യുഎഇയില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ്-19 വ്യാപന തോത് വര്‍ധിക്കുന്നതായി റിപോര്‍ട്ടുകള്‍. രാജ്യത്ത് കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചര്‍ദ്ദി വയറിളക്കം എന്നിവ കുട്ടികളിലുണ്ടായാല്‍ അവഗണിക്കരുതെന്നും കുട്ടികളിലെ കോവിഡ് ലക്ഷണങ്ങളില്‍ ഇവ പ്രധാനപ്പെട്ടതാണെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. കോവിഡ് പൊട്ടിപുറപ്പെട്ട സമയത്ത് കുട്ടികളിലെ രോഗബാധ അധികമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആശങ്കയുണ്ടാക്കുന്നു.
മുതിര്ന്നവര്ക്കുള്ളതുപോലെ തന്നെ കുട്ടികള്‍ക്കും രോഗം വരാന്‍ സാധ്യത ഏറെയുണ്ടെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ താരതമ്യേന കുറഞ്ഞിരിക്കും. പനി ശ്വാസ തടസ്സം, തൊണ്ട വേദന എന്നിവയും കുട്ടികളിലെ കൊറോണ വൈറസ് ലക്ഷണങ്ങളാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും പുറത്തിറക്കരുതെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ദുബായില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞ നാല് മാസം പ്രായമുള്ള കുഞ്ഞിന് രോഗം മാറി. മൂന്നാമത്തെ പരിശോധനയും നെഗറ്റീവായതോടെയാണ് കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങാന്‍ രക്ഷിതാക്കള്‍ക്ക് അനുമതിനല്‍കിയത്. 15 വയസ്സുകാരനായ സഹോദരനില്‍ നിന്നാണ് 4 മാസം പ്രായമുള്ള കുഞ്ഞിന് രോഗ ബാധയേറ്റത്.