ്ക്രീനിംഗിന് വിധേയരാക്കും. ആശുപത്രികളിലോ അല്ലെങ്കിൽ വാടകയ്ക്കുള്ള ഏതെങ്കിലും കേന്ദ്രത്തിൽ 14 ദിവസത്തേയ്ക്ക് ക്വാറൻ്റൈൻ ചെയ്യും. ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കായിരിക്കും ഇത് സംബന്ധിച്ച ഉത്തരവാദിത്വം. ഈ താമസ ചെലവും തിരിച്ചെത്തുന്നവർ വഹിക്കണം. തിരിച്ചെത്തുന്നവർ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉപയോഗിക്കണം. ആരോഗ്യ മന്ത്രാലയത്തിൻ്റേയും വ്യോമയാന മന്ത്രാലയത്തിൻ്റേയും കോവിഡ് പ്രോട്ടോക്കോള്‍ മടങ്ങിവരുന്നവര്‍ പാലിക്കണം. 14 ദിവസത്തിന് ശേഷം ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ (എസ് ഒ പി) തയ്യാറാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ഹൈകമ്മീഷനുകളും പ്രവാസികളുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ചായിരിക്കും പ്രവാസികളെ കൊണ്ടുവരുക. ഗര്‍ഭിണികള്‍, വൃദ്ധര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയായിരിക്കും മുന്‍ഗണനാക്രമം. വിദേശകാര്യ മന്ത്രാലയത്തിന്റേയും വ്യോമയാന മന്ത്രാലയത്തിന്റേയും വെബ് സൈറ്റുകളില്‍ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ടെസ്റ്റിംഗിനും ക്വാറന്റൈനിനുമുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണം.


Next Story

Related Stories