കോവിഡ് കാലത്ത് പുതുക്കി കിട്ടുന്ന പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ചില വിമാനത്താവളങ്ങളില്‍ നിന്ന് യാത്രാനുമതി നിഷേധിക്കുന്നതായി പരാതി. യുഎഇ വിസ പഴയ പാസ്പോര്ട്ടില് ആയതിനാല്‍ പുതിയ നമ്പര്‍ യുഎഇ ഇമിഗ്രേഷനുമായി ബന്ധിപ്പിച്ചില്ലെന്ന സാങ്കേതിക തടസ്സമാണ് ആശയക്കുഴപ്പത്തിന് കാരണം. പുതിയ പാസ്പോര്‍ട്ടിലെ നമ്പര്‍ യുഎഇ. യിലെ എമിഗ്രേഷന്‍ ഓഫീസുകളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കയറാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്.
കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നാണ് ധാരാളം പേര്‍ക്ക് ഈ ദുരനുഭവം ഉണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് യുഎഇയിലേക്ക് തിരികെ പോകാന്‍ തയാറെടുക്കുന്നത്. ഇവരില്‍ ചിലരുടെ പാസ്പോര്‍ട്ടുകളാണ് കാലാവധി കഴിഞ്ഞ കാരണം പുതുക്കേണ്ടിവന്നത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിങ് പാസ് വാങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പലര്‍ക്കും യാത്ര നിഷേധിക്കുന്നത്. സാധാരണഗതിയില്‍ പഴയ പാസ്പോര്‍ട്ട് പുതിയ പാസ്പോര്‍ട്ടിനൊപ്പം ചേര്‍ത്തുവെച്ച് കൗണ്ടറില്‍ നല്‍കുന്നതാണ് പ്രവാസികളുടെ ശീലം. എന്നാല്‍ അത്തരം യാത്രയാണ് ഇപ്പോള്‍ തടസ്സപ്പെടുന്നത്. യു.എ.ഇ. യില്‍ എത്തിയശേഷം 15 ദിര്‍ഹം പ്രത്യേക ഫീസ് അടച്ച് വിസയും പുതിയ പാസ്പോര്ട്ടിലേക്ക് മാറ്റുന്നതിനും പ്രവാസികള്‍ ശ്രമിക്കാറുണ്ട്. വിമാനത്താവളത്തില്‍ യാത്രാനുമതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി യു.എ.ഇ.യിലുള്ള സഹപ്രവര്‍ത്തകരോ ബന്ധുക്കളോ ഇമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് സാങ്കേതികത്വം മാറ്റിയെടുക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ പലപ്പോഴും ഇതും നടക്കുന്നില്ലെന്നാണ് പരാതി.