കുവൈറ്റില്‍ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഓഗസ്റ്റ് ഒന്നിന് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ റഗുലേറ്റര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പെടെ 20 രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസ് ഉണ്ടായിരിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. അതേസമയം പട്ടികയില്‍ ഇന്ത്യ ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് ഏതാനും ദിവസമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഓഗസ്റ്റ് 1 മുതല്‍ സര്‍വീസ് ഉണ്ടാകുമോ എന്നതില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, ലബനന്, ജോര്‍ദാന്‍, ഈജിപ്ത്, ബോസ്നിയ, ശ്രീലങ്ക, ഹെര്‍സെഗോവിന, പാക്കിസ്ഥാന്, ഇത്യോപ്യ, യുകെ, തുര്‍ക്കി, ഇറാന്, നേപ്പാള്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, അസര്ബെയ്ജാന്, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കുവൈറ്റിലേക്കു വരുന്നവര്‍ക്കു അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വിമാന യാത്രക്കാര്‍ www.kuwaitmosafer.com വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. കുവൈറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനയ്ക്ക് അപ്പോയിന്മെന്റ് ലഭിക്കുന്നതിനും ഇതുവഴി അപേക്ഷിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോളും സുരക്ഷാ നടപടികളും വിശദീകരിക്കുന്ന ബ്രോഷര്‍ തയാറാക്കുമെന്ന് താത്കാലിക സമിതി അധ്യക്ഷന്‍ സഅദ് അല്‍ ഉതൈബി പറഞ്ഞു. യാത്രാ നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ ആപ്പും ഏര്‍പ്പെടുത്തുമെന്നും നിര്‍ദ്ദേശിക്കപ്പെടുന്ന എല്ലാ പ്രതിരോധപടികള് പാലിക്കാന്‍ യാത്രക്കാന് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.