വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി ഇന്ത്യയിലുള്ള യുഎഇ താമസ വിസക്കാര്‍ക്ക് തിരിച്ചെത്താന്‍ അനുമതി ലഭിച്ചപ്പോള്‍ ആദ്യ ദിവസം എത്തിയത് 200ല്‍ താഴെ പേര്. വന്ദേഭാരത് മിഷന് വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായാണ് അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ എത്തിയത്. ഓരോ വിമാനങ്ങളിലും 15 മുതല്‍ 20 യാത്രക്കാര്‍ മാത്രം.
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെയും ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെയും അനുമതി ലഭിക്കാത്തതിനാലാണ് കൂടുതല്‍ പേര്‍ക്ക് തിരിച്ചെത്താന്‍ സാധിക്കാതെ പോയതെന്നാണ് റിപോര്‍ട്ട്. യുഎഇ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്ന അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള പിസിആര്‍ ടെസ്റ്റ് ഫലം കൊണ്ടുവരാത്തതും ഇതിന് കാരണമാണ്. ട്രൂനാറ്റ് ഉള്‍പെടെ ഇതര കോവിഡ് പരിശോധനാ ഫലവുമായി എത്തിയവര്‍ക്കും യാത്രാനുമതി ലഭിച്ചില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ഫെഡറല്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി (ഐസിഎ) അനുമതി കിട്ടാതെ ടിക്കറ്റെടുത്ത് അബുദാബിയിലേക്കു വരാനായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ 4 പേരെ മടക്കി അയച്ചു. വെബ്സൈറ്റില്‍ റജിസ്ട്രേഷന് നടത്തിയപ്പോള്‍ കിട്ടിയ കണ്ഫര്മേഷന് അനുമതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇവര്‍ ടിക്കറ്റെടുത്ത് എയര്‍പോര്‍ട്ടിലെത്തിയത്. റജിസ്ട്രേഷന് നടത്തിയ ഉടന്‍ ലഭിക്കുന്ന കണ്ഫര്മേഷന് യാത്രാനുമതിയല്ല. അപേക്ഷ അധികൃതര്‍ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്താല്‍ 2 ദിവസത്തിനകമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. ദുബായ് വീസയിലുള്ളവര്‍ ജനറല്‍ റസിഡന്‍സി ഓഫ് ഫോറിന് അഫയേഴ്സ് (ജിഡിആര്‍എഫ്എ) https://www.gdrfad.gov.ae വെബ്സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്ത് അനുമതി എടുക്കേണ്ടത്.
കേരളത്തില്‍ നിന്ന് 51 വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി 21, കോഴിക്കോട് 15, തിരുവനന്തപുരം ഒമ്പത് കണ്ണൂര്‍ ആറ് എന്നിങ്ങനെയാണ് വിമാന സര്‍വ്വീസുകളുള്ളത്. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങുന്നത്.