അബുദാബിയില്‍ ഇരുമ്പോ, സ്റ്റീലോ ഉപയോഗിക്കാതെ പരമ്പരാഗത ക്ഷേത്ര വാസ്തുകലയില്‍ അക്ഷര്‍ധാം മാതൃകയില്‍ ഹിന്ദുക്ഷേത്ര നിര്‍മാണം തുടങ്ങി. അബൂ മുറൈഖയില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുവദിച്ച സ്ഥലത്താണ് കഴിഞ്ഞ ദിവസം നിര്‍മാണം തുടങ്ങിയത്. 3000 ശില്പികള് കൊത്തിയെടുത്ത 12,350 ടണ്‍ പിങ്ക് മാര്‍ബിളും 5000 ടണ്‍ ഇറ്റാലിയന്‍ മാര്‍ബിളും എത്തിച്ച് ക്ഷേത്രത്തെ മനോഹരമാക്കും. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റന്‍ ഗോപുരങ്ങളോടുകൂടി നിര്‍മിക്കുന്ന ക്ഷേത്രം 2022 ലാണ് പൂര്‍ത്തിയാകും.
നൂറോളം ട്രക്കുകളില്‍നിന്ന് ഒരേസമയമാണ് വലിയ പൈപ്പുകള്‍ ഉപയോഗിച്ച് ഫ്ലൈ ആഷ് സിമന്റ് മിശ്രിതം തറയിലേക്ക് നിറച്ചാണ് നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം തുടങ്ങിയത്. 55 ശതമാനം ഫ്ലൈ ആഷ് ഉള്‍ക്കൊള്ളുന്ന 3000 ക്യുബിക് മീറ്റര്‍ മിശ്രിതമാണ് തറയില്‍ ഉപയോഗിച്ചത്. മുന്നൂറിലധികം സെന്‍സറുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സ്ഥാപിച്ച് മര്‍ദ്ദം, ഊഷ്മാവ് തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കും. നൂറുകണക്കിന് തൊഴിലാളികള്‍ 24 മണിക്കൂറും ക്ഷേത്രനിര്‍മാണത്തില്‍ സജീവമാണെന്ന് ബാപ്സ് വക്താവ് അറിയിച്ചു.
അടിത്തറ നിര്‍മാണം പൂര്‍ത്തിയായ ശേഷം മറ്റ് നിര്‍മിതികള്‍ ഇന്ത്യയില്‍ തന്നെ രൂപകല്പന ചെയ്ത് അബുദാബിയിലെത്തിക്കുകയാവും ചെയ്യുക. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര ശില്പനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വീഡിയോ ദൃശ്യങ്ങളിലൂടെ വിശദീകരിച്ചു. ബാപ്സിന്റെ മറ്റ് ക്ഷേത്ര നിര്‍മിതികളില്‍നിന്ന് വ്യത്യസ്തമായി ക്ഷേത്രച്ചുവരില്‍ ഒട്ടകങ്ങളുടെ ശില്പവും ഇവിടെ ഇടംപിടിക്കും. മുഴുവന്‍ സെന്‍സര്‍ നിയന്ത്രിതമായ നൂതന സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിലുണ്ടാവുക. രാജസ്ഥാനിലെ ചുവന്ന കല്ലുകള്‍ ക്ഷേത്രത്തിന്റെ പുറംചുവരുകളെ അലങ്കരിക്കുമ്പോള്‍ ഇറ്റലിയിലെ തൂവെള്ള മാര്‍ബിളുകള്‍ അകത്തളങ്ങള്‍ക്ക് സൗന്ദര്യം പകരും. ക്ഷേത്രത്തിന്റെ പ്രധാന നിര്‍മിതിക്കുശേഷം ചുറ്റിലും പുണ്യനദികളുടെ സംഗമത്തെ അനുസ്മരിപ്പിക്കുന്ന അരുവികളും സാംസ്കാരികകേന്ദ്രവും ലൈബ്രറിയുമടക്കമുള്ള മറ്റുനിര്‍മിതികളുടെ നിര്‍മാണവും ആരംഭിക്കുമെന്നും ചടങ്ങില്‍ വിശദീകരിച്ചു.
ക്ഷേത്ര നിര്‍മ്മാണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ മുഖ്യാതിഥിയായിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അബുദാബി സാമൂഹിക വികസന അതോരിറ്റി സിഇഒ ഡോ. ഉമര്‍ അല്‍ മുതന്ന, സ്വാമി അക്ഷയ്മുനിദാസ്, ബാപ്സ് ഹിന്ദു മന്ദിര്‍ ക്ഷേത്ര ട്രസ്റ്റിമാരായ രോഹിത് പട്ടേല്‍, യോഗേഷ് മെഹ്ത തുടങ്ങിയവര്‍ പങ്കെടുത്തു.