കുവൈറ്റില്‍ ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്തേക്ക് എത്തുന്നവര്‍ കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള കൊവിഡ് പരിശോധന ഫലമായിരിക്കണം ഇതെന്നും നിര്‍ദ്ദേശമുണ്ട്.
രാജ്യത്തു എത്തിയതിന് ശേഷം ആദ്യ ദിവസം മുതല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. യാത്ര പുറപ്പെടുന്നതിനു മുന്‍പായി കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ ഷ്ലോനിക് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്കി സാക്ഷ്യപത്രത്തില്‍ ഒപ്പുവയ്ക്കണം.
മാസ്കും ഗ്ലൗസും ധരിക്കണമെന്നും നിബന്ധനയുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. ഓരോ വിമാനത്തിലെയും 10 ശതമാനം യാത്രക്കാരെ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നും സൂചിപ്പിച്ചു. രോഗലക്ഷണം കണ്ടെത്തിയാല്‍ പ്രത്യേക ക്വാറന്റീന് കേന്ദ്രത്തിലേക്കു മാറ്റും.